ഒരിടത്ത് ഒരു വലിയ കുളമുണ്ടായിരുന്നു. നാട്ടുകാര്‍ കുളിക്കാനും, കളിക്കാനും, നനക്കാനും, മീന്‍ പിടിക്കാനും, നീന്താനും പിന്നെ ചില അല്ലറ ചില്ലറ നേരമ്പോക്കുകള്‍ക്കും ഒക്കെ ഉപയോഗിച്ചിരുന്ന കുളം. അന്നൊക്കെ രാജഭരണം ആയതിനാല്‍, മറ്റുള്ള എല്ലാ കുളങ്ങളെയും പോലെ, ഈ വലിയ കുളവും രാജാവിന്റെ സ്വത്തായിരുന്നു. നാട്ടുകാര്‍ 'രാജഭയം' കാരണം കുളത്തെ ഉപയോഗിചിരുന്നതെ ഉള്ളൂ. ഉപദ്രവിച്ചിരുന്നില്ല. രാജാവിനെ മാത്രമല്ല, രാജകുളതെയും ഭയക്കണമല്ലോ.
പിന്നീട് സ്വാതന്ത്ര്യം കിട്ടി.
രാജാവിന്റെ സ്വത്തുക്കള്‍ നാട്ടുകരുടെതായി. ഇപ്പോള്‍ കുളത്തിന് ഒരു ഉപയോഗം കൂടി നാട്ടുകാര്‍ കണ്ടെത്തി. മാലിന്യ നിക്ഷേപം. ആര്‍ക്കാ നഷ്ടം? നമ്മുടെ കുളം, നമ്മുടെ മാലിന്യം? ആരുണ്ടിവിടെ ചോദിക്കാന്‍? ആരും ചോദിച്ചില്ല. ആരും പറഞ്ഞുമില്ല. കുളം നാശമായി.
വീണ്ടും കാലങ്ങള്‍ പലതു കഴിഞ്ഞു. പുതു തലമുറയ്ക്ക് ഒരു ദിവസം ബോധോദയം ഉണ്ടായി. കുളം പുനരുദ്ധാരണം ചെയ്യണം. അവര്‍ കൂടി ആലോചിച്ചു. നമ്മുടെ സര്‍ക്കാര്‍ അല്ലെ? സര്‍ക്കാരിനോട് പറഞ്ഞു. സര്‍ക്കാരിനു കേള്‍വി ശക്തി കുറവാണല്ലോ. സര്‍ക്കാര്‍ കേട്ടില്ല. കുറച്ചു കൂടി ഉച്ചത്തില്‍ പറഞ്ഞു. എന്നിട്ടും കേട്ടില്ല. ഒടുവില്‍, സമരമായി, അക്രമമായി. അപ്പോള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പറഞ്ഞു. പല പല സര്‍ക്കാരുകള്‍ അത് തന്നെ പറഞ്ഞു. അതിനിടയില്‍ എപ്പോഴോ കുളം സായിപ്പിന്റെ ശ്രദ്ധയില്‍ പെട്ടു. സായിപ്പു പറഞ്ഞു ഇത് രാംസരിനു പറ്റിയ സൈറ്റ് ആണെന്ന്.
സായിപ്പു പറഞ്ഞത് കേട്ടപ്പോള്‍ ഉദ്യോഗസ്ഥ പ്രഭുക്കള്‍ക്ക് തലയില്‍ മിന്നലാട്ടമുണ്ടായി. നിനച്ചിരിക്കാതെ കിട്ടിയ ചാകര ആണല്ലോ. നല്ലൊരു കൊയ്ത്തു കൊയ്യാം. ഉദ്യോഗസ്ഥ പ്രഭുക്കള്‍ ഊര്ജിതരായി. സര്‍ക്കാരിന്റെ ഭരണ യന്ത്രം കുളത്തിന്റെ കാര്യത്തില്‍ വേഗത്തില്‍ തിരിയാന്‍ തുടങ്ങി.
കുളം സംരക്ഷിക്കേണ്ടത് നാട്ടുകാരുടെ ആവശ്യം മാത്രമല്ല, ലോകത്തിന്റെ നിലനില്പുനു തന്നെ അത്യന്താപേക്ഷിതം ആണെന്ന് സര്‍ക്കാരിനു മനസ്സിലായി. മാത്രവുമല്ല, ഈ കുളത്തിന്റെ കാര്യത്തിന് കേന്ദ്രവും ലോകവും ഒക്കെ ധാരാളം സഹായം ചെയ്യുമെന്ന് ഉദ്യോഗസ്ഥ പ്രഭുക്കള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. പല വകുപ്പിലുള്ള ഉദ്യോഗസ്ഥര്‍, തങ്ങളുടെ മന്ത്രിമാരെക്കൊണ്ട് പല പല പദ്ധതികളും കുളം മെച്ചപ്പെടുത്തുന്നതിനു വേണ്ടി അനുമതി നേടിയെടുത്തു. മത്സ്യ മന്ത്രി, വെള്ള മന്ത്രി, കാട് മന്ത്രി, വാഹന മന്ത്രി, ഗ്രാമ മന്ത്രി, അങ്ങനെ എല്ലാ മന്ത്രിമാരും പുതിയ നവീന ആധുനിക പദ്ധതികള്‍ പ്രഖ്യാപിച്ചു. പന മന്ത്രി ആവശ്യത്തിനുള്ള പണവും അനുവദിച്ചു. പല ലക്ഷം കോടികള്‍.
നാട്ടുകാര്‍ സന്തോഷിച്ചു. തങ്ങളുടെ വളരെ നാളത്തെ പ്രയത്നങ്ങള്‍ ഇതാ സഭാലമാകാന്‍ പോകുന്നു. കുളം ഉടന്‍ വൃത്തിയാകും. സര്‍ക്കാര്‍ ഇനി വേണ്ടതൊക്കെ ചെയ്തുകൊള്ളും. അവരുടെ സന്തോഷം, സര്‍ക്കാരിലേക്ക് യാതൊരു മടിയും കൂടാതെ നമ്മള്‍ അടക്കുന്ന ഒരേ ഒരു നികുതി നല്‍കി നാട്ടുകാര്‍ ആഘോഷിച്ചു.
കുളം നന്നാക്കുവാന്‍ എന്തൊക്കെയാണ് വേണ്ടത്? മന്ത്രി പുംഗവന്‍ ചോദിച്ചു.
സാര്‍, ആദ്യം കുളത്തിന് പരിസരത്തെ നാട്ടുകാരുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നു അറിയണം, കുളം നന്നാക്കിയാല്‍ അവര്‍ക്ക് എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കണം. കുളം എങ്ങനെ നന്നാക്കാം എന്നതിനെ കുറിച്ച് പഠിക്കണം. ഏറ്റവും അനുയോജ്യമായതും ചെലവു കുരഞ്ഞുതുമായ പദ്ധതികള്‍ നമുക്ക് നടപ്പിലാക്കണം. അതുകൊണ്ട് ഇപ്പോള്‍ മറ്റു ലോക രാജ്യങ്ങളില്‍ ഇതുപോലുള്ള പരിപാടികള്‍ എങ്ങനെ എന്നു ആദ്യം മനസ്സിലാക്കണം. ആയതിലേക്കായി അങ്ങും അങ്ങേക്ക് വേണ്ടപെട്ട മറ്റു ചിലരും പിന്നെ ഞങ്ങളും ഉള്‍പ്പെടുന്ന ഒരു ആഗോള പഠന യാത്ര വേണം. പിന്നെ, ഈ പണികള്‍ എല്ലാം തന്നെ നോക്കി നടത്താന്‍ ഓഫീസും മറ്റു സൌകര്യങ്ങളും വേണം. കമ്പ്യൂട്ടര്‍ വേണം. കാര്‍ വേണം. ജോലിക്കാര്‍ വേണം, എസീ വേണം. അത് കഴിഞ്ഞു, ഈ പദ്ധതി എങ്ങനെ ആര് നടത്തണം എന്നതിനെ കുറിച്ച് പഠിക്കാന്‍ വിവരമുള്ള ആരെങ്കിലും വേണം. ഏതെങ്കിലും സായിപ്പിനെ കൊണ്ടുവന്നാല്‍ അതായിരിക്കും നല്ലത്.
അങ്ങനെ അങ്ങനെ, കുളം നന്നാക്കുവാനുള്ള പരിപാടികള്‍ ഒരു ദശബ്ധതോളം നീണ്ടു. ഇതിനടക്ക് രണ്ടു മന്ത്രിമാര്‍, പതിനെട്ടു ജന പ്രധിനിതികള്‍, അമ്പത്തിരണ്ടു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പല തവണ വിദേശ യാത്രകള്‍ നടത്തി. സാധ്യത പഠനവും, പരിസ്ഥിതി പഠനവും, സാമ്പത്തിക സാമൂഹിക പഠനവും ഒക്കെ പല തവണ നടന്നു. ഏറ്റവും ലളിതമായ, പണച്ചിലവു കുറഞ്ഞ മാര്‍ഗവും കണ്ടെത്തി. മാലിന്യങ്ങള്‍ കുളത്തില്‍ നിക്ഷേപിക്കാതെ അവരവരുടെ വീടുകളില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യുന്നതാണ് ഏറ്റവും അഭികാമ്യം എന്നു സായിപ്പു കാര്യാ കാരണ സഹിതം റിപ്പോട്ട് നല്‍കി. നാട്ടുകാര്‍ സ്വയം മാലിന്യ സംസ്കരണം നടത്തുന്നതിന് അവര്‍ക്ക് വേണ്ട പരിശീലനവും പ്രോത്സാഹനവും നല്‍കണമെന്ന് തീരുമാനമായി.
ഒടുവില്‍, ആ സുദിനം വന്നെത്തി.
കുളത്തിന്റെ പുനര്ജീവന് ഇന്ന് സാക്ഷാത്കാരം ആകുകയാണ്. നിറഞ്ഞ ജനാവലിയുടെ മുമ്പില്‍, ഇതാ ആ കര്‍മ പദ്ധതി അവതരിപ്പിക്കുന്നു.
"പ്രിയപ്പെട്ട നാട്ടുകാരെ, നിങ്ങളുടെ ഏറെ നാളത്തെ ആവശ്യം ഈ സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം പഠിച്ചപ്പോള്‍ മനസ്സിലായത് എന്തെന്നാല്‍, ഈ കുളം നിങ്ങള്ക്ക് മാത്രമല്ല, ഈ ലോകത്തിന്റെ തന്റെ നിലനില്പുനു വളരെയധിക ആവശ്യമാണെന്ന് ആണ്. ആയതിനാല്‍, ഈ കുളത്തിന്റെ നിലനില്പിനായി, ഈ സര്‍ക്കാര്‍ വളരെ അധികം തുക മാറ്റി വച്ചു. കൃത്യമായി പറഞ്ഞാല്‍, ആയിരത്തി ഇരുന്നൂറു കോടി രൂപ. ഈ തുക വിനിയോഗിച്ചുകൊണ്ട്, വളരെയധികം കാര്യങ്ങള്‍ ഇതിനോടകം ഈ സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞു. ഈ കുളത്തിലെ വെള്ളത്തിന്റെ ഗുണ നിലവാരം പഠിച്ചു, ഇതിനു ചുറ്റുമുള്ള നാട്ടുകാരുടെ ജീവിത രീതി പഠിച്ചു, ഇവിടുത്തെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ മേഖലകളില്‍ വ്യക്തമായ പഠനങ്ങള്‍ നടത്തി. വിദേശങ്ങളിലെ സമാന പദ്ധതികള്‍ ഞങ്ങള്‍ നേരിട്ട് പോയി കണ്ടു മനസ്സിലാക്കി. ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന പ്രഗല്‍ഭ മതികളായ വിദഗ്ധരെ ഇവിടെ എത്തിച്ചു, പഠനങ്ങള്‍ നടത്തി. എന്നിട്ട് ലോകോത്തരമായ, ഏറ്റവും ലളിതവും, സുസ്ഥിരവുമായ ഒരു പദ്ധതി ആണ് ഞാനവള്‍ വിഭാവനം ചെയ്തിരിക്കുന്നത്"
"നിങ്ങള്‍ ഒന്ന് ഓര്‍ക്കുക, ഈ കുളത്തിന് ചുറ്റുമുള്ള അഞ്ഞൂറോളം കുടുംബങ്ങള്‍ക്കാണ് ഈ കുളം കത്ത് സൂക്ഷിക്കുവാനുള്ള ഭരിച്ച ഉത്തരവാദിത്വോം എന്നു നിങ്ങള്‍ മനസിലാക്കുക. അവര്‍ക്ക് വേണ്ടിയിട്ടാണ് ഈ ആയിരത്തി ഇരുന്നൂറു കോടി രൂപ സര്‍ക്കാര്‍ വകയിരുത്തുകയും മേല്പറഞ്ഞ പ്രകാരം ചെലവഴിക്കുകയും ചെയ്തത്. വളരെ നാല് നീണ്ടു നിന്ന പഠനങ്ങള്‍ക്ക് ഒടുവില്‍ ശാസ്ത്രീയമായി മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ള പോംവഴി എന്നത് ഈ കുളത്തിന് ചുറ്റുമുള്ളവര്‍ ശുചിതം പാലിക്കുക എന്നതാണ്. അവരവരുടെ വീട്ടു മുറ്റത്തുള്ള ചപ്പു ചവറുകള്‍ കത്തിച്ചു കളയുക. വീടുകളില്‍ കക്കൂസ് പണിയുക. കപ്പ കൃഷി പരമാവധി ഒഴിവാക്കുക, തുടങ്ങിയ മഹാ ഉത്തരവാദിത്വങ്ങളാണ് നിങ്ങള്‍ക്കുള്ളത്."
"ആയതിലെക്കായുള്ള പ്രോത്സാഹനം എന്ന നിലയില്‍ ഈ കുളത്തിന് ചുറ്റുവട്ടത്തുള്ള എല്ലാ വീട്ടുകാര്‍ക്കും ചപ്പു ചവറുകള്‍ കത്തിച്ചു കളയുന്നതിനായി ഒരാഴ്ചയില്‍ ഒന്ന് എന്ന നിരക്കില്‍ അമ്പതു തീപ്പെട്ടികള്‍ വാങ്ങുവാനുള്ള ധനസഹായം ഇപ്പോള്‍ നല്‍കുന്നതാണ്. നമ്മുടെ നാട്ടിലെ മഴക്കാലം കണക്കിലെടുത്താണ് വര്‍ഷത്തില്‍ അമ്പതു തീപ്പെട്ടി മതി എന്ന ശാസ്ത്രീയമായ നിലപാടില്‍ ഈ സര്‍ക്കാര്‍ എത്തിയത്. എന്നാല്‍ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം, നമ്മുടെ സവിശേഷമായ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളില്‍, നേരിട്ടുള്ള ധനസഹായത്തിന് വലിയ പ്രശസ്തി ഇല്ല. ആയതിനാല്‍, ഇപ്പോള്‍ ഈ അഞ്ഞൂറ് കുടുംബങ്ങള്‍ക്കും ഒരു തീപ്പെട്ടി വാങ്ങുവനായിട്ടുള്ള അഞ്ഞൂറ് രൂപ ഈ വേദിയില്‍ വച്ചു നമ്മുടെ വിശിഷ്ടാഥിതി ഇപ്പോള്‍ വിതരണം ചെയ്യുന്നു. ശേഷിക്കുന്ന തീപ്പെട്ടി വിതരണം ചെയ്യുവാനുള്ള ക്വോട്ടേഷന്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വാങ്ങുന്ന ഈ തീപ്പെട്ടി ഉപയോഗിച്ച് തീരുന്ന മുറക്ക് പുതിയ തീപ്പെട്ടികള്‍ നിങ്ങള്ക്ക് പഞ്ചായത്ത് അപ്പീസില്‍ നിന്നും ലഭിക്കുന്നതാണ്. ആയതിലേക്കായി, നിങ്ങളുടെ റേഷന്‍ കാര്‍ഡും മറ്റു തിരിച്ചറിയല്‍ രേഖകളുമായി പഞ്ചായത്ത് ആപ്പീസറെ യഥാ വിധി സമീപിക്കെണ്ടാതാണ്"
"മറ്റൊരു പ്രധാന വസ്തുത എനിക്ക് നിങ്ങളോട് അറിയിക്കുവനുള്ളത് എന്തെന്നാല്‍, ഈ കുളം നവീകരിക്കുന്നതിലെക്കായി സര്‍ക്കാര്‍ മുടക്കിയത് വളരെ വലിയ ഒരു തുകയാണെന്നു നിങ്ങള്ക്ക് ഇതിനകം മനസ്സിലായി കാണുമല്ലോ. സര്‍ക്കാരിന്റെ മറ്റു പല പരിപാടികള്‍ക്കും വകയിരുതെണ്ട തുക ഇങ്ങനെ നിങ്ങളുടെ നന്മക്കായി മാറ്റി വച്ചതിന്റെ ഉദ്ധേശ ശുദ്ധിയും നിങ്ങള്ക്ക് അറിവുള്ളതാണ്. ആയതിനാല്‍, ഈ കുളത്തിന്റെ ഇരുപത്തഞ്ചു കിലോമീറ്റെര്‍ ചുറ്റളവില്‍ താമസിക്കുന്നതും മറ്റു ഉപജീവന മാര്‍ഗങ്ങള്‍ തേടുന്നവരുമായ എല്ലാവരില്‍ നിന്നും പ്രതി വര്ഷം ഒരു നിശ്ചിത തുക കുളസംരക്ഷണ നികുതിയായി ഈടാക്കുന്നതാണ്. ഈ തുക, മേലിലും നിങ്ങളുടെ ഈ പ്രിയപ്പെട്ട കുളത്തിന് വേണ്ടി തന്നെയാകും ഉപയോഗിക്കുക എന്നു ഈ നാട് ഭരിക്കുന്ന ഒരു മന്ത്രി എന്ന നിലയിലും, നിങ്ങളുടെ പ്രിയപ്പെട്ട ജന സേവകന്‍ എന്ന നിലയിലും ഞാന്‍ നിങ്ങള്ക്ക് ഉറപ്പു തരുന്നു."
തുടര്‍ന്ന്, സചിവോത്തമന്‍ ആയിരത്തി ഇരുന്നൂറു കോടി രൂപയുടെ ചെലവുകള്‍ വിശദമായി അവതരിപ്പിച്ചു.
നാട്ടുകാര്‍ രോമാന്ജ പുളകിതരായി.
ആ പുളകത്തില്‍ കുളം ആത്മ നിന്ദയില്‍ വറ്റി വരണ്ടു.
ശുഭം.
പിന്കുറിപ്പ്: ഇതൊരു fiction മാത്രമാണ്. യാഥാര്‍ത്ഥ്യവുമായി ഇതിനു പുലബന്ധം പോലുമില്ല. ആര്‍ക്കെങ്കിലും എന്തിനോടെങ്കിലും എന്തെങ്കിലും സാമ്യം തോന്നുന്നു എങ്കില്‍, ഞാന്‍ കേരളത്തില്‍ ജീവിക്കുന്നു എന്നു മാത്രേ എനിക്ക് പറവാനുള്ളൂ.