24 ഡിസംബർ 2013

പുതുവത്സരാശംസകള്‍

പുതുവര്‍ഷം!

സ്നേഹം -> സന്തോഷം -> സാഹോദര്യം -> സഹിഷ്ണുത -> സംതൃപ്തി!

എല്ലാവര്‍ക്കും മേല്പ്പടി പഞ്ചസാരം നേരുന്നു!

ലോകാ സമസ്താ സുഖിനോ ഭവന്തു!

.

21 ഡിസംബർ 2013

ഗുരുവായൂരപ്പാ, അടുത്ത വര്‍ഷം എങ്കിലും...

എന്തെര് പറ്റിയെന്ന്തിരിയണില്ല.  ഈ രണ്ടായിരത്തിപയിമൂന്നു അത്ര പോര ചെല്ലാ.

കലികാലം. അല്ലാതെ എന്തെര് പറയാന്‍?

കൊറേ  സമരങ്ങള് നടത്താന്‍ നിരീച്ച് ഏര്‍പ്പാടാക്കി തൊടങ്ങിയപ്പ എല്ലാത്തിലും എടങ്ങേറ്.  പരിപാടികള് ഉശിരാക്കാന്‍ എന്തെങ്കിലും കന്നംതിരു ചെയ്യാന്നു വച്ചാ അപ്പൊ ടി.വി.ല് കാണിക്കും. കലികാലം തന്നെ.

തൊന്തരവ്  തൊടങ്ങിയത് ചന്തിര ശേകരനെ തച്ചതിനു ശേഷമാണ്. ഇനി അവന്‍റെ ശാപങ്ങളോ പ്രേതങ്ങളോ വല്ലതും ആയിരിക്കോ? ആറ്റുകാല്‍ അമ്മച്ചീ, അടുത്ത പൊങ്കാലക്ക് ആയിരത്തൊന്നു കലത്തീ പൊങ്കാല ഇടീക്കാമേ, ആ മാരണത്തീന്നു രക്ഷിക്കണേ!  പാര്‍ട്ടിക്ക്‌ വേണ്ടീട്ടാണെങ്കിലും നാലാളറിഞ്ഞാല്‍ പാര്‍ട്ടീന്നു പൊറത്താകും, പഴവങ്ങാടി ഗണപതി, ഇക്കാര്യം ഒന്നും പൊറത്തു അറിയല്ലേ, നൂറ്റൊന്നു തേങ്ങ അടിപ്പിക്കമേ!

ഒന്നാലോചിച്ചാല്‍ പാര്‍ട്ടീടെ പോക്ക് ഒരുമ്പോക്ക് ആണാ?  പണ്ട് "ശെടാ, ഇതൊന്നും ശരിയല്ല" എന്ന് നമക്കും കൂടി തോന്നണ കാര്യങ്ങള്‍ക്കല്ലേ പാര്‍ട്ടി സമരങ്ങള്‍ നടത്തിയത്. എന്തൊക്കെ പുത്തന്‍ സമരമുറകള്‍ ആയിരുന്നു പാര്‍ട്ടിയുടെ. മനുഷ്യ മതില്‍, മനുഷ്യ ചങ്ങല... ഹോ എന്തെര് പരിപാടികള്‍ ആയിരുന്നു. ആളുകളെ ഒന്നും വിളിച്ചോണ്ട് വരണ്ടായിരുന്നു, എല്ലാരും തന്നത്താനെ വരും. പിന്നെ മുദ്രാവാക്യങ്ങള്. എന്തൊരു ആവേശം. സഖാവ് നമ്പൂരിപ്പാടൊക്കെ സമരങ്ങളെ വിശദീകരിക്കുന്നത് ആര്‍ക്കും മറുവാക്ക് പറയാന്‍ പറ്റാത്ത രീതിയിലൊക്കെ അല്ലേ? ശത്രുക്കള്‍ പോലും സമ്മതിച്ചു പോകും.  അനങ്ങനെയൊക്കെയാണ് നമ്മളെല്ലാം പാര്‍ട്ടിയില്‍ വന്നത്.

പിന്നീട് എപ്പോഴാണ് എല്ലാം കൊഴഞ്ഞു മറിഞ്ഞത്?  സഖാവ് ഇ.കെ.ടെ കാലം വരെ വലിയ കൊഴപ്പം ഇല്ലായിരുന്നു. ഇത് ശരിയാണെന്ന് നാലാള്‍ക്ക് തോന്നണത് ആയിരുന്നു പാര്‍ട്ടിയുടെ ശരികളും പരിപാടികളും.ഇടയ്ക്ക് എപ്പഴോ പാര്‍ട്ടിയുടെ ശരികള് ജനങ്ങള്‍ക്ക് അത്ര പിടിക്കണില്ല. കാരാട്ട് സെക്രട്ടറി ആയതിനു ശേഷം ഒട്ടും പോര. പിന്നെ, അച്ചടക്കം വേണം എന്നത് കൊണ്ട്, പാര്‍ട്ടി പറയുന്നതിനെ "റാന്‍" മൂളാനെ ഇപ്പഴ്‌ പറ്റനുള്ളൂ. എന്തെര് ചെയ്യാന്‍?

ഏവളോ ഒരുത്തി നാട്ടുകാരെ പറ്റിച്ചു കാശുണ്ടാക്കി. അവള് മുഖ്യനെ കണ്ടെന്നോ ഇല്ലെന്നോ ഒക്കെ പറയണ്. അതിനു നാട്ടുകാര്‍ക്ക്‌ എന്തെര് വരാന്‍. അവള് ആളെ പറ്റിച്ചുവെങ്കി അവളുടെ മിടുക്ക്. ബാക്കി നാട്ടുകാര്‍ക്ക്‌ അത് കാരണം കഞ്ഞി കുടി മുട്ടിയോ? ഇല്ല. പക്ഷേ, പാര്‍ട്ടി പറയണത് അതാണ്‌ ഏറ്റവും വലിയ പ്രശ്നം എന്നതാണ്.  അതിനു എതിരെ ആണ് വിപ്ലവം വേണ്ടത് എന്നാണു. എന്നിട്ടോ, സമരം നടത്തി - അനിശ്ചിതകാല ഉപരോധം - രണ്ടര ദിവസം കൊണ്ട് നാടിനെ നാറ്റിച്ചു ഉപരോധം അവസാനിപ്പിച്ചു. എങ്കിലും പാര്‍ട്ടി പറഞ്ഞു അത് വിജയിച്ചു എന്ന്. പാര്‍ട്ടി പറഞ്ഞത്കൊണ്ട് അമ്മച്ചിയാണേ നമ്മള് വിശ്വസിച്ചു.  ഒടുക്കം ഇപ്പഴ് നാട് റോട്ടില്‍ സഖാക്കന്മാര്‍ക്ക് പെമ്പിറന്നോത്തീടെ തെറിവിളിയും കേക്കേണ്ടി വന്നു. എന്നിട്ടും പാര്‍ട്ടി ആളെ പറ്റിച്ചവരുടെ പുറകേ തന്നെ.

മുമ്പൊക്കെ ആയിരുന്നേല്‍ ദേവയാനിടെ പ്രശ്നം മതിയായിരുന്നു പാര്‍ട്ടിക്ക്‌ ഒരു ബന്ദിനും ഹര്‍ത്താലിനും ഒക്കെ. അമ്മച്ചിയാണേ അതൊരു അമേരിക്കേടെ മൂരാച്ചി ബൂര്‍ഷ്വാ അഹങ്കാരം തന്നെ. എന്തെരോ എന്തോ, പാര്‍ട്ടി ഇതുവരെ കമാന്ന് ഒരക്ഷരം മിണ്ടിയില്ല. ഛെ, നമ്മള് എന്തെര് മണ്ടന്‍, ദേവയാനി അല്ലേ ബൂര്‍ഷ്വാ മൂരാച്ചി, തൊഴിലാളി വര്‍ഗത്തിനെ പീഡിപ്പിച്ചവള്‍, അപ്പ പിന്നെ ബന്ദും ഹര്‍ത്താലും ഒന്നും വേണ്ട.

പെട്രോളിന് വെല കൂടാണ്, ഡീസലിന് വെല കൂടാണ്, അരിക്കും, പയറിന്, മലക്കറിക്ക് എല്ലാത്തിനും കൂടണ്. ഒള്ള സാധനങ്ങളില്‍ എല്ലാം മായം. കൊള്ള, കൊലപാതകം, പിടിച്ചുപറി, പീഡനം എല്ലാം നിരന്തരം കൂടണ്. ജനങ്ങള്‍ക്ക്‌ ഇതൊക്കെ കൊണ്ട് പൊറുതിമുട്ടി. എങ്കിലും പാര്‍ട്ടി എന്തിനാണ് സോളാറിന്‍റെ മാത്രം പിറകെ പോണത്? ചിന്തിച്ചിട്ട് ഒരന്തവും ഇല്ല. ഇനി നമ്മള് സ്റ്റഡി ക്ലാസ്സില്‍ പോകാത്തത് കൊണ്ടാണാ?

പേരില്‍ തന്നെ അരിവാള് ഉള്ള ഡല്ലിയിലെ പയ്യന്‍ കൊള്ളാം എന്ന് ചിലപ്പോഴൊക്കെ തോന്നണുണ്ട്. എന്തെര് ചെയ്യാം പുറത്തു പറയാന്‍ പറ്റില്ലല്ലോ, പാര്‍ട്ടി വിരുദ്ധന്‍ ആയാലോ? അവര് ഇങ്ങോട്ടും വരണ്പോലും. അറിയാതെ എങ്ങാനും അവരുടെ കൂടെ ആയിപ്പോവോ? വെട്ടുകാട് അമ്മച്ചീ, അങ്ങനെ ഒന്നും ആയിപ്പോവല്ലേ, നൂറു മെഴുതിരി കത്തിപ്പിച്ചേക്കാമെ!

ഇനി എന്തൊക്കെ കാണണോ എന്തോ? ഗുരുവായൂരപ്പാ, അടുത്ത വര്‍ഷം എങ്കിലും ആപത്ത്‌ ഒന്നും വരുത്തല്ലേ.

05 ഫെബ്രുവരി 2013

ദര്‍പ്പണം

"കാണെടോ മാനവ നിന്നുള്ളിലുറങ്ങും
ജ്ഞാനപ്രകാശമാം ഈശനെ സ്വയം
ഇവ്വിദം ഗുരു ദര്‍പ്പണം കാണിച്ചു ഞാനോ
ഗര്‍വിച്ചു ഈശനെന്നു നിനച്ചു സ്വയം"

സ്വാമി ഗുരുദാസനാന്ദ തിരുവടികള്‍

(പലരും മേല്പടി സ്വാമിയെ സമാധിയാക്കാന്‍ കുറുവടികളും മറ്റും തയ്യാറാക്കുന്നതായി സുഹൃത്തുക്കള്‍ മുന്നറിയിപ്പ് തരുന്നുണ്ട്...)

01 ഫെബ്രുവരി 2013

എന്റെ സംസ്കാരം

ഇന്നലെ ദുഭായിലെ ആഗോള ഗ്രാമത്തില്‍ പോയിരുന്നു. ഒരു കെനിയന്‍ ചായപ്പൊടി കമ്പനിയുടെ തട്ടുകടയില്‍ നിന്നും ചായ കുടിച്ചു. സസ്യങ്ങള്‍ക്ക് വലിയ വ്യത്യാസം ഒന്നും ഇല്ലാത്തത് കൊണ്ട്, നാട്ടിലെ ചായപ്പോടിയുടെ രുചിയെ എനിക്ക് തോന്നിയുള്ളൂ.

വെള്ളം ചൂടാക്കി, അത് ഗ്ലാസില്‍ പകര്‍ന്നു, ചായകീശയും പഞ്ചാരയും ഇട്ടു ചായ തയ്യാറാക്കുന്ന രണ്ടു മിനിറ്റ് സമയത്തില്‍, വളരെ ചെറുപ്പമായ കെനിയന്‍ ചായക്കടക്കാരന്‍, അവന്റെ നാടിനെ കുറിച്ചും, ആ നാട്ടിലെ ചായ / കാപ്പി സംസ്കാരത്തെ കുറിച്ചും ഞങ്ങള്‍ക്ക് നല്‍കിയ പ്രത്യേക ബ്രാന്‍ഡ് തേയിലയെ കുറിച്ചും സംഷിപ്ത വിവരണം നല്‍കി.

തൊട്ടപ്പുറത്തെ സ്ടാളില്‍ നിന്നും ഒരു ജോഡി ആഫ്രിക്കന്‍ തടി പ്രതിമകള്‍ എന്റെ സുഹൃത്ത്‌ വാങ്ങി. അവന്‍ ആദ്യമായി ദുഭയില്‍ വരുന്നത് കൊണ്ട് മറ്റൊരു സുഹൃത്ത്‌ അവനു വേണ്ടി വിലപേശല്‍ നടത്തി ഒടുവില്‍ കച്ചവടം ഉറപ്പിച്ചു. സാധനം വാങ്ങി എന്ന് ഉറപ്പായപ്പോള്‍, കടക്കാരന്‍ ആ പ്രതിമകളുടെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി. കൂടെ, പ്രതിമ വാങ്ങിയ സുഹൃത്ത്‌ ആദ്യമായി ദുഭായില്‍ വരുകയാണ് എന്നും, കൂടെ വന്നവര്‍ കാലങ്ങളായി ഇവിടെ വസിക്കുന്നവര്‍ ആണെന്നും, വീണ്ടും കടയില്‍ "ഒറ്റയ്ക്ക്" വരണം എന്നും അദ്ദേഹം നാട്ടിലെ മുഖലക്ഷണം പറയുന്ന അവലക്ഷണക്കാരുടെ അനായാസതയോടെ അദ്ദേഹം ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് പറഞ്ഞു. എങ്ങനെ അദ്ദേഹം ആ കണ്ടെത്തല്‍ നടത്തി എന്നും അദ്ദേഹം പറഞ്ഞു - വര്‍ഷങ്ങളായി ധാരാളം മലയാളീ സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഉണ്ടത്രേ.

നമ്മുടെ സംസ്കാരം ലോകത്തിനു മുന്നില്‍ പകര്‍ന്നു കൊടുക്കുന്ന ഇന്ത്യന്‍ പവിലിയനില്‍ എത്തി. ഭാരതീയ സംസ്കാരം കൃത്യമായി പകര്‍ന്നു കൊടുക്കുന്നത് തന്നെ ഇന്ത്യന്‍ പവിലിയന്‍. ഒരു മലയാള മീഡിയ സ്ടാളില്‍ "ഒരു മിനുട്ടില്‍ ഏറ്റവും കൂടുതല്‍ ബലൂണ്‍ ഊതി വീര്‍പ്പിച്ചു പൊട്ടിക്കുന്ന ആവേശകരമായ മത്സരം", വലിയ ഒരു വേദിയില്‍ "സ്ത്രീലിംഗം പുല്ലിംഗം വാടാ അയ്യാ അയ്യേ" എന്നിത്യാദി വാക്കുകള്‍ നിറഞ്ഞ ഒരു സിനിമാ ഗാനത്തിന്റെ അകമ്പടിയോടുള്ള "സിനിമാടിക് ഡാന്‍സ്", അങ്ങനെ പോകുന്നു നമ്മുടെ സാംസ്കാരിക വിനിമയങ്ങള്‍.

മഹത്തായ സംസ്കാരം എന്താണ് എന്ന് മനസ്സിലാക്കികാന്‍ പോകുന്നതായിരുന്നു ഇന്നലത്തെ ആഗോള ഗ്രാമ സന്ദര്‍ശനം. സംസ്കാരം എന്നാല്‍, കഴിഞ്ഞു പോയ തലമുറയുടെ ജീവിത രീതി അല്ലെന്നും, "ന്ടുപ്പുപ്പായ്ക്ക് ആണെന്ടാര്‍ന്നു" എന്ന് പറയുന്നത് പോലെ അല്ലെന്നും എനിക്ക് മനസ്സിലായി. സംസ്കാരം എന്നത് ഭൂതമല്ല, വര്‍ത്തമാനമാണ്, ഇന്നത്തെ ജീവിതമാണ് സംസ്ക്കാരം. അത് തന്നെയാണ് ഇന്ത്യന്‍ പവിലിയനില്‍ ഞാന്‍ ഇന്നലെ കണ്ടതും.

ഇന്ത്യന്‍ പവിലിയനില്‍ കണ്ടത് എല്ലാം ഞാന്‍ പറഞ്ഞില്ല. എന്നെ കുരിച്ചു തന്നെ ഞാന്‍ കൂടുതല്‍ ദുഷിച്ചു പറയുന്നത് നല്ലതല്ലല്ലോ...