14 നവംബർ 2011

അടിയും ചിരിയും

വളരെ നിസ്സാരമെന്നു തോന്നാവുന്ന ഒരു അനുഭവം പറയാം.

കുറച്ചു നാള്‍ മുമ്പ്, തിരുവനന്തപുരം കിള്ളി പാലത്തിനു അടുത്തുള്ള ബസ്‌ സ്റ്റോപ്പില്‍ ഞാന്‍ നില്‍ക്കുന്നു. നീലയും വെള്ളയും വരയുള്ള 'അനന്തപുരി' ബസ്‌ അമിത വേഗതയില്‍ വന്നു ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും അല്പം മാറി റോഡിന്റെ നടുക്ക് പെട്ടെന്ന് നിറുത്തി. ആ ബസ്സിന്റെ വേഗതയില്‍ തന്നെ, പുറകെ വരുകയായിരുന്ന ഒരു കൂട്ടം വണ്ടികളും, ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍, ബസ്സിന്റെ പുറകില്‍ നിന്നു. അതില്‍ ഏറ്റവും മുന്നില്‍ ഒരു ആട്ടോരിക്ഷ. എല്ലാ വണ്ടികളും നിരത്തി ഹോണ്‍ അടിക്കുന്നു. ആട്ടോ ചെറുതാണെങ്കിലും അതിന്റെ ഹോണ്‍ പാണ്ടി ലോറിയുടെതിനേക്കാള്‍ ഒച്ചയിലാണ്. കുറെ സമയം ആയിട്ടും ബസ്സ് മുന്നോട്ട് പോകുന്നില്ല. കയറുന്നതിനോ ഇറങ്ങുന്നതിനോ ആരുമില്ലതാനും. ഇടയ്ക്കു ആട്ടോയുടെ ഡ്രൈവര്‍ പുറത്തിറങ്ങി ബസ്സിന്റെ ഡ്രൈവറെ നല്ല തിരുവന്തോരം ഭാക്ഷയില്‍ - അതായത് 'ത'കാരത്തിലും 'മ'കാരത്തിലും - വണ്ടി മുന്നോട്ടെടുക്കാന്‍ അന്ത്യ ശാസനം നല്‍കുന്നു. ബസ്സ് പതുക്കെ ഒരു രണ്ടിച്ചു മുന്നിലേക്ക്‌ നീങ്ങി. പിന്നെ രണ്ടടി പിന്നിലേക്കും. യാത്രക്കാരുള്ള ആട്ടോയുടെ മുന്‍ഭാഗം ബസ്സിനു അടിയില്‍. ചില്ലുജാലകം ക്ടിംഗ് എന്ന ശബ്ദത്തോടെ തവിടുപൊടി. ഇത്രയും ആയപ്പോള്‍, ശരവേഗത്തില്‍ ബസ്സ് മുന്നോട്ടു. രണ്ടു നിമിഷം കഴിഞ്ഞു സംഭവിച്ചത് എന്താണെന്ന് ബോധ്യപ്പെട്ട ആട്ടോക്കാരന്‍ അതേ വേഗത്തില്‍ ബസ്സിനു പുറകില്‍. ഇതിലെ രണ്ടിലേയും യാത്രക്കാരന്‍ അല്ലാത്ത എനിക്ക് പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല.

കുറച്ചു കൂടി പഴയ ഒരു കാര്യം. ഇപ്പോള്‍ ഇരുപതു വര്‍ഷത്തെ പഴക്കം ഉണ്ടാകും ഈ കഥയ്ക്ക്. ഞങ്ങള്‍ അന്ന് ചെമ്പഴന്തി ശ്രീ നാരായണാ കോളേജിലെ വിദ്യാര്‍ഥികള്‍. അക്കാലത്ത് കോളേജില്‍ എന്നും സമരവും സംഘട്ടനവുമാണ്. മിക്ക ദിവസങ്ങളിലും കോളേജില്‍ പോകുന്ന അതേ ബസ്സില്‍ അപ്പോള്‍ തന്നെ തിരികെ വരും. അങ്ങനത്തെ കാലത്ത് ഒരു ദിവസം സംഘട്ടനം തുടങ്ങാന്‍ അല്‍പ്പം വൈകി. സാധാരണ പത്തു മണിക്ക് തുടങ്ങുന്നത് അന്ന് അര മണിക്കൂര്‍ വൈകി. ഈ അര മണിക്കൂര്‍ വൈകല്‍ എന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ രണ്ടായിരുന്നു. ആദ്യത്തേത് ആന വണ്ടി ഉണ്ടാകില്ല; രണ്ടാമത്തേത് ആന വണ്ട്‌ വരുംമുമ്പേ ഇടിവണ്ടി വരും. ബസ്സ് കാത്തു നില്‍ക്കുകയാണെങ്കിലും വിദ്യാര്‍ഥികള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടാല്‍ ഇടിവണ്ടിയിലെ കാക്കിയിട്ട കലാകാരന്മാര്‍ ചിലപ്പോള്‍ ചൂരല്‍ പ്രയോഗം നടത്തിക്കളയും.  അതുകൊണ്ട്, മറ്റു ബഹുഭൂരിപക്ഷം കുട്ടികളോടൊപ്പം ഞങ്ങളും ശ്രീകാര്യം ഭാഗത്തേക്ക് നടന്നു.

മുമ്പിലും പിമ്പിലും ഒപ്പവും ധാരാളം സുന്ദരിമാര്‍ ഉള്ളതുകൊണ്ട് അല്പസ്വല്പം തമാശകളും (വാചിക തമാശകളാണ് അല്ലാതെ ന്യൂ ജനറേഷന്‍ തമാശകളായി ആരും തെറ്റിദ്ധരിക്കരുത്) മറ്റുമായി ഞങ്ങള്‍ റോഡു നിറഞ്ഞു നടന്നു വന്നു. ഇന്നത്തെ പോലെ റോഡില്‍ അന്ന് വലിയ വാഹന സാന്ദ്രത ഇല്ലാത്തതിനാല്‍ അങ്ങനെ റോഡു നിറഞ്ഞു നടക്കാം. ശ്രീകാര്യത്തിനു മുമ്പ് വാഞ്ചിക്കോട് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ പുറകില്‍ നിന്നും ഒരു പോത്തിന്റെ അമറല്‍ "ഒതുങ്ങി പോയിനെടാ ..." തുടര്‍ന്ന് തിരുവന്തോരം 'പു'കാര പ്രയോഗം.

സംഭവം അവിടുത്തെ ഒരു ലോക്കല്‍ 'കിട്ടു' (CITU - കിട്ടു) തൊഴിലാളിയാണ്. സൈക്കിളില്‍ ഞെളിഞ്ഞിരുന്ന് വരുന്നു.വലിയ ആഡംബര സൈക്കിള്‍ ആണ്. രണ്ടു ബെല്‍, വലിയ കാരിയര്‍, ചക്രങ്ങളില്‍ ദശപുഷ്പങ്ങള്‍, അങ്ങനെ പോകുന്നു. ഒരു ഫോറിന്‍ കൈലിയും, ബട്ടന്‍സ് ഇടാത്ത ഉടുപ്പും, തലയില്‍ കെട്ടുമാണ് വേഷം. 'പു'കാര പ്രയോഗത്തില്‍ എനിക്ക് പെട്ടെന്ന് അരിശം വന്നു (കോളേജില്‍ പഠിക്കുന്ന കാലമായത് കൊണ്ട് മാത്രമല്ല പെട്ടെന്ന് അരിശം വന്നിരുന്നത്, വിവാഹിതന്‍ ആകുന്നതു വരെയും ആ അരിശം വളരെ പെട്ടെന്ന് വരുമായിരുന്നു, വിവാഹിതനായത്തിനു ശേഷം അരിശം അതിന്റെ വേഗത അല്പം കുറച്ചു, പിന്നീട് ദുബായില്‍ നാല് വര്ഷം ചെലവിട്ടതിനു ശേഷം, അരിശം വരണമെങ്കില്‍ വളരെ നിര്‍ബന്ധിക്കേണ്ട അവസ്ഥയിലാണ്!). "ഇതെന്തെരു അണ്ണാ, മര്യാദക്ക് പറഞ്ഞാല്‍ പോരെ, അല്ലെങ്കില്‍ സൈക്കിളിന്റെ ബെല്ല് അടിച്ചാല്‍ പോരെ?" എന്ന് എന്റെ അരിശം ഞാന്‍ അറിയാതെ കിട്ടുവിനോട് ചോദിച്ചു. ചോദ്യത്തില്‍ തമാശ ഇല്ലെങ്കിലും സകലമാന പെണ്‍കുട്ടികളും പൊട്ടിച്ചിരിച്ചു, പൊതുവേ ഞാന്‍ തമാശ പറഞ്ഞാല്‍ എല്ലാരും സീരിയസ്സായി ഇരിക്കുന്നതാണ്, അന്ന് എന്റെ ഭാഗ്യ ദോഷത്തിന് ലവളുമാര് എല്ലാരും ഒറ്റക്കെട്ടായി എനിക്കെതിരെ ഒരു പൊട്ടിച്ചിരി. സംഭവം എനിക്ക് എതിരെ ആയിരുന്നു എന്ന് എനിക്ക് അറിയാമെങ്കിലും കിട്ടുവിനു തോന്നിയത് അയാളെ കളിയാക്കിയത് ആണെന്ന്. കിട്ടു തിരിഞ്ഞു നോക്കിയപ്പോള്‍, കോളേജ് പയ്യന്മാരാണ്. ഒറ്റയ്ക്ക് ഇടപെടുന്നത് ശരിയാകില്ല എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ തോന്നിയിട്ടുണ്ടാകും. ഞങ്ങളെ പൊതുവായും, എന്നെ ഒന്ന് പ്രത്യേകിച്ചും നോക്കിയിട്ട്, പല്ലിറുമ്മി, അതിവേഗം ശകടം ചവിട്ടി മുമ്പോട്ടു പോയി.

വീണ്ടും ഞങ്ങള്‍ വിദ്യാര്‍ഥി സംഘം പഴയത് പോലെ മുന്നോട്ടു നടന്നു, ഇത്തവണ റോഡു നിറയാന്‍ പോയില്ല.  അങ്ങനെ ഒരു അര കിലോമീറ്റര്‍ പോയപ്പോള്‍, അങ്ങ് ദൂരെ നിന്നും ഒരു കാട്ടാനക്കൂട്ടം കടും നീല നിരത്തിലെ കുപ്പായങ്ങളും ധരിച്ചു വരുന്നു. ഞങ്ങളുടെ കൂട്ടവും കാട്ടാന കൂട്ടവും തമ്മിലുള്ള ദൂരം സുമാര്‍ ഇരുന്നൂറു മീറ്റര്‍.  അവര്‍ ഇപ്പോള്‍ റോഡു നിറഞ്ഞു വരുകയാണ്. കൂട്ടത്തില്‍ നേരത്തെ പല്ലിറുമ്മി പോയ കിട്ടുവും ഉണ്ട്.  കിട്ടുവിന്റെ ദൂരക്കഴ്ചയില്‍ എന്നെ കണ്ടതും അയാള്‍ അലറി, "ദോ ലവനാണ്" എന്ന് എന്റെ നേരെ കൈ ചൂണ്ടി കൊണ്ട്.  അതേ നിമിഷം, സുന്ദരിപ്പിടകള്‍ തൊട്ടടുത്ത വെയിറ്റിംഗ് ഷെഡില്‍ ബസ്സ് കാത്തു നില്‍ക്കുന്ന അപരിചിതര്‍ ആയി മാറി.  ഇപ്പോള്‍ ഞങ്ങള്‍ നാല് പയ്യന്മാര്‍ മാത്രം. എന്തായാലും മുന്നോട്ടു നടക്കാം, എന്ന് കരുതി ഞങ്ങള്‍ നടന്നു. കാട്ടാന കൂട്ടം ഇപ്പോള്‍ അടുത്ത പറമ്പിലേക്ക് ചാടിക്കയറി വേലി പത്തല്‍വെട്ടിയെടുക്കുന്ന തിരക്കിലായിരുന്നു...

കാട്ടാന കൂട്ടം കരിമ്പിന്‍ തണ്ട് പോലുള്ള വേലി പത്തലുമായി ഏതാണ്ട് ഒരു അമ്പത് മീറ്റര്‍ അകലത്തിലായി, പിന്നെ, മുപ്പതു, ഇരുപത്തഞ്ചു ഒടുവില്‍ പത്തു മീറ്റര്‍...

"എന്താടാ ... നിനക്ക്, മൊടയാ ... ?" കാട്ടാന കൂട്ടത്തിലെ നേതാവ് എന്ന് തോന്നിക്കുന്ന കിട്ടു.

"എന്തെരു അണ്ണാ പ്രശ്നം?" ഞാന്‍.

"പ്രശ്നം... നീയെന്തിനാടാ ഇവന്റെ അടുത്ത് മൊട കാണിച്ചത്..."

"അയ്യോ, അണ്ണാ മൊട കാണിച്ചത് അല്ലാ, ഈ അണ്ണന്‍ ഞങ്ങള് മാറാത്തത് കൊണ്ട് തെറി വിളിച്ചു, അപ്പോള്‍ ബെല്ല് അടിച്ചാല്‍ പോരായിരുന്നോ എന്ന് ചോദിച്ചതെ ഉള്ളൂ, അല്ലാതെ നിങ്ങളുടെ അടുത്ത് ഞങ്ങള്‍ എങ്ങനെ മൊട കാണിക്കും..." എന്ന് പറഞ്ഞു ഞാന്‍ അറിയാതെ ചിരിച്ചു പോയി. സത്യത്തില്‍, ശരീരത്തിലെ ആകെ വിറയല്‍ ചിരിയായി പുറത്തു വന്നതാണ്.

"അത്രേയുള്ളൂ അണ്ണാ..." അപ്പറഞ്ഞത് എന്റെ കൂടെ ഉണ്ടായിരുന്ന ശിവ കുമാറാണ്.തിരിഞ്ഞു നോക്കിയപ്പോള്‍, ഞാനും അവനും മാത്രമേയുള്ളൂ, ബാക്കിയുള്ളവരെ കാണാനില്ല... ഇത്രയും ആയപ്പോള്‍, കാട്ടാനക്കൂട്ടം വെറും ആട്ടിന്‍ കുട്ടികള്‍ ആയിമാറി. അവരും ചിരിച്ചു. ഒരു അല്പം ധൈര്യം ഞങ്ങള്‍ക്ക് കിട്ടി. "ഛെ അണ്ണന്‍ ഇത്രയ്ക്കു സില്ലിയാണോ" എന്നും മറ്റും ചോദിച്ചു സന്ദര്‍ഭത്തിന്റെ പിരിമുറുക്കം ഒന്ന് കുറച്ചു. ആട്ടിന്കൂട്ടം തിരികെ പോയി.

എങ്കിലും ഞങ്ങളുടെ ഹൃദയ താളം ഒന്ന് ശരിയാകാന്‍ അടുത്തുള്ള ഒരു മുറുക്കാന്‍ കടയില്‍ കയറി ഓരോ ബോഞ്ചി കുടിച്ചു കൊണ്ട് നിന്നപ്പോള്‍, നേരത്തെ അപ്രത്യക്ഷരായ മറ്റേ രണ്ടു സുഹൃത്തുക്കള്‍ ഓരോ മരച്ചീനി കമ്പുമായി തിടുക്കത്തില്‍ വരുന്നു...

"മച്ചാ ലവന്മാര്‍ എവിടെ? നിങ്ങളെ വല്ലതും ചെയ്തോ? കലിപ്പ് വല്ലതും ഉണ്ടോ? ഞങ്ങള്‍ ഈ കമ്പ് വെട്ടാന്‍ പോയിരുന്നു... കലിപ്പ് വല്ലതും ഉണ്ടെങ്കി പറ, ഞങ്ങള്‍ സുകേശനോട് പറയാം..." ഇങ്ങനെ പോയി അവരുടെ വാചകങ്ങള്‍.  ഏതായാലും കലിപ്പ് ഒന്നുമില്ലാതെ ഒരു ചിരി കാരണം അന്നത്തെ ആ പ്രശനം അവസാനിച്ചു.

ഇതുപോലെ, ചിരി കൊണ്ട് അടി തടഞ്ഞ പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്.  (ഇതെല്ലാം വിവാഹത്തിനു മുമ്പാണ്, ഇപ്പോള്‍ ചിരികൊണ്ട് അടിയല്ല തടയുന്നത്)

 നമ്മള്‍ ഇപ്പോള്‍ ചിരിക്കാന്‍ മറന്നു പോയിരിക്കുന്നു. മനുഷ്യന്‍ ആദ്യം പഠിക്കുന്ന സാമൂഹിക പ്രതികരണമായ ചിരി, വളര്‍ച്ചയുടെ പാതയില്‍ അവന്‍ മറന്നു പോയിരിക്കുന്നു. ഇപ്പോള്‍ ആരെങ്കിലും ചിരിക്കുന്നു എങ്കില്‍, തീര്‍ച്ചയായും അവര്‍ക്ക് എന്തോ കുഴപ്പമുള്ളത് പോലെ ആയിരിക്കുന്നു.

കുറിപ്പ്: ഇതിന്റെ ആദ്യത്തെ ഖണ്ഡിക എഴുതിയത് ആറു മാസം മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 14/11/11 നു. അതിനു ശേഷം ഇന്നാണ് ബ്ലോഗ്‌ ചെയ്യുന്നത്. മുല്ലപ്പെരിയാര്‍, പിറവം, നെയ്യാറ്റിന്‍കര, ഒഞ്ചിയം തുടങ്ങി ഒരുപിടി കാര്യങ്ങളാല്‍ മനസ്സ് മരവിച്ചു പോയി. ഇപ്പോഴത്തെ രാഷ്ട്രീയം എന്ത് രാഷ്ട്രീയം എന്നായിരുന്നു ഇതുവരെ എന്റെ സംശയം. ഇപ്പോള്‍ ഒരു മറുപടി കിട്ടിയിരിക്കുന്നു. ഓന്ത് രാഷ്ട്രീയം, തന്നിഷ്ട രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം തുടങ്ങിയവ ഒന്നുമല്ല ഇന്ന് ഈ മഹാ രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. വ്യഭിചാര രാഷ്ട്രീയം പോലുമല്ല. മറിച്ചു, "വേശ്യാലയ" രാഷ്ട്രീയമാണ്. തനിക്ക്  നേട്ടമുണ്ടാക്കാന്‍ മറ്റുള്ളവരെ കൂട്ടിക്കൊടുക്കുന്ന രാഷ്ട്രീയം, എതിര്‍ക്കുന്നവരെയും രക്ഷപ്പെടുന്നവരെയും വകവരുത്തുന്ന "വേശ്യാലയ" രാഷ്ട്രീയം. 

13 നവംബർ 2011

ശുദ്ധ പാലും പാല്‍പ്പൊടി പാലും


ലോകത്തിലെ ഏറ്റവും വലിയ പാലുല്പാദന രാജ്യമാണ് ഇന്ത്യ. കേരളമാകാട്ടെ, വിവാദവും രാഷ്ട്രീയവും പ്രബുദ്ധതയും ഒഴികെ, മറ്റേതൊരു വസ്തുവും ഉല്പാദനത്തേക്കാള്‍ കൂടുതല്‍ ഉപഭോഗം ചെയ്യുന്നവരും.

പാലില്‍ ഏതാണ്ട് തൊണ്ണൂറു ശതമാനവും ജലമാണ്. കേരളത്തില്‍ ശുദ്ധജല ദൌര്‍ലഭ്യം ഉണ്ടെങ്കിലും വെള്ളത്തിന്‌ കുറവില്ല. അങ്ങനെ ഉള്ളപ്പോള്‍, അന്യ സംസ്ഥാനങ്ങളില്‍ നിന്നും പാലിലെ മറ്റു ഘടകങ്ങളുടെ പത്തിരട്ടി വെള്ളം അവിടുന്ന് ഇങ്ങോട്ട് കൊണ്ടുവരുന്നത്‌ അധിക ചെലവാണ്. അതേസമയം, പാലിനെ അതിലെ ജലാംശം ഒഴിവാക്കി പാല്‍പ്പൊടിയാക്കി ഇങ്ങോട്ട് കൊണ്ടുവന്നാല്‍, ഒരു ലോഡ്‌ പാല് കൊണ്ടുവരുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ അതിന്റെ പത്തിരട്ടി പാലുണ്ടാക്കാനുള്ള പൊടി കൊണ്ടുവരാന്‍ പറ്റും. ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ പാല് ലഭിക്കുകയും ചെയ്യും. ഇങ്ങനെ അല്ലാതെ കുറഞ്ഞചെലവില്‍ ശുദ്ധമായ പാല് കിട്ടണമെങ്കില്‍ കുറഞ്ഞ പക്ഷം രണ്ടു വീടിനു ഒരു പശു എന്ന തോതില്‍ നമ്മള്‍ പശുപരിപാലനം ചെയ്യണം. അതിനു നമ്മളും, നമ്മുടെ സര്‍ക്കാരും, നീതിന്യായ വ്യവസ്ഥയും ഒന്നും തയ്യാറല്ലാ എങ്കില്‍ പിന്നെ, രണ്ടു കാര്യമേ ചെയ്യാനുള്ളൂ.

ഒന്ന്: ശുദ്ധമായ പാല് വേണം എന്നാ നിര്‍ബന്ധം ഒഴിവാക്കി പാല്‍പ്പൊടി പാലും ഉപയോഗിക്കുക്ക അല്ലെങ്കില്‍, പാലിനെ പൂര്‍ണ്ണമായും ഒഴിവാക്കുക.

രണ്ടു: പാല്, പാലായി തന്നെ മറ്റു സ്ഥലങ്ങളില്‍ നിന്നും കൊണ്ട് വന്നു വിതരണം ചെയ്യുക. അതിനു വേണ്ട അധിക ചെലവ് ജനങ്ങള്‍ തന്നെ സഹിക്കുക.

കര്‍ഷകര്‍ക്ക്  വേണ്ടിയാണ് പാല് വില വര്‍ദ്ധിപ്പിക്കുന്നത് എന്നത് ശരിയാണ്. ഇവിടെ കര്‍ഷകര്‍ ഇല്ലാത്തത് കൊണ്ട് അവര്‍ക്ക് കിട്ടുന്നില്ല എന്ന് മാത്രം.

ജനങ്ങളുടെ കയ്യടി കിട്ടാന്‍ വേണ്ടി ഒരിക്കലും വസ്തുതകളെ കുഴലിലൂടെ മാത്രം നോക്കി കാണരുത്. ഇപ്പറഞ്ഞത്‌ എല്ലാപേര്‍ക്കും എന്നത് പോലെ എനിക്കും ബാധകമാണ്.

11 നവംബർ 2011

സന്തോഷ്‌ പണ്ഡിറ്റിനു ഒരു തുറന്ന കത്ത്

പ്രിയ സന്തോഷ്‌ പണ്ഡിറ്റ്‌,

താങ്കള്‍ക്കു സുഖമാണെന്നു കരുതുന്നു. സന്തോഷത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ, സ്വയം അറിയുന്നവനു എപ്പോഴും സന്തോഷമുണ്ടാകും എന്നാണല്ലോ ആപ്തവാക്യം.

നാട്ടിലെ സാധാരണക്കാര്‍ ആദ്യം താങ്കളെ അവഹേളിച്ചു എങ്കിലും, ഇന്ന് കേരളത്തില്‍, വ്യക്തിപരമായി ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് താങ്കള്‍ക്കു ആണെന്ന് ആര്‍ക്കും സംശയമില്ല. പൊതുജനം, പ്രത്യേകിച്ച് കേരളത്തിലെ പ്രബുദ്ധരായ പൊതുജനം മുതുനെല്ലിക്ക പോലെയാണ്. ആദ്യം കയ്ക്കും, പിന്നെ ഇനിക്കും.

താങ്കളുടെ ഈ സ്വീകാര്യതക്ക് കാരണം പ്രധാനമായും താങ്കളുടെ ധൈര്യവും സ്ഥൈര്യവും ആണെന്നെതില്‍ രണ്ടഭിപ്രായം ഉണ്ടാകാനിടയില്ല. ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഇല്ലാത്തതും വേണ്ടതും താങ്കളെ പോലുള്ള ധീരന്മാരെയാണ്. വ്യക്തമായ ലക്ഷ്യബോധവും അതിനായുള്ള ആത്മസമര്‍പ്പണവും കഠിനാധ്വാനവും പ്രവര്‍ത്തിയിലൂടെ അങ്ങ് കേരളത്തിന്‌ കാണിച്ചു കൊടുത്തിരിക്കുന്നു. താങ്കളുടെ ഈ കഴിവുകള്‍, ദയവു ചെയ്തു സിനിമയില്‍ മാത്രം ഒതുക്കി നിര്‍ത്തരുത് എന്നാണു എന്റെ വിനീതമായ അഭ്യര്‍ത്ഥന. താങ്കളുടെ സമയത്തിന്റെ ഒരു ചെറു ഭാഗമെന്കിലും, സാധാരണക്കാരനു വേണ്ടി താങ്കള്‍ മാറ്റിവയ്ക്കണം. ഒരു പൊതുപ്രവര്‍ത്തകന്‍ ആകണം. ജനങ്ങള്‍ക്കിടയില്‍ നിന്നും അവരില്‍ ഒരാളായ ഒരു നേതാവായി അങ്ങ് മാറണം.

വരുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍, താങ്കള്‍ മത്സരിച്ചു വിജയിക്കണം. ജാതി-മത-വര്‍ഗ്ഗീയ-രാഷ്ട്രീയ ശക്തികള്‍ താങ്കള്‍ക്കു എതിരെ പടവാള്‍ എടുക്കുമെന്കിലും, താങ്കളുടെ സ്ഥിരോത്സാഹം, സാമാന്യ ജനത്തിനു താങ്കളില്‍ ഉള്ള വിശ്വാസവും പ്രതീക്ഷയും ഇവ മാത്രം മതി ഈ ഉപ തെരഞ്ഞെടുപ്പില്‍ താങ്കള്‍ക്കു വിജയിക്കാന്‍.

നിര്‍ഭാഗ്യവശാല്‍ ഫലം മറിച്ചാണ് എങ്കില്‍ പോലും, നമ്മുടെ ജനത്തിന് ഇപ്പോഴത്തെ രാഷ്ട്രീയ കള്ളക്കളികള്‍ വ്യക്തമായി മനസ്സിലാക്കാന്‍ താങ്കള്‍ മത്സരിക്കുന്ന പക്ഷം സാധിക്കും. അതുപോലും, ജനത്തിന് ഒരു പുതിയ ഉള്‍ക്കാഴ്ച ഉണ്ടാക്കുവാന്‍ സഹായിക്കും.

കത്ത് ചുരുക്കുന്നതിനു മുമ്പ് ഒരു കാര്യം കൂടി. ശാരീരികവും സാമ്പത്തികവുമായ ചില അസ്വസ്ഥതകള്‍ കാരണം, താങ്കളുടെ സൂപ്പര്‍ ഹിറ്റ്‌ സിനിമ ഇതുവരെ കാണുവാന്‍ സാധിച്ചിട്ടില്ല. ക്ഷമിക്കണം.

വിജയാശംസകളോടെ,

താങ്കളുടെ ധൈര്യതിലും സ്ഥൈര്യത്തിലും ബഹുമാനമുള്ള,

ഒരു സാധാരണക്കാരന്‍.

10 നവംബർ 2011

റാണിയുടെ രതിപൂരക വസ്തുക്കള്‍

യൂണിഫോം ഇടുന്ന തൊഴിലില്‍ ഡോക്ടറും അല്ലാത്തതില്‍ അധ്യാപകനും ഒഴികെ ആര് തന്നെ അടുത്തൂണ്‍ പറ്റിയാലും പിന്നെ അവന്‍ സാധാരണ മനുഷ്യനാണ്. സാദാ പോലീസുകാരനായി ജോലിക്ക് ചേര്‍ന്ന് ഡി.ജി.പി. ആയി പെന്‍ഷന്‍ ആയാലും, പെന്‍ഷന്‍ ആകുന്ന നിമിഷം മുതല്‍ ആര്‍ക്കും അയാളെ എന്തും വിളിക്കാം. വിളിക്കുകയും ചെയ്യും. അങ്ങനെ വിളിക്കാതിരിക്കുന്നവര്‍ തങ്ങളുടെ മാനത്തെ ഭയന്നായിരിക്കും അപ്പണിക്ക് പോകാത്തത്.

ഒരു കഥ പറയാം. വനം വകുപ്പില്‍ പ്രശസ്തനായ പ്രിന്‍സിപ്പല്‍ ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ (നമുക്ക് അദ്ധേഹത്തെ 'ശശി' എന്ന് വിളിക്കാം) അടുത്തൂണ്‍ പറ്റി. പ്രശസ്തനും, വകുപ്പിലെ മിക്കവര്‍ക്കും പ്രിയങ്കരനും ആയിരുന്നു ശശി. വന സംരക്ഷണത്തില്‍ അത്രയൊന്നും ശോഭിക്കാത്ത ഒരാളെ (ചന്ദ്രന്‍ എന്ന് വിളിക്കാം) അദ്ദേഹം വകുപ്പ് ആസ്ഥാനത്തെ 'എസ്റ്റേറ്റ്‌ ഓഫീസര്‍' എന്ന തസ്തികയില്‍ 'സംരക്ഷിച്ചു' പോന്നു. അടുത്തൂണ്‍ പറ്റുന്ന ദിവസം വരെ ടി എസ്റ്റേറ്റ് ഓഫീസര്‍ ശശിയുടെ വിശ്വസ്തനും വിധേയനും ആയിരുന്നു.  അടുത്തൂണ്‍ പറ്റിയതിനു അടുത്ത ദിവസം ശശി തന്റെ പഴയ ലാവണത്തില്‍ വന്നു. പുതിയ മേധാവി വിളിപ്പിച്ചിട്ടു വന്നതാണ്. പഴയ വിശ്വസ്ത വിധേയന്‍ പുതിയ മേധാവിയുടെ ആപ്പീസില്‍ വന്നപ്പോള്‍, ശശി സന്ദര്‍ശക കസേരയില്‍ ഇരിക്കുന്നു. "ശശി സാറേ, പി.സി.സി.എഫ്. മീറ്റിങ്ങില്‍ ആണ്. വരുന്നത് വരെ, സാര്‍ പുറത്ത്‌ വെയിറ്റിംഗ്  ഏരിയയില്‍ ഇരിക്കണം." ആപ്പീസിന് പുറത്തു സന്ദര്‍ശകര്‍ക്കുള്ള കാത്തിരിപ്പ്‌ മേഖലയില്‍ പെന്‍ഷന്‍ പറ്റിയ ആ മുന്‍ മേധാവി ഏറെ സമയം കാത്തിരിക്കേണ്ടി വന്നു.  അവിടം കൊണ്ടും തീര്‍ന്നില്ല മുന്‍ വിധേയന്റെ നടപടികള്‍. ശശിയെ പി.സി.സി.എഫ്.ന്റെ മുറിയില്‍ കടത്തി ഇരുത്തിയതിനു പ്യൂണിനും പി.എ.ക്കും കണക്കിന് ശകാരവും നല്‍കി. അതും ശശി കേള്‍ക്കെ തന്നെ. പിന്നീട് ഒരിക്കലും ശശി, താന്‍ തന്നെ രൂപകല്‍പന ചെയ്തു നിര്‍മ്മാണത്തിന് നേരിട്ട് നേതൃത്വം നല്‍കി പൂര്‍ത്തിയാക്കിയ 'വനലക്ഷ്മി' എന്ന കെട്ടിടത്തില്‍ കാലു കുത്തിയിട്ടില്ല എന്നാണറിവ്.

ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ഇപ്പോഴും സമൂഹം ഒരു മാന്യത കല്പിച്ചു നല്‍കിയിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, ഇവര്‍ രണ്ടുപേരും ആണ് സാധാരണ മനുഷ്യന് നേരിട്ട് അനുഭവിച്ചറിയാന്‍ പറ്റുന്ന എന്തെങ്കിലും ഉപകാരങ്ങള്‍ ചെയ്തിട്ടുള്ളത്.

അപ്പോള്‍, പറഞ്ഞു വന്നത് എന്തെന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ അഥവാ പൊതുജന സേവകര്‍ അവര്‍ ഉദ്യോഗത്തില്‍ തുടരുമ്പോള്‍ മാത്രമേ ബഹുമാന്യര്‍ ആകുന്നുള്ളൂ. അതുകഴിഞ്ഞാല്‍ പിന്നെ അവരും പൊതുജനം തന്നെ. കഴുത എന്നോ, തൃണം എന്നോ ഒക്കെ വിളിക്കാം. പരിഭവമില്ല.

ഇനിയൊരുകൂട്ടം പോതുസേവകര്‍ ഉണ്ട്. സേവകര്‍ അല്ല, അവര്‍ നേതാക്കന്മാരാണ്. തിന്നുന്നത് പൊതുജനത്തിന്റെ കാശ് ആണെങ്കിലും ഒരിക്കല്‍ നേതാവ് ആയിക്കഴിഞ്ഞാല്‍ മരണം വരെ അവര്‍ നേതാക്കള്‍ തന്നെ. അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടി പുറത്താക്കുകയും മറ്റാരും സ്വീകരിക്കാതിരിക്കുകയും വേണം. ഈ പരാഗ ജീവികള്‍ ആജീവനാന്തം ജനങ്ങളുടെ നേതാവാണ്.

ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിനിധികള്‍ ആണ് മേല്പടി നേതാക്കന്മാര്‍. ജനങ്ങളുടെ പ്രതിനിധി ആകണമെങ്കില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കണം. ഭൂരിപക്ഷം ലഭിച്ചാല്‍ പ്രതിനിധി. അല്ലെങ്കില്‍ ആവോ!  മിക്കവാറും ടി നിധികളുടെ കാലാവധി അഞ്ചു വര്‍ഷമാണ്. കാലാവധി കഴിഞ്ഞാല്‍, വീണ്ടും ജനങ്ങള്‍ തെരഞ്ഞെടുത്താല്‍ പിന്നെയും പ്രതിനിധി ആയി തുടരാം. ഇത് സാമാന്യ തത്വം.

എന്നാല്‍,നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത് അംഗം പോലും അല്ലാത്തവരും ജനപ്രതിനിധിയും ജന നേതാവും ഒക്കെ ആകുന്നതിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല.  ഒരു പ്രത്യേക വിഭാഗം മാത്രം പ്രതിനിധാനം ചെയ്യുന്ന ഏതു കച്ചടാ പാര്‍ട്ടിയുടെയും ഭാരവാഹിയും അനുഭാവിയും ഒക്കെ ജനങ്ങളുടെ നേതാവ് ആകുന്നതു എങ്ങനെ? അവര്‍ അതത് പാര്‍ട്ടിയുടെ മാത്രം നേതാവാണ്. എന്നാല്‍, ഈ നാണംകെട്ട മോന്മാര്‍ സ്വയം വിശ്വസിക്കുന്നതും പറഞ്ഞു പരത്തുന്നതും, ജനപ്രതിനിധിയും ജനനേതാവും എന്നൊക്കെയാണ്. ഇതിനെ ആരും തള്ളിപ്പറയുകയോ, എതിര്‍ക്കുകയോ ചെയ്യുന്നില്ല.

ആത്യന്തിക ഫലം, ഒന്നും അറിയാത്ത സാമാന്യ ജനത്തിന്റെ പേരില്‍, എന്ത് കോപ്രായവും കാട്ടാം എന്ന അഹങ്കാരം ഈ പരാഗ ജീവികളില്‍ വളര്‍ത്തുന്നു. പിന്നെ, വേറെ പണിയൊന്നുമില്ലാത്ത കുറെ അനുയായികളും. എറുമ്പിന്‍ കോളനികളിലെ അടിമകളാണ് ഈ അനുയായികള്‍. പച്ചക്ക് പറഞ്ഞാല്‍ നപുംസകങ്ങള്‍ - ഇണചേരാനും പ്രത്യുല്പാദനം നടത്താനും കഴിവുള്ളത് റാണിക്ക്. പുരുഷ പ്രജകള്‍ റാണിയുടെ രതിപൂരക വസ്തുക്കള്‍. ഇത് രണ്ടുമല്ലാത്തത് - നപുംസകങ്ങള്‍ - കൂട് കൂട്ടാനും തീറ്റ ശേഖരിക്കാനും മറ്റുമുള്ള അടിമകള്‍. ഇതേ നിലവാരത്തില്‍ തന്നെയുള്ളതാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളും. വിശപ്പടക്കാന്‍ വല്ലതും കഴിക്കുക, പിന്നെ മേലാളന്മാരുടെ ഉത്തരവുകള്‍ പാലിക്കുക. ചിന്തിക്കാനോ, ഉത്തരവുകളുടെ തെറ്റും ശരിയും മനസ്സിലാക്കാനോ ഒന്നും നപുംസക അടിമകള്‍ക്ക് അവകാശമോ സ്വാതന്ത്ര്യമോ അതിലുപരി താല്പര്യമോ ഇല്ല.

ഇത്തരത്തിലുള്ള റാണിയുടെ ഒരു മൂട് താങ്ങി (എറുമ്പിന്‍ കോളനിയിലെ പുരുഷ പ്രജ) യുടെ അഹങ്കാരത്തിന് കഴിഞ്ഞ ദിവസം കോടതി ശക്തമായ ഒരു താക്കീത് നല്‍കി. അര്‍ഹിക്കുന്നതു തന്നെയാണ്.  ഉത്തരവില്‍, കോടതി, മേല്പടി മൂടുതാങ്ങിയെ പുഴു എന്ന് പരാമര്‍ശിച്ചു എന്ന വാര്‍ത്ത കേട്ട. ബഹുമാനപ്പെട്ട കോടതി അത്രയ്ക്ക് ദയ കാട്ടേണ്ട കാര്യമില്ലായിരുന്നു. ഇത്തരം ആള്‍ക്കാര്‍ വെറും പുഴുവല്ല - പരാഗ ജീവിയാണ് - അല്ലെങ്കില്‍, രാഷ്ട്രീയക്കാരാകുന്ന പാക്ഷാണത്തില്‍ നുരഞ്ഞു തിമിര്‍ക്കുന്ന കൃമിയാണ് - പാക്ഷാണത്തില്‍ കൃമി.

ഇപ്പറഞ്ഞതൊക്കെ ഇടതു പക്ഷത്തിനു എതിരാണെന്ന് ആരും കരുതേണ്ട. എല്ലാ രാഷ്ട്രീയ പാക്ഷാണ പാര്‍ട്ടികള്‍ക്കും എതിരാണ്. കാരണം, യദാര്‍ത്ഥ ജനത്തിനോ അവരുടെ പ്രശ്നങ്ങള്‍ക്കോ വേണ്ടി ആത്മാര്‍ത്ഥമായി ഇവര്‍ ആരും ഒന്നും ചെയ്യുന്നില്ല. ക്ഷമിക്കണം, ഒന്നും ചെയ്യുന്നില്ല എന്ന് പറയുന്നത് പച്ചക്കള്ളമാകും - ജനത്തിന്റെ പിച്ചച്ചട്ടിയില്‍ ഇവരെല്ലാം ഒരുപോലെ കയ്യിട്ടു വാരുന്നുണ്ട്.

09 നവംബർ 2011

മല്ലന്റെ ഭാര്യ ആരെ ഇഷ്ടപ്പെടും?


ടി. എന്‍. ശേഷന്‍ എന്ന ഒരു വിപ്ലവകാരി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആകുന്നതുവരെ, അങ്ങനെ ഒരു സ്ഥാപനത്തെ കുറിച്ചോ, അതിന്റെ വലുപ്പത്തെയും വിലയേയും കുറിച്ചോ അധികം ആര്‍ക്കും അറിയാമായിരുന്നില്ല. ടി.എന്‍. ശേഷനെ കുറിച്ചും സാധാരണ ജനത്തിന് അറിയില്ലായിരുന്നു.

വിപ്ലവകാരി ശേഷന്‍, ഇലക്ഷന്‍ കമ്മീഷന് വിലയും നിലയും ഉണ്ടാക്കി കൊടുത്തു. പുതിയ നിയമങ്ങള്‍ ഒന്നും ഉണ്ടാക്കാതെ തന്നെ, ഉള്ള നിയമത്തിന്റെ കരുത്ത് കച്ചട രാക്ഷ്ട്രീയക്കാര്‍ക്ക് അദീതമായി നിര്‍വചിക്കാനും പ്രാവര്തികമാക്കുവാനും ഉള്ള ധൈര്യം അല്ലെങ്കില്‍ കരുത്ത് ആ പാലക്കാട് കാരന്‍ പ്രയോഗിച്ചു. ശേഷന് ശേഷം വന്നിട്ടുള്ളവരും ശേഷന്റെ പാത പിന്തുടരുന്നു എങ്കിലും അവര്‍ക്കൊന്നും ചെയ്യാന്‍ അധികം ഒന്നും ബാക്കി വയ്ക്കാതെയാണ് ശേഷന്‍ കമ്മിഷന്റെ പടിയിറങ്ങിയത്.

ഇലക്ഷന്‍ കമ്മീഷന്‍ എന്നപോലെ തന്നെ സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കേണ്ട അനേക സ്ഥാപനങ്ങള്‍ നമ്മുടെ ഈ മഹാരാജ്യത്തുണ്ട്. എന്നാല്‍ ശേഷന്മാരുടെ എണ്ണം വളരെ കുറവ്. അതുമാത്രമല്ല, അനേകായിരം നിയമങ്ങള്‍ ഉള്ള നമ്മുടെ മഹാ രാജ്യത്ത് ഉത്തരവാദപ്പെട്ടവരുടെ പ്രധാന താല്പര്യം ഓരോ നിയമത്തിന്റെയും പഴുതുകളും ഓട്ടകളും കണ്ടുപിടിച്ചു അവയെ വ്യാഖ്യാനിക്കുക എന്നതാണ്. നിയമത്തിന്റെ ഉദ്ദേശ ശുദ്ധിയോ, അതിന്റെ പ്രാധാന്യമോ ഒന്നും അതേ താല്‍പര്യത്തില്‍ അവര്‍ വ്യാഖ്യാനിക്കുകയില്ല. നിയമം അനുസരിക്കുന്നവരില്‍ നിന്നും ഇവര്‍ക്ക് ഒരു നേട്ടവും ഇല്ല എന്നതാണ് ഇത്തരം ഒരു നിരുത്തരവാദപരമായ പെരുമാറ്റത്തിന് കാരണം.

ഈയടുത്ത  കാലത്തായി ബഹുമാനപ്പെട്ട കോടതി ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന് ആശ്വാസം തരുന്നതും, സര്‍ക്കാര്‍ മുന്‍കയ്യെടുത്തു ചെയ്യേണ്ടിയിരുന്നതും (നട്ടെല്ല് പോയിട്ട് ഏതെന്കിലും ഒരെല്ല് ഉള്ള സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ ആരും പറയാതെ തന്നെ ഇതൊക്കെ ചെയ്യുമായിരുന്നു. നാക്കിലും ......ലും മാത്രമല്ല, ശരീരത്തില്‍ ഒരിടത്തും ഒരെല്ലുപോലും ഇല്ലാത്ത വെറും മാംസപിണ്ഡമാണല്ലോ ഇവിടുത്തെ സര്‍ക്കാരുകള്‍), കുറ്റക്കാര്‍ക്ക് അനര്‍ഹമായ ദയ നല്‍കാതെയും ചില നിരീക്ഷണങ്ങളും, നിയമ വ്യാഖ്യാനങ്ങളും, ഉത്തരവുകളും പുറപ്പെടുവിക്കുന്നു.

എല്ലാവര്ക്കും പൊതുവായി സ്വയം നിയന്ത്രണവും പെരുമാറ്റ ചട്ടവും ഉണ്ടാകണം എന്നും, അതില്ലാത്ത പക്ഷം ബോധപൂര്‍വമായും നിര്‍ബന്ധമായും അത്തരം നിയന്ത്രണങ്ങള്‍ പോതുജനത്തോടുള്ള കനിവിന്റെയും ഉത്തരവാദിത്തതിന്റെയം ബലത്തില്‍ കോടതി പോലുള്ള സ്ഥാപങ്ങള്‍ക്ക് ഏര്‍പ്പെടുത്തേണ്ടി വരും എന്ന ഓര്‍മ്മിപ്പിക്കലുകള്‍ ആണ് കോടതി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.  എല്ലില്ലാത്ത  മാംസപിണ്ഡത്തില്‍ അല്പം ചര്‍മ്മം ഉണ്ടെങ്കില്‍ (നാണിച്ചു തോലിയുരിയാന്‍ കുറഞ്ഞപക്ഷം തോലിയെന്കിലും വേണം), ആ ചര്‍മ്മത്തിന് സ്പര്‍ശന ശേഷി  ഉണ്ടെങ്കില്‍, സര്‍ക്കാര്‍ അവസരോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ പ്രവര്‍ത്തിച്ചാല്‍, കാലാന്തരത്തില്‍ ഏതാനും ചില എല്ലുകള്‍ മുളച്ചു വന്നുകൂട എന്നില്ല.

മല്ലന്റെ ഭാര്യയെ എന്ത് എങ്ങനെ ചെയ്താല്‍ സന്തോഷിപ്പിക്കാം എന്ന് മാതേവന്‍ പറഞ്ഞു മാത്രമല്ല അതൊക്കെ ചെയ്തും മല്ലനെ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുമ്പോള്‍ മല്ലന്റെ ഭാര്യ ആരെ ഇഷ്ടപ്പെടും?  കോടതിയെ ഞാന്‍ ഇഷ്ടപ്പെടുന്നു.

08 നവംബർ 2011

അമേരിക്കയില്‍ സോഷ്യലിസം വരുന്നു

ഇന്ന് വാര്‍ത്തയില്‍ ഒരു വിശേഷം കേട്ടു. അമേരിക്കന്‍ കമ്മ്യൂണിസ്റ്റുകാര്‍ അതായത്‌ മതിലകം തെരുവില്‍ സമരം ചെയ്യുന്ന പൈലുകള്‍, കൂട്ടത്തോടെ വന്‍കിട ബാങ്കുകളില്‍ നിന്നും പണം പിന്‍വലിച്ചു ചെറുകിട പ്രാദേശിക വായ്പാ സംഘങ്ങളില്‍ നിക്ഷേപിക്കുന്നു എന്ന്.  രാജ്യത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രം വരുന്ന കുത്തക മൂരാച്ചികളെ പാഠം ഒന്ന് ഒരു വിലാപം പഠിപ്പിക്കാനാണ് ഇപ്പണി എന്നാണു വാര്‍ത്ത. രണ്ടു ദിവസം ആയിരക്കണക്കിന് പൈലുകളും പെമ്പിറന്നോത്തികളും കൂടിതങ്ങളുടെ അക്കൌണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടും ഏകദേശം അഞ്ചു ലക്ഷം ഡോളര്‍ മാത്രമേ വലിഞ്ഞിട്ടുള്ളൂ. അമേരിക്കക്കാര് നമ്മളെക്കാള്‍ വലിയ എരപ്പാളികള്‍ ആണോ?

സായിപ്പന്മാര്‍ എരപ്പാളികള്‍ ആണോ എന്നതല്ല വിഷയം. ലവന്മാരുടെ പരിപാടി കൊള്ളാം എന്ന് തോന്നി. നമുക്കും ഒന്ന് പരീക്ഷിക്കാന്‍ പറ്റിയ സാധനം ആണല്ലോ. പോരെങ്കില്‍ പരിപാടിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപജ്ഞാതാവ് നമ്മുടെ മഹാത്മാ ഗാന്ധിയും. ജനങ്ങളെ ഇതൊക്കെ പറഞ്ഞു ഒന്ന് ഉദ്ധരിപ്പിക്കുവാന്‍ ഒരു ബ്ലോഗ്‌ എഴുതാം എന്നും കരുതി.

അപ്പോഴാണ്‌ ഒരു വെളിപാടുണ്ടായത്. മൂരാച്ചി അമേരിക്കക്കാരുടെ ചെറുകിട വായ്പാ സംഘങ്ങള്‍ക്ക് സമാനമായ സംഘങ്ങള്‍നമ്മുടെ സഹകരണ സംഘങ്ങള്‍ ആണ്. അതാണെങ്കില്‍ ആത്യന്തികമായി കുത്തക മൂരാച്ചികളെക്കാളും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലും. പിന്നീടുള്ളത് സര്‍വ്വശ്രീ നടേശ പ്രഭൃതികള്‍ പോലുള്ളവരുടെ നിയന്ത്രണത്തിലുള്ള തന്മാത്രാ വായ്പാ സംഘങ്ങളും. (പ്രസ്ഥാനങ്ങളെ അഭി സംബോധന ചെയ്യുമ്പോള്‍ 'സര്‍വ്വശ്രീ' എന്ന് ഉപയോഗിക്കണം - പഴയ മലയാളം സാര്‍ പഠിപ്പിച്ചതാണ്. നടേശ പ്രഭൃതികള്‍ സ്വയം ഒരു പ്രസ്ഥാനമാനല്ലോ!) നമ്മുടെ ബാങ്കുകളില്‍ നിന്നും പണം പിന്‍വലിച്ചു ഇക്കാരണഭൂതന്മാരെ ഏല്പിച്ചാല്‍ പിന്നെ സ്വാഹ!

മറ്റൊരു കാര്യം, നമ്മള്‍ എത്രയൊക്കെ പിന്‍വലിച്ചാലും, പിന്‍ മാത്രേകാണൂ. വലിച്ചാല്‍ പണം വരുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എലിയും പാമ്പും കൂടും കുടുംബവുമായി കഴിയുന്ന നമ്മുടെ ബാങ്കുകളില്‍ ആരെങ്കിലും നിക്ഷേപിക്കുമോ? അവര്‍ വല്ല സ്വിസ്സ് ബാങ്കിലും കൊണ്ടുപോയോ പോകാതെയോ ഇടും.  സാധാരണക്കാരുടെ നിക്ഷേപം, അഴിമതിയിലും, പെണ്ണിലും, മണ്ണിലും, മരുന്നിലും, മഞ്ഞലോഹത്ത്തിലും അതുവഴി മുത്തൂറ്റ്, മണപ്പുറം, കിംസ് മുതല്പ്പേരിലും ഒക്കെയല്ലേ? ഇനി അഥവാ ഈ രണ്ടു കൂട്ടത്തിലും ഇല്ലെങ്കില്‍ പിന്നെ നമ്മുടെ പാവം പയ്യന്‍സ് ശബരീനാഥിനെ പോലുള്ളവര്‍ ശ്രമിക്കണം കയ്യിലെ കായി അനങ്ങുവാന്‍.

അതുകൊണ്ട് നമ്മുടെ പാവം ഗാന്ധിജി (ഒറിജിനല്‍) രൂപപ്പെടുത്തിയതും ഇപ്പോള്‍ അമേരിക്കന്‍ പൈലുകള്‍ അനുവര്‍ത്തിച്ചു വരുന്നതുമായ പരിപാടികളോ, അല്ലെങ്കില്‍ അതുപോലെ നൂതനമായ മറ്റു പരിപാടികളോ നിര്‍ദ്ദേശിക്കുവാന്‍ എനിക്ക് ധൈര്യം വരുന്നില്ല.

അമേരിക്കന്‍ പൈലുകളെ കുറിച്ച്തുടങ്ങിയത് കൊണ്ട് നിര്‍ത്തുന്നതും അമേരിക്കക്കാരുടെ കാര്യം പറഞ്ഞുകൊണ്ട് തന്നെയാകാം. പടിഞ്ഞാറ് നിന്നും കിഴക്കോട്ടും പിന്നെയും പടിഞ്ഞാരുമായിട്ടുള്ള ജീവിതത്തിനു ഇടയില്‍ എപ്പോഴോ ബരാക്ക് ഒബാമക്ക് ഇന്ത്യയുടെ കാറ്റ് അടിച്ചിട്ടുണ്ടാകും.  അതാണ്‌ ആദ്ദേഹം ഇപ്പോള്‍ അനങ്ങാപ്പാറ നയം പിന്തുടരുന്നത്. മറ്റൊരു കാര്യം ഒരു അമേരിക്കകാരനെ അമേരിക്കക്കാരന്റെ മനസ്സ് അറിയാന്‍ പറ്റൂ. ഇപ്പോള്‍ അവിടെ നടന്നു വരുന്ന സമരത്തിന്‌ എടുത്തു കാണിക്കാന്‍ ഒരു നേതാവില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍, ഇതിനകം അമേരിക്ക അയാളെ കശാപ്പ് ചെയ്തേനെ.  എന്നാല്‍ നാഥനില്ലാതെ ഇതുപോലെ ഒരു ഇന്ത്യന്‍ (ഒറിജിനല്‍) ശൈലി പ്രതിഷേധം അമേരിക്കയില്‍ നടക്കുമെന്ന് ധരിക്കരുത്. ഇതിനെല്ലാം പിന്നില്‍, നമ്മുടെ സ്വന്തം കേരളത്തില്‍ നിന്നും അവിടെ കുടിയേറി, അവിടുത്തെ പൌരത്വം ലഭിച്ചിട്ടുള്ള ഏതോ ഭീകര കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയായിരിക്കും. പണ്ട് മുതലേ അവര്‍ക്ക് ഒളിവിലെ ഓര്‍മ്മകളില്‍ ആണ് താല്പര്യം. 

ഇങ്ങനെ സംശയിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. നമ്മുടെ ഒരു സഖാവും അമേരിക്കയില്‍ സോഷ്യലിസം വരാന്‍ പോകുന്നു എന്ന് ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല. അമേരിക്കയിലെ ഇപ്പോഴത്തെ പ്രതിക്ഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സഖാവിന് ദോഷം വരാതിരിക്കാന്‍ ആയിരിക്കും ഇവിടുത്തെ സഖാക്കള്‍ പിള്ളമാരുടെയും കുട്ടിമാരുടെയും ഒക്കെ ബാല ചാപല്യങ്ങള്‍ക്ക് വിവാദ പരിവേഷങ്ങള്‍ നല്‍കി പുകമറ സൃഷ്ടിക്കുന്നതും, പെട്രോള്‍ വില വര്‍ധന ഉള്‍പ്പെടയുള്ള പൊള്ളുന്ന പ്രശ്നങ്ങളില്‍ പഴയ പോരാട്ട വീര്യം പുറത്തെടുക്കാത്തതും. വിലവര്ധനവിനെ കുറിച്ച് പറഞ്ഞാല്‍, സാമ്പത്തിക മാന്ദ്യം പറയേണ്ടി വരും, അപ്പോള്‍ പിന്നെ അമേരിക്കയെ കുറിച്ച് പറയേണ്ടി വരും. അമേരിക്കയില്‍ സോഷ്യലിസം പൂത്തുലയാന്‍ (പ്ഫൂ തുലയാന്‍)  അധികം താമസമില്ല എന്നും, തങ്ങളുടെ സഖാക്കള്‍ അതിനായി അവിടെ പരിശ്രമിക്കുന്നുണ്ട് എന്നും ആവേശ തള്ളിച്ചയില്‍ പറഞ്ഞുപോയാല്‍ തീര്‍ന്നില്ലേ പണി. പണ്ടത്തെ പോലെയല്ല, ചാനല്‍ കണ്ണുകള്‍ തുറന്ന കാതുകളോടെ എവിടെയും ഒളിഞ്ഞിരിക്കുന്നു.

ശുംഭ ശുഭം

06 നവംബർ 2011

ദേശീയ വാര്‍ഷിക തലയോഹരി വരുമാനം എങ്ങനെ വര്‍ദ്ധിപ്പിക്കണം - ഒരു എളുപ്പ വഴി.

ഇന്നലെ ഒരു വാര്‍ത്താ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ ഏതോ ഒരു രാഷ്ട്രീയക്കാരന്‍, പെട്രോള്‍ വിലവര്‍ദ്ധനവിനെ പ്രധാന മന്ത്രി മുതല്‍പേര്‍ ന്യായീകരിക്കുന്നു എന്നതിന് പറഞ്ഞ ന്യായം വളരെ ന്യായമായി തന്നെ എനിക്ക് തോന്നി. ടി രാഷ്ട്രീയക്കാരന്‍ പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണ് - "ഒരു സര്‍ക്കാരിന് നിലനില്‍ക്കുവാനായി ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ചിലപ്പോള്‍ പൊതുജനത്തിന് ചില്ലറ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്". അപ്പോള്‍, അതാണ്‌ കാര്യം. പൊതുജന കഴുതകള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിന്, അതിനെ തെരഞ്ഞെടുത്ത കഴുതകളോ, അവരുടെ ക്ഷേമമോ അല്ല വലുത്. മറിച്ചു അതിന്റെ തന്നെ നിലനില്പാണ്.

ഇങ്ങനെ എന്തുമാത്രം കഷ്ടപ്പെട്ടാണ് ഒരു സര്‍ക്കാര്‍ രാജ്യത്തെ സമ്പന്നമാക്കുന്നത് എന്ന് ആലോചിച്ചു ഞാന്‍ അവശനായി.

നൂറുപേരുടെ ആകെ വരുമാനം ആയിരം രൂപയാണെങ്കില്‍ ഒരാളുടെ ശരാശരി വരുമാനം പത്തുരൂപ. നൂറു പേരില്‍ തൊണ്ണൂറ്റി ഒന്‍പതു പേരുടെ ശരിക്കുള്ള വരുമാനം ഒരു രൂപ മാത്രമാണെങ്കിലും ശരാശരി പത്തു രൂപ തന്നെ. ബുദ്ധിയുള്ള ആരെങ്കിലും തൊണ്ണൂറ്റി ഒന്‍പതു പേര്‍ക്ക് ഒരു രൂപയെ പത്തു രൂപ ആക്കാനുള്ള മാര്‍ഗ്ഗം പറഞ്ഞു കൊടുക്കുകയും, സഹായം ചെയ്യുകയും ചെയ്യുമോ അതോ തൊള്ളായിരം രൂപയുള്ള ഒരാള്‍ക്ക്‌ അതിനെ ആയിരമാക്കാനുള്ള വഴി തുറന്നു കൊടുക്കുമോ? എളുപ്പം രണ്ടാമത്തെ മാര്‍ഗ്ഗമാണ്, ലാഭവും. ബുദ്ധിയുള്ള രാഷ്ട്രീയക്കാരന്‍ ചെയ്യുന്നത് തൊണ്ണൂറ്റി ഒന്‍പതു പേരോടും, അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും പ്രവര്‍ത്തിക്കും എന്ന് പറയുകയും (പറഞ്ഞാല്‍ മാത്രം മതി, അവര്‍ക്ക് എല്ലാം തികയാന്‍) ബാക്കിയുള്ള ഒരാള്‍ക്ക്‌ മറ്റാരും അറിയാതെ എല്ലാം നല്‍കുകയും എന്നതാണ്. ജനത്തിന്റെ ശരാശരി വരുമാനം ഉയര്‍ത്തുകയും, മൊത്ത വരുമാനത്തിന്റെ നല്ലൊരു ശതമാനം തന്റെ പോക്കറ്റില്‍ ആക്കുകയും, ജനത്തിന്റെ മനസ്സില്‍ എപ്പോഴും തങ്ങള്‍ മാത്രമാണ് അവരുടെ ഏക രക്ഷ എന്നാ പ്രതീതി ഉണ്ടാക്കുകയും കഴിയുവാന്‍ ആര്‍ക്കു കഴിയുമോ, അയാളാണ് യദാര്‍ത്ഥ രാഷ്ട്രീയക്കാരന്‍.

ഒരു ഉദാഹരണം: ഇന്ത്യയുടെ പ്രതിവര്‍ഷ ആളോഹരി വരുമാനം ഏതാണ്ട് രൂ 50,000/- ആണെന്ന് കണക്കാക്കിയിരിക്കുന്നു.  മുകേഷിന്റെ പ്രതിമാസ വരുമാനം (ശമ്പളം എന്ന് തന്നെ പറയാം) ഏതാണ്ട് ഒന്നര കോടി രൂപയും. അതായത് ശരാശരി മുന്നൂറു പേരുടെ ഒരു വര്‍ഷത്തെ വരുമാനം, അഥവാ മൂവായിരത്തി അറുന്നൂറു പേരുടെ ഒരു മാസത്തെ വരുമാനം. സര്‍ക്കാരിനു ലാഭം മുകേഷിനെ സഹായിക്കുകയാണ്. മുകേഷിനു വേണ്ടി സര്‍ക്കാര്‍ പുതുതായി ഒരു സംസ്ഥാനം രൂപീകരിച്ചാല്‍, അല്ലെങ്കില്‍ ഏതെന്കിലും ഒരു സംസ്ഥാനം തീറെഴുതി കൊടുത്താല്‍ പോലും സര്‍ക്കാരിനു ലാഭമായിരിക്കും.

കുറിപ്പ്: മുകേഷ്‌ ഒരു സാങ്കല്പിക നാമമാണ്. കണക്കുകളും ഉദ്ധരണികളും യഥാതദമല്ല.

05 നവംബർ 2011

ആ സുദിനത്തിനായി...

ഇന്ത്യയില്‍ മാത്രം വര്‍ദ്ധിക്കുന്ന പെട്രോള്‍ വിലക്ക് പിന്നില്‍ വിദേശ ശക്തികള്‍ ആയിരിക്കാമെന്ന് സംശയിക്കാം.  സാമ്പത്തിക മാന്ദ്യം ലോകത്തെ മുഴുവന്‍ ഗ്രസിച്ചിട്ടും ഇന്ത്യക്ക് കുലുക്കമൊന്നും ഇല്ലാത്തതില്‍ ആശങ്കപൂണ്ടാണ് ഇത്തരം ഒരു നടപടി എന്ന് സംശയത്തെ ന്യായീകരിക്കാം. സാക്ഷാല്‍ ബില്‍ ഗേറ്റ്സിനെക്കാള്‍ സമ്പന്നര്‍ ഇന്ത്യാ രാജ്യത്ത് ഉണ്ടെന്നതും വിദേശ കരങ്ങളെ വിറളി പിടിപ്പിക്കുന്നുണ്ടാകും.  ഇന്ത്യന്‍ ഭരണ സംവിധാനം ഒരു വിദേശിയുടെ ചട്ടുകമാകുമ്പോള്‍, ആ ചട്ടുകം പിടിക്കുന്ന കരങ്ങളെ മാത്രം കൈകാര്യം ചെയ്താല്‍ മതിയാകും എന്നതാണ് വിദേശ ശക്തികള്‍ക്ക് ഏറ്റവും സൌകര്യപ്രദമാകുന്നത്.

പ്രധാന മന്ത്രി (പ്ര.മ.), ആഭ്യന്തര മന്ത്രി (ആ.മ.), ധന മന്ത്രി (ധ.മ.) തുടങ്ങിയവര്‍ വിലക്കയറ്റത്തെ എതിര്‍ത്തില്ല എന്നതിന് പുറമേ, കഴുതകള്‍ക്ക് (പൊ.ജ. അഥവാ പൊതുജനം) ആശ്വാസം പകരുന്ന ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. പകരം എണ്ണ കുത്തകകള്‍ക്ക് (no Spoonerism) സന്തോഷിക്കാവുന്ന സൂചനകള്‍ നല്‍കിയിട്ടുമുണ്ട്. പെട്രോളിയം മന്ത്രി (പെ.മ.) പറയുന്നത്, അദ്ധേഹത്തിനു എണ്ണ കുത്തകകളെ (definitely no Spoonerism) നിയന്ത്രിക്കാനാകില്ല എന്നാണു. അങ്ങനെ പറയുവാന്‍, അദ്ധേഹത്തിനു സങ്കോചവും സങ്കടവും ഉണ്ടാകില്ല, മറിച്ചു പണ്ട് നമ്മള്‍ സ്കൂള്‍ അസംബ്ലിയില്‍ പറയുന്ന പ്രതിജ്ഞ എന്നപോലെ അഭിമാനം കൊള്ളുന്നുണ്ടാകും.

കേരളത്തില്‍ നിന്നും പണ്ടില്ലാത്ത വിധം കേന്ദ്ര മന്ത്രിമാര്‍ ഇപ്പോള്‍ ഉണ്ടെങ്കിലും, നാട്ടുകാര്‍ക്ക് എന്തെങ്കിലും പ്രതീക്ഷയുള്ളതും, അടുത്ത പ്രധാന മന്ത്രിയാകാന്‍ സാധ്യതയുള്ളതും, നിഷ്കളങ്കനും ആയ നമ്മുടെ പ്രതിരോധ മന്ത്രി (പ്രതി.മ. - 'പ്ര.മ.' എന്ന ചുരുക്കെഴുത്ത് പ്രധാന മന്ത്രിക്കു നല്‍കിയത് കൊണ്ടാണ് 'പ്രതി.മ.' എന്ന ചുരുക്കെഴുത്ത്, അല്ലാതെ, ഈ ചുരുക്കെഴുത്തിനു അദ്ധേഹത്തിന്റെ സ്വഭാവവുമായി ആരും ബന്ധം കല്പിക്കരുത്) പതിവുപോലെ മൌന വൃതത്തിലാണ്. ചട്ടുകത്തിനു ചൂട് കൂടുതലായതിനാല്‍ മൂട് പൊള്ളും എന്നതു കൊണ്ടോ അതല്ല ഈ വില വര്‍ദ്ധനവ്‌ കമ്മ്യൂണിസ്റ്റുകാരുടെ ക്രൂരവും പൈശാചികവുമായ പ്രവര്‍ത്തി അല്ലാത്തത് കൊണ്ടോ ആണ് അദ്ദേഹം പ്രതികരിക്കാത്തത് എന്നറിയില്ല. എന്തെങ്കിലും പ്രതികരിച്ചു ചട്ടുകത്തിനെ പ്രതിരോധത്തില്‍ ആക്കേണ്ട എന്ന് കരുതുന്നതിലും തെറ്റില്ല.

ഒരു ഭക്ഷ്യ വകുപ്പ് സഹ മന്ത്രിയുണ്ട്. നമ്മള്‍ അരിയാഹാരം ഉപേക്ഷിച്ചു കൊഞ്ച്, ചിരുത, കരിമീന്‍, കോഴി, ആട്, കാള, പന്നി, പാല്, മുട്ട തുടങ്ങിയവയുടെ ഉപഭോഗം കൂട്ടിയത് കൊണ്ടാണ് ഇന്ത്യയില്‍ ആഹാരസാധങ്ങള്‍ക്ക് വില വര്‍ധിക്കുന്നതും തന്മൂലം രൂപയുടെ മൂല്യം ഇടിയുന്നതും എന്നും അദ്ദേഹം കണ്ടെത്തിക്കളഞ്ഞു.  ചാരായത്തിന് പകരം കേരളീയര്‍ രഹസ്യമായി പെട്രോള്‍ കുടിക്കുന്നത് കൊണ്ടാണ് പെട്രോളിയം ഉല്പന്നങ്ങളുടെ ഉപഭോഗം കൂടുന്നത് എന്ന മറ്റൊരു കണ്ടെത്തല്‍, ഒരുപക്ഷെ ഇപ്പോഴത്തെ വിലവര്‍ദ്ധനവിന് അദ്ദേഹം കണ്ടെത്തിക്കളയും എന്നതിനാല്‍ അദ്ധേഹത്തിന്റെ അഭിപ്രായം അന്വേഷിക്കേണ്ടതില്ല.

പൊതുമുതല്‍  നശിപ്പിച്ചാല്‍ നഷ്ടപരിഹാരം നശിപ്പിക്കുന്നവര്‍ നല്‍കണം എന്ന് ബഹു. കോടതി നിര്ധേശിച്ചതിനാല്‍ വിപ്ലവ പാര്‍ട്ടികളുടെ പോരാട്ട വീര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.

മേല്പറഞ്ഞവ വികാര വിക്ഷോഭത്തിന്റെ ബഹിര്‍സ്ഫുരണം എന്ന് കണക്കാക്കിയാല്‍ മതി. ഇനി എന്റെ സംശയത്തിനു പ്രേരകമാകുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്നു വിശദീകരിക്കാം.

പെട്രോളിയം  ഉല്പന്നങ്ങളുടെ വില വര്‍ധന അടിസ്ഥാന പരമായി എല്ലാ മേഘലയെയും ബാധിക്കുന്ന ഒന്നാണ്. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഉപഭോക്താക്കളെയും തദ്വാര കേരളത്തെയും. (ലോകത്തിലെ ഏതു ഉല്‍പ്പന്നവും വിറ്റഴിക്കുവാന്‍ പറ്റുന്ന സ്ഥലമാണ് കേരളം, മൊട്ടു പിന്നു മുതല്‍ മട്ടുപ്പാവ് വരെയും, അരി മുതല്‍ അഴിമതി വരെയും, വിവാഹം മുതല്‍ വിവാദം വരെയും, മരുന്ന് മുതല്‍ മാറാവ്യാധി വരെയും ഇവിടെ സുലഭമായും ആദായകരമായും വിറ്റഴിക്കാം. ഇവിടെ സാധ്യതയില്ലാത്തതു വ്യവസായം മുതല്‍ വികസനം വരെയുള്ളത് മാത്രമാണ്.) അങ്ങനെ എല്ലാ മേഘലയിലും വിലക്കയറ്റം ഉണ്ടാകും. വിലക്കയറ്റം, നിത്യ വില സൂചിക ഉയര്‍ത്തും. ടി സൂചി രൂപയുടെ മൂല്യത്തിന്റെ മുനയൊടിക്കും. വീണ്ടും പെട്രോള്‍ കമ്പനികള്‍ നഷ്ടത്തിലാകും, അവരും വില കൂട്ടും. ഇതൊരു അനന്ത ശൃംഗലാ പ്രതിപ്രവര്‍ത്തനം (endless chain reaction - എന്റെ ഭാക്ഷാന്തരീകരണം) ആകും. അങ്ങനെ, ഇന്ത്യയുടെ സാമ്പത്തിക മേഖല തകര്‍ന്നു തരിപ്പണമാകും. അത് ആഭ്യന്തര കലഹത്തിനും, തന്മൂലം വിദേശ ശക്തികള്‍ക്ക് ഇവിടെ നേരിട്ടുള്ള ആധിപത്യത്തിനും, അതുവഴി നമ്മുടെ അനന്തവും അജ്ഞാതവുമായ സമ്പത്ത് (പപ്പനാവന്റെ നിധി ഉള്‍പ്പെടെ) അവരുടെ കൈ-കാലുകള്‍ക്കിടയില്‍ ഭദ്രമാകുകയും ചെയ്യും.

പല സഹസ്രാബ്ദങ്ങള്‍ അടിയാന്മാരായിരുന്ന നമുക്ക് എന്നും അടിമകളായി മാത്രമേ കഴിയാനാകൂ. അത് നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് പോയി, മാറ്റാനാകാതെ. അങ്ങനെ, വീണ്ടും, അക്ഷരാര്‍ത്ഥത്തില്‍ നമ്മള്‍ അടിമകളായി തീരുന്ന ആ സുദിനത്തിനായി ആകാംക്ഷാ നിര്ഭരരായി നമുക്ക് കാത്തിരിക്കാം.

ബഹുമാനപ്പെട്ട കോടതിപോലും  പ്രതികരിക്കണം എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ ഇത്ര എങ്കിലും പ്രതികരിച്ചില്ലാ എങ്കില്‍, ഞാന്‍ തീരെ അനുസരണ ഇല്ലാത്ത ഒരു അടിമയായി അധപതിച്ചു പോകും എന്നതിനാല്‍ ഇത്രയും പ്രതികരിക്കുന്നു.


04 നവംബർ 2011

വാറ്റുസ്വാതന്ത്ര്യം നല്‍കുക

ചാരായം വാറ്റുവാനുള്ള സ്വാതന്ത്ര്യം പഴയ വാറ്റുകാര്‍ക്ക് നല്‍കണം. അവര്‍ വാറ്റുന്ന ചാരായം, കുടിക്കാന്‍ നല്ലതാകില്ല എങ്കിലും, പെട്രോളിന് നല്ല പകരക്കാരനാകും. കൂടുതല്‍ പേര്‍ ഇതിലേക്ക് വരുമ്പോള്‍, നമ്മുടെ ശാസ്ത്രഞ്ജന്മാര്‍ പരാജയപ്പെടുന്ന പുതിയതും, ചെലവും കുറഞ്ഞതും, കൂടുതല്‍ ഉല്പാദന ക്ഷമതയുള്ളതുമായ പുതിയ സാങ്കേതിക വിദ്യ നാട്ടിന്‍പുറങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവരും. ചാരായം വാറ്റ് കുടില്‍ വ്യവസായമായി പ്രഖ്യാപിക്കുകയും, വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും ആദ്യമേ നിയന്ത്രിക്കേണ്ടതുമാണ്. അല്ലെങ്കില്‍ ഇവിടെ രാഷ്ട്രീയക്കാരും, വക്കീലന്മാരും ഉള്ളിടത്തോളം, ഇതും കുത്തക മൂരാച്ചികള്‍ അടിച്ചു മാറ്റി ജനത്തെ കൊല്ലുവാന്‍ ഉപയോഗിക്കും.

ഇതൊക്കെ ഇങ്ങനെ പറയാനേ പറ്റൂ. ആഹാരത്തിനും വസ്ത്രത്തിനും പാര്‍പ്പിടത്തിനും മൊത്തമായി ചെലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ചാരായത്തിനും, ചികിത്സക്കും, സൌന്ദ്യര്യ സംരക്ഷണത്തിനും ചെലവാക്കുന്ന മലയാളിക്ക് വേറെ എന്ത് ചെയ്യാന്‍ പറ്റും?

പച്ചതെറി

കേരളത്തിലെ സകലമാന രാഷ്ട്രീയക്കാരെയും, ജാതി-മത-കക്ഷി-ലിംഗ-പ്രായ ഭേദമന്യേ, പണ്ട് നിലവില്‍ ഇരുന്നതും, ഇപ്പോള്‍ ഇരിക്കുന്നതും, ഇനി ഉണ്ടാകാന്‍ പോകുന്നതുമായ സകല തെറിയും ഞാന്‍ വിളിക്കുന്നു.

മേല്പ്പടി തെറികള്‍ എല്ലാം തന്നെ, ഇന്ത്യയിലെ സകലമാന രാഷ്ട്രീയക്കാരെയും, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരെയും, സകല ......... ........ മക്കളെയും വിളിച്ചു കൊള്ളുന്നു. ഇവരെല്ലാം കൂടി താങ്ങി നിര്‍ത്തുന്ന കുത്തക ബൂര്‍ഷ്വാസി മൂരാച്ചികളെയും ടി തെറികള്‍ വിളിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍, മനുഷ്യ ജന്മത്തെ മുഴുവന്‍, മനുഷ്യന് നിരക്കാത്തതായ എല്ലാ തെറിയും പച്ചക്കും പഴുപ്പിച്ചും വിളിച്ചിരിക്കുന്നു.

പൊതുജന കഴുതകള്‍ തെരഞ്ഞെടുത്ത ഈ ......... ......... ......... ........ എല്ലാരുടെയും തലയില്‍ ഒരായിരം ഇടിത്തീ ഒരുമിച്ചു വീഴട്ടെ.

മേല്പടി തെറിവിളികള്‍ ആരെയെങ്കിലും വിഷമിപ്പിച്ചു എങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
ഖേദപ്രകടനം രണ്ടു ദിവസം കഴിഞ്ഞിട്ടുള്ള തീയതിയില്‍ മാത്രം വരവ് വയ്ക്കുക. അതാണ്‌ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്.

02 നവംബർ 2011

വെറും ഒരു ഭ്രാന്തന്‍

അപ്പുക്കുട്ടന്‍ ഞങ്ങളുടെ നാട്ടിലെ ഭ്രാന്തനാണ്. ഭ്രാന്തന്‍ എന്ന് പറഞ്ഞാല്‍, ശരിക്കും ഭ്രാന്തന്‍ തന്നെ. ഞരമ്പ്‌ രോഗിയോ, കാമ ഭ്രാന്തനോ ഒന്നുമല്ലാത്ത, വെറും ഒരു ഭ്രാന്തന്‍.

എന്റെ കുട്ടിക്കാലം മുതലേ, അപ്പുക്കുട്ടനെ എനിക്കറിയാം. എനിക്കറിയാം എന്നുവച്ചാല്‍, ഭ്രാന്തന്‍ അപ്പുക്കുട്ടനെ അറിയാത്തവര്‍ നാട്ടിലാരും തന്നെയില്ല.

ഗുണ്ടുകാട് പുരാണത്തില്‍ അപ്പുക്കുട്ടനെ പരാമര്‍ശിച്ചിരിക്കുന്നത് കോളേജു വിദ്യാഭ്യാസം ലഭിച്ച ഒരു ഭ്രാന്തന്‍ എന്നാണ്.അപ്പുക്കുട്ടന്റെ സഹപാഠികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയും, മുനിസിഫ് ആയും, ജഡ്ജ് ആയും ഒക്കെ അടുത്തൂണ്‍ പറ്റി (അ)സ്വസ്ത ജീവിതം നയിച്ചു വരികയോ അല്ലെങ്കില്‍ കാലപുരി പൂകുകയോ ചെയ്തിരിക്കുന്നു. എന്റെ മാഞ്ഞു പോകാത്ത ഓര്‍മ്മയില്‍ തെളിഞ്ഞിരിക്കുന്ന അപ്പുക്കുട്ടന്റെ ആദ്യ രൂപം, ഇന്നും ഏറെക്കുറെ അപ്പുക്കുട്ടന്‍ നിലനിര്‍ത്തിയിരിക്കുന്നു. വായിലെ പല്ലുകള്‍ കൊഴിഞ്ഞു കവിളുകള്‍ ഒട്ടിയതും, നരച്ച രോമങ്ങള്‍ പ്രത്യക്ഷപ്പെട്ടതുമാണ് എടുത്തുപറയാന്‍ പറ്റുന്ന മാറ്റം.

വക്കീലന്മാരുടെ കയ്യിലെ കേസുകെട്ടുകള്‍ പോലെ വൃത്തിയില്ലാത്തതു എങ്കിലും ഭംഗിയായി മടക്കി അടുക്കി വച്ചിട്ടുള്ള ഒരു പിടി കടലാസുകള്‍ അപ്പുക്കുട്ടന്റെ കയ്യില്‍ എപ്പോഴും ഉണ്ടാകും. അവയില്‍ ഏറെയും ഇംഗ്ലീഷ് ദിനപത്രങ്ങളുടെ കീറക്കടലാസുകളും. ചില പ്രഭാതങ്ങളില്‍ അപ്പുക്കുട്ടന്‍ ഈ കടലാസുകളിലെ വാര്‍ത്തകള്‍ ഉറക്കെ വായിക്കും. സ്ഥല നാമങ്ങള്‍, പഴയ വ്യക്തികള്‍ തുടങ്ങിയവയെ പരാമര്‍ശിക്കുമ്പോള്‍ അവയുടെ ചരിത്രവും ഭൂമിശാസ്ത്രവും അദ്ധ്യാപകന്‍ ക്ലാസ്സില്‍ വായിക്കുന്നത് പോലെ അപ്പുക്കുട്ടന്‍ വിവരിക്കാറുണ്ട്. തൊള്ളായിരത്തി അറുപതുകളിലെ പാകിസ്ഥാനെ കുറിച്ച് വിപുലവും വിശാലവുമായ അപഗ്രഥനങ്ങള്‍ കൌതുക വാര്‍ത്തകള്‍ രാമചന്ദ്രന്റെ ശൈലിയില്‍ അപ്പുക്കുട്ടന്‍ നല്‍കാറുണ്ടായിരുന്നു.

പച്ചവെള്ളം പോലെ ഇംഗ്ലീഷ് വായിക്കുകയും സംസാരിക്കുകയും ചെയ്യുന്ന അപ്പുക്കുട്ടന്‍ എങ്ങനെ ഭ്രാന്തനായി എന്ന് അജ്ഞാതമാണ്. എന്റെ കുട്ടിക്കാലത്ത്  കേട്ടിട്ടുള്ള കഥകള്‍ പ്രകാരം, കേരള സര്‍വകലാശാലയില്‍ നിന്നും എം.എ. ജയിച്ച അപ്പുക്കുട്ടനെ, കോളേജിലെ പ്രണയിനി തള്ളിപ്പറയുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു എന്ന സ്ഥിരം ഫോര്‍മുല തന്നെയാണ് ഭ്രാന്തിന്റെ അടിസ്ഥാനം.

സാധാരണ ഗതിയില്‍ സമൂഹം ഭ്രാന്തന്മാരെ ഒറ്റപ്പെടുത്തുമ്പോള്‍, ഭ്രാന്തന്‍ അപ്പുക്കുട്ടന്‍ ഒറ്റയ്ക്ക് സമൂഹത്തെ ആകെ ഒറ്റപ്പെടുത്തി എന്നതാണ് എന്റെ നാട്ടിലെ മറ്റു ഭ്രാന്തരില്‍ നിന്നും അപ്പുക്കുട്ടനെ വ്യത്യസ്തനാക്കുന്നത്. 'വട്ടുവിലാസം' എന്നറിയപ്പെട്ടിരുന്ന തങ്കമ്മ എന്ന ഒരു ഭ്രാന്തിയും, വട്ടു മറിയം എന്ന മറ്റൊരു ഭ്രാന്തിയും എന്റെ നാട്ടില്‍ ഉണ്ടായിരുന്നു. സ്വന്തം ഭാര്യയോടുള്ള സ്നേഹാധിക്യം കാരണം ഭ്രാന്തനായ 'കൊമ്പ് മണി' എന്ന ഒരു ഭ്രാന്തനും ഉണ്ടായിരുന്നു. ഇവരെല്ലാം, അല്ലറ ചില്ലറ ബുദ്ധിമുട്ടുകള്‍ നാട്ടുകാര്‍ക്ക് ഉണ്ടാക്കിയിരുന്നതിനാല്‍ ഇവരെ സമൂഹമാണ് ഒറ്റപ്പെടുത്തിയിരുന്നത്.

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയപ്പോള്‍, വിത്തുകാളകളുടെ ശാരീരിക പീഡനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ആയിരുന്നു 'വട്ടുവിലാസം' തങ്കമ്മ, ഭ്രാന്തിയായത്. സ്ത്രീ-പുരുഷ അനാട്ടമിയിലെ പല അവയവങ്ങളുടെയും പച്ച മലയാള പദം ആദ്യമായി കേട്ടത് വട്ടുവിലാസത്തിന്റെ വായില്‍ നിന്നും അവ പൊഴിഞ്ഞു വീണപ്പോള്‍ ആയിരുന്നു. അഗമ്യഗമനത്തിലെ പദസഞ്ചയങ്ങള്‍ കേള്‍ക്കുന്നതും അങ്ങനെ തന്നെ.  ചാനല്‍  പ്രളയവും ഗണേശകുമാര-പിസി ജോര്‍ജ് മുതലായവരുടെ വാഗ്ദോരണികളും അന്യമായിരുന്ന അക്കാലത്ത്, അശ്ലീല പദപ്രയോഗങ്ങള്‍ കേട്ട് രോമാഞ്ചവും ലൈംഗിക നിര്‍വൃതിയും ഉണ്ടാകുവാന്‍ പ്രായഭേദമന്യേ പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്മാര്‍ക്ക് അന്നാട്ടിലെ  ഒരേയൊരു വിനോദോപാധി ആയിരുന്നു 'വട്ടുവിലാസം'. ആരെങ്കിലും അവര്‍ കേള്‍ക്കെ 'വട്ടുവിലാസം' എന്ന് പറഞ്ഞാല്‍ മതി, ആംഗ്യ വിക്ഷേപങ്ങളോട് കൂടി പച്ച മലയാളത്തില്‍ തെറി ഭാക്ഷണത്തിന്റെ അനര്‍ഗള നിര്‍ഗള പ്രവാഹമായിരിക്കും പിന്നെയുള്ള അര നാഴിക നേരം. അതും, അന്നാട് മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തില്‍. ഇടമുറിയാതെയുള്ള പദപ്രയോഗത്തില്‍ സാക്ഷാല്‍ സുകുമാര്‍ അഴിക്കോട് പോലും വട്ടുവിലാസം തങ്കമ്മ എന്ന നിരക്ഷര ഭ്രാന്തിയുടെ ഒപ്പമെത്തില്ല.

പാക്കനാരെ പോലെ, അന്നന്നത്തെ ആഹാരത്തിന് മാത്രമുള്ള ഈറ്റ കൊണ്ടുള്ള പായും വട്ടിയും മാത്രമുണ്ടാക്കി, അത് വിറ്റ് ഉപജീവനം നടത്തിവന്നിരുന്നു 'വട്ടു മറിയം'. അച്ഛന്‍ ആരെന്നറിയാത്ത, ശാരീരികവും മാനസികവുമായി വളര്‍ച്ചയില്ലാത്ത കുഞ്ഞുമേരി എന്ന് പേരായ മകള്‍ ആയിരുന്നു വട്ടുമറിയത്തിന്റെ വട്ടിന്റെ പ്രധാന ഇര. കുഞ്ഞുമേരിയെ കുറിച്ച് അവര്‍ പലപ്പോഴും മറന്നു പോകും. (ദയാലുക്കള്‍ ആയ പാപ്പച്ചന്‍ - എല്‍സി ദമ്പതികളുടെ കാരുണ്യത്തില്‍ അവരുടെ പട്ടിണിയിലും കുഞ്ഞുമേരി ഇപ്പോഴും ജീവിച്ചിരിക്കുന്നു.) കേള്‍വിക്കുറവും, ഓര്‍മ്മക്കുറവും നാട്ടിലെ പല വിത്തുകാളകളുടെയും സൌജ്യന കാമപൂരണത്തിന് മരിയത്തിനെ ഇരയാക്കി. ഇക്കാരണങ്ങള്‍ കൊണ്ടും, ആരോടും എപ്പോഴും കാജാ ബീഡി ചോദിക്കുന്നത് കൊണ്ടും, സമൂഹം വട്ടു മരിയത്തിനെയും ഒറ്റപ്പെടുത്തി.

തിരുവനന്തപുരം നഗര സഭയുടെ അറവു ശാല, കേന്ദ്രീകൃത അറവുശാലയാണ്. കുന്നുകുഴിയില്‍ 'പാക്കാട്ടുവിള' എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഒരു ചെറുകുന്നിലാണ് ഈ അറവുശാല. നഗരത്തില്‍ വിതരണം ചെയ്യുന്ന മാംസത്തിനായി, ആടുകളെയും മാടുകളെയും ഇവിടുന്നു വിദഗ്ദര്‍ പരിശോധിച്ച്, അവരുടെ മേല്‍നോട്ടത്തില്‍ കശാപ്പ് ചെയ്തു, തോലുരിച്ചു, വലിയ കക്ഷണങ്ങളാക്കി, ആ മാംസവും പരിശോധിച്ച് ഭക്ഷ്യ യോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തി അതിന്റെ മുദ്ര പതിപ്പിച്ചു വിതരണം ചെയ്യണം എന്നതാണ് ചട്ടം. ഇപ്പോഴും ഇവിടെ അറവു നടക്കുന്നു എങ്കിലും, നഗരത്തിലെ എല്ലായിടത്തും ഇവിടുന്നുള്ള സാക്ഷ്യപ്പെടുത്തിയ മാംസമാണ് വിതരണം ചെയ്യുന്നത് എന്ന് എനിക്ക് ഉറപ്പില്ല.


മേല്പടി നഗരസഭാ അറവുശാലയിലെ അറവുകാരന്‍ ആയിരുന്നു കൊമ്പ് മണി. അറവുകാരന്‍ ആയിരുന്നു എങ്കിലും നല്ല ആകാരവും സൌമ്യമായ പെരുമാറ്റവും സഹോദര സ്നേഹവും ഒക്കെ കൊണ്ട് മണിയന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവന്‍ ആയിരുന്നു.  ആയിടെ, അന്നാട്ടില്‍ ഷേര്‍ളി എന്ന് പേരായ, അന്നാട്ടുകാര്‍ അന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ ഒരു പെണ്‍കുട്ടി പുതുതായി താമസത്തിന് വന്നു. അച്ഛനും അമ്മയുംഇല്ലാത്ത ഷേര്‍ളി, വകയിലെ ഒരു അമ്മാവനുമായിട്ടാണ്കഴിഞ്ഞു വന്നത്.ദൂര ദേശങ്ങളില്‍ പണിക്കു പോകുന്ന അമ്മാവന്‍, വീട്ടില്‍ വരാത്ത അവസരങ്ങളില്‍ ഷേര്‍ളിയെ വലമിട്ടു വിത്തുകാളകള്‍ നടന്നപ്പോള്‍, അമ്മാവന്‍ പുര നിറഞ്ഞു വന്ന ഷേര്‍ളിക്ക് വിവാഹാലോചന തുടങ്ങി. നാട്ടുകാരും സഹകരിച്ചു. ഒടുവില്‍ മണിയനെ ഷേര്‍ളി വരിച്ചു. ആരിലും അസൂയ ജനിപ്പിച്ചു പുതു ദമ്പതികള്‍ ജീവിതം ആരംഭിച്ചു.  രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോള്‍, വെളുപ്പിന് രണ്ടര മണിയോടെ മണി കശാപ്പിനു പോകുമ്പോള്‍, ഒറ്റയ്ക്ക് കിടക്കാന്‍ പേടിയായ ഷേര്‍ളിക്ക് ആദ്യം അമ്മാവനും, അമ്മാവന്‍ ഇല്ലാത്തപ്പോള്‍, രസികനായ വിത്തുകാള അലോകനും കൂട്ടുകിടക്കാന്‍ തുടങ്ങി (ആലോകന്റെ കഥ പിന്നീട് പറയാം). നാട്ടുകാരുടെ ഇത്തരം അപവാദ പ്രചരണങ്ങള്‍ കൊമ്പ് മണിയന്‍ വിശ്വസിച്ചില്ലെങ്കിലും വിവാഹം കഴിഞ്ഞു ആറാം മാസം, ഷേര്‍ളി അമ്മാവനൊപ്പം മദിരാശിയിലേക്ക് വണ്ടികയറി.

സംഭവത്തിന്റെ ആഘാതവും അതിനുമേല്‍ പൊതുജനത്തിന്റെ ആക്ഷേപവും മണിയുടെ മനസ്സിന്റെ സമനില തെറ്റിച്ചു എന്ന് വേണം കരുതാന്‍. ഒരു സുപ്രഭാതത്തില്‍ കശാപ്പ് ശാലയില്‍ നിന്നും രക്തത്തില്‍ കുളിച്ചു ആക്രോശിച്ചു കൊണ്ട് കശാപ്പ് കത്തിയുമായി നിരത്തിലേക്ക് ഇറങ്ങിയ മണിയെ വളരെ ശ്രമപ്പെട്ടാണ് നാട്ടുകാര്‍ അടക്കിയത്. ആരെയും ഉപദ്രവിക്കില്ല എങ്കിലും, ചിലപ്പോള്‍ തൊലിവെളുത്ത ചില പെണ്‍കുട്ടികളെ കാണുമ്പോള്‍ മണിക്ക് ഷേര്‍ളിയെ ഓര്‍മ്മ വരും എന്നത് കാരണം, കൊമ്പ് മണിയെയും സമൂഹം ഒറ്റപ്പെടുത്തി. (കൊമ്പ് മണി ഇപ്പോള്‍ ജീവിച്ചിരിക്കുന്നോ, ഉണ്ടെങ്കില്‍ എവിടെ എന്നൊന്നും എനിക്ക് അറിയില്ല).

എന്നാല്‍, അപ്പുക്കുട്ടന്‍ തികച്ചും വ്യത്യസ്തന്‍ ആയിരുന്നു. തനിക്ക് ചുറ്റും ഒരു സമൂഹം ഉണ്ടെന്നുള്ള ഭാവമേ അപ്പുക്കുട്ടന്‍ വച്ച് പുലര്‍ത്തിയിരുന്നില്ല. സമൂഹവുമായി, സാമൂഹികമായ ഒരിടപെടല്‍ അപ്പുക്കുട്ടന്‍ നടത്തുന്നത് വല്ലപ്പോഴും ഒരു ചായ കുടിക്കുവാന്‍ തോന്നുമ്പോഴാണ്. വളരെ മര്യാദക്ക് ചായക്കടയുടെ മുന്നില്‍ ചെന്ന്, 'ഒരു ചായ തരുമോ' എന്ന് മാന്യമായി ചോദിക്കും. കടക്കാരന്റെ മുഖം ഇരുണ്ടാല്‍ കടയുടെ ഓരം ചേര്‍ന്ന് മാറി നില്‍ക്കും. വേറെ ആരെങ്കിലും ചായ കുടിക്കാന്‍ വരുമ്പോള്‍ അയാളോടും ചോദിക്കും 'ഒരു ചായ വാങ്ങി തരുമോ'? ചായ കിട്ടിയാല്‍, പിന്നെ വേണ്ടത് ഒരു ബീഡിയാണ്. മിക്കപ്പോഴും ചെവിക്കിടയില്‍ ഒരു ബീഡികുറ്റി ഉണ്ടാകും. അതില്ലാതെ വന്നാല്‍, അപ്പോഴും ആരോടെങ്കിലും 'ഒരു ബീഡി തരുമോ' എന്ന് ചോദിക്കും. ചായയും ബീഡിയും കിട്ടിയാല്‍ സന്തോഷം, കിട്ടിയില്ലെങ്കില്‍ പരിഭവും ഇല്ല. തങ്ങള്‍ക്കു അറിയാത്ത ഇംഗ്ലീഷ് പച്ച വെള്ളം പോലെ പറയുന്ന അപ്പുക്കുട്ടന്റെ ഒരേയൊരു സാമൂഹിക ഇടപെടലിനെ, സത്യത്തില്‍ ആരും ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല.

അപ്പുക്കുട്ടനെ ഓര്‍ത്തത്‌ കൊണ്ടാണ് നാട്ടിലെ മറ്റു ഭ്രാന്തന്മാരെ ഇപ്പോള്‍ ഓര്‍ത്തത്‌. അപ്പുക്കുട്ടനെ ഓര്‍ക്കുവാന്‍ കാരണം, കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഒരു മാറ്റവും അപ്പുക്കുട്ടനില്‍ വന്നിട്ടില്ല എന്നതും. വട്ടുവിലാസം തനിക്ക് ചുറ്റുമുള്ള സമൂഹത്തോടാണ് പ്രതികരിച്ചത്. ഇന്ന് നമ്മുടെ സമൂഹത്തില്‍ പലരും വട്ടുവിലാസത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നിട്ടും, അപ്പുക്കുട്ടന്‍, സമൂഹത്തെ ഒറ്റപ്പെടുത്തി സന്തോഷത്തോടെയും, സമാധാനത്തോടെയും തന്റെ ലോകത്തില്‍ ജീവിക്കുന്നു.

24 ഒക്‌ടോബർ 2011

ബാലന്‍സ് ഷീറ്റ്

ജീവിതം കച്ചവടമാണോ
ലാഭ നഷ്ട കണക്കെടുക്കുവാന്‍?

അനുഭവങ്ങളെ അക്കത്തിലാക്കുവാന്‍
ഗണിതാനുഭവശാസ്ത്രമുണ്ടോ?

ലഭിച്ചതെല്ലാം  ചെലവുകള്‍
കൊടുത്തത് വരവുകളും 

അനുഭവങ്ങള്‍ മൂലധനവും
ടാലിയാക്കാന്‍ ജീവിതമാകെ  ബാധ്യതയും

23 ഒക്‌ടോബർ 2011

ഞാനെന്ന മൃഗം

എനിക്കു കരയുവാന്‍ കാരണം വേണ്ട
ഒരു വാക്ക്, ഒരു നോട്ടം, ഒരു കാഴ്ച
ചിലപ്പോള്‍ കരയാന്‍ ഇതൊക്കെ മതി
ആരുടേതായാലും

എനിക്ക് ചിരിക്കുവാനും കാരണം വേണ്ട
ഒരു വാക്ക്, ഒരു നോട്ടം, ഒരു കാഴ്ച
ഇതെല്ലാം എന്നെ ചിരിപ്പിക്കും
അതും ആരുടേതായാലും

ചിലരുടെ ചിരിയില്‍ ഞാന്‍ കരയും
കരച്ചിലില്‍ ചിരിക്കുകയും ചെയ്യും
എനിക്കെന്താ വട്ടുണ്ടോ?
അതെനിക്കല്ല, നിങ്ങള്‍ക്കാണ്

കാര്യ കാരണ സഹിതം
ചിരിച്ചു  കരയാന്‍ എനിക്കാവില്ല
ചിരിക്കുമ്പോഴും കരയുമ്പോഴും
ഞാന്‍ ഞാനെന്ന മൃഗം മാത്രമാണ്.

20 ഒക്‌ടോബർ 2011

ഞെട്ടലില്‍ ആനന്ദം കാണുന്നവര്‍


വര്‍ഷങ്ങള്‍ക്കു മുമ്പ്... കോളേജില്‍ പഠിക്കുന്ന സമയം...നാഷണല്‍ സര്‍വിസ് സ്കീമില്‍ (നസസ്കീ) വളരെ സജീവമായി പങ്കെടുത്തു വന്നിരുന്നു.

ആ വര്ഷം നസസ്കീവാര്‍ഷിക ദശദിന ക്യാമ്പ് ചിറയിന്കീഴ് സ്കൂളില്‍ വച്ച് നടന്നു പോരുന്നു. അനേക കാലമായി വൃത്തിഹീനമായി കിടക്കുന്ന സര്‍ക്കാര്‍ ആശുപത്രി പരിസരം വെടിപ്പാക്കല്‍ ആണ് പ്രധാന പരിപാടി. പിന്നെ, സമയം കിട്ടിയാല്‍, പൊതു ചന്തയും വെടിപ്പാക്കണം.  പതിവുപോലെ എന്റെ ചുമതല അടുക്കള ഭരണം ആയിരുന്നു. അതുകൊണ്ട് ക്യാമ്പ്‌ സൈറ്റില്‍ നിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രി ശുചീകരണത്തിന് ഞാന്‍ പോയില്ല.

ആശുപത്രി പരിസരം ഒരു പരിധിവരെ വൃത്തിയാക്കി കഴിഞ്ഞപ്പോള്‍ ദശ ദിനം തീരുവാന്‍ പിന്നെയും നാല് ദിവസം ബാക്കി.  അങ്ങനെ ചിറയിന്കീഴ് ചന്തയും വൃത്തിയാക്കാന്‍ തീരുമാനിച്ചു. അടുത്ത ദിവസം, മറ്റുള്ളവരുടെ കൂടെ, ശ്രമദാനത്തിന് ഞാനും കൂടി. ചന്തയുടെ പ്രവേശന കവാടം മുതല്‍ ചെളിക്കുണ്ടാണ്. വല്ലാത്ത ദുര്‍ഗന്ധവും. ക്യാമ്പിലെ പുതിയ കുട്ടികള്‍ ദൂരേക്ക്‌ മാറി നിന്ന്. സീനിയര്‍മാരായ ഞങ്ങള്‍ മുന്നിട്ടിറങ്ങി. ആദ്യം അഴുക്കില്‍ കയ്കൊണ്ട് തൊടാതെ മണ്‍വെട്ടി, നീണ്ട മരക്കമ്പ് ഒക്കെ കൊണ്ട് ചവര്‍ മെല്ലെ നീക്കി തുടങ്ങി. അല്‍പ സമയം കഴിഞ്ഞപ്പോള്‍, ചില നാട്ടുകാരും, യൂണിയന്കാരും, കച്ചവടക്കാരും ഒക്കെ മെല്ലെ ഞങ്ങളോടൊപ്പം കൂടി. മാറി നിന്നിരുന്ന പുതിയ കുട്ടികളും കൂടെ കൂടി. എല്ലാവര്ക്കും ഉത്സാഹമായി. പിന്നെ, വെറും കൈയ് കൊണ്ടായി പുഴുവരിക്കുന്ന ചവര്‍ വാരല്‍. ആ തോട്ടിപ്പണി ചെയ്തു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍, എല്ലാവരുടെയും വെറുപ്പും അറപ്പും ഒക്കെ മാഞ്ഞുപോയി.

ഇക്കഥ ഇവിടെ പറഞ്ഞത് ഒരു കാര്യം ബോധ്യപ്പെടുത്താനാണ്. എന്ത് കാര്യവും, എത്ര അറപ്പ് ഉള്ളതായാലും, ആദ്യത്തെ കുറച്ചു നേരത്തെ ബുദ്ധിമുട്ടേ ഉള്ളൂ അത് ചെയ്യുവാന്‍. പിന്നീട് അത് അങ്ങ് ശീലമാകും. ആ പണിയിലും ആനന്ദം കണ്ടെത്താന്‍ കഴിയും. വേശ്യാവൃത്തിപോലും.

പ്രൊഫെഷണല്‍ ഗുണ്ടകള്‍ ആകാന്‍ ശ്രമിക്കുന്നവര്‍ക്ക് ആദ്യത്തെ പരിശീലനം മേനകാ ഗാന്ധിയുടെ അരുമകളായ തെരുവ് പട്ടികളുടെ മേല്‍ ആണെന്ന് ഈയിടെ പറഞ്ഞുകേട്ടു.  ഈയിടെ രൂപംകൊണ്ട ഒരു ദളിത്‌ തീവ്ര സംഘടനക്കാരും ഈ പരിശീലന പരിപാടിയില്‍ ഏര്‍പ്പെടുന്നതായി ഒരു കിംവദന്തി തിരുവന്തോരത്ത് ഒഴുകി നടക്കുന്നുണ്ട്. അതൊക്കെ പോട്ടെ, എന്റെ വിഷയം അതല്ല.

പല അഭ്യസ്തവിദ്യരും  - പ്ലസ്‌ ടു അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകര്‍ - തുടങ്ങിയ പലരും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ, അവരുടെ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുവാന്‍ ഈയിടെ പല വീഡിയോകളും പങ്കുവയ്ക്കുന്നു.  വഴിയാത്രക്കാരനെ ട്രക്ക് ഇടിച്ചു കൊല്ലുന്നത്, തടവുകാരനെ വെടിവച്ചു കൊല്ലുന്നത്, വെട്ടി കൊല്ലുന്നത്, മദയാന കുത്തി കൊല്ലുന്നത്, പിഞ്ചു കുഞ്ഞിന്റെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങുന്നത്, തുടങ്ങി പല അസഭ്യ വീഡിയോകള്‍ ഇവര്‍ പങ്കുവയ്ക്കുന്നു. കൂടെ ഒരു തേങ്ങലും "മനുഷ്യാ, നീ ഇത്ര നീചന്‍ ആണോ?".

സത്യത്തില്‍, എനിക്ക് തോന്നിയിട്ടുള്ളത്, ആ കുറ്റകൃത്യങ്ങള്‍ ചെയ്തവരെക്കാള്‍ നീചരാണ്ഇത്തരം വീഡിയോ പകര്‍ത്തുന്നതും, പങ്കുവയ്ക്കുന്നതും.  ഒരു റിയാലിറ്റി ഷോ കാണുന്ന താല്പര്യത്തോടെ ഇത്തരം ദുഷ്ടതരങ്ങള്‍ കാണുകയും അത് പങ്കുവയ്ക്കുകയും ചെയ്യുന്നു - എന്നിട്ട് ഒരു തേങ്ങലും. ഇതൊക്കെ ഇങ്ങനെ തുടര്‍ന്നാല്‍, പണ്ട് ഞങ്ങള്‍ ചന്ത വൃത്തിയാക്കാന്‍ പോയത് പോലെയാകും. കണ്ടു കണ്ടു, പിന്നെ, പിന്നെ, എന്ത് കണ്ടാലും ഞെട്ടല്‍ ഉണ്ടാകില്ല... അഥവാ ഞെട്ടിയാല്‍ അതൊരു ആനന്ദ ഞെട്ടല്‍ ആയിരിക്കും. തങ്ങളുടെ സ്വന്തം ആള്‍ക്ക് തന്നെ ഇങ്ങനെ ഉണ്ടായാലും നിസ്സംഗതയോടെ കണ്ടു നില്‍ക്കും. പറ്റിയാല്‍ അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ഏറ്റവും അടുത്ത സമയത്ത്, അതുമല്ലെങ്കില്‍ അപ്പോള്‍ തന്നെ, ഇതുപോലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ അപ്‌ലോഡ്‌ ചെയ്യും, പിന്നെ കണ്ണീരില്‍ കുതിര്‍ന്ന അല്ലെങ്കില്‍, അരിശം തുളുമ്പുന്ന ഒന്നോ രണ്ടോ വരിയും.

പ്രിയപ്പെട്ടവരേ, നിങ്ങള്‍ എങ്കിലും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക.

വിവാദമില്ലാതെ മലയാളിക്ക് എന്ത് ആഘോഷം?

മലാളിക്ക്  ആഘോഷിക്കാന്‍ ഒരു പുതിയ വിവാദം കൂടി. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയി, മുമ്പ് പരിപാടിക്കിടയില്‍ താന്‍ വിധവയാണെന്ന് കാണികളെ തെറ്റിദ്ധരിപ്പിച്ചു എന്നും, ഇപ്പോള്‍ ഒരു മാസികയിലെ അഭിമുഖത്തിലൂടെ താന്‍ വിധവ അല്ലെന്നും, പൊതു ജനം തെറ്റിദ്ധരിച്ചത് ഒരു ചെറിയ പരിധിവരെ ചാനലിന്‍റെ കുറ്റവും ബാക്കി വലിയ പകുതി പൊതുജനത്തിന്റെ കുറ്റവും ആണെന്നും പറഞ്ഞിരിക്കുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.

മലയാളത്തില്‍ ഒരു സിനിമാ സംവിധായകന്‍ ഉണ്ട്.  നല്ല സംവിധായകന്‍ എന്ന് പലര്‍ക്കും അഭിപ്രായം ഇല്ലെങ്കിലും, ആളൊരു ഷോമാന്‍ കം ബിസ്സിനെസ്സ്മാന്‍ ആണ്. പൊട്ടക്കണ്ണന്‍ മാവേല്‍ എറിഞ്ഞ പോലെ ഒരു പടം അങ്ങ് കയറി ഹിറ്റ്‌ ആയി. കേന്ദ്ര കഥാപാത്രം വികലാംഗന്‍. പിന്നെ തുടരെ തുടരെ വികലാംഗ ചിത്രങ്ങള്‍, അതിന്റെ മാര്‍ക്കറ്റ്‌ വാല്യൂ ഇടിയുന്നതുവരെ.

മുമ്പ്  ഒരു തവണ സ്റ്റാര്‍ സിങ്ങറില്‍ ഒരു വികലാംഗന്‍ ഉണ്ടായിരുന്നു. റേറ്റിംഗ്, എസ്.എം.എസ്. തുടങ്ങിയവ കൂടാന്‍ ഒരു പക്ഷെ, ആ വികലാംഗന്‍ ഏഷ്യാനെറ്റിനെ സഹായിചിട്ടുണ്ടാകാം. കൂടെ, കുറെ കഥന കഥകളും. ഇപ്പോഴത്തെ സ്റ്റാര്‍ സിങ്ങറില്‍ വികലാംഗരുടെ എണ്ണം കൂടിയിട്ടുണ്ട്. കഥന കഥകളും കൂടുന്നുണ്ട്. കൈയ്‌ നഷ്ടപ്പെട്ടത് ഒന്ന്, കാഴ്ച ഇല്ലാത്തത് മൂന്നോ നാലോ, ഓട്ടിസം എന്നാ ജന്മ വൈകല്യം ഉള്ളത് ഒന്ന് എന്നിങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥ. ഇവരില്‍ ആരെങ്കിലുമോ, വിധവ അല്ലെങ്കില്‍ അച്ഛന്‍ ഉപേക്ഷിച്ച, അമ്മയ്ക്ക് ഏക തണലായ ഒരാളോ അതും അല്ലെങ്കില്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു, കുഞ്ഞുള്ള, സ്വന്തമായി കിടപ്പാടം ഇല്ലാത്ത വിവാഹ മോചിതക്കോ ആയിരിക്കാം അടുത്ത സ്റ്റാര്‍ സിങ്ങര്‍ കിരീടം. കാത്തിരുന്നു കാണാം.

മലയാളി അല്ലാത്ത പലരും പറയുന്ന ഒരു കാര്യമുണ്ട്, മലയാളിക്ക് ഈ പറയുന്ന വിദ്യാഭ്യാസം മാത്രമേ ഉള്ളൂ അതുകൊണ്ട് അവര്‍ ബുദ്ധി ഉണ്ടെന്നു നടിക്കും, ഒട്ടും ബുദ്ധിയില്ല, അതുകൊണ്ട് വിവരവുമില്ല. ഇടയ്ക്കു ആര്‍ക്കെങ്കിലും ബുദ്ധി ഉണ്ടെങ്കില്‍, അത് മറ്റുള്ളവരെ പറ്റിക്കാന്‍ ആയിട്ടായിരിക്കും ഉപയോഗിക്കുന്നത്.

അതുകൊണ്ട്, ആ പൊതു തത്വം നമുക്ക് അംഗീകരിക്കാം. ബുദ്ധിയും വിവരവും ഉണ്ടെന്നു വെറുതെ അങ്ങ് നടിക്കാം. എസ്.എം.എസുകള്‍ അയച്ചും, കുടുംബ-സുഹൃത്ത്‌ ബന്ധങ്ങള്‍ ഉപേക്ഷിച്ചു, എല്ലാ ദിവസവും കൃത്യമായി ആ പരിപാടികള്‍ കണ്ടു അതിന്റെയും ചാനലിന്റെയും റേറ്റിംഗ് കൂട്ടാം. അടുത്ത വര്ഷം ഗ്രാന്‍ഡ്‌ ഫിനാലെ ലൈവ് ആയി കാണാം. എന്നിട്ട് ഇങ്ങനെ പുതിയ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാം.

18 ഒക്‌ടോബർ 2011

മൂന്ന് വിമാന യാത്രകള്‍


ആദ്യ വിമാന യാത്ര 2007 ല്‍ ആണ്. തിരുവനന്തപുരത്ത് നിന്നും മസ്കറ്റ്‌ വഴി ദുബായിലേക്ക്. മസ്കറ്റ്‌ വഴി പോയത് യാത്ര ഒമാന്‍ എയര്‍ വിമാനത്തില്‍ ആയതുകൊണ്ടാണ്.ആ സമയത്ത്  ശ്രീലങ്കയുടെ വിമാനം കഴിഞ്ഞാല്‍ ഏറ്റവും ചെലവ് കുറവ് ഒമാന്‍എയര്‍ ആയിരുന്നു.  പുലിപ്പേടി കൊണ്ട് ശ്രീലങ്കന്‍വിമാനം ഒഴിവാക്കി.

വിമാനത്തില്‍ കയറി. കൈവശം ഏതാണ്ട് ആയിരം രൂപയുണ്ട്. ഇന്ത്യന്‍ രൂപ. വിമാനത്തില്‍ ഭക്ഷണം, മദ്യം ഒക്കെ കിട്ടുമെന്ന് കൂട്ടുകാര്‍ പറഞ്ഞു അറിവുണ്ട്. എന്റെ അടുത്തിരിക്കുന്ന രണ്ടുപേരും എന്നെ പോലെ തന്നെ ആദ്യമായി വിമാനത്തില്‍ കയറുന്നവര്‍. വിമാനം വാതജാതമായി അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു ഉന്തു വണ്ടി തള്ളിക്കൊണ്ട് ഒരു ആഫ്രിക്കക്കാരന്‍ വരുന്നു. ചിലര്‍ ജ്യൂസ്‌ വാങ്ങുന്നു, ചിലര്‍ മറ്റു സാധങ്ങള്‍ വാങ്ങുന്നു. ഉന്തു വണ്ടി തള്ളിക്കൊണ്ട് അയാള്‍ ഞങ്ങളുടെ അടുത്തും എത്തി.

സര്‍, ലിക്കര്‍, ബിയര്‍...

ഞാന്‍ സഗൌരവം പറഞ്ഞു, 'ടു ബിയര്‍.'

'ടു ഡോളര്‍ സര്‍, വണ്‍ ബിയര്‍ വണ്‍ ഡോളര്‍'

'സോറി, ഐ ഹാവ് നോ ഫോറിന്‍ എക്സ്ചെന്ജ്'

'നോ പ്രോബ്ലം സര്‍, വീ ടേക്ക് എനി കറന്‍സി. ഡോളര്‍, ദിര്‍ഹം, റിയാല്‍, റുപ്പീ, എനിതിംഗ്'

'ഹൌ മച് ഇന്‍ ഇന്ത്യന്‍ റുപ്പീ?'

'വണ്‍ ഡോളര്‍ ഈസ്‌ ഫിഫ്ടി ഫൈവ് രുപീസ്‌'

'ഒകെ, ഗിവ് മീ ടു ബിയര്‍'

ഇരുന്നൂറു രൂപ കൊടുത്തു. അയാള്‍ രണ്ടു ബീയര്‍ തന്നു. ബാക്കി പിന്നീട് തരാം എന്നും പറഞ്ഞു.

രണ്ടു ബീയറും കുടിച്ചു, ഭക്ഷണവും കഴിച്ചു സുഖമായി ഒന്ന് ഉറങ്ങി. ഉണര്‍ന്നപ്പോള്‍, വിമാനം ലാന്‍ഡ്‌ ചെയാനുള്ള തയാറെടുപ്പ് ആണ്. ബീയര്‍ തന്ന ആള്‍ കൃത്യമായി ബാക്കി ഇന്ത്യന്‍ റുപ്പീ തന്നു.


രണ്ടാമത്തെ യാത്ര

അടുത്തത്, ദുഭായില്‍ നിന്നും ആദ്യത്തെ മടങ്ങി വരവ്.  ശകടം നമ്മുടെ സ്വന്തം ബഡ്ജറ്റ്‌ എയര്‍ലൈന്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ്‌.  യാത്ര തുടങ്ങി. പതിവുപോലെ ഉന്തുവണ്ടിയില്‍ പാനീയം എത്തി.

"രണ്ടു ബീയര്‍"

"പാര്‍ഡന്‍ മീ സാര്‍"

"ഓഹ് സോറി, ടു ബീയര്‍"

"ടു ഡോളര്‍ ഓര്‍ ടോള്‍വ് ദിര്‍ഹംസ്"

ഇരുപതു ദിര്‍ഹം കൊടുത്തു.  സുന്ദന്കാരി (സൗന്ദര്യവും അഹങ്കാരവും കൂടി ചേര്‍ന്നത്‌) ഉന്തു വണ്ടിയുടെ ഉള്ളറകള്‍ എല്ലാം തപ്പി, എന്റെ ജീവിതത്തില്‍ ആദ്യമായി കാണുന്ന ഒരു തരം ബീയര്‍ ഒരു ക്യാന്‍ എടുത്തു തന്നു.

"സാര്‍, ഒരെണ്ണം ഞാന്‍ പിന്നീട് തരാം."

"ഓക്കേ, നോ പ്രോബ്ലം"

കുടിച്ചു കഴിഞ്ഞപ്പോഴാണ് തോന്നിയത്, രണ്ടെണ്ണം വേണ്ടായിരുന്നു എന്ന്. അത്രയ്ക്ക് (അ)രുചി. നല്ല കിക്കും. എന്നെപോലെ, കുടിക്കുന്ന മഹാന്മാര്‍ക്ക് അറിയാമായിരിക്കും, ചില ദിവസങ്ങളില്‍ അങ്ങനെ ആയിരിക്കും, ചിലപ്പോള്‍, ഒരു പെഗ് അടിച്ചാല്‍ മതി ഫിറ്റ്‌ ആകാന്‍, ചിലപ്പോള്‍ ഒരു പൈന്റ് അടിച്ചാലും കല്ലുപോലെ ഇരിക്കും. അതുപോലെ, ഇപ്പോഴുള്ള ഒരു പ്രതിഭാസം ഇതിനു സമാനമാണ്. ബാറില്‍ കയറി നാലോ അഞ്ചോ പെഗ് അടിച്ചു കാലുറക്കാതെ വണ്ടിയോടിച്ചു കൂള്‍ ആയിട്ട് വീട്ടില്‍ എത്താം. എന്നാല്‍, ചിലപ്പോള്‍ കയറി ഒരു മുപ്പതു അടിച്ചിട്ട് കൂള്‍ ആയി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു റോഡില്‍ ഇറങ്ങിയാല്‍ അപ്പോള്‍ പിടിക്കും പോലീസ്‌.

ബിയര്‍ കുടിച്ചു ഉറക്കമായി. ഇടയ്ക്കു ഉണര്‍ന്നു.ഇനിയും ഒരു ബിയറും ബാക്കി പണവും കിട്ടാനുണ്ട് എന്ന് ഓര്‍ത്തു. ബെല്‍ അടിച്ചു. സുന്ദന്കാരി വന്നു.

"വെയര്‍ ഈസ്‌ മൈ ബീയര്‍ ആന്‍ഡ്‌ ബാലന്‍സ് കാഷ്‌?"

"പ്ലീസ്‌ വെയിറ്റ് സാര്‍"

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ സുന്ദന്കാരി അറിയിച്ചു, "സോറി സര്‍, നോ ബീയര്‍ അവൈലബിള്‍".

"ഓക്കേ, ഗിവ് മി ദി ബാലന്‍സ്" കോപ്പ്, എന്നാല്‍ പിന്നെ ബാക്കിയെട്.

"റൈറ്റ് നോ, ഐ ഹാവ് നോ ചേഞ്ച്‌, ഗിവ് യു ലേറ്റര്‍".

"ഓക്കേ".


വീണ്ടും മയക്കം. ഉണര്‍ന്നപ്പോള്‍, വിമാനം വര്‍ക്കലക്ക് മുകളില്‍ എത്തി. ഇനി അഞ്ചോ, പത്തോ മിനിറ്റ്, ലാന്‍ഡ്‌ ചെയ്യാന്‍.

ഇറങ്ങാനുള്ള  തത്രപ്പാടില്‍ ബാക്കിയുടെ കാര്യം ആദ്യം ഓര്‍ത്തില്ല. വിമാനത്തിന്റെ മുന്‍ ചക്രങ്ങള്‍ നിലത്ത് തൊട്ട നിമിഷം, എനിക്ക് മനസ്സിലായി, ഞാന്‍ കൃത്യമായി തിരുവന്തോരത്ത് തന്നെയാണ് എത്തിയതെന്ന്. അതുവരെ, നമ്മുടെ സ്വന്തം ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ ശബ്ദം ഇടക്കൊക്കെ ഉണ്ടായിരുന്നു എങ്കിലും, വിമാനത്തിന്റെ ഒരു ചെറിയ ലാഞ്ചന ഒക്കെ ഉണ്ടായിരുന്നു. മുന്ചക്രം നിലത്ത് തൊട്ട നിമിഷം, ഞാന്‍ ഒഴികെ, അല്ലെങ്കില്‍ എന്നെപോലെ ആദ്യമായി നാട്ടിലേക്ക് മടങ്ങി വരുന്ന മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അവരും ഒഴികെ, മറ്റുള്ള എല്ലാപേരും, ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ, തിരക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ കമ്പിയില്‍ തൂങ്ങി നിന്ന് യാത്ര ചെയ്യുന്ന ആള്‍ക്കാരായി. ഇടയ്ക്കു നല്ല നാടന്‍ വാഗ്പ്രയോഗങ്ങളും. ഒടുവില്‍ തിക്കി തിരക്കി ഞാന്‍ പുറത്തോട്ടു ഇറങ്ങുമ്പോള്‍ ബാക്കി പണത്തിന്റെ കാര്യം ഓര്‍ത്തു, വാതില്‍ക്കല്‍ എങ്കിലും സുന്ദന്കാരി ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു. പ്രതീക്ഷ അസ്ഥാനത്തായിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇരുപതു ദിര്‍ഹംകൊടുത്തു അതായത് അന്നത്തെ നിരക്ക് അനുസരിച്ച് ഇരുന്നൂറ്റമ്പത് രൂപ കൊടുത്തു വെറും ഒരു ബിയര്‍ കുടിച്ചിട്ടുള്ള ലോകത്തിലെ ഒരേ ഒരു എയര്‍ ഇന്ത്യാ എക്സ്പ്രസ്സ്‌ യാത്രക്കാരന്‍ ഞാനായിരിക്കും.


മൂന്നാമത്തെ  യാത്ര

മടക്ക യാത്രയുടെ ടിക്കറ്റും എടുത്തുകൊണ്ട് ദുഭായില്‍ നിന്നം ലീവില്‍ വന്നതിനാല്‍ തിരികെ പോക്കും നമ്മുടെ സ്വന്തം ബഡ്ജറ്റ്‌ എയര്‍ലൈന്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ തന്നെ. നാട്ടില്‍ നിന്നും തിരികെ പോകുമ്പോള്‍, വിളിച്ചു കൊണ്ട് പോകുവാന്‍ എയര്‍പോര്‍ട്ടില്‍ സുഹൃത്ത്‌ വരുമെന്ന് പറഞ്ഞതിനാല്‍ കയ്യിലുണ്ടായിരുന്നു അവസാന ദിര്‍ഹവും പണമാക്കി മാറ്റി, വീട്ടില്‍ എല്പ്പിച്ചിരുന്നു. പിന്നെ ഉള്ളത് രണ്ടായിരം രൂപ. ഇപ്പോള്‍ ആദ്യയാത്രക്കാരന്റെ അമ്പരപ്പ് ഒന്നുമില്ലാതെ ഗമയില്‍ സീറ്റില്‍ ഇരുന്നു. വിമാനം ഉയര്‍ന്നു. കൊതിപ്പിച്ചു കൊണ്ട് ഉന്തുവണ്ടി വരുന്നുണ്ട്.  നല്ല സ്റ്റൈലില്‍ തന്നെ ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു. ഗമയില്‍ അഞ്ഞൂറ് രൂപ നോട്ടു എടുത്തു നീട്ടി.

"സോറി സാര്‍, വി ടേക്ക് ഒണ്‍ലി ഡോളര്‍ ആന്‍ഡ്‌  ദിര്‍ഹംസ് "

ജീവിതത്തില്‍ ആദ്യമായി അക്ഷരാര്‍ത്ഥത്തില്‍ ഇതി കര്‍ത്തവ്യതാ മൂഡ്‌ ഔട്ടന്‍ ആയിട്ട്, ബിയറോ മദ്യമോ കഴിക്കാതെ ദുഭായില്‍ എത്തുന്നതുവരെയും അത് കഴിഞ്ഞു ഏതാണ്ട് ഒരാഴ്ചക്കാലവും കഴിച്ചുകൂട്ടി.  ദുഭായി എയര്‍പോര്‍ട്ടിലെ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ നിന്നും ആയിരത്തി എണ്ണൂറു ഇന്ത്യന്‍ രൂപ കൊടുത്തു വാങ്ങിയ ബക്കാര്‍ഡി ബ്ലൂ ഒരാഴ്ചക്ക് ശേഷം കഴിച്ചു തുടങ്ങേണ്ടി വന്നു, ആ ഞെട്ടലില്‍ നിന്നും കരകയറാന്‍.

അന്ന് ഞാന്‍ ഒരു ശപഥം, ഉഗ്ര ശപഥം ചെയ്തു! ഇനി ജീവിതത്തില്‍ ഒരിക്കലും, എന്ത് രാജ്യ സ്നേഹത്തിന്റെ പേരില്‍ ആയാലും, ഇന്ത്യന്‍ രൂപയെ നിരാകരിച്ചു ഇന്ത്യയെ അപമാനിച്ച ഇന്ത്യയുടെ സ്വന്തം എയര്‍ലൈനില്‍ കയറില്ല എന്ന്.  ആ ശപഥം ഇപ്പോഴും നിലനില്‍ക്കുന്നു.


04 ഒക്‌ടോബർ 2011

ആയതിനാല്‍, ഇനിമേല്‍ ഗുരുദാസ് എന്ന ഞാന്‍ 'ഗുരുദാസ് എസ്. കൊട്ടി' എന്ന നാമത്തില്‍ അറിയപ്പെടും.

ഈ കാലഘട്ടത്തില്‍ ലോകം കൈക്കുമ്പിളില്‍ ഒതുങ്ങുമ്പോള്‍, മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ ചെരുതായിക്കൊണ്ടിരിക്കുന്നു എന്ന് തോന്നുന്നു. ജാതിയും മതവും വര്‍ണ്ണവും സ്വര്‍ണ്ണവും ഒക്കെ മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുകള്‍ ഇപ്പോഴും ഉണ്ടാക്കുന്നു. ഇത്തരുണത്തില്‍, ഈഴവരുടെ വിദ്യുത്ക്കൂട്ടായ്മ (ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ എന്ന് മലയാളം) ഈഴവരും പേരിന്റെ കൂടെ ജാതി വയ്ക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നു.

എന്റെ പേര് ഗുരുദാസ്. നാമം മാത്രം ധാരാളം എന്ന പരസ്യം പോലെ ജാതിപ്പേര് ആവശ്യമില്ല.

ഈഴവര്‍ക്ക് കുലത്തൊഴില്‍ പലതായിരുന്നു. എങ്കിലും കൂടുതല്‍ അറിയപ്പെടുന്നത് കള്ളുചെത്ത് തന്നെ. തെങ്ങിന്റെ കൂമ്പ് ചെതിയിട്ടു കള്ള് നല്ലതുപോലെ ഊറിവരുവാന്‍ എല്ലിന്‍ കക്ഷണം കൊണ്ട് 'ടപ്പേ ടപ്പേ' എന്നു ചെത്തിയ കൂമ്പിന്മേല്‍ കൊട്ടും. അങ്ങനെ കൊട്ടി കൊട്ടി, കള്ള് ചെത്തുന്ന ഈഴവര്‍ക്ക് 'കൊട്ടി' എന്നു തിരുവന്തോരം ഭാഗങ്ങളില്‍ വിളിപ്പെരുണ്ടായിരുന്നു. തികച്ചും സ്വാഭാവികം. തൊഴില്‍ പരമായ വിളിപ്പേര്.

ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം മുമ്പ് പല ഈഴവ കല്യാണ കുറികളിലും ഒരു 'പണിക്കര്‍' സ്ഥാനം വധൂവരന്മാരുടെ കാരണവന്മാര്‍ക്ക് കണ്ടുവന്നിരുന്നു. അപൂര്‍വമായി ചിലയിടങ്ങളില്‍ 'വൈദ്യര്‍' എന്നും കണ്ടു വന്നിരുന്നു. ഇപ്പോള്‍ അവ കാണുന്നില്ല.

ഇനി ഈഴവര്‍ക്ക് ജാതിപ്പേര് വച്ചേ അടങ്ങൂ എന്നാണെങ്കില്‍, ഇപ്പറഞ്ഞതുപോലെ ഒരു വ്യാഴവട്ടക്കാലം മുമ്പ് മുതലേ എനിക്കായി ഒരു ജാതിപ്പേര് ഞാന്‍ കണ്ടുവച്ചിട്ടുണ്ട്. നായര്‍, നാടാര്‍, ആചാരി, പിള്ള, സാഹിബ്, തുടങ്ങി പല വാലുകളും കണ്ടു കൊതി തോന്നിയിട്ടാണ് അങ്ങനെ ഒരു പേര് ഞാന്‍ കണ്ടുവചിട്ടുള്ളത്.  നാരായണ ഗുരുവിനോട് ബഹുമാനം ഉള്ളതുകൊണ്ടും അദ്ദേഹത്തിന്റെ അനുഭാവികളുടെ (ശ്രീ നാരായണീയര്‍ എന്ന കൂട്ടരുടെ) പല പ്രവര്‍ത്തികളും എനിക്ക് അന്യായമായി തോന്നുന്നത് കൊണ്ടും ഞാന്‍ മേലില്‍ എന്റെ പേരിനോട് കൂടി ജാതിപേരും കൂടെ ചേര്‍ക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ആയതിനാല്‍, ഇനിമേല്‍ ഗുരുദാസ് എന്ന ഞാന്‍ 'ഗുരുദാസ് എസ്. കൊട്ടി' എന്ന നാമത്തില്‍ അറിയപ്പെടും.

30 സെപ്റ്റംബർ 2011

ആറ്റുകാല്‍ അമ്മക്ക് ഒരു കലം പൊങ്കാല കൂടി

കേരളത്തിന്റെ  ഐ.പി.എല്‍. ടീമിനെ പിരിച്ചുവിട്ടത് കൊണ്ട് കേരളത്തിനു നഷ്ടമൊന്നും ഉണ്ടാകില്ല എന്ന് ശ്രീമത് ഹനുമന്ത് അവര്‍കള്‍ അഭിപ്രായപ്പെട്ടിര്‍ക്കുന്നു. പ്രതിഭയുള്ളവര്‍ക്ക് മാറ്റുരക്കാന്‍ രഞ്ജി ട്രോഫി, ദുലീപ് കപ്പ് തുടങ്ങിയ ധാരാളം അവസരങ്ങള്‍ ഇന്ത്യാ മഹാ രാജ്യത് ഉണ്ടെന്നും, അത്തരം അവസരങ്ങളില്‍ യഥാര്‍ത്ഥ കഴിവുള്ളവര്‍ കഠിനാധ്വാനം ചെയ്തു ഇന്ത്യന്‍ ടീമിലേക്ക് ഇടം കണ്ടെത്തണം എന്നും ഹനുമന്ത്ജീ തുടര്‍ന്ന്. കേരളത്തിനു ടീം നഷ്ടപ്പെട്ടതില്‍ വിഷമിക്കുന്നവര്‍, ഐ.പി.എല്‍.ഊടെ പ്രശസ്തിയും സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നവര്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ മകന് ഇങ്ങനെ പറയാന്‍ ഒരു അവസരം ഉണ്ടായതിനാല്‍ ആറ്റുകാല്‍ അമ്മക്ക് ഒരു കലം പൊങ്കാല കൂടി അടുത്ത വര്‍ഷത്തില്‍ നേര്‍ച്ചയായി ലഭിക്കും എന്ന് ഹനുമന്ത്ജീയുടെ പൂജ്യ മാതാജീ അഭിപ്രായ പെട്ടതായി അഭിജ്ഞ വൃത്തങ്ങള്‍ അറിയിച്ചു.

അമ്മേ ശരണം....

29 സെപ്റ്റംബർ 2011

ഐഡിയ സ്റാര്‍ സിങ്ങര്‍ സീസന്‍ ഫൈവ് ഗ്രാന്‍ഡ്‌ ഫിനാലെ :: യേശുദാസിന്റെ പ്രകടനം :: എന്റെ സ്വന്തം അഭിപ്രായം.

ഒന്നിലേറെ കാര്യങ്ങള്‍ ആണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. യേശുദാസിന്റെ പ്രതിഭയെ ആരും ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.  ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഭൂരിഭാഗം മലയാളികളും മറ്റാരുടെ ശബ്ദത്തെക്കാളും കൂടുതല്‍ കേട്ടിട്ടുള്ളത് യേശുദാസിന്റെ ശബ്ദം തന്നെയാണ്. യേശുദാസ്‌ തന്നെ പറഞ്ഞതുപോലെ മലയാളികള്‍ക്ക് അദ്ദേഹം 'ദാസേട്ടന്‍' തന്നെയാണ്. തര്‍ക്കമില്ല.

നമ്മള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍, യേശുദാസ്‌ എന്നത് മനുഷ്യന്‍ ആണെന്നും, കലാകാരന്‍ ആണെന്നും, രാഷ്ട്രീയക്കാരന്‍ അല്ലെങ്കില്‍ വക്കീല്‍ അല്ല എന്നതുമാണ്.

മനുഷ്യന്‍ ആയതിനാല്‍, എല്ലാ വിധ മാനുഷിക ഗുണദോഷങ്ങള്‍ അദ്ധേഹത്തിനു ഉണ്ടെന്നു നിഷേധിക്കാന്‍ സാധിക്കില്ല.  കലാകാരന്‍, പ്രത്യേകിച്ച് ഗായകന്‍ ആയതിനാല്‍ അദ്ദേഹം സംഗീതത്തെ സംബന്ധിച്ച് വിടുവായ്‌ പറയാന്‍ ന്യായമില്ല. രാഷ്ട്രീയക്കാരന്‍ അല്ലെങ്കില്‍ വക്കീല്‍ അല്ലാത്തതിനാല്‍ അദ്ധേഹത്തിനു നേരെ ചൊവ്വേ കള്ളം പറയാന്‍ അറിയില്ലാ എന്നത് സത്യമായി നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതും ആണ്.

ദൃശ്യ മാധ്യമങ്ങള്‍ ഇത്രയേറെ പ്രചുര പ്രചാരം നേടുന്നതിനു മുമ്പ്, സാങ്കേതിക വിദ്യ ഇത്രയധികം വികാസം പ്രാപിക്കുന്നതിനു മുമ്പ് ഒരു പച്ച മനുഷ്യന്‍ തന്റെ 'ലൈവ്' പരിപാടികളുടെ ഇടവേളകളിലും പരിപാടി കഴിഞ്ഞതിനു ശേഷവും സാങ്കേതിക വിദഗ്ധരേയും പക്കമേളക്കാരെയും പച്ച മലയാളത്തില്‍ തെറി വിളിച്ചിട്ടുള്ളതായി അനുഭവസ്ഥര്‍ പറഞ്ഞു എനിക്കറിയാം. ആ പച്ച മനുഷ്യന്‍ ആരാണെന്ന് ഞാന്‍ ഈ അവസരത്തില്‍ വെളിപ്പെടുത്തുന്നില്ല.  രാജാവ് നഗ്നന്‍ ആണെന്ന് വിളിച്ചു പറഞ്ഞാല്‍ കുടുംബം പെരുവഴിയില്‍ ആകും എന്നല്ലാതെ മറ്റു നേട്ടങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ തെറിവിളി കേട്ടിട്ടുള്ളവര്‍ അത് ഒരിക്കലും പൊതുജന മധ്യത്തില്‍ വിളിച്ചു പറയുകയുമില്ല. ദൃശ്യ മാധ്യമങ്ങള്‍ പ്രചുര പ്രചാരം നേടി തുടങ്ങിയ സമയം, ലൈവ് ടെലികാസ്റ്റ്‌ വന്നു തുടങ്ങിയ സമയം, ഒരു ലൈവ് ടെലികാസ്ടിന്റെ പേരില്‍, സ്ഥിരമായി തിരുവനന്തപുരത്തിന്റെ ഒരു സ്വകാര്യ അഹങ്കാരമായ 'സൂര്യ ഫെസ്റ്റിവല്‍' സ്ഥിരമായി ഉദ്ഘാടനം നടത്തി വന്ന ദാസേട്ടന്‍ എന്ന ഗാന ഗന്ധര്‍വന്‍ എന്ന യേശുദാസ്‌ ആ പരിപാടിയില്‍ നിന്നും പിന്മാറിയ കാര്യം ഇത്തരുണത്തില്‍ ആരെങ്കിലും ഓര്‍ത്തുപോയാല്‍ അവരെ ഞാന്‍ കുറ്റം പറയില്ല. ആ പിന്മാറ്റത്തിന്റെ കാരണം തന്റെ പിഴവുകള്‍ മാലോകര്‍ മുഴുവന്‍ അറിയുമോ എന്ന ഭയത്തില്‍ നിന്നും ഉടലെടുത്തിട്ടുള്ളതാണോ എന്നും ആരെങ്കിലും സംശയിച്ചാലും അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കില്ല.  ഏതായാലും, ആ സംഭവത്തിന്‌ ശേഷം എല്ലാ ലൈവ് പരിപാടികളിലും ദാസേട്ടന്‍ ഏത് പാട്ടും തന്റെതായ രീതിയില്‍ മാറ്റി പാടുകയാണ് ചെയ്യാറ്. നമ്മള്‍ മലയാളികള്‍ അതിനെ ഇതുവരെയും എതിര്‍ത്തിട്ടും ഇല്ല (ഇങ്ങനെ മാറ്റി പാടും എന്ന് മാത്രേ എനിക്ക് പറയാന്‍ പറ്റൂ, സംഗീതത്തില്‍ ഞാന്‍ ഒന്നുമല്ല, അതുകൊണ്ട് ശ്രുതി തെറ്റി, സംഗതി വന്നിട്ടില്ല എന്നൊന്നും പറയാന്‍ അറിയില്ല).

യേശുദാസിന്റെ ശബ്ദത്തിലൂടെ നാം ആസ്വദിച്ചിട്ടുള്ള ഇപ്പോഴും ആസ്വദിക്കുന്ന അനശ്വര ഗാനങ്ങളുടെ പേരിലും, അദ്ധേഹത്തിന്റെ പ്രായത്തിന്റെ പേരിലും അദ്ധേഹത്തെ വിമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മാത്രവുമല്ല, നേരത്തെ പറഞ്ഞത് പോലെ, അദ്ദേഹം ഒരു മനുഷ്യനും കലാകാരനുമാണ് രാഷ്ട്രീയക്കാരനോ, വക്കീലോ അല്ല താനും.

ഒരുകാര്യം കൂടി, ഓര്‍മ്മയില്‍ നിന്നും പറയുകയാണ്‌. മുമ്പൊരു അഭിമുഖത്തില്‍ യേശുദാസ്‌ പറഞ്ഞു, "ഹിന്ദിയില്‍ കൂടുതല്‍ പാടാത്തത് ഹിന്ദിക്കാര്‍ക്ക് തന്റെ പാട്ട് ഇഷ്ടപെടാത്തത് കൊണ്ടല്ല, പക്ഷെ, അങ്ങനെ ഒരു അഭിപ്രായം അല്ലെങ്കില്‍ ഒരു വിമര്‍ശനം ആദ്യം ഉന്നയിച്ചത് ഇവിടുല്ലവരാന്, തെക്കന്മാര്‍, വടക്കന്മാരല്ല. തന്റെ (ഹിന്ദി) ഉച്ചാരണം ശരിയല്ല എന്ന് ആദ്യം പറഞ്ഞത് സൗത്ത്‌ ഇന്ത്യന്‍സ് ആണ്."

ഞാന്‍ ദുഭായില്‍ ജോലി നോക്കുന്ന സമയത്ത് ഒരു ഉല്ലാസ യാത്രയില്‍, എന്റെ മാനേജര്‍ സര്‍ദാര്‍ജി പറഞ്ഞത് "വോ ആപ്കാ ഏക്‌ സിങ്ങര്‍ ഹേ നാ, ക്യാ നാം കാ ഉസ്കാ... ഹാം ജെസുദാസ്‌, ക്യാ വോ ഗാതാ ഹേ യാ രോതാ ഹേ?" (നിങ്ങളുടെ ഒരു പാട്ടുകാരന്‍ ഉണ്ടല്ലോ... എന്താ അവന്റെ പേര്... ങാ, ജെസുദാസ്‌, അയാള്‍ പാടുകയാണോ കരയുകയാണോ?) ഞാനും, സഹപ്രവര്‍ത്തകന്‍ മലപ്പുറം കാരന്‍ ശിവദാസനും മലയാളത്തില്‍ സര്‍ദാര്‍ജിയെ തെറിവിളിച്ചു, ഹിന്ദി അറിഞ്ഞുകൂടാത്തത് കൊണ്ട് അങ്ങേരോട് നേരിട്ട് മറുപടി പറഞ്ഞില്ല (മലയാളത്തിലെ തെറിക്കു ആ വയസ്സന്‍ സര്‍ദാര്‍ തിരികെ മലയാളത്തില്‍ തന്നെ ഞങ്ങളെയും തെറി വിളിച്ചു എന്നത് വേറെ കാര്യം).

ചുരുക്കി പറഞ്ഞാല്‍, ഏഷ്യാനെറ്റ്‌ ഗംഭീരം. ഐഡിയ സ്റാര്‍ സിങ്ങര്‍ ഗംഭീരം. യേശുദാസ്‌ ഗംഭീരം. കല്പന ഗംഭീരം. രഞ്ജിനി ഹരിദാസ്‌ ഗംഭീരം. നമ്മള്‍ മലയാളികള്‍ അഥവാ പ്രേക്ഷകര്‍ "പൊതുജനം" ... മനസ്സിലായില്ലേ, കഴുതകള്‍.

20 സെപ്റ്റംബർ 2011

ഒരു കാല്‍മുട്ട്, രൂപ അറുപതിനായിരം!!!


കഴിഞ്ഞ മാസം, അതായത് 2011 ആഗസ്റ്റ്‌ മാസം 28 നു രാത്രി പത്തു മണിക്ക് എന്റെ ശകടത്തിനു മുന്നില്‍ ഒരു കൂട്ടം തെരുവിന്റെ സ്വന്തം മക്കള്‍ എടുത്തു ചാടുകയും എന്റെ സമയം അനുകൂലം ആയിരുന്നതിനാല്‍, നാലാള്‍ കാണ്‍കെ റോഡില്‍ വീഴുകയും, നല്ലവരായ ആ നാലാള്‍ ഒരു ആംബുലന്‍സ്‌ വിളിച്ചു എന്നെ അതില്‍ കയറ്റി വിടുകയും ചെയ്തു.

എനിക്ക് ബോധം ഉണ്ടായിരുന്നത് കൊണ്ടും, പരിക്ക് അത്ര സാരമുള്ളതല്ല എന്ന് തോന്നിയതുകൊണ്ടും, 108 ആംബുലന്‍സ് ചീറാതെയും പായതെയും പതിയെ തിരുവന്തോരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അപ്പോഴേക്കും എന്റെ രണ്ടു സുഹൃത്തുക്കളും അവിടെ എത്തിയിരുന്നു.വളരെ ഉത്തരവാദത്തിലുള്ള ജോലി ചെയ്യുന്നവര്‍ ആയതിനാലും ഒരാള്‍ തിരുവന്തോരം മെഡിക്കല്‍ കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ഥി ആയതിനാലും മെഡിക്കല്‍ കോളേജ് എന്നതു അവര്‍ മേടിക്കല്‍ കോളേജ് ആക്കി മാറ്റിയില്ല.

ഫലം, രസാവഹം. രണ്ടര മണിക്കൂര്‍ നേരംഅത്യാഹിത വിഭാഗത്തിലെ ഉന്തുവണ്ടിയില്‍ ഞാനും, എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഉന്തിക്കൊണ്ട് എന്റെ കൂട്ടുകാരും. ഇതിനിടയില്‍ കാലിന്റെ നാലും, തോളിന്റെ രണ്ടും എക്സ്-രേ എടുപ്പിച്ചിരുന്നു. ഏതോ അത്യാഹിത ഡോക്ടര്‍ എന്തോ പ്രതിവിധി ഇതിനിടയില്‍ ഓ.പി. ടിക്കറ്റില്‍ കുറിക്കുകയും ചെയ്തു. രണ്ടര മണിക്കൂര്‍ ഇങ്ങനെ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തത് കൊണ്ട് എന്റെ കൂട്ടുകാര്‍ നഗരത്തിലെ ഒരു സുപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രാജകീയ സ്വീകരണം. വലതു കൈയ് ഒരു സഞ്ചിക്കകത്ത് വച്ച് കെട്ടി. കാലിന്റെ കാര്യം തല്‍കാലം പ്രധാന ഡോക്ടര്‍ വന്നാലേ പറയാന്‍ പറ്റൂ, അതുവരെ ക്രിക്കറ്റ്‌ കളിക്കാര്‍ വച്ച് കെട്ടുന്ന മാതിരി ഒരു പാഡ് വച്ച് കെട്ടി. ട്രിപ്പ്‌, കുത്തിവയ്പ്പ് മുതലായവ നല്‍കുകയും ഒരു റൂമിലേക്ക്‌ മാറ്റുകയും ചെയ്തു. ഞാനോ എന്റെ കൂട്ടുകാരോ ഒന്നും അറിയേണ്ടി വന്നില്ല.

പിറ്റേന്നു രാവിലെ എന്റെ വീട്ടില്‍ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു. പതിവ് ആശുപത്രി കൂട്ടിരിപ്പ് ഉപകരണങ്ങളോടെ അര മണിക്കൂറിനുള്ളില്‍ ഭാര്യയും അമ്മയും ആശുപത്രിയില്‍ എത്തി. കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം പ്രധാന ഡോക്ടര്‍ പരിശോധിക്കാന്‍ എത്തി.

ഇടത്തെ കാലു പോക്കൂ... പൊക്കി... അതുപോലെ വലത്തേ കാലു പോക്കൂ... പൊക്കി, പക്ഷെ പൊങ്ങിയില്ല...

"സാരമില്ല, കാലിന്റെ ചിരട്ടയെ ഉറപ്പിച്ചു നിര്‍ത്തുന്ന പേശികള്‍ വിട്ടുപോയി, ഇനി കമ്പിയൊക്കെ ഇട്ടു, അത് വലിച്ചു ചേര്‍ത്ത് വച്ച് സ്ടിച്ച് ഇടണം. ഒരു ഒന്നൊന്നര മാസം ബുദ്ധിമുട്ടേണ്ടി വരും. പിന്നെ, തോളെല്ലിലും ഒരു പൊട്ടല്‍ ഉണ്ട്. അതിനു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. സ്ലിംഗ് ഇട്ടാല്‍ മതി. ഊറി ശരിയാകാന്‍ കുറച്ചു സമയം എടുക്കും. എന്താ ഓപറേഷന്‍ ചെയ്യട്ടെ?" വലിയ ഡോക്ടര്‍ തേന്‍ മൊഴിയില്‍ പറഞ്ഞു.

ഹോ! എന്ത് നല്ല മനുഷ്യന്‍... എന്ത് നല്ല പെരുമാറ്റം... ജന സേവകര്‍ ആയാല്‍ ഇങ്ങനെ വേണം. അദ്ധേഹത്തിന്റെ ഇങ്ങനെ ഉള്ള പെരുമാറ്റം കണ്ടാല്‍, ആ വിനയപൂര്‍വ്വം ഉള്ള ചോദ്യം കേട്ടാല്‍ ആരും പറയില്ല ഓപറേഷന്‍ വേണ്ടാ എന്ന്. എങ്കിലും, ഞാന്‍ പറഞ്ഞത്‌ ഇങ്ങനെയാണ്, "വേദന എടുക്കാതിരുന്നാല്‍ ചെയ്യാം സാര്‍".

"ഓ ഒരു ഉറുമ്പ് കടിക്കുന്ന വേദന. മരവിപ്പിച്ചിട്ടെ ചെയ്യൂ. ചെയ്യാതിരുന്നാല്‍ കുറച്ചു കൂടുതല്‍ നാള്‍ കിടക്കേണ്ടി വരും. മാത്രവുമല്ല പിന്നെയും complications ഉണ്ടാകും." വലിയ ഡോക്ടര്‍ വിശദീകരിച്ചു.

"എന്നാല്‍  പിന്നെ ആയിക്കോട്ടെ ഡോക്ടര്‍." ഞാന്‍ സമ്മതിച്ചു.

"വെരി ഗുഡ്." വലിയ ഡോക്ടറും പരിവാരങ്ങളും സസന്തോഷം പുറത്തേക്കു പോയി.

വീണ്ടും വെള്ളരി പ്രാവുകള്‍ വന്നു. എന്തൊക്കെയോ കുത്തിവയ്പുകളും ട്രിപ്പുകളും ഒക്കെ തന്നു. സെടെഷന്‍ ആണെന്ന് തോന്നുന്നു. ഞാന്‍ ഓര്‍മ്മകളുടെയും ഓര്‍മ്മക്കേടുകളുടെയും നതോന്നതങ്ങളില്‍ മുങ്ങിയുണര്‍ന്നു.  നാലഞ്ചു വെള്ളരി പരവുകള്‍ എന്നെ ഉന്തു വണ്ടിയിലാക്കി ഓപ്പറേഷന്‍ തീയറ്ററില്‍ കൊണ്ടുപോയി.

തീയറ്ററിനു മുന്നില്‍, വെള്ളരി പ്രാവുകളുടെ അകമ്പടിയോടെ എന്റെ ഊഴവും കാത്തു കിടക്കുമ്പോള്‍ സമാന്തരമായി സമാന പരിക്കുകളോടെ മറ്റൊരു ദേഹവും വന്നു.

പുത്തന്‍ പരിക്കുകാരന്‍ ആയതിനാല്‍ മറ്റേ ദേഹത്തിന് ഡോള്‍ബി സ്റ്റീരിയോ നിലവിളി ഇടക്കുണ്ട്.  സമയം ആയപ്പോള്‍, ഞങ്ങളെ രണ്ടാളെയും അകത്തു കയറ്റി. ഡോള്‍ബിക്കാരന് എന്തോകെയോ കുത്തിവയ്പ്പുകള്‍ നല്‍കി.

"ഇതില്‍ ആരാ ഗുരുദാസ്‌?" അകത്തുണ്ടായിരുന്ന മൂന്ന് മുഖം മൂടിക്കാരില്‍ ആരോ ചോദിച്ചു.

"യേസ്... ഗുരുദാസ്‌.", ഞാന്‍ ഇടതു കയ്യ് പൊക്കി. ഇടതു പക്ഷക്കാരന്‍ ആയത് കൊണ്ടൊന്നുമല്ല, ആ കയ്യ് മാത്രേ പൊക്കാന്‍ പറ്റുമായിരുന്നുള്ളൂ.

"എന്ത് പറ്റിയതാ?" മുഖമൂടിക്കാരന്‍.

"കുറെ പട്ടികള്‍ കുറുകെ ചാടിയതാ..." ഞാന്‍.

പിന്നെ കുറെ നേരത്തേക്ക് ഒന്നും സംഭവിച്ചില്ല എന്ന് പറയുന്നില്ല, പക്ഷെ സംഭവിച്ചതില്‍ പ്രധാനമായത് ഞാന്‍ ഓര്‍മ്മകേടിലേക്ക് വീണു പോയതാണ്.

വീണ്ടും ഓര്‍മ്മ വരുമ്പോള്‍ എന്റെ പേര് ഒരു കിളിനാദം വിളിക്കുന്നതാണ്. ഞാന്‍ വീണ്ടും മൂളി. എന്റെ എക്സ്രേ എടുത്തു നോക്കിയിട്ടാണ് വിളിക്കുന്നത്‌.

"ഓഹ് മൈ ഗോഡ്‌! നിങ്ങള്‍ക്ക് ശ്വാസം മുട്ടല്‍ ഉണ്ടോ?"

"ഇല്ല"

"ചുമയുണ്ടോ?"

"ഇല്ല.  ഞാന്‍ ഒരു ചെയിന്‍ സ്മോക്കര്‍ ആണ് മാഡം"

"മൈ ഗോഡ്‌! ഇതില്‍ അത് കാണാനുണ്ട്. കമ്പ്ലീറ്റ്‌ പുക തന്നെ. ഇനി വലിക്കരുത്‌ കേട്ടോ, പുകഞ്ഞു പോകും"

ഓഹ്. ഞാന്‍ പറഞ്ഞു. വീണ്ടും ബോധക്കേടില്‍. ഞാന്‍ തീയറ്റര്‍ സ്വപ്നം കാണുന്നു.

വീണ്ടും ഒരു മുഖംമൂടിക്കാരന്‍ വന്നു. എക്സ്രേ എടുത്തു നോക്കി. "വൌ! എക്സലന്റ്! കാല്‍ മുട്ടും, തോളും. വെരി ഗുഡ്."

"ഇല്ലടെ, തോളില്‍ ഒന്നും ചെയ്യണ്ടാ എന്ന് പറഞ്ഞു. പാവത്തിനെ വെറുതെ വിട്ടു!"

"അപ്പോള്‍ ഒരു കാല്‍മുട്ട് അല്ലെ? ഗുഡ്. രൂപ അറുപതിനായിരം... ഊ ല ല ലാ..."

"ശൂ... ഡേയ് പേഷ്യന്റ് കേള്‍ക്കും..."

"ഓ, സെടെഷന്‍ ഇല്ലേ, കുഴപ്പമില്ല..."

പിന്നീട് എനിക്ക് ബോധം വരുമ്പോള്‍, ഞാന്‍ റൂമിലാണ്. ഭാര്യയും അമ്മയും സുഹൃത്തുക്കളും ഒക്കെ ഉണ്ട്.

രണ്ടു ദിവസം കഴിഞ്ഞു. വലിയ ഡോക്ടര്‍ പറഞ്ഞു, ഇനി കുഴപ്പമില്ല, ഇന്ന് വീട്ടില്‍ പൊയ്ക്കൊള്ളൂ, രണ്ടാഴ്ച കഴിഞ്ഞു വന്നാല്‍ മതി.

ഭാര്യക്ക്‌ വലിയ കുലുക്കം ഒന്നും കാണുന്നില്ല.

"എടീ, കാശ് എത്ര ഉണ്ട്?"

"അയ്യായിരം ഉണ്ട്"

"ഇതു വരെ എത്ര ചെലവായി?"

"ഓപറേഷന്‍ ചേര്‍ത്ത് പന്ത്രണ്ടായിരത്തി അഞ്ഞൂറ് ആയി."

"അത്രേ ആയുള്ളൂ?"

"ഓഹ്, ഇവിടെ അത്രയെ ആകുള്ളൂ എന്ന് തോന്നുന്നു."

"മ്. നീ ഒരു കാര്യം ചെയ്യ്‌, ബിനുവിനെ വിളിച്ചു ഒരു അമ്പതിനായിരം അറേഞ്ച് ചെയ്യാന്‍ പറ."

സ്വപ്ന ലോകത്തില്‍ ഞാന്‍ കേട്ട "ഊ ല ല ലാ..." യെ പ്രതി ഭയന്നിട്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.

വൈകുന്നേരം നാല് മണിക്ക് ബില്ല് റെഡി ആണെന്ന് അറിയിപ്പ് വന്നു. രൂ 47,625/-.

നാലര മണിക്ക് ബിനു വന്നു പണം അടച്ചു തിരികെ റൂമില്‍ വന്നു വിളിക്കുന്നത്‌ വരെ എന്റെ ഭാര്യക്ക് അനക്കമില്ലയിരുന്നു.

ഇപ്പോഴും "ഒരു കാല്‍മുട്ട്, രൂപ അറുപതിനായിരം!!!" എന്റെ കര്‍ണ്ണ പുടങ്ങളില്‍ മൂളുന്നു. 

08 സെപ്റ്റംബർ 2011

മേനകാര്ച്ചന അല്ലെങ്കില്‍ സുഗതാര്ച്ച്ന


സ്വന്തം ഭര്‍ത്താവിന്റെ പൂര്ത്തിയാക്കാനാകാത്ത ആഗ്രഹം അദ്ധേഹം ജീവിച്ചിരുന്നപ്പോള്‍ നിര്‍വഹിച്ചിരുന്നതിനേക്കാള്‍ മനോഹരമായി ഒരമ്മ യാതൊരുവിധ രക്ത ചൊരിച്ചിലും കൂടാതെ നടത്തി വരുന്നതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല യമകിങ്കരന്മാരും വിശ്രമത്തിലാണ്. ഇന്ത്യയിലെ ജന സംഖ്യ കുറയ്ക്കാന്‍ നിര്‍ബന്ധിത വന്ധ്യംകരണം നടപ്പിലാക്കാന്‍ ഇന്ത്യാ മഹാരാജ്യത്തെ സ്ഥിരം ഭരണ സംവിധാനമായ നെഹ്രു കുടുംബത്തിലെ സഞ്ജയ് ഗാന്ധി ചില പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു എന്ന് പണ്ട് എപ്പോഴോ വായിച്ചിരുന്നു. അടിയന്തിരാവസ്ഥകാലത്ത് ആ പദ്ധതികള്‍ കുറച്ചൊക്കെ നടപ്പിലാക്കി എന്നും കേട്ടിരുന്നു. പക്ഷേ, പരിപാടി പാളിപ്പോയി.

കാലാന്തരം സഞ്ജയ ഗാന്ധി കൊല്ലപ്പെടുകയും മേനക ഗാന്ധി വിധവ ആകുകയും ചെയ്തു. കുറഞ്ഞ നാള്‍ മാത്രമേ കൂടെ ഉണ്ടായിരുന്നു എങ്കിലും മനുഷ്യരേക്കാള്‍ ഭേദം മൃഗങ്ങളെ സ്നേഹിക്കുകയാണെന്ന് മേനക ഗാന്ധി എന്ന നെഹ്രു മരുമകള്‍ അമ്മായി അമ്മയില്‍ നിന്നും പഠിച്ചിരുന്നു. അത് മാത്രമല്ല പഠിച്ചത്, ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം എന്ന പാഠവും. വൈധവ്യത്തിന്റെ ഏകാന്ത ദിനങ്ങളില്‍ ആറ്റില്‍ കളയാനുള്ളത് അളന്നു കുറിച്ചപ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ ഭര്‍ത്താവിന്റെ സുകൃത ക്ഷയം കൊണ്ടാകും മേനകയ്ക്ക് ഞ്ജാനം ഉദിച്ചത്. വെറുതെ ഏതെന്കിലും മൃഗങ്ങളെ സ്നേഹിച്ചിട്ടു കാര്യമില്ല, അവകള്‍ തനിക്ക് വേണ്ടി ഒപ്പീസ് പോലും പാടില്ല. സ്നേഹിക്കണമെങ്കില്‍ അഥവാ അത് നടിക്കണമെങ്കില്‍ അത് കൂതറ മനുഷ്യരുടെ കൂടെയുള്ള മൃഗങ്ങളെ വേണം.

മൃഗശാലകളില്‍, തെരുവുകളില്‍ ഒക്കെയുള്ള അശരണര്‍ ആയിട്ടുള്ള പക്ഷി മൃഗ സംരക്ഷണത്തിന് മേനക മുന്നിട്ടിറങ്ങി.  പരമ്പരാഗത പ്രകൃതി സ്നേഹവും പരിസ്ഥിതി സ്നേഹവും ഉണക്കമര പ്രേമവും ഒക്കെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്ന നമ്മുടെ സാംസ്കാരിക നായകരും ('നായകര്‍' എന്നത് പുല്ലിംഗ ബഹുവചനമായി കാണരുത് - അത് പ്രധാനമായും സ്ത്രീകളും പിന്നെ കുറച്ചു പുരുഷന്മാരും ചേരുന്ന ഒരു സര്‍വ്വ നാമം ആണിവിടെ) മേനകക്ക് സര്‍വ്വ വിധ പിന്തുണയും നല്‍കി. സ്വാതന്ത്ര്യത്തിനും അടിയന്തിരാവസ്ഥക്കും ശേഷം, അണ്ണാ ഹസാരെക്ക് മുമ്പ് ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും ഉജ്ജ്വലവും ത്യാഗ നിര്ഭരവുമായ സമര പരമ്പരകളിലൂടെ മേനകയും കൂട്ടരും ലക്‌ഷ്യം കണ്ടെത്തി എന്നത് ചരിത്രം.

മറ്റേതൊരു നിയമത്തേയും പോലെ, കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനുയോജ്യമായ നിയമം കേരളത്തിലും വന്നു. ഭക്ഷണത്തിനായി കൊല്ലുന്നത് ക്രൂരതയല്ലാത്തതിനാല്‍, ആട്, മാട്, കോഴി തുടങ്ങിയവയുടെ ഭക്ഷ്യ യോഗ്യമായ വധം അനുവദനീയമാണ്. എന്നാല്‍ മൃത ദേഹത്തോട് അനാദരവ് പാടില്ല എന്നതിനാല്‍ ഇവയെ കൊന്നു കഴിഞ്ഞു പങ്കു വയ്ക്കുന്നത് വൃത്തിയും മറവും ഉള്ളിടത് ആയിരിക്കണം. അങ്ങനെ, ഇറച്ചികടകള്‍ കണ്ണാടി കൂടുകള്‍ ആയി. വന്യജീവിയായ ആനകളെ, കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിബന്ധനകള്‍ക്ക് വിധേയമായി വളര്‍ത്തുവാന്‍ അനുവദിച്ചു. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളില്‍ ഇവിടെ ഏറ്റവും അധികം പീഡനത്തിനു വിധേയമാകുന്നത് തെരുവ് നായ്ക്കള്‍ ആണെന്ന് മേല്പടി കേരള സാംസ്കാരിക നായകര്‍ (മേല്പടി നായകര്‍ മാത്രമാണ്, എല്ലാരുമല്ല), കണ്ടെത്തി. അതുവരെ ചത്ത നായയുടെ ചത്തതോ അല്ലാത്തതോ ആയിട്ടുള്ള ഒരു വാലിനു ഏഴു രൂപ വച്ച് സര്‍ക്കാരിനു ഉണ്ടായിക്കൊണ്ടിരുന്ന ചെലവ് അതോടുകൂടി നിലച്ചു.

തെരുവിന്റെ മക്കള്‍ക്ക്‌ - അത് നരന്‍ ആയാലും നായ ആയാലും - ഒരു കുഴപ്പമുണ്ട് ആരും ശ്രദ്ധിക്കാനോ സംരക്ഷിക്കാനോ ഇല്ലെങ്കിലും അവര്‍ തഴച്ചു വളരും. എ.സി. കാറിലും മുറികളിലും മാത്രം കഴിയുന്ന തങ്ങളുടെ സംരക്ഷകരുടെ ബലത്തില്‍, ആ സത്യം അറിയാതെ നായ്ക്കളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിച്ചു. പലയിടത്തു നിന്നും മുറുമുറുപ്പ് ഉയര്‍ന്നപ്പോള്‍, മേനക ഒരു ഒത്തു തീര്‍പ്പിന് തയ്യാറായി. തെരുവ് നായ്ക്കളെ തെരഞ്ഞു പിടിച്ചു വന്ധ്യംകരണം നടത്തുക. നടന്നത് കണക്ക് തന്നെ. നമ്മുടെ മൃഗ സംരക്ഷകര്‍ക്ക് വേറെ പണിയില്ലേ?

എന്തൊക്കെ ആയാലും, തെരുവ് നായ ആണെങ്കിലും നന്ദിയുള്ള വര്‍ഗ്ഗം ഇപ്പോഴും നായകള്‍ തന്നെ.  തങ്ങളുടെ വംശ പരമ്പരക്ക് ജീവഭയം ഇല്ലാതെ സ്വൈര വിഹാരം നടത്താന്‍, അവസരം ഒരുക്കി തന്ന മേനകയ്ക്ക് അവര്‍ നന്ദി പ്രകടിപ്പിച്ചു വരുന്നു. മനുഷ്യര്‍ക്ക്‌ ഗോചരമല്ലാത്തത് പലതും നായ്ക്കള്‍ക്ക് കാണുവാന്‍ കഴിയും എന്നാണല്ലോ വിശ്വാസം, മേനകയുടെ ഭര്‍ത്താവിന്റെ ചിരകാല അഭിലാഷമായിരുന്ന ഇന്ത്യയുടെ ജനസംഖ്യ കുറയ്ക്കല്‍ ഇപ്പോള്‍, നന്ദിപൂര്‍വ്വം തെരുവ് നായ്ക്കള്‍ ഏറ്റെടുത്തു നടത്തുന്നു. രാത്രികളില്‍ ഒറ്റക്കും കൂട്ടമായും കേരളത്തിലെ റോഡുകളില്‍ ഇരു ചക്ര വാഹനങ്ങളില്‍ പോകുന്നവരെ നിഷ്കരുണം തള്ളി താഴെയിട്ടു കാലപുരിക്ക് അയക്കുന്നു കേരളത്തിലെ നന്ദിയുള്ള നായ്ക്കള്‍. നഷ്ടപ്പെടുന്നത് വിലയില്ലാത്ത മനുഷ്യ ജീവന്‍ ആയതിനാലും, ഇരു ചക്ര വാഹനങ്ങളുടെ ഇടിയേറ്റ് നായകള്‍ വീര മൃത്യു വരിക്കാത്തതിനാലും ഇക്കാര്യങ്ങള്‍ ഇതുവരെ മേനകയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലാ. മേല്പടി (മേല്പടി മാത്രം) സാംസ്കാരിക നായകര്‍ക്ക് പ്രതികരിക്കാന്‍ അറിയാവുന്ന മനുഷ്യരുടെ വേദന കവിതയ്ക്കും അവാര്‍ഡിനും ഒരു വിഷയവും, മിണ്ടാപ്രാണികളുടെ ആത്മരോദനം പ്രത്യക്ഷ സമര പരിപാടികളുടെ ഒരു വിഷയവും ആയതിനാല്‍ അവരും ഇക്കാര്യത്തില്‍ കണ്ണടക്കുന്നു. ഏറിയാല്‍ അവര്‍ ചെയ്യാന്‍ പോകുന്നത്, കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബീഫ്‌ ഫ്രൈ, ചിക്കന്‍ 65 എന്നിവയുടെ അകമ്പടിയില്‍ രണ്ടു പെഗ് കഴിച്ചു അതിന്റെ എരിചിലില്‍ രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിച്ചേക്കും, എന്നിട്ട് ഓടുന്ന ബൈക്കിന്റെ ഇടയില്‍ പെടുമ്പോള്‍ നായകള്‍ക്കുണ്ടാകുന്ന ആത്മ നൊമ്പരത്തെ കുറിച്ച് കവിത എഴുതുമായിരിക്കും.

വാല്‍ക്കക്ഷണം: കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, യമധര്‍മ്മന്‍ കേരളത്തിലെ തന്റെ ഔദ്യോഗിക വാഹനമായി നായയെ തെരഞ്ഞെടുത്തു. അദ്ധേഹത്തിനു പണ്ട് മുതലേ, നായകളോട് ഒരു പ്രത്യേക മമത ഉള്ളതായും കൂടാതെ തന്റെ ജോലിക്ക് ആവശ്യമായ സഹയാ സഹകരങ്ങള്‍ കേരളത്തില്‍ നല്‍കി വരുന്നതിനാലും, തന്റെ പരമ്പരാഗത വാഹനമായ പോത്തുകള്‍ കേരളത്തില്‍ കുറഞ്ഞു വരുന്നതുമാണ് ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുവാന്‍ അദ്ധേഹത്തെ പ്രേരിപ്പിച്ചത് എന്ന് ഇത്തവണ ഓണം കാണുവാന്‍ വന്ന മഹാബലി ഒരു പത്രക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി.  എല്ലാ നാല്കവലകളിലും നായകള്‍ക്ക് അമ്പലം പണിയുകയും അമാവാസി, വെള്ളി തുടങ്ങിയ ദിവസങ്ങില്‍ ടി അമ്പലങ്ങളില്‍ മേനകാര്ച്ചന അല്ലെങ്കില്‍ സുഗതാര്ച്ച്ന നടത്തുകയും ചെയ്‌താല്‍ യമധര്‍മ്മ പ്രീതി ഉണ്ടാകുകയും അപകടങ്ങളില്‍ മൃത്യു ഉണ്ടാകാതിരിക്കുകയും ചെയ്യാവുന്നതാണ് എന്നും മഹാബലിയുടെ പത്രക്കുറിപ്പില്‍ തുടരുന്നു.

28 ഓഗസ്റ്റ് 2011

സര്‍വ്വ ശ്രീകളുടെ അഭ്യര്‍ത്ഥന

ഓം ബെര്ലിയയെ നമ:

സര്‍വ്വ ശ്രീ ബരാക്‌ ഒബാമ, ഡേവിഡ്‌ കാമറൂണ്‍, ജൂലിയ ഗില്‍ബെര്‍ട്ട്, സ്റ്റീഫന്‍ ഹാര്പ്പര്‍ എന്നിവര്‍ സംയുക്തമായി എന്റെ ഗുരുവും മലയാള ബ്ലോഗ്‌ കുലപതിയുമായ ബ്രഹ്മശ്രീ ബെര്‍ളി തോമസിനോടു അഭ്യര്‍ത്ഥന നടത്തുകയും എന്നാല്‍ അദ്ദേഹം വളരെ തിരക്കായതിനാല്‍ എന്റെ പേര് ടി സര്‍വ്വ ശ്രീകള്‍ക്ക് നല്‍കുകയും ആയതിനാല്‍ ടിയാന്മാര്‍ എന്നെ സമീപിക്കുകയും ഗുരുതരമായ ഒരു പ്രശ്നത്തില്‍ നിന്നും അവരെ കരകയറ്റുവാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ അഭ്യര്ത്ഥിച്ചിരിക്കുകയുമാണ്.  എന്റെ ഗുരുവിന്റെ ശുപാര്‍ശ കല്പനയായി കരുതുന്നത് കൊണ്ട് മേല്പടി സര്‍വ്വ ശ്രീകളുടെ അഭ്യര്‍ത്ഥന ഞാന്‍ ദയാപൂര്‍വം കൈക്കൊണ്ടു അവരുടെ ആവലാതിക്ക് പരിഹാരം ഇതിലൂടെ നിര്‍ദേശിച്ചു കൊള്ളുന്നു. ഇത് ഒരു ചരിത്ര രേഖയായതിനാല്‍ പൂര്‍ണ്ണ വിവരം ഉള്പ്പെടുതിക്കൊള്ളുന്നു.


സര്‍വ്വ ശ്രീകളുടെ അഭ്യര്‍ത്ഥന:

ലോകത്തിലെ ധാരാളം പ്രശ്നങ്ങളെ സ്വന്തം പ്രശ്നമായി കണ്ടുകൊണ്ട് വേണ്ടരീതിയിലുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു ലോക നന്മക്കായി നിഷ്കാമ കര്‍മ്മമനുഷ്ടിക്കുന്ന ബ്രഹ്മശ്രീ ബെര്‍ളി തോമസ്‌ അവര്കള്‍ക്ക് മുമ്പാകെ ബരാക്‌ ഒബാമ (അമേരിക്കന്‍ പ്രസിഡന്റ്), ഡേവിഡ്‌ കാമറൂണ്‍, ജൂലിയ ഗില്‍ബെര്‍ട്ട്, സ്റ്റീഫന്‍ ഹാര്പ്പര്‍ (യഥാക്രമം ബ്രിട്ടന്‍, ആസ്ട്രേലിയ, ക്യാനഡ പ്രധാന മന്ത്രിമാര്‍) എന്നിവര്‍ സംയുക്തമായി നല്‍കുന്ന സങ്കട ഹര്‍ജി,

ഏമാനേ,

കഴിഞ്ഞ കുറെ മാസങ്ങളായി സാമ്പത്തിക മാന്ദ്യം ഞങ്ങളുടെ രാജ്യങ്ങളെ വല്ലാതെ തളര്‍ത്തുകയാണ്. ഞങ്ങളുടെ സ്വന്തം ജനത തൊഴില്‍ രഹിതരാകുകയും, ഇപ്പോള്‍, ഞങ്ങള്‍ ഏറ്റവും അധികം വെറുക്കുന്ന വിപ്ലവത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുകയുമാണ്. എന്നിട്ടും, നിങ്ങളുടെ നാട്ടുകാരായ മലയാളി കൂതറകള്‍ എന്ന ഭാരതീയര്‍ ഒരു കുലുക്കവും ഇല്ലാതെ ഞങ്ങളെ സഹായിച്ചും, പാരകള്‍ വച്ചും അധികം അല്ലലില്ലാതെ ഞങ്ങളുടെ നാട്ടില്‍ കഴിഞ്ഞു വരുന്നു. എന്നാല്‍, ഇപ്പോള്‍ ഞങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം ഞങ്ങളുടെ എല്ലാം സ്വൈരം കെടുത്തുന്ന ഒന്നാണ് എന്ന് വ്യസനപൂര്‍വം അങ്ങയെ അറിയിക്കട്ടെ.


കേരളം എന്ന് പറയുന്ന താങ്കളുടെ സ്വന്തം നാട്ടില്‍ (ശരിക്കും ഞങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം പറഞ്ഞിരിക്കുന്നത് "ഗോഡ്സ്‌ ഓണ്‍ കണ്ട്രി" എന്നാണു. എന്നാല്‍ മണ്ട ശിരോമണികള്‍ക്ക് താങ്കളാനു കാണപ്പെട്ട ദൈവം എന്ന് അറിയാത്തത് കൊണ്ട് പറ്റിയ അബദ്ധത്തില്‍ ഞങ്ങള്‍ നിര്‍വ്യാജം ഖേദിക്കുന്നു) താങ്കളുടെ ശിക്ഷ്യഗണത്തില്‍ പെടാത്ത മൂരാച്ചികള്‍ അവരുടെ മക്കളെ ഞങ്ങളെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ ആംഗലേയം പഠിപ്പിക്കുകയും, സമീപ ഭാവിയില്‍ ഞങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുവാന്‍ തയ്യാറെടുപ്പിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം വിശ്വസനീയമായ വിവരം നല്‍കിയിരിക്കുന്നു. സകലതും മനസ്സിലാക്കുന്ന അങ്ങ് ഞങ്ങളെ ഈ വൈതരണിയില്‍ നിന്നും രക്ഷിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

എന്ന്,

ഒപ്പ്      ബരാക്‌ ഒബാമ (അമേരിക്കന്‍ പ്രസിഡന്റ്), 
ഒപ്പ്      ഡേവിഡ്‌ കാമറൂണ്‍, 
ഒപ്പ്      ജൂലിയ ഗില്‍ബെര്‍ട്ട്, 
ഒപ്പ്      സ്റ്റീഫന്‍ ഹാര്പ്പര്‍ 
(യഥാക്രമം ബ്രിട്ടന്‍, ആസ്ട്രേലിയ, ക്യാനഡ പ്രധാന മന്ത്രിമാര്‍) 


ബ്രഹ്മശ്രീ ബെര്‍ളി തോമസ്‌ അവര്‍കളുടെ ശുപാര്‍ശ:

പ്രിയ ശിഷ്യന്‍ ഗുരുദാസിന്,

കുഞ്ഞേ, നാം പലവിധ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുന്നതില്‍ വളരെ തിരക്കില്‍ ആയതിനാലും, ഇന്നേ ദിവസം രാജശ്രീ പ്രിഥ്വിരാജ് അവര്‍കളുടെ ആരാധകന്‍ ആയിതീര്‍ന്നതിനാലും മറ്റും മേല്പടി ശുംഭാന്മാരുടെ അപേക്ഷക്ക് ഉടനടി പരിഹാരം നിര്‍ദേശിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ്. എങ്കിലും ഭക്തരുടെ അപേക്ഷ നിരസിക്കാനാകാത്തതിനാലും മേല്പടി രാജ്യങ്ങളില്‍ എന്റെ ധാരാളം തരുണീ മണികളായ ആരാധികമാര്‍ ഉള്ളതിനാലും ടി ശുംഭന്മാരുടെ അപേക്ഷ നിനക്ക് കൊടുത്തയക്കുന്നു. വേണ്ട സഹായം ചെയ്യുക. (ഫീസ്‌ 1:10 എന്ന അനുപാതത്തില്‍ വീതിച്ചു എടുക്കാം.)

അഭിവധ്യ (എന്നുവച്ചാല്‍, ഉടനടി വധിക്കപ്പെടാന്‍ സാധ്യതയുള്ള) ഗുരുവിന്റെ അനുഗ്രഹാശിസുകളോടെ ഗുണ്ടുകാട് ഗുരു ദാസന്‍ നിശ്ചയിച്ചു നല്‍കുന്ന പരിഹാരം.

പാന പീനം ഫ്രഞ്ച് നാമ:
സമയോ അര്‍ദ്ധരത്രിഹോ
രതിനിര്‍വേദ നഹി നഹി
സണ്ടേശു വാരന്ത്യഹ:

വാരാന്ത്യത്തില്‍ ഫ്രഞ്ച് ബ്രാണ്ടി കഴിച്ചു അര്‍ദ്ധരാത്രിയില്‍ രതി നിഷേദിക്കപ്പെട്ടു വ്യസനിച്ചിരിക്കുന്ന സമയത്ത് കിട്ടിയി ശുപാര്‍ശ ലക്ഷണ ശാസ്ത്രപ്രകാരം എന്നില്‍ വന്നു ഭവിച്ചിട്ടുള്ള കര്‍മ്മത്തില്‍ ഗുരുവിനെ നമിച്ചുകൊണ്ട് (ശപിച്ചുകൊണ്ട് എന്നും വ്യാഖ്യാനിക്കാം) ഉപാധികളോടെ നല്‍കുന്ന പരിഹാരം:

(ഡേയ് ബെര്‍ളി ഗുരോ, യിവന്മാര് പപ്പനാവന്റെ മറ്റേതു തോണ്ടി എടുത്തു വല്ല നക്കാപിച്ച ഫീസ് തരാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. കോപ്പ് നടക്കും. ഇവന്മാര്‍ക്ക് മുമ്പേ അത് ആണുങ്ങള്‍ കൊണ്ട് പോകും. അത് കൊണ്ട് 1:10 വേണ്ട, കമ്പ്ലീറ്റ്‌ നീ തന്നെ ഊ.........ഹിച്ചോ.)


യിവന്മാരുടെ കംപ്ലയിന്റ്റ്‌ കറക്ടാണ്. എന്റെ ഗോര്‍ജിയസ് ബ്യൂട്ടിഫുള്‍ സ്മാര്‍ട്ട് ആയിട്ടുള്ള വോരെ വൊരു രഞ്ജിനീ ഹരിദാസിന്റെ ലീഡര്‍ഷിപ്പില്‍ കൊറേ ലവളുമാര് സോ കാള്‍ഡ് മൂരാച്ചി ബൂര്‍ഷ്വാസി കൊച്ചമ്മമാര് പിള്ളേരെ "കണ്ണശ മെമ്മോറിയല്‍ എന്ഗ്ലീഷ്‌ മീഡിയം" (കാട്ടാക്കട) സ്കൂളുകള്‍ പോലുള്ള സ്ഥലങ്ങളില്‍ ഷേക്ക്‌ സ്പിയരെ നാനിപ്പിക്കുന്ന എന്ഗ്ലീഷ്‌ സ്ടടി ചെയ്യിക്കുന്നുണ്ട്. അതിപ്പ, എന്താ പറയ്ക, ടൈം ടിമാണ്ട്സ് ദാറ്റ്‌ യു നോ.

സോ, ലവന്മാരുടെ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ഈസ്‌ സോം വാട്ട്‌ കറക്റ്റ്‌.

എനിവേ, യിവന്മാര് വളരെ ഹംമ്പിള്‍ ആയിട്ട് റിക്വസ്റ്റ് ചെയ്തിരിക്കുന്നത് നമ്മള്‍ ബാരതീയര്‍ക്ക് വളരെ പ്രൌഡ് ആയിട്ടുള്ള ഒരു ഒരു തിംഗ് ആണ്. സോ, വീ ഷുള്‍ട് ഹെല്‍പ്‌ തെം. ആപത്തില്‍ പെടുന്നവരെ ഹെല്‍പ്‌ ചെയ്തില്ലെങ്കില്‍ വീ ഷുള്‍ട് നോട്ട് ടു ബി കാള്‍ട് ആസ് ഹ്യുമന്‍സ്. ഇതല്ലേ ബാരതീയരുടെ യു നോ ഒരു ഒരു ഹെറിറ്റേജ്‌.

ഓക്കേ. ലെറ്റ്‌ അസ്‌ കോം ടു ദി പോയിന്റ്.

യിവരുടെ പ്രോബ്ലം സോള്‍വ്‌ ചെയ്യുന്നത് ഈസി ആണ്. ന്യൂ ജോബ്സിനു ഒരു ക്രൈടീരിയ പുട്ട് അപ്പ് ചെയ്‌താല്‍ മതി. ഇവരുടെ കണ്ട്രീസില്‍ ന്യൂ വിസ, ഐ മീന്‍ ഫോര്‍ ഫോരിനെഴ്സ്‌, ഇഷ്യൂ ചെയ്യണമെങ്കില്‍, അപ്ലൈ ചെയ്യുന്നവര്‍ക്ക് മലയാലം ആള്‍സോ നന്നായി അറിയണമെന്ന് ഒരു കണ്ടീഷന്‍ വച്ചാല്‍ മതി. അത് ചെക്ക് ചെയ്യാന്‍ ഒരു പാനലിനെ ഇവര്‍ക്ക് അപ്പോയിന്റ് ചെയ്യാം. പാര വയ്ക്കാതെ ഐ മീന്‍ ഇമ്പാര്‍ഷ്യാല്‍ ആയിട്ട് സ്ക്രീന്‍ ചെയ്യാന്‍ പാനല്‍ മേമ്പെഴ്സിനെ വീ വില്‍ സജസ്റ്റ്.

(ഡേയ്  ഗുരു, ബെര്‍ളി, നീ ഇവിടെ പെമ്പിള്ളേരെ സുയിപ്പിച്ചു ഇരുന്നാല്‍ മതി, മറ്റേ കാര്യം ഞാന്‍ നോക്കിക്കൊള്ളാം.)

പാനല്‍ ചെയര്‍മാന്‍ വില്‍ ബി മി.

കാനഡയില്‍ പ്രസാദു ആന്‍ഡ്‌ ബിന്ദു.
അമേരിക്കയില്‍ വിനുകൃഷ്ണനു ആന്‍ഡ്‌  വൈഫു
ഇംഗ്ലണ്ടില്‍ ജോയ്‌ അബ്രഹാമു ആന്‍ഡ്‌  വൈഫു
ആസ്ട്രേലിയയില്‍ ജോയിച്ചനു ആന്‍ഡ്‌ വൈഫു
ദുബായില്‍ സുധിയു ആന്‍ഡ്‌ പ്രീത

എന്നിവര്‍  ദാറ്റ്‌ പര്ടികുലര്‍ റീജിയനില്‍ ഹെട്സ് ആയിരിക്കും.

ഇവര് പറയുന്നവരെ മാത്രം ഇനി നിങ്ങള്‍ ജോലിക്ക് എടുത്താല്‍ മതി.

മലയാലം അറിയില്ല എന്ന് ഇവര്‍ക്ക് ബോധ്യപ്പെടുന്ന മൂരാച്ചികളെ പാനല്‍ രിജക്റ്റ്‌ ചെയ്യണം.

സപ്പ്ളിമേന്ടരി ആയിട്ട് ഒരു കാര്യം കൂടി ചെയ്യാം. ഇപ്പോള്‍ ജോലി നഷ്ടപ്പെട്ട് നില്‍ക്കുന്ന അലവലാതി സായിപ്പന്മാരെ ഇങ്ങോട്ടേക്ക് അയക്കാം, ഇവിടുള്ളവരെ മലയാലം പഠിപ്പിക്കാന്‍. യു സീ, ഇന്ത്യ ഈസ്‌ സ്റ്റില്‍ എ ടെവലപ്പിംഗ് കണ്ട്രി. അതുകൊണ്ട് ക്യാഷ്‌ ഒന്നും കൊടുക്കില്ല. ഇഫ്‌ ദേ ക്നോ കൊകൊനട്ട് ട്രീ ക്ലൈംബിംഗ് ആന്‍ഡ്‌ ദേ ആര്‍ ഹാര്‍ഡ്‌ വര്‍ക്കിംഗ് ദേ കുള്ദ് യെര്ന്‍ മോര്‍ ദാന്‍ ദി വെല്‍ത്ത്‌ ഓഫ് ലോര്‍ഡ്‌ പപ്പനാവാ വിതിന്‍ ആന്‍ ഇയര്‍.

നല്ല  ഫീസ്‌ കൊടുക്കാമെങ്കില്‍ ജോയി, സുധി, പ്രസാദ്‌ ആന്‍ഡ്‌ ജോയ്ച്ചന്‍ വില്‍ ടീച് തെം കൊകൊനട്ട് ട്രീ ക്ലൈംബിംഗ്. എനിക്കിപ്പഴും ഓര്‍മ്മയുണ്ട് പ്രസാദിന്റെ കല്യാണ പാര്‍ട്ടി, വിത്ത്‌ സ്വീറ്റ്‌ ടോഡി. ഹോപ്‌ സുധി, രാം ആന്‍ഡ്‌ ജോയ്‌ വില്‍ ആള്‍സോ രിമെമ്ബാര്‍ താറ്റ്‌.

ഇതം ലോക സുഖപ്രശ്ന പരിഹാരംനിര്‍ദേശിതാം:

ബ്രഹ്മശ്രീ ബെര്‍ളി തോമസ്‌ അവര്‍കളുടെ പ്രഥമ പ്രിയ ശിഷ്യന്‍ ഗുണ്ടുകാട് ഗുരുദാസ്‌ നാമധേയന്‍.

ശുഭം

26 ഓഗസ്റ്റ് 2011

പാവം ഓള്‍ഡ്‌ ക്ലാസ്സിക്കല്‍ ബലാല്‍സംഗം!


"ഒരു കടംകഥ" എന്ന എന്റെ ബ്ലോഗിന് ശേഷം രണ്ടു ദിവസം കൂലങ്കക്ഷമായി പത്രങ്ങളിലെ ഇക്കിളി വാര്‍ത്തകളില്‍ കണ്ണോടിച്ചു. വളരെ നേരത്തെ പരിശ്രമത്തിനു ശേഷവും ഒരു ബലാത്സംഗ വാര്‍ത്ത കാണുവാന്‍ കഴിഞ്ഞില്ല.  എന്നാല്‍ പീഡന വാര്‍ത്തകള്‍ ധാരാളം ഉണ്ടുതാനും.ബലാല്‍സംഗം എന്ന പദം ഏതെന്കിലും കോടതി നിരോധിചിട്ടുണ്ടോ എന്നറിയില്ല.

സംശയ നിവാരണത്തിന് മഷിത്തണ്ട് ഉരച്ചു നോക്കി. ബലാത്സംഗം - "സ്ത്രീയുടെ സമ്മതം കൂടാതെ ബലം പ്രയോഗിച്ച് ചെയ്യുന്ന സംയോഗം" എന്ന് മഷിത്തണ്ട് പറഞ്ഞു തരുകയും ചെയ്തു. ഇത് തന്നെയാണ്  പണ്ട് സ്റാന്‍ലി സാര്‍ സ്കൂളിലും പറഞ്ഞു തന്നിട്ടുള്ള അര്‍ത്ഥം. കാലക്രമത്തില്‍ അര്‍ത്ഥ വ്യതാസം വന്നിട്ടില്ല. ഇനി ആ വാക്കുകള്‍ പഴഞ്ചന്‍ ആയതുകൊണ്ടോ, പഴയ വില്ലന്മാരും പ്രഖ്യാപിത ബലാല്‍സംഗ വീരന്മാരുമായ സര്‍വ്വ ശ്രീ ഗോവിന്ദന്‍ കുട്ടി, ബാലന്‍ കെ. നായര്‍, കെ.പി. ഉമ്മര്‍, ജോസ് പ്രകാശ്‌, ടി.ജി.രവി, ക്യാപ്ടന്‍ രാജു, ലാലു അലക്സ്‌  എന്നീ പ്രതിഭകള്‍ മരിക്കുകയോ മാനസാന്തര പെടുകയോ ചെയ്തത് കൊണ്ട് ബലാത്സംഗം ഇവിടെ വേരറ്റു പോയോ എന്ന് നിരാശപ്പെട്ടു.

നിരാശ വന്നാല്‍ ഞാന്‍ ധ്യാന നിമഗ്നന്‍ ആകും. അങ്ങനെ ധ്യാനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ (കൃത്യമായി പറഞ്ഞാല്‍ മൂന്നാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ്‌ ഇട്ടപ്പോള്‍), എനിക്ക് ബോധോദയം ഉണ്ടായി.  സംഗതി, ഞാന്‍ വിചാരിച്ചത് പോലെ അല്ല. എന്റെ ബുദ്ധി വളരെ പതുക്കെയാണ് വര്‍ക്ക്‌ ചെയ്യുന്നത്. സത്യത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ബലാത്സംഗം എന്ന് പറയുന്നസംഭവം ഉണ്ടാകുന്നില്ല. ഉണ്ടാകുന്നതു പീഡനം തന്നെയാണ്.

സ്ത്രീകള്‍ അബലകള്‍ ആണെന്ന്  ഒരു ചൊല്ല് ഉണ്ടെങ്കിലും, പണ്ടത്തെ സ്ത്രീകള്‍ അത്രയ്ക്ക് അബലകള്‍ ആയിരുന്നില്ല. എട്ടും പത്തും പന്ത്രെണ്ടും പെറ്റും അവര്‍ തൊണ്ണൂറു വയസ്സുവരെ കൂള്‍ ആയിട്ട് ജീവിച്ചിരുന്നു. അവരുടെ വീടുകളില്‍ തൊട്ടാല്‍ ചീറ്റുന്ന പൈപ്പ് വെള്ളം ഉണ്ടായിരുന്നില്ല. അവര്‍ക്ക് കഴിക്കാന്‍ ബ്രോയിലര്‍ ചിക്കനും നൂഡില്‍സും ഉണ്ടായിരുന്നില്ല. മൂക്കുപ്പൊടി മുതല്‍ പുട്ടുപൊടി വരെ അന്ന് പാക്കറ്റില്‍ കിട്ടിയിരുന്നില്ല. പശുവില്ലാതെ പശുവിന്‍പാല് കിട്ടിയിരുന്നില്ല. ഇങ്ങനെയൊക്കെ ജീവിത പ്രരാബ്ധങ്ങളുമായി മല്ലിട്ട് തട്ടിയും മുട്ടിയും ജീവിച്ചു വന്ന അവര്‍ വെറുതെ കണ്ട അണ്ടനും അടകോടനും ചുമ്മാ കേറി പീഡിപ്പിക്കാന്‍ പാകത്തില്‍ അബലകള്‍ ആയിരുന്നില്ല. കുറഞ്ഞപക്ഷം രണ്ടും മൂന്നും കാതം അകലെ കേള്‍ക്കാന്‍ പാകത്തില്‍ അലറി വിളിക്കാന്‍ എങ്കിലും ശക്തി അന്നത്തെ സ്ത്രീജനങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നു. അത്തരം അലര്‍ച്ച കേള്‍ക്കാതിരിക്കാന്‍ അക്കാലത്ത് സ്വീകരണ മുറിയോ, അതില്‍ ടി.വി.യോ ഉണ്ടായിരുന്നില്ല.

സ്വതേ അബലകള്‍ ആയിരുന്ന സ്ത്രീകള്‍ക്ക് അന്ന് ഇത്ര കരുത്ത് ഉണ്ടായിരുന്നെങ്കില്‍, അവരെ ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ പോരുന്ന പുരുഷന്മാര്‍ക്ക് എത്ര കരുത്ത് ഉണ്ടായിരുന്നിരിക്കും.

അന്നത്തെ ആള്‍ക്കാര്‍ ചാരായം കഴിച്ചിരുന്നത് ഒരു "മരുന്ന്" ആയിട്ടായിരുന്നു. ക്ഷീണം തീര്‍ക്കാന്‍, സിരകളില്‍ പെട്ടെന്ന് ഊര്‍ജം പകരുവാന്‍ അന്നത്തെ വാറ്റു ചാരായം കഠിനമായ ശാരീരിക അധ്വാനം ചെയ്തിരുന്ന അവരെ സഹായിച്ചിരുന്നു. ബയോളജി സാറ് (ശ്രീ. എം.എം. തോമസ്‌) പറഞ്ഞു തന്നത് തെറ്റല്ല എങ്കില്‍, അന്നത്തെ ചാരായം അഥവാ മദ്യം (സ്പിരിറ്റ്‌ എന്ന് മലയാളം) എന്നത് കഴിക്കാന്‍ പറ്റുന്ന ഊര്‍ജത്തിന്റെ ഏറ്റവും ശുദ്ധമായ ഉറവിടം ആയിരുന്നു. പഞ്ചസാരയുടെ വകഭേദം (ക്ഷമിക്കണം, ഇവയുടെ ഒക്കെ രസതന്ത്ര സൂത്ര വാക്യങ്ങള്‍ ഇപ്പോള്‍ മറന്നു പോയി), ദഹന രസത്തിന്റെ ആവശ്യമില്ലാതെ തന്നെ ആമാശയത്തില്‍ നിന്നും രക്തത്തിലേക്ക് നേരിട്ട് കടക്കുവാനുള്ള കഴിവ് എന്നിവ ചാരായാതെ കഠിനമായി അധ്വാനിക്കുന്നവര്‍ക്ക് സിരകളില്‍ ഊര്‍ജം പകരുന്ന "മരുന്ന്" തന്നെയായിരുന്നു. അധ്വാനിക്കാത്തവര്‍ക്കും ഭാരം ചുമക്കാത്തവര്‍ക്കും അത് സിരകളില്‍ ലഹരി ആയിരുന്നു പകര്‍ന്നത്.

രാവിലെ മുതല്‍ വൈകുന്നേരം വരെ പണിയെടുത്തിട്ടു വൈകുന്നേരം ഒരു കുപ്പി (ഫുള്‍ എന്ന് പറയുന്ന 750 ml) ചാരായം കുടിച്ചിട്ട് ഒന്നും സംഭവിച്ചിട്ടില്ല എന്നത് പോലെ സുഖ ജീവിതം നയിച്ചിരുന്നവരെ (ആണുങ്ങളെയും പെണ്ണുങ്ങളെയും) എനിക്കറിയാം (ഇപ്പോഴത്തെ പല ആണുങ്ങള്‍ക്കും അന്നത്തെ നളിനി ജമീല കഴിക്കുന്ന അത്ര മദ്യം (ചാരായം അല്ല) കഴിക്കാനുള്ള ആമ്പിയര്‍ ഇല്ലെന്നു അവരുടെ "ആത്മകഥയില്‍" പറയുന്നുണ്ട്). ഇങ്ങനെയൊക്കെ ഉള്ള അക്കാലത്ത്, ഒരിക്കലും ഒരു പുരുഷന് സ്ത്രീയെ പീഡിപ്പിക്കാന്‍ പറ്റുമായിരുന്നില്ല. നടന്നിരുന്നത് ബലാല്‍സംഗം തന്നെ.

സ്ത്രീ  സമത്വം, സ്ത്രീ പുരോഗമനം, ഫെമിനിസം (അതിന്റെ അര്‍ത്ഥമോ, മലയാളമോ എനിക്കറിയില്ല, സ്ത്രീകളെ സംബന്ധിക്കുന്ന എന്തോ ഒരു കുന്തം എന്ന് മാത്രം അറിയാം), പെണ്ണെഴുത്ത് എന്നിങ്ങനെ പെണ്ണുങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്ത് ഒരു ബലാത്സംഗം പോലും ഇവിടെ നടക്കുന്നില്ല എന്നത് നല്ല കാര്യം തന്നെ. പക്ഷേ വര്‍ധിച്ചു വരുന്ന പീഡനങ്ങള്‍ക്ക് എന്ത് ഉത്തരമാണ് നല്‍കാന്‍ കഴിയുന്നത്?

ബോധോദയമുണ്ടായപ്പോള്‍ എനിക്ക് മേല്പടി സമസ്യക്ക് ഉത്തരം കിട്ടി.

ഇന്നത്തെ സ്ത്രീകള്‍ അബലകള്‍ ആണ്. ആരെങ്കിലുംഅനാവശ്യമായി ദേഹത്ത് തൊടുന്ന സമയത്ത് അബലകളായ അവര്‍ പെട്ടെന്ന് തളര്‍ന്നുപോകുന്നു. അവരുടെ തൊണ്ടക്കുഴി വറ്റി വരളും നാക്കുകള്‍ താഴ്ന്നുപോകും അവരുടെ പല്ലും നഖവും പൊഴിഞ്ഞു പോകും. സര്‍വോപരി അവര്‍ അസ്തപ്രജ്ഞര്‍ ആകും (അതെന്തെന്നു ചോദിക്കരുത്, എനിക്കറിയില്ല). അത് മാത്രമോ, ഇപ്പോള്‍ ഇവരെയൊക്കെ പീഡിപ്പിക്കുന്ന സ്ഥലങ്ങള്‍ വിജനങ്ങള്‍ അല്ല, കാടില്ലാത്തത് കൊണ്ട് കാട്ടുപ്രദേശങ്ങളും അല്ല. ധാരാളം ആളുകള്‍ കൂടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ സ്വന്തം അമ്മ ധ്യാന നിരതയായി ഇരിക്കുന്ന (എന്റെ ധ്യാനം പോലത്തെ ധ്യാനമാണെന്ന് ഞാന്‍ പറയില്ല - അത് എന്നെപോലുള്ള യോഗീ വര്യന്മാര്‍ക്ക് മാത്രേ പറ്റൂ) സ്വന്തം വീട്ടിലെ സ്വന്തം കിടപ്പുമുറി, ലോഡ്ജുകള്‍, ആഡംബര കാറുകള്‍ തുടങ്ങിയ, ഒരു പീഡനത്തെ ഒരു വിധത്തിലും ബലാല്‍സംഗം ആക്കി തീര്‍ക്കാന്‍ പറ്റാത്ത നിഗൂഡ പ്രദേശങ്ങള്‍ ആണ് പീഡിതരും പീഡകരും ഒരുപോലെ തെരഞ്ഞെടുക്കുന്നത്. അങ്ങനെ ഒരു പഴുതുമില്ലാത്ത ഇടങ്ങളില്‍ വച്ച്, പണ്ടത്തെ ആണുങ്ങളുടെ ആമ്പിയര്‍ ഇല്ലാത്ത കശ്മലന്മാര്‍ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക? മാധ്യമ സിണ്ടിക്കേറ്റു പറഞ്ഞാല്‍ പോലും പൊതുജനം വിശ്വസിക്കില്ല. അങ്ങനെ പറഞ്ഞാല്‍ അതില്‍ ഇക്കിളി കുറവായിരിക്കും എന്നത് കൊണ്ട് മാധ്യമ സിണ്ടിക്കേറ്റു അത് പറയുകയും ഇല്ല. മേല്പടി പീഡനം ഒരു രഹസ്യമാണ്. മൂന്നാമതൊരാള്‍ അതൊരു പീഡനം ആണെന്ന് പറയുന്നത് വരെ, അല്ലെങ്കില്‍ പീഡകന്‍ തന്നെയല്ലാതെ (ചിലപ്പോള്‍ 'തങ്ങളെ' അല്ലാതെ) വേറെ ആരെയെങ്കിലും പീഡിപ്പിച്ചു തുടങ്ങുന്നതുവരെ ആദ്യം പറഞ്ഞ അസ്തപ്രന്ജ്ജത അവരില്‍ നിന്നും വിട്ടുമാറില്ല.

അങ്ങനെ അങ്ങനെ പഴയ പാവം ബലാത്സംഗം എന്ന സാധനത്തിനു ഇന്നത്തെ അബലകളായ സ്ത്രീകള്‍ കാരണം ക്ലാസ്സിക്കല്‍ പദവി നഷ്ടപ്പെട്ടിരിക്കുന്നു.  ഇനിയും ബലാത്സംഗം എന്നത് എന്താണെന്ന് നിങ്ങള്ക്ക് മനസ്സിലായില്ലെങ്കില്‍ ചുരുക്കി പറയാം. ബാലന്‍ കെ. നായര്‍ തുടങ്ങിയ പ്രഭൃതികള്‍ ചെയ്തിരുന്നത് ബലാത്സംഗവും നീലത്താമരയിലെ ലവന്‍ ചെയ്തത് പീഡനവും.

ഒരു ചെറിയ സാങ്കല്പിക സിനിമാ കഥ കൂടി പറഞ്ഞുകൊണ്ട് ചുരുക്കാം.

പലതവണ പ്രേമാഭ്യര്‍ത്ഥന നടത്തിയിട്ടും തള്ളിക്കളഞ്ഞു നസീര്‍ിനെ പ്രേമിച്ച ഷീലയെ (അല്ലെങ്കില്‍ ജയഭാരതിയെ) കെ.പി. ഉമ്മര്‍ കാറില്‍ തട്ടിക്കൊണ്ടു പോകുന്നു. കാടിന് നടുവിലെ കൊട്ടാരത്തില്‍, ഷീലയെ (അല്ലെങ്കില്‍ ജയഭാരതിയെ) കെ.പി. ഉമ്മര്‍ ബലാല്‍സംഗം ചെയ്യുന്നു. ഷീല (അല്ലെങ്കില്‍ ജയഭാരതി) നിലവിളിക്കുന്നു, ദുഷ്ടാ ദുഷ്ടാ എന്ന് നിലവിളിക്കുന്നു... പ്രേം നസീര്‍ വരുന്നു. ഷീലയെ (അല്ലെങ്കില്‍ ജയഭാരതിയെ) രക്ഷിക്കുന്നു. ഇത് ഫ്ലാഷ്ബാക്ക്‌.

ഇക്കാലം: മിസ്റ്റര്‍ എക്സ് മിസ്‌ എ യെ മിസ്സ്‌ കാള്‍ ചെയ്യുന്നു, പരിചയപ്പെടുന്നു, ഐസ്ക്രീം കഴിക്കുന്നു. കാറില്‍ കയറ്റുന്നു. പഞ്ച നക്ഷത്ര ഹോട്ടലില്‍ പോകുന്നു. പീഡിപ്പിക്കുന്നു. പീഡനത്തിന്റെ തുടക്കത്തില്‍ മിസ്സ്‌. എ ദുഷ്ടാ ദുഷ്ടാ എന്ന് വിളിക്കുന്നു. വിളി കേള്‍ക്കാന്‍ ആരും വരുന്നില്ല. മിസ്സ്‌. എ അബലയാകുന്നു... അതുകൊണ്ട് ദുഷ്ടാ ദുഷ്ടാ എന്ന വിളി ദുഷ്ടേട്ടാ ദുഷ്ടേട്ടാ എന്നും ഏട്ടാ ഏട്ടാ എന്നും രൂപാന്തരം പ്രാപിക്കുന്നു.

പിന്‍കുറിപ്പ്‌:
ഇത് ആരുടെയെങ്കിലും വികാരങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മന:പൂര്‍വമാണ്.


25 ഓഗസ്റ്റ് 2011

സര്‍ട്ടിഫൈട് ഭീകരന്‍

പഠിക്കുന്ന കാലത്ത് ധാരാളം പ്രണയ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം മലയാളികളുടെയം കൌമാര പ്രണയ ലേഖനങ്ങളെ പോലെ അവയെല്ലാം  വെളിച്ചം കാണാതെ അന്തരീക്ഷത്തില്‍  വിലയം പ്രാപിക്കുകയായിരുന്നു. എന്തിനു പ്രണയ ലേഖനങ്ങള്‍ 'എഴുതി' എന്ന് ചോദിച്ചാല്‍, വളരെ നീണ്ട മറ്റൊരു ബ്ലോഗ്‌ എഴുതേണ്ടി വരുമെന്കിലും 'അധൈര്യം' എന്ന ഒറ്റ വാക്കിലും മറുപടി പറയാന്‍ പറ്റും.

ഒരു തവണ, എഴുതിയ എഴുത്ത് പോക്കറ്റില്‍ ഇട്ടു ഒരുമാസം നടന്നിട്ട്, അത് കൊടുത്താല്‍, കിട്ടുന്നവള്‍ എനിക്കെതിരെ ഒരു തെളിവായി ഉപയോഗിക്കുമോ എന്ന വെറും സംശയം കാരണം (അതെ, അതൊരു 'വെറും സംശയം' മാത്രമായിരുന്നു എന്തെന്നാല്‍, അന്ന് കേരളത്തില്‍ പീഡനം കണ്ടുപിടിക്കപെട്ടിട്ടില്ലായിരുന്നു, എന്ന് മാത്രമല്ല, അത് അമേരിക്കയില്‍ 'ചായ കുടി' പോലെയും ആയിരുന്നു), ഒരു ദിവസം എന്തും വരട്ടേ എന്ന് കരുതി അവളുടെ മുമ്പില്‍ അവതരിപ്പിച്ചു. പ്രേമാതുരനായ പതിവ് കാമുകന്മാരെ പോലെ "ആലോചിച്ചിട്ടു മറുപടി പറഞ്ഞാല്‍ മതി" എന്നും അറിയിച്ചു. എന്നാല്‍, ആലോചിക്കാന്‍ അവള്‍ക്കു അധിക സമയം ഒന്നും വേണ്ടി വന്നില്ല. അപ്പോള്‍ തന്നെ മറുപടിയും കിട്ടി.

"തന്നെ കണ്ടാല്‍ തന്നെ എനിക്ക് പേടിയാകും. എനിക്കെന്നല്ല, ആര്‍ക്കും പേടിയാകും. അതുകൊണ്ട് എന്നെ കൊണ്ട് പറ്റില്ല".

സത്യത്തില്‍, അപ്പോഴാണ്‌ ഞാന്‍ എന്റെ ജീവിതത്തില്‍ ഒരു കണ്ണാടി ആദ്യമായി കാണുന്നത്.

എങ്കിലും, വീണ്ടും ഒന്നുകൂടി യാചിച്ചു. അല്പം സെന്റി. "ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഇഷ്ടം ഒരു പെണ്ണിനോട് തോന്നുന്നത്".

അതിനും  ഉടനെ കിട്ടി ഒരു മറുപടി. "എന്റടുത്തു ഇതിനു മുമ്പും ഒരുപാട് പേര്‍ ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ട്".

ഡിം. പഴയ ശശി കപൂറിനെ പോലെ സുന്ദരന്‍ ആണെന്ന് ആ നിമിഷം വരെ കരുതിയിരുന്ന എന്റെ സകല അഹങ്കാരവും അതോടുകൂടി തീര്‍ന്നു. പിന്നീട് അവളുടെ മുന്നില്‍ എന്നല്ല, പിന്നെ ആരുടെ മുന്നിലും ഇങ്ങനെ ഒക്കെ പറയാനുള്ള അവസരം ഉണ്ടാക്കിയിട്ടില്ല. പെണ്‍കുട്ടികളോട് അതിനു ശേഷം വല്ലാത്ത ഒരു വൈരാഗ്യം തന്നെ വന്നുകൂടി. ഇങ്ങോട്ട് സംസാരിക്കാന്‍ വന്നാല്‍ പോലും മൈന്‍ഡ്‌ ചെയ്യില്ല. നേരെ നോക്കുക കൂടിയില്ല. കാരണം, ഞാന്‍ ഒരു ഭീകരന്‍ ആണല്ലോ.

ഇങ്ങനെ ഒക്കെ ആണെങ്കിലും, എന്നെ പോലെ ഒരു പാവത്താന്‍ ശുദ്ധന്‍ നിര്‍മ്മലന്‍ ഈ ലോകത്തില്‍ വേറെ ഇല്ലെന്നു എന്റെ സുഹൃത്തുക്കള്‍ക്ക് അറിയാം. ഇത് ചിലപ്പോള്‍ അവര്‍ മുതലെടുത്തിട്ടും ഉണ്ട്. ഈ മുതലെടുപ്പ്, പുതിയ ബാച്ചിലെ കുട്ടികളെ പരിചയപ്പെടുന്ന അവസരങ്ങളില്‍ ആയിരിക്കും. ചില കുട്ടികളെ, എങ്ങനെ ഒക്കെ ശ്രമിച്ചാലും പഴയ അണ്ണന്മാര്‍ക്ക് വിരട്ടാന്‍ പറ്റില്ല. അവര് വളരെ കൂള്‍ കൂള്‍ ആയിരിക്കും. അങ്ങനെ ഉള്ള അവസരത്തിലാണ് എന്റെ സഹായം തേടുന്നത്. നേരത്തെ തന്നെ 'കണ്ടാല്‍ പേടി ഉണ്ടാക്കുന്നവന്‍' എന്നാ സര്‍ട്ടിഫിക്കേറ്റ്‌ കിട്ടിയിട്ടുള്ള ആത്മ വിശ്വാസത്തില്‍ അണ്ണന്മാരുടെ കൂടെ ഞാനും ഒരു ദിവസം കൂടി.

ആ വര്ഷം പുതിയ ബാച്ചില്‍ വിനില എന്ന് പേരുള്ള ഒരു ഓമനത്വം തോന്നുന്ന ഒരു കൊച്ചുണ്ടായിരുന്നു. കോളേജിലെ വന്പന്മാര്‍ വിചാരിച്ചിട്ടും ആ കൊച്ചു വിരളുന്നില്ല. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നു. ഒരു രക്ഷയുമില്ല. ഒടുവില്‍ അണ്ണന്മാര്‍ എന്റെ സഹായം തേടി.

പൊതുവേ ചിരിക്കാത്ത ഈ മോന്തയില്‍ കുറച്ചു കൂടി ഗൌരവം വരുത്തി. എനിക്ക് സര്‍ട്ടിഫിക്കറ്റ്‌ നല്കിയവളെ മനസ്സാ സ്മരിച്ചു. ഞരമ്പുകളില്‍ കൂടി രോക്ഷം ഇരച്ചു കയറി,  അത് കണ്ണുകളെ ചുവപ്പിച്ചു.

ഒരു  ഡെസ്ക്കിന്റെ പുറത്തു കയറി ഇരുന്നു. ഒരു കാലു നിലത്തും ഒരു കാലു ബഞ്ചിലും. കൈവിരലുകള്‍ ഞൊട്ടി (ഒരുമാതിരി നായകളെ വിളിക്കുന്ന പോലെ) ശബ്ദം ഉണ്ടാക്കി ആ കൊച്ചിനെ അടുത്ത് വിളിച്ചു. അവളുടെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി. അടുത്ത് വന്നു. ചുണ്ടില്‍ ചിരി ഉണ്ടെങ്കിലും കണ്ണുകളില്‍ പതുക്കെ ഭയം ഉരുണ്ടു കൂടുന്നത് എന്റെ ഭീകര നേത്രങ്ങള്‍ തിരിച്ചറിഞ്ഞു.

"എന്താ പേര്?"

"വിനില"

"എന്തോ?"

 "വിനില"

"ഉറച്ചു പറയണം, എനിക്ക് കേള്‍വി കുറവാണ്". അത് ഞാന്‍ അല്പം ഉറക്കെയാണ് പറഞ്ഞത്. ഇത്രയും ആയപ്പോള്‍, ക്ലാസ്സില്‍ പൂര്‍ണ്ണ നിശബ്ദത.

"വിനില"

"എവിടെ സ്ഥലം?"

വിനിലയുടെ കവിളുകള്‍ ചുവന്നു. ചുണ്ടുകള്‍ വിറക്കുന്നു.

"ചോദിച്ചത് കേട്ടില്ലേ, എവിടെ സ്ഥലം?"

ഉത്തരം മുളന്ചീര്‍ കീറുന്നത് പോലെ ഒരു ശബ്ദമായിരുന്നു. വിനില കരയുന്നു. കൊച്ചു കുട്ടികളെ പോലെ. തുറന്ന വായ അങ്ങനെ തന്നെ ഇരിക്കുന്നു. കുട്ടികള്‍ എല്ലാം ഓടിക്കൂടി. ചേച്ചിമാരും ഓടിക്കൂടി.  ശ്വാസംപോലും എടുക്കാതെ കൊച്ചു കീയോ എന്ന് കരയുന്നു.  അണ്ണന്മാര്‍ ഓരോരുത്തരായി പതുക്കെ മുങ്ങി തുടങ്ങി. നിന്നാല്‍ കലിപ്പാകും എന്ന് കരുതി ഞാനും പതുക്കെ മുങ്ങി.

രണ്ടു ദിവസത്തേക്ക് പിന്നെ കോളേജില്‍ കണ്ടില്ല. ആ കൊച്ചിന് വല്ല പ്രശ്നം ഉണ്ടോ എന്നു അറിയില്ല. ഏതായാലും മൂന്നാമത്തെ ദിവസം കോളേജില്‍ ചെന്നപ്പോള്‍ വിനില ഉണ്ട്. ഒന്നും സംഭവിക്കാത്തത് പോലെ. പഴയ ചുണകുട്ടിയായി.

"ഇനി എന്നെ വിരട്ടാന്‍ ഒന്നും നോക്കണ്ട അണ്ണാ. സ്മൃതി ചേച്ചി പറഞ്ഞു, അണ്ണന്‍ ഒരു അശു ആണെന്ന്. ഞാന്‍ ഇനി പേടിക്കില്ലാ. രണ്ടു ദിവസം എവിടെ ആയിരുന്നു? പനിപിടിച്ചോ?"

സത്യത്തില്‍ രണ്ടു ദിവസം പേടിച്ചിട്ടു കോളേജില്‍ പോകാതിരുന്നത് ഞാന്‍ ആയിരുന്നു.

23 ഓഗസ്റ്റ് 2011

ഒരു കടംകഥ


എന്റെ സുഹൃത്ത്‌ പറഞ്ഞിട്ടുള്ള ഒരു കടംകഥയാണ്‌.

ദിവസം 1.
ചോദ്യം: ഒരു  പക്ഷി, ആകാശത്ത് കൂടെ പറക്കുകയായിരുന്നു. പക്ഷിക്ക് മുട്ടയിടാന്‍ തോന്നി. മുട്ടയിട്ടു, പറക്കുമ്പോള്‍ തന്നെ. മുട്ട വീണത്‌ ഒരു പാറപ്പുറത്ത്. മുട്ട പൊട്ടിയില്ല! എന്തുകൊണ്ട്?
ഉത്തരം: മുട്ടയുടെ ഭാഗ്യം...

ദിവസം 2.
ചോദ്യം: അടുത്ത ദിവസം അതേ പക്ഷി അതേ പാറയുടെ മുകളില്‍ മുട്ടയിട്ടു. മുട്ട പൊട്ടിയില്ല. എന്തുകൊണ്ട്?
ഉത്തരം:എക്സ്പീരിയന്‍സ്

ദിവസം 3.
വീണ്ടും ചോദ്യം: അടുത്ത ദിവസവും പക്ഷി മുട്ടയിട്ടു. മുട്ട പൊട്ടിയില്ല. എന്തുകൊണ്ട്?
ഉത്തരം: കോണ്ഫിടന്‍സ്

ദിവസം 4.
പിന്നെയും ചോദ്യം:അടുത്ത ദിവസവും പക്ഷി മുട്ടയിടല്‍ ആവര്‍ത്തിച്ചു. മുട്ട പൊട്ടി. എന്തുകൊണ്ട്?
ഉത്തരം: ഓവര്‍ കോണ്ഫിടന്‍സ്.

ഈ കടംകഥകള്‍ 1990 കളില്‍ (അതായത് മൊബൈല്‍ ഫോണ്‍ എന്ന അലവലാതി ജനങ്ങളെ പിരിക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍ മാത്രമല്ല, ഇന്റര്‍നെറ്റ്‌, സാടലൈറ്റ്‌ ചാനല്‍ തുടങ്ങിയ പോക്കിരികളും ഉണ്ടായിരുന്നില്ല) ഞങ്ങള്‍ തിരുവന്തോരം മ്യൂസിയത്തില്‍ സ്ഥിരം കണ്ടുമുട്ടുമായിരുന്ന സമയത്ത് പറഞ്ഞതാണ്. അന്ന് പീഡനങ്ങള്‍ പത്രങ്ങള്‍ക്കു സെന്‍സേഷന്‍ ആയിരുന്നില്ല. അതുകൊണ്ട് പുതിയ പീഡന കഥകള്‍ക്കായി ആരും കാത്തിരിക്കാതെ സൌഹൃദ കൂട്ടായ്മയുടെ കുളിരും കുന്നായ്മയും കുണ്ടാമാണ്ടികളും ആസ്വദിക്കുന്ന കാലഘട്ടം.

ഈ കടംകഥ ഇന്ന് ഓര്‍ക്കുവാന്‍ കാരണമുണ്ട്.

 ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ കാണാതായ പെണ്‍കുട്ടിയെ  മഹാരാഷ്ട്രയിലെ ഒരു റെയില്‍വേ സ്റേഷനില്‍ നിന്നും കേരള പോലീസ് കണ്ടെത്തിയ ഇക്കിളി കഥ ഇന്നത്തെ കേരള കൌമുദിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇക്കിളി കഥയുടെ ചുരുക്കം ആദ്യം പറഞ്ഞ കടംകഥ തന്നെ. രണ്ടുമാസം മുമ്പ് ആദ്യം ഒരാള്‍ "മിസ്ഡ്‌ കാളിലൂടെ" പരിചയപെട്ടു 'പീഡിപ്പിക്കുന്നു'. പിന്നീട്  ആ 'പീഡനം' തുടരുന്നു. അതിനിടയില്‍ ഒരു മഹാരാഷ്ട്രക്കാരന്‍ വീണ്ടും 'മിസ്ഡ്‌ കാളിലൂടെ' പരിചയപ്പെടുന്നു, കുട്ടിയെ 'തട്ടിക്കൊണ്ടു' പോകുന്നു. എന്തായാലും അയാള്‍ 'പീഡിപ്പിച്ചില്ല' എന്നാണ് കുട്ടിയും പോലീസും പറയുന്നത്. എന്നാല്‍ കഴിഞ്ഞ വര്ഷം ഒരാള്‍ ഇതുപോലെ 'തട്ടിക്കൊണ്ടു' പോയി 'പീഡിപ്പി'ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വഴിക്ക് വച്ച് പോലീസ് പിടിയില്‍ ആയതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു എന്നും റിപ്പോര്‍ട്ട് തുടര്‍ന്ന് പറയുന്നു.

വെറും പതിനഞ്ചു വയസ്സായ, എട്ടും പൊട്ടും തിരിയാത്ത കൊച്ചു കുഞ്ഞിനെ കാപാലികര്‍ ആ കുഞ്ഞിന്റെ നിഷ്കളങ്കത മുതലെടുത്തു ആ കുഞ്ഞിന്റെ മൊബൈലിലേക്ക് 'മിസ്ഡ്‌ കാള്‍' ചെയ്തു പീഡിപ്പിക്കുന്നു. കേരളം പോയ ഒരു പോക്കേ. ഇത്രയ്ക്കു കാപാലികര്‍, നിഷ്ഠൂരര്‍ ആയി തീരുക മാത്രമല്ല, അതേ നിഷ്ഠൂരത ഇവിടെ പണിക്കു വരുന്ന പരദേശികളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ തക്ക രീതിയില്‍ വളരുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ പുരുഷന്മാരെ, നിങ്ങളെ ഓര്‍ത്തു, നിങ്ങളില്‍ ഒരുവനായ ഞാന്‍ ലജ്ജിക്കുന്നു.

ഇനിയും നിങ്ങള്‍ ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് ഒരു രക്ഷാകര്‍ത്താവിന്റെ പരിവേദനം നിങ്ങള്‍ ഒന്നു വായിച്ചു നോക്കണം.

കേരളത്തിലെ മെഡിക്കല്‍ സൌകര്യങ്ങള്‍ ഇത്രയൊക്കെ പുരോഗമിച്ചിട്ടും അബദ്ധത്തില്‍ ജനിച്ചുപോകുന്ന പെണ്‍കുട്ടികളെ എത്ര ശ്രദ്ധയോടെയാണ് ഞങ്ങള്‍ വളര്‍ത്തുന്നതെന്ന് നിങ്ങള്‍ ഓര്‍ക്കണം. ജനിച്ചു വീഴുന്നതുമുതല്‍, ഇവിടുത്തെ പുരോഗമന വാദികളും ബുദ്ധിജീവികളും ചവറു എന്ന് പറയുന്ന, പക്ഷെ ജീവിത പ്രാരാബ്ധങ്ങളില്‍ കുടുംബത്തിന്റെ ഏക ആശ്വാസമായ മെഗാ സീരിയലുകള്‍ യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ രൂപങ്ങളായ റിയാലിറ്റി ഷോകള്‍ എന്നിവയൊക്കെ കാണിച്ചു കൊഞ്ചിച്ചു ഒമാനിച്ചാണ് ഞങ്ങള്‍ പെണ്മക്കളെ പോറ്റി വളര്‍ത്തുന്നത്. ആണ്‍കുട്ടികള്‍ നിങ്ങളെ പോലെ, ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ അവന്മാര്‍ക്ക് ഈ പരിപാടികളെ പുശ്ചം!


അത് മാത്രമോ, എല്ലാ ആഴ്ചയും ബ്രോയിലര്‍ ചിക്കന്‍, നൂഡില്‍സ്, പിന്നെ പെട്ടെന്ന് വളരുവാനും വലുതാകാനും ടി.വി.യില്‍ പറയുന്ന എല്ലാ ചപ്പു ചവറുകളും ഞങ്ങളുടെ മക്കള്‍ക്ക്‌ പാടുപെട്ടു കൊടുത്താണ് അവരെ തണ്ടും തടിയും ഉള്ളവരാക്കി വളര്‍ത്തുന്നത്.


അക്ഷരമാല പഠിച്ചു തുടങ്ങുമ്പോള്‍ മുതല്‍ ഞങ്ങള്‍ മൊബൈല്‍ ഫോണുകളാണ് അവര്‍ക്ക് കളിപ്പാട്ടമായി കൊടുക്കുന്നത്. തങ്കകുടങ്ങള്‍ എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ പഠിക്കുന്നത് എന്നറിയാമോ? ഞങ്ങളെ പോലും അവരാണ് സത്യത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നത്. ഇങ്ങനെയുള്ള മക്കള്‍ പത്താം വയസ്സില്‍ സ്വന്തമായി മൊബൈല്‍ വേണമെന്ന് പറയുമ്പോള്‍ അവരെ പിണക്കുന്നത് ശരിയാണോ? പന്ത്രണ്ടാം വയസ്സില്‍ കമ്പ്യൂട്ടര്‍ വേണമെന്ന് പറയുമ്പോള്‍ അവരെ പിണക്കുന്നത് ശരിയാണോ? കമ്പ്യൂട്ടര്‍ പഠിക്കുമ്പോള്‍ ടി.വി. ശല്യമാകെണ്ടാ എന്ന് കരുതി അവരുടെ ബെഡ്റൂമില്‍ തന്നെ അത് വച്ച് കൊടുക്കുന്നതല്ലേ ഉത്തമം? കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് കമ്പ്യുട്ടറും, മൊബൈല്‍ ഫോണും ഒന്നുമില്ലെന്കില്‍, അതും ഞങ്ങളുടെ കുട്ടികള്‍ അല്ലേ കൊടുത്തു സഹായിക്കുന്നത്? ഇത് മാത്രമോ, മൊബൈല്‍ ഫോണ്‍ വഴി എന്തുമാത്രം നോട്ടുകളാണ് ഞങ്ങളുടെ കുട്ടികള്‍ കൊണ്ട് വന്നു പാതിരാത്രി വരെ ഉറക്കിളച്ചു പഠിക്കുന്നത്. പിന്നെ, ഡി.വി.ഡി. കളുടെ കാര്യം പറയേ വേണ്ട. അത് മാത്രമോ, ഞങ്ങളുടെ മക്കളുടെ മിടുക്ക് കണ്ടു അവരുടെ കൂട്ടുകാരും അധ്യാപകരും പോലും അവര്‍ക്ക് മൊബൈലും സിമ്മും റീ-ചാര്‍ജ്ജും ഒക്കെ വാങ്ങി കൊടുക്കും.

അനുദിനം  ഇത്തരം പീഡന കഥകള്‍ ഒക്കെ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടും ഞങ്ങളുടെ കുട്ടികളെ തന്നെ നീയൊക്കെ പീഡിപ്പിക്കും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലല്ലോ ദൈവമേ.


ഇങ്ങനെ ഒക്കെ, കൊഞ്ചിച്ചും ലാളിച്ചും വളര്‍ത്തുന്ന ഞങ്ങളുടെ പോന്നു മക്കളെ അല്ലെ ദുഷ്ട പരിക്ഷകളെ, നിങ്ങള്‍ കൊണ്ട് പോയി പീഡിപ്പിക്കുന്നത്? പെറ്റ തള്ള എങ്ങനെ സഹിക്കുമെടാ മഹാപാപികളെ? നിനക്കൊക്കെയും ഇല്ലെടാ അമ്മമാരും പെങ്ങമ്മാരും? ഒരു കാലത്തും നിങ്ങള്‍ കൊണം പിടിക്കാന്‍ പോകുന്നില്ല.



പിന്‍കുറിപ്പുകള്‍:
1. ആരുടെയെങ്കിലും വികാരങ്ങളെ വൃണപ്പെടുത്താന്‍ അല്ല ഈ കുറിപ്പ്.
2. എനിക്കും അമ്മയും അമ്മൂമ്മയും അനിയത്തിയും ഭാര്യയും ശേഷക്കാരിയും സര്‍വോപരി മകളും ഉണ്ട്.
3. പത്രത്തിലെ ഇക്കിളി വാര്‍ത്ത വീണ്ടും കൊടുത്തത് ഇക്കിളിപ്പെടാനല്ല.

22 ഓഗസ്റ്റ് 2011

മലയാളി എന്നതുകൊണ്ട് ലജ്ജിച്ച ചില നിമിഷങ്ങളില്‍ ഒന്ന്.

ഈ സംഭവം നടക്കുന്നത് അങ്ങ് ദുഭായില്‍ വച്ചാണ്.

ദുഭായിയുടെ പ്രതാപ കാലത്ത് കുറച്ചു നാള്‍ അവിടെ 'അര്‍മാദിച്ചു' ജീവിക്കുവാന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ട്. അര്‍മാദം എന്ന് പറഞ്ഞാല്‍ സത്യത്തില്‍ ദുഭായില്‍ ജീവിചിട്ടുള്ളവര്‍ക്കെ മനസ്സിലാകൂ.

രാവിലെ ആറുമണിക്ക് മണിക്ക് കൃത്യമായി എഴുന്നേല്‍ക്കും. അലാറം ഒന്നും വേണ്ട ബെട്സ്പെസ് എന്ന് പറയുന്ന താമസ സൗകര്യത്തില്‍ ഉണരാന്‍ . പിന്നെ, പൂച്ചയെപോലെ പമ്മി പതുങ്ങി താഴെ ഇറങ്ങും. താഴെ എന്ന് പറഞ്ഞാല്‍ ഒരുപാട് നിലകള്‍ ഉള്ള കെട്ടിടത്തിന്റെ താഴെ എന്ന് ധരിക്കണ്ട. രണ്ടു നിലയുള്ള കട്ടിലിന്റെ മുകളിലത്തെ നിലയില്‍ നിന്നുമാണ്. താഴത്തെ നില കിട്ടണമെങ്കില്‍ സീനിയോരിറ്റി ഉണ്ടാകണം. കട്ടിലില്‍ നിന്ന് ഇറങ്ങുമ്പോള്‍, അനക്കമോ ശബ്ദമോ ഉണ്ടായാല്‍ പിന്നെ തെറിയുടെ അഭിഷേകമായിരിക്കും. പിന്നെ, പ്രഭാത കൃത്യങ്ങള്‍ക്കായുള്ള പാച്ചിലാണ്. ഒന്നും രണ്ടും മൂന്നും നാലും ഒരേ സമയം കഴിയും (ഷേവ്‌, കുളി എന്നിവയാകുന്നു മൂന്നും നാലും). എല്ലാംകൂടി അഞ്ചു നിമിഷത്തിനുള്ളില്‍ . പിന്നെ, അതുപോലെ ഡ്രസ്സ്‌ ചെയ്തു വണ്ടി പിടിക്കാനുള്ള ഓട്ടം. സമയത്തിന്റെ വില ശരിക്കും മനസ്സിലായ ദിവസങ്ങള്‍ ആയിരുന്നു അത്.

രാവിലെ ഏഴു മുതല്‍ വൈകുന്നേരം എട്ടു വരെ ആപ്പീസ്. ഉച്ചക്ക് രണ്ടു മണിക്കൂര്‍ വിശ്രം അനുവദിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും കഥയില്ല. കൃത്യം ആ സമയത്ത് ആയിരിക്കും അറബാബ് എന്ന മുതലാളി വിളിച്ചു തെറി പറയുന്നത്. അറബാബ് അറബിയോന്നുമല്ല. ഒന്നാംതരം സര്‍ദാര്‍ . പഞ്ചാബി, ഹിന്ദി തെറികള്‍ രണ്ടാഴ്ചകൊണ്ട് ഞാന്‍ പഠിച്ചു കഴിഞ്ഞു. ഭാഗ്യത്തിന് സര്‍ദാര്‍ജിക്ക് മറ്റു ഭാക്ഷകള്‍ വശമില്ലായിരുന്നു.

ആപ്പീസില്‍ മാനേജര്‍ വേറൊരു സര്‍ദാര്‍ജി. കുല്‍ദീപ്‌ സിംഗ് ജീ. പിന്നെ ഗുരുദാസ്‌ ജീ എന്ന അസിസ്റ്റന്റ്‌ മനജേര്‍ എന്ന ഞാന്ജീ.ബാക്കി സ്റ്റാഫ്‌ എല്ലാം ഡ്രൈവര്‍മാരും മെക്കാനിക്കും ആണ്. ആപ്പീസില്‍ വരേണ്ട കാര്യമില്ല.

പണ്ട് ദുബായില്‍ ഡ്രൈവര്‍ ആയിട്ട് വന്നതാണ് ഡെബ്ബി എന്ന ഗുര്‍ദേവ് സിംഗ് എന്ന അറബാബ് എന്ന മുതലാളി. (എന്റെ പേര് മാത്രമാണ് ആ കമ്പനിയില്‍ എനിക്ക് ജോലി കിട്ടാനുള്ള ഏക കാരണം). ഡ്രൈവര്‍ പിന്നീട് ചാരായ കച്ചവടം ചെയ്തു. പിന്നീട് മുതലാളി ആയി. രാവിലെ ഒന്‍പതു മണിക്ക് വരും. "ഗുരുദാസ്‌ ഏക്‌ ചായ്‌ ബനാവോ യാര്‍". ചായ ബനായെഗ, വോ പീയെഗ, ഫിര്‍ ചലേഗ.

പിന്നെ വരുന്നത് വൈകുന്നേരം നാലുമണിക്ക്. അന്നേരം, ആ ഭാഗത്തുള്ള എല്ലാ സര്‍ദാര്ജീമാരും ഉണ്ടാകും. ഓരോരുത്തര്‍ വരുമ്പോഴും "ഗുരുദാസ്‌ ഏക്‌ ചായ്‌ ബനാവോ യാര്‍"... ആറു മണിവരെ അവരുടെ ബഹളമാണ്. ഇടയ്ക്കു ആരെങ്കിലും ബര്‍ഫി, ലഡ്ഡു തുടങ്ങിയ കൊണ്ടുവരും. വീണ്ടും "ഗുരുദാസ്‌ ഏക്‌ ചായ്‌ ബനാവോ യാര്‍". 

ഇത് മാത്രമാണ് പണിയെന്ന് കരുതരുത്. രാവിലെ ഓഫീസ് തുറക്കണം. ഓഫീസും പുറവും അടിച്ചു വൃത്തിയാക്കണം. പത്തു കണ്ടൈനര്‍ ലോറികളുടെ കണക്കെടുക്കണം, അതിലെ കണ്ടൈനര്‍ അതിനുള്ളിലെ സാധനം, ഡ്രൈവര്‍, അവര്‍ ഉള്ള സ്ഥലം, അവരുടെ ക്ഷേമം (എല്ലാ ഡ്രൈവര്‍മാരും അറബാബിന്റെ സ്വന്തം ആള്‍ക്കാര്‍ ആണ്. - നമ്മള്‍ മലയാളികള്‍ക്ക് ഗള്‍ഫില്‍ പോകണം എന്നതാണ് ചിരകാല അഭിലാഷം (കോട്ടയത്തെ മലയാളികളുടെ അല്ല) എങ്കില്‍, പഞ്ചാബികളുടെ ചിരകാല അഭിലാഷം ലണ്ടന്‍, കാനഡ എന്നീ സ്ഥലങ്ങള്‍ ആകുന്നു. അതിനിടക്കുള്ള ഇടത്താവളമാണ് ദുഭായി) എല്ലാം തിരക്കി, റസല്‍ ഖൈമയിലെ ആര്‍.എ.കെ. സിറാമിക്സിലെ കോയ സാറിനെ അറിയിക്കണം. പിന്നെ വൈകുന്നേരം കോയ സാര്‍ തരുന്ന ഓര്‍ഡര്‍ ഡ്രൈവര്‍മാര്‍ക്ക് കൊടുക്കണം, ഇതിനിടയില്‍ ഇന്‍വോയ്സ്, സാലറി, മറ്റു അക്കൌണ്ടുകള്‍ ഒക്കെ നോക്കണം. ഇതിനിടയില്‍ ആണ് അറബാബിനു ചായ.

ഈ തിരക്കിനിടയില്‍ പ്രാതല്‍, ഊണ്, അത്താഴം എന്നിവ ഒക്കെ ചിലപ്പോള്‍ നടന്നാലായി അല്ലെങ്കില്‍ ഇല്ല. പ്രാതല്‍, പിന്നീട് പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ഉച്ചക്കുള്ള ഊണ് പണ്ടേ ഉപേക്ഷിച്ചതാണ്.

അന്ന് ഫേസ്ബുക്ക് വന്നിട്ടില്ല (വന്നിട്ടും എന്തെങ്കിലും കാര്യ ഉണ്ടായിരുന്നില്ല). വൈകുന്നേരം ആപ്പീസ് ഒക്കെ അടച്ചു പൂട്ടി വല്ലതും വല്ലപ്പോഴും കഴിച്ചു റൂമില്‍ എത്തിയാല്‍ പുകിലാണ്. ചിലര്‍ ഉറങ്ങും. ചിലര്‍ ടി.വി. കാണുന്നുണ്ടാകും . റൂമിന്റെ ഉടയോന്‍, ആറ്റിങ്ങല്‍ കാരന്‍ നസീം കാക്ക മദ്യക്കുപ്പികളോട് മല്ലിട്ട് കൊണ്ട് തന്റെ തൊഴിലാളികളെ തെറിയും വിളിച്ചു ഏതെന്കിലും ഒരു മൂലയില്‍ ഉണ്ടാകും. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും ഭീകര കുടിയന്‍ ആയിരുന്നു നസീം കാക്ക.

ദുഭായില്‍ എത്തി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍, പിന്നെ, നാട്ടില്‍ നിന്നും ആരും വിളിക്കതെയായി. അഥവാ വല്ല വിളിയും വന്നാല്‍, അത് എന്തെങ്കിലും ഒരു കാര്യത്തിനായിരിക്കും. അങ്ങനെ ദുഭായില്‍ 'അരമാദിക്കുന്ന' സമയം.

HIT 96.7 FM എന്ന ദുബായിയുടെ സ്വന്തം റേഡിയോയില്‍ നല്ല പാട്ടുകളും, ലോകം, ഇന്ത്യ, കേരളം എന്നിവയെ കുറിച്ചുള്ള കലര്‍പ്പില്ലാത്ത വാര്‍ത്തകളും കേള്‍ക്കും. നല്ല മലയാള ഭാക്ഷ സംസാരിക്കാന്‍ അറിയാവുന്നവര്‍ അവിടുത്തെ റേഡിയോയില്‍ പണി ചെയ്യുന്നുണ്ട്.അര്‍മാദത്തിനിടയില്‍ ഈ റേഡിയോ പരിപാടികളും, മലപ്പുറംകാരന്‍ കോയ സാര്‍ , പാലക്കാടുകാരന്‍  മണി സാര്‍ , തുടങ്ങിയവരോട് സംസാരിക്കുന്ന മലയാളവും ആയിരുന്നു ആശ്വാസം.

ഒരു റംസാന്‍ സമയം. മൂന്ന് ദിവസം തുടര്‍ച്ചയായി അവധി. മിക്കവാറും സമയം റൂമില്‍ തന്നെ. ടി.വി. യിലെ എന്തൊക്കെയോ റിയാലിറ്റി ഷോ കണ്ടു സമയം നീക്കി. വൈകുന്നേരം, അല്പം ശുദ്ധവായു ശ്വസിക്കാന്‍ പുറത്തിറങ്ങി. ആകെ ഇരുണ്ട ഒരു അന്തരീക്ഷം. പൂട്ടിയ ഗേറ്റില്‍ പിടിച്ചുകൊണ്ടു മരുഭൂമിയെ നോക്കി നിന്നു. ആകാശം മേഘാവൃതം.

കുറച്ചു സമയം അങ്ങനെ നിന്നപ്പോള്‍, ഒരു അറുപതു വയസ്സ് തോന്നിക്കുന്ന ഒരു പച്ച ചാച്ച (പാകിസ്ഥാന്‍ കാരെ ദുഭായിലുള്ള എല്ലാ മലയാളികളും ജാതി മത ചിന്ത കൂടാതെ വിളിക്കുന്ന പേരാണ് പച്ച എന്നത്) അയഞ്ഞ പൈജാമ്മയും ജുബ്ബയും ഇട്ടുകൊണ്ട് വന്നത്.

"ക്യാ ഹാല്‍ ഹെ ബാബൂജീ", പച്ച കിന്നാരം ചോദിച്ചു.

മഴ പെയ്യുമെന്ന് തോന്നുന്നു ചാച്ചാ എന്ന് എനിക്ക് പറയണമെന്നുണ്ട്. അറബിയും ഹിന്ദിയും ഉര്‍ദുവും ഒന്നും പറയാനുള്ള അറിവ് അപ്പോള്‍ ആയിട്ടില്ല.

"ടീക് ടാക് ഹെ" അറിയാവുന്ന ഹിന്ദിയില്‍ ചാച്ചയോടു പറഞ്ഞു. "മഴ പെയ്യുമെന്ന് തോന്നുന്നു. പെയ്തിരുന്നെന്കില്‍ കൊള്ളായിരുന്നു" എന്ന് മലയാളത്തില്‍ ആത്മഗതമായും പറഞ്ഞു.

"പെയ്യില്ല . ഇവിടുത്തെ കാലാവസ്ഥ ഇങ്ങനെ തന്നെ . മഴയൊന്നും പെയ്യില്ല " പച്ച ചാച്ച പച്ചവെള്ളം പോലെ മലയാളത്തില്‍ മറുപടി തന്നു. നല്ല ഒന്നാംതരം മലയാളം. ഞാന്‍ വാ പൊളിച്ചു നിന്നുപോയി.

"ബാബൂജീ, മുപ്പത്തഞ്ചു വര്‍ഷമായി, ഞാനും നിങ്ങളുടെ കുല്‍ദീപ്‌ ബായിയും ഒക്കെ ദുബായില്‍ വന്നിട്ട്. നിങ്ങള്‍ മദ്രാസികളുടെ കൂടെ തന്നെ ഈ മുപ്പത്തഞ്ചു വര്‍ഷവും. അതുകൊണ്ട് മലബാറി ഞങ്ങള്‍ക്കും അറിയാം"

തിരികെ വീണ്ടും റൂമില്‍ വന്നു. ടി.വി.യില്‍ അപ്പോഴും റിയാലിറ്റി ഷോ. ഒന്നാംതരം രഞ്ജിനി മലയാളത്തില്‍. അന്ന് ആദ്യമായി മലയാളി ആയതില്‍ എനിക്ക് പുശ്ചം തോന്നി. മലയാളം പറയുന്ന, ഒരിക്കല്‍ പോലും കേരളത്തില്‍ വന്നിട്ടില്ലാത്ത, ഒരിക്കല്‍ പോലും വരാന്‍ പറ്റാത്ത, ഒരു ഇന്ത്യാക്കാരന്‍ പോലും അല്ലാത്ത ഒരു കിഴവന്‍ പറയുന്ന വ്യക്തതയില്‍ പോലും എന്റെ സ്വന്തം നാട്ടുകാര്‍ക്ക്, അതും ഭൂലോകത്തിലെ സര്‍വ മലയാളികളുടെയും സ്വീകരണ മുറിയില്‍ എത്തുന്ന പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് പറയാന്‍ പറ്റുന്നില്ലല്ലോ ദൈവമേ...

അന്നത്തെ ദിവസം മുതല്‍, റിയാലിറ്റി ഷോ എന്നല്ല, വാര്‍ത്ത ഒഴികെയുള്ള മലയാളം ടി.വി. പരിപാടികള്‍ കാണുന്നത് ഞാന്‍ നിര്‍ത്തി.