19 മേയ് 2015

രണ്ടു പുണ്യ ദര്ശ നങ്ങള്‍



രണ്ടു പുണ്യ ദര്‍ശനങ്ങളുടെ കഥയാണ്‌.

ആദ്യത്തേത് കുറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്.  ഒരു ശബരിമല ദര്‍ശനം.  ഞാനും സുഹൃത്തുക്കളും ഉണ്ട്. അത്തവണ അധികം ക്യൂ ഒന്നും നില്‍ക്കേണ്ടി വന്നില്ല. സുഹൃത്തുക്കള്‍ക്ക് അയ്യപ്പനെ അടുത്ത് കാണണം. തൊഴണം. ഒരുവന്റെ ബന്ധുവോ പരിചയക്കാരനോ ആരോ ഒരാള്‍ അത്തവണ സന്നിധാനത്ത് ഉണ്ട്. അയാളെ സ്വാധീനിച്ചു സ്വാധീനമുള്ളവരുടെ ക്യൂവില്‍ കടന്നുകൂടി അയ്യപ്പനെ അരുകില്‍ കണ്ടു. കണ്ടു എന്ന് തീര്‍ത്തു പറയാന്‍ സാധിക്കില്ല. അയ്യപ്പനെക്കാള്‍ ഉപരി ഇടനിലക്കാരായ പരികര്‍മ്മികളുടെ പൃഷ്ടഭാഗം വ്യക്തമായും അയ്യപ്പവിഗ്രഹത്തെ അല്പമായും കണ്ടു എന്നെ ഉള്ളൂ.

കഷ്ടപ്പെട്ട് പാടുപെട്ടു സാധാരണ ക്യൂവില്‍ നില്‍ക്കുന്ന അയ്യപ്പന്മാരും സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് സാമിമാരും ഒരുപോലെ ഞങ്ങളെ നോക്കി ശരണം വിളിക്കുന്നു "സ്വാമിയേ, ശരണം അയ്യപ്പാ...". മാലയിട്ടു വൃതം തുടങ്ങിക്കഴിഞ്ഞാല്‍ ആരെയും ചീത്ത വിളിക്കാന്‍ പാടില്ല എന്നതാണ് ചട്ടം.  ആയതിനാല്‍, സാധാരണ ക, മ, പ, ത തുടങ്ങിയ അക്ഷരങ്ങളില്‍ ആരംഭിക്കുന്ന തെറി ഉപയോഗിക്കേണ്ട അവസരത്തില്‍ "സ്വാമിയെ ശരണം അയ്യപ്പാ..." എന്ന "സ്ട്രെസ്സ് റിലീവര്‍" ആണ് പതിവ്. ആ വിളിയില്‍ എല്ലാം അടങ്ങിയിരിക്കുന്നു.  കല്ലുകൊണ്ട് ഉണ്ടാക്കിയതാണെങ്കിലും സാക്ഷാല്‍ അയ്യപ്പനെ ആരും നേരിട്ട് ചീത്ത വിളിക്കാറില്ല. പുള്ളിക്കാരനെ അനല്പമായ ഭയമാണ് ഭക്തര്‍ക്ക്‌.  അതുകൊണ്ട് മനസ്സിനുള്ളിലോ പുറത്തോ തെറിയോ; ശുംഭന്‍, മ്ലേച്ചന്‍, അധമന്‍ തുടങ്ങിയ സംസ്കൃത പദങ്ങള്‍ കൊണ്ടുള്ള സ്തോത്രങ്ങള്‍ എന്നിവ ധര്‍മ്മ ശാസ്താവിനു എതിരെ ആരും ഉപയോഗിക്കാറില്ല.  അല്ലെങ്കില്‍ ഇടയ്ക്ക് കയറി ദര്‍ശനം വാങ്ങുന്ന ഞങ്ങളെ വിളിച്ച "സ്വാമിയേ..." എന്ന പ്രയോഗം മറ്റു സ്വാമിമാര്‍ നേരിട്ട് അയ്യപ്പ സ്വാമിയെ തന്നെ വിളിച്ചേനെ.

ഏതായാലും അയ്യപ്പ സ്വാമി ആള് ധര്‍മ്മ ശാസ്താവ് തന്നെ. ശനീശ്വരന്‍ എന്ന ദൈവവും ധര്‍മ്മ ശാസ്താവും തമ്മില്‍ എന്തോ ഒരു കണക്ഷന്‍ ഉണ്ട്.  ശനിയുടെ ദ്രോഹത്തില്‍ നിന്നും രക്ഷനേടാന്‍ സാധാരണ ആളുകള്‍ അയ്യപ്പ സ്വാമിയെ അഭയം പ്രാപിക്കുകയും പുള്ളിക്ക് ചില ചില്ലറ കൈമണികള്‍ നല്‍കുകയും പതിവാണ്. ശനീശ്വരന്‍ പലപ്പോഴും ശ്വാനന്മാരെ വിട്ടാണ് പല ക്വട്ടേഷനും ഏര്‍പ്പാട് ചെയ്യുന്നത്. മേല്‍പ്പടി ശബരിമല ദര്‍ശനത്തിനു മുമ്പ് ഒരു മുഴുത്ത കാളക്കുട്ടിയുടെ വലുപ്പമുള്ള ഒരു തെരുവ്നായയെ പട്ടാപ്പകല്‍ തിരുവനന്തപുരം രാജവീഥിയില്‍ കൃത്യമായി ഞാന്‍ ഓടിച്ചിരുന്ന ബൈക്കിനു മുന്നില്‍ കൊണ്ട് ചാടിച്ചു എന്റെ കാലിന്റെ മുട്ട് ഒരുതവണ ശനീശ്വരന്‍ സ്ലിപ്പ് ആക്കിയിട്ടുള്ളതാ.  ഏതായാലും മേല്‍പ്പടി ദര്‍ശനം കഴിഞ്ഞു ആറു മാസത്തിനുള്ളില്‍ ഒരു രാത്രിയില്‍ ഒരുകൂട്ടം തെരുവ് നായ്ക്കളെ എന്റെ ബൈക്കിനു മുന്നില്‍ ചാടിച്ചു കാലിന്റെ മുട്ട് രണ്ടാം തവണയും തോള്‍ എല്ല് ആദ്യത്തെ തവണയും ശനീശ്വരന്‍ പൊട്ടിച്ചു. ധര്‍മ്മ ശാസ്താവ് ധര്‍മ്മത്തെ പരിപാലിച്ചതാകാം.  മനസ്താപത്തോടെ ദൈവ ദൈവ ദര്‍ശനം നടത്തിയതിനുള്ള പ്രതിഫലം ആകാം.

അന്നത്തെ കാഴ്ചകളില്‍ മറ്റു ചിലതുമുണ്ട്.  സന്നിധാനത്തില്‍ തന്നെ ഒരു പ്രത്യേക മുറിയില്‍ ഒരു കാഷായ വസ്ത്രധാരിയുണ്ട്. ചന്ദനം, മാല, പൂവ് തുടങ്ങിയ പലവിധ പൂജാ ദ്രവ്യങ്ങള്‍ അദ്ദേഹത്തിന്റെ ചുറ്റിലും ചിട്ടയായും എന്നാല്‍ അലക്ഷ്യമായും വിന്യസിച്ചിരിക്കുന്നു. അയ്യപ്പ ദര്‍ശനം കഴിഞ്ഞു ചില ഭക്തന്മാര്‍ കാഷായ വസ്ത്രധാരിയെയും ദര്‍ശിക്കുന്നു. ഏറ്റവും ലുബ്ധന്മാരായ മലയാളി ഭക്തന്മാര്‍ അകലെ നിന്ന് തൊഴും. കാഷായ വസ്ത്രധാരി ഒരു തട്ടത്തില്‍ നിന്നും അമേധ്യം വിരല്‍ കൊണ്ട് തോണ്ടുന്നതു പോലെ അല്പം ചന്ദനം തോണ്ടിയെടുത്തു ലുബ്ധന്റെ നേര്‍ക്ക്‌ ഒരേറു. ധോണിയെ വെല്ലുന്ന രീതിയില്‍ ആ അമേധ്യ തുണ്ട് ഭക്തര്‍ ചാടി പിടിക്കുന്നു.  കുറച്ചുകൂടി ഭക്തിയുള്ള തമിഴ് തെലുങ്ക്‌ കന്നഡ ഭക്തര്‍ കാഷായ വസ്ത്രധാരിയെ സാഷ്ടാംഗം പ്രണമിക്കുന്നു. കാണിക്ക കിഴി കാല്ക്കാലോ തട്ടത്തിലോ സമര്‍പ്പിക്കുന്നു. കിഴിയുടെ മൂല്യമനുസരിച്ച് ചന്ദനം (ഇത്തവണ അമേധ്യമല്ല) നാരങ്ങാ വലുപ്പത്തിലോ ഓറഞ്ചു വലുപ്പത്തിലോ ഉണ്ടയാക്കിയത്, പുഷ്പങ്ങള്‍, പുഷ്പഹാരങ്ങള്‍, മറ്റു പൂജാ ദ്രവ്യങ്ങള്‍ തുടങ്ങിയവ കാഷായ വസ്ത്രധാരി ഭക്തര്‍ക്ക്‌ പ്രാര്‍ഥനാ നിര്‍ഭരം ദാനം ചെയ്യുന്നു.

ദൈവത്തിനെയും അദ്ദേഹത്തിന്റെ ഭക്തവാത്സല്യത്തെ ഒക്കെ ഇങ്ങനെ റീട്ടയില്‍ ആയിട്ട് കച്ചവടം ചെയ്യുന്നത് എന്തിനു എന്ന് എനിക്ക് ഇപ്പോഴും ഒരു സമസ്യയാണ്.

ഇനിയുള്ളതും ഒരു ദൈവ ദര്‍ശനത്തിന്റെ കഥയാണ്‌.  അയ്യപ്പനും ആറ്റുകാലമ്മയും വേളാങ്കണ്ണി വെട്ടുകാട് മാതാക്കളും ഒക്കെ ദൈവങ്ങള്‍ ആണെങ്കിലും, ഇന്നും നമ്മള്‍ സാധാരണക്കാര്‍ക്ക് കാണപ്പെട്ട ദൈവം ഡോക്ടര്‍ ആണ്. മറ്റു ദൈവങ്ങള്‍ക്ക് സംഭാവനയും ദക്ഷിണയും പിച്ചയും ഒക്കെ കൊടുത്താലും വിശ്വാസാവിശ്വാസങ്ങളുടെ ഊടും പാവും കൊണ്ട് ഭക്തി ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആരാധനാലയങ്ങളുടെയും ദൈവങ്ങളുടെയും ഒരു ഇമേജ് നമ്മള്‍ നല്‍കിയിട്ടുണ്ട്. നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും അതാണ്‌ സത്യം. ഡോക്ടര്‍മാര്‍ മനുഷ്യരായത് കൊണ്ടും, അവരുമായി നേരിട്ട് സംവദിക്കാന്‍ കഴിയും എന്നതുകൊണ്ടും വിശ്വാസത്തില്‍ മാത്രം അധിഷ്ടിതമായ ഭക്തിയാണ് രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഡോക്ടര്‍മാരോട് ഉള്ളത്. ദൈവസമാനമായ ക്ഷമ, സൌമ്യത, സ്നേഹം എന്നിത്യാദി ഗുണങ്ങള്‍ ഒരു ഡോക്ടറില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നതും മേല്‍പടി ഭക്തി കാരണമാണ്. എന്നിരിക്കലും ഡോക്ടര്‍ മനുഷ്യനായത് കൊണ്ട് തന്നെ ദൈവത്തെ വിളിക്കാന്‍ പേടിക്കുന്ന തെറിപ്രയോഗങ്ങള്‍ ഡോക്ടര്‍ക്ക് നേരെ പ്രയോഗിക്കാന്‍ ആരും ഭയപ്പെടില്ല.

ഇനി കാര്യത്തിലേക്ക് വരാം.  കഴിഞ്ഞ ദിവസം ഒരു രോഗിയെയും കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോകേണ്ടി വന്നു. ഓ.പി. ആരംഭിക്കുന്നത് രാവിലെ ഒന്‍പതു മണിക്കാണ്. ഓ.പി. ടിക്കറ്റ് അതിനും മണിക്കൂറുകള്‍ക്കു മുമ്പ് കൊടുത്തു തുടങ്ങും. പണ്ട്, ഓ.പി. ടിക്കറ്റ് എടുത്താല്‍, പരിശോധനാ മുറിക്കു മുമ്പില്‍ രോഗിയോ കൂട്ടുകാരോ വീണ്ടും ക്യൂ നില്‍ക്കണം. നില്‍ക്കണം എന്ന് പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ നില്‍ക്കണം. ആശുപത്രിയാണ്, രോഗികളാണ്, രോഗികളുടെ എണ്ണം കൂടുന്നത് അനുസരിച്ച് ക്യൂവിന്റെ നീളവും കാത്തിരിപ്പ്‌ സമയവും കൂടും. അസുഖത്തിന് മേല്‍ കാത്തിരിപ്പ്‌ ഒരു ശിക്ഷയാകുന്ന സന്ദര്‍ഭം.

ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ സംവിധാനം മാറി. ഓ.പി. ടിക്കറ്റ് എടുക്കുന്ന സമയത്ത് തന്നെ രോഗിക്ക് ടോക്കന്‍ നമ്പര്‍ കൂടി നല്‍കുന്നു. പരിശോധനാ മുറിക്കു പുറത്തു വിന്യസിച്ചിട്ടുള്ള ഇരിപ്പിടങ്ങളില്‍ രോഗിക്കും കൂടെ വന്നവര്‍ക്കും സ്വസ്ഥമായി കാത്തിരിക്കാം. തന്റെ ഊഴം കൃത്യമായി അറിയാം എന്നുള്ളതുകൊണ്ട് ആശ്വാസം. രോഗിക്കോ കൂടെ വന്നവര്‍ക്കോ ടോയിലറ്റില്‍ പോകണം എങ്കിലോ, ക്ഷീണം മാറ്റാന്‍ ഒരു ചായയോ കാപ്പിയോ കുടിക്കണം എങ്കിലോ അതല്ല മറ്റുള്ളവര്‍ക്ക് ശല്യമാകാതെ (സത്യത്തില്‍ ഈ "മറ്റുള്ളവര്‍ക്ക് ശല്യമാകാതെ" എന്നത് മലയാളിക്ക് അറിയാത്ത ഒരു സംഭവമാണ്, എങ്കിലും എന്റെ മാന്യത കൊണ്ട് അങ്ങനെ എഴുതിയതാണ്) ഒന്ന് ഫോണ്‍ ചെയ്യണമെങ്കിലോ ഒക്കെ ഈ ടോക്കന്‍ സംവിധാനം നല്ല ഒരു രീതി തന്നെയാണ്.  ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ കാര്യങ്ങള്‍ നടന്നു പോകും.

ഇന്നലെ ഞങ്ങള്‍ക്കും കിട്ടി ടോക്കന്‍. അതിരാവിലെ, രോഗി എത്തുന്നതിനും മുമ്പ് തന്നെ ആശുപത്രിയില്‍ എത്തി ക്യൂ നിന്ന് ടോക്കന്‍ എടുത്തെങ്കിലും ക്രമ നമ്പര്‍ നാല്‍പതിനു മുകളില്‍. എങ്കിലും ആശ്വാസം. പരിശോധനാ മുറിക്കു മുമ്പില്‍ എത്തി. യൂനിറ്റ് ചീഫ് ആണ് പരിശോധിക്കേണ്ടത്. മെഡിക്കല്‍ കോളേജ് ആയതു കൊണ്ട് അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കുന്നു. പരിശോധനാ സമയം  ആയപ്പോഴേക്കും മുറിക്കു മുന്നില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഒരു വലിയ കൂട്ടം തന്നെ രൂപപ്പെട്ടു. യൂനിറ്റ് ചീഫിന്റെ പരിശോധനാ മുറി ഏറ്റവും അറ്റത്തു. അതിനു തൊട്ടരികില്‍ ക്ലാസ് റൂം. പിന്നെ അസിസ്റ്റന്റ്‌ പ്രോഫസ്സര്‍, അസോസിയേറ്റ് പ്രൊഫസര്‍ എന്നിവരുടെ മുറികള്‍. പുറത്തു ഒരു അറ്റന്‍ഡര്‍, നഴ്സ് (നഴ്സ് എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരു രൂപമുണ്ടല്ലോ, അത് തന്നെ, സുന്ദരി, സൌമ്യവതി) എന്നിവര്‍ ഒരു മേശക്കു അരികില്‍. അറ്റന്‍ഡരുടെ മുന്നില്‍ ഒരു രജിസ്ടര്‍. വരുന്ന രോഗികള്‍ നല്‍കുന്ന ഓ.പി. ടിക്കറ്റും ടോക്കന്‍ നമ്പരും രാജിസ്ടരില്‍ രേഖപ്പെടുത്തുന്നു. നഴ്സ് ചിലരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.

ഓ.പി. തുടങ്ങി. ഡോക്ടറുടെ റൂമില്‍ നിന്നും വെള്ള സാരിയില്‍ പൊതിഞ്ഞ ഒരു കരിങ്കല്‍ പാറക്കൂട്ടം പുറത്തേയ്ക്ക് വന്നു. വാതില്‍ക്കല്‍ വീല്‍ ചെയറിലും സ്ട്രെച്ചറിലുമായി മൂന്നു നാല് രോഗികള്‍. പിന്നെ, നിത്യഗര്‍ഭിണിയെ പോലെ തോന്നിക്കുന്ന ഒരു പോലീസുകാരിയും, അവരുടെ അമ്മൂമ്മയാകാന്‍ പ്രായമുള്ള ഒരു ജയില്പ്പുള്ളിയും. പാറക്കൂട്ടത്തിന്റെ അതെ രൂപവും പൊങ്ങച്ചത്തിന്റെ അടയാള ചിഹ്നങ്ങളും പേറിയ രണ്ടു മൂന്ന് പേര്‍ വേറെ.  ഇക്കൂട്ടര്‍ എത്തുമ്പോഴേക്കും സമയം ഒന്‍പതര.  പാറക്കൂട്ടത്തിന് പുറകില്‍ നീല സാരിയും നീല കൊട്ടും ധരിച്ച തേനിന്റെ നിറത്തില്‍ ഒരു തേന്‍ മൊഴിയും വന്നു. തേന്മൊഴി ചിട്ടവട്ടങ്ങള്‍ പറഞ്ഞു. "എല്ലാവരെയും ടോക്കന്‍ നമ്പര്‍ പ്രകാരം അകത്തേക്ക് വിളിക്കും. അതിനിടയില്‍ വീല്‍ ചെയറിലോ സ്ട്രെച്ചരിലോ കൊണ്ട് വരുന്ന അത്യാസന്ന നിലയില്‍ ഉള്ളവരെ മുന്ഗണന നല്‍കി കടത്തി വിടും. പിന്നെ, പ്രത്യേക സാഹചര്യം കണക്കാക്കി ജയില്‍പ്പുള്ളിയെ ആദ്യം കടത്തി വിടും."

ആരും എതിര്‍ത്തില്ല. എങ്ങനെ എതിര്‍ക്കും, ന്യായമായ കാര്യം. കൂടാതെ മന്ദഹാസവും തേന്മൊഴിയും.

പറഞ്ഞ പ്രകാരം ജയില്‍പ്പുള്ളി, സ്ട്രെച്ചര്‍, വീല്‍ ചെയര്‍ എന്നിവര്‍ അകത്തു കടക്കുകയും സമയാ സമയം പുറത്തിറങ്ങുകയും ചെയ്തു. ഇടയ്ക്ക് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചിലര്‍ അകത്തേയ്ക്കും പുറത്തേയ്ക്കും വരികയും പോകുകയും ചെയ്യുന്നു. മെഡിക്കല്‍ കോളേജില്‍ അത് സാധാരണമാണ്. ചില പ്രത്യേക കേസുകള്‍ എത്തുമ്പോള്‍ യൂനിറ്റ് ചീഫ് അടുത്തുള്ള ക്ലാസ് മുറിയില്‍ പോയി വിദ്യാര്‍ഥികള്‍ക്ക് വിവരണം നല്‍കുന്നു. ഓരോ രോഗി അകത്തു കടക്കുമ്പോഴും പാറക്കൂട്ടമോ അല്ലെങ്കില്‍ തേന്മോഴിയോ വാതില്‍ അകത്തു നിന്നും പൂട്ടും. അത്യാസന്നക്കാരുടെ ഊഴം കഴിഞ്ഞപ്പോള്‍ പാറക്കൂട്ടം പുറത്തു വന്നു. പൊങ്ങച്ചക്കൂട്ടക്കാരെ ആംഗ്യം കാണിച്ചു അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.  ആക്കൂട്ടര്‍ പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ തേന്മൊഴി വന്നു വേറെ ചിലരെ കൈയ്ക്ക് പിടിച്ചു അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.

അതിനിടയ്ക്ക് പുതുതായ് കുറച്ചു പേര്‍ വന്നു. ഇരിപ്പിടങ്ങളും സമീപത്തുള്ള കോണിപ്പടികളും ഒന്നും ഒഴിവില്ലാത്തതിനാല്‍ വാതില്‍ക്കല്‍ നിന്ന്. സുമാര്‍ എണ്‍പത് വയസ്സ് തോന്നിക്കുന്ന ഒരു സാധു സ്ത്രീയും അക്കൂട്ടത്തില്‍ ഉണ്ട്.  പാറക്കൂട്ടം വീണ്ടും പുറത്തേയ്ക്ക് വന്നു. ആ വൃദ്ധ എന്തോ പാറക്കൂട്ടത്തിനോട് പറഞ്ഞു. പതിഞ്ഞ സ്വരമായത് കൊണ്ട് എന്താണ് അവര്‍ പറഞ്ഞതെന്ന് അല്പം അകലെ നിന്ന ഞാന്‍ കേട്ടില്ല.

"തേ തള്ളെ, തുണ്ട് എടുത്തെങ്കില്‍ അവിടെ എങ്ങാനും പോയി ഇരിക്ക്. നമ്പര്‍ വരുമ്പോള്‍ വിളിക്കും. അപ്പോഴേ ഇയിനകത്തോട്ടു വിടൂ. അകത്തിരിക്കണതേ ഡോട്ടര്‍ ആണ് അല്ലാതെ മീങ്കാരി അല്ല നിങ്ങടെ ഇഷ്ടം പോലെ പോയി കാണാന്‍." പാളയം കണ്ണേമാര മാര്‍ക്കെറ്റിലെ മീന്‍ കച്ചവടക്കാരുടെ നാവിന്റെ മൂര്‍ച്ച തിരുവനന്തപുരത്ത് കാര്‍ക്ക് അറിയാവുന്നതാണ്. എങ്കിലും അവര്‍ വളരെ മാന്യരാണ്. അവരെ പ്രകോപിപ്പിച്ചാലേ തെറി വിളിക്കൂ. അവര്‍ പറയുന്ന തുക കൂടുതല്‍ ആണെങ്കില്‍, "ചേച്ചി, ഇത്ര രൂപ തന്നു വാങ്ങാന്‍ എനിക്ക് പറ്റില്ല. ഞാന്‍ വേറെ എന്തെങ്കിലും വാങ്ങിക്കൊള്ളാം" ഇങ്ങനെ മാന്യമായി പറഞ്ഞാല്‍ അവരും തിരികെ "സാറേ (അല്ലെങ്കില്‍ മക്കളെ), ഞാന്‍ ഇത്ര രൂപ കുറച്ചു തരാം. അതില്‍ എനിക്ക് പത്തോ പതിനഞ്ചോ ആണ് ചെല്ലാ കിട്ടണത്" എന്ന് മാന്യമായി മറുപടി നല്‍കും. അല്ലാതെ "ഇത് സ്വര്‍ണ്ണം ഒന്നും അല്ലല്ലോ, മീനല്ലേ..." എന്ന ലയിനില്‍ ആണ് വില പേശുന്നത് എങ്കില്‍ ഭാഷാ പ്രേമികള്‍ക്ക് ശബ്ദതാരാവലിയില്‍ ചേര്‍ക്കാന്‍ പുതിയ വാക്കുകളും പ്രയോഗങ്ങളും ധാരാളം ലഭിക്കും. ഏതായാലും പാറക്കൂട്ടത്തിന് പ്രത്യേകിച്ച് ഒരു പ്രകോപനവും വേണ്ടി വന്നില്ല, തന്റെ സംസ്കാരം അവിടെ കൂടി നിന്നവരുടെ മുന്നില്‍ പ്രകടിപ്പിക്കാന്‍.

പാറക്കൂട്ടം കയ്യിലെ തുണ്ടുകളില്‍ നോക്കി ഒരു പേര് ഉറക്കെ വിളിച്ചു. ടോക്കന്‍ നമ്പര്‍ അല്ല. പേര് തന്നെ. ഇതെന്തു പാട്? ഞാന്‍ അടുത്ത് നിന്ന ഒരാളുടെ ടോക്കന്‍ വാങ്ങി നോക്കി. ഓ, ടോക്കന്‍ നമ്പരും രോഗിയുടെ പേരും അതിലുണ്ട്. അതാണ്‌ സംഭവം. പേര് വിളിച്ചു അകത്തു കയറിയ പത്തു മിനുട്ട് മുമ്പ് മാത്രം അവിടെ എത്തിയ രോഗിയും കൂട്ടരും തിരികെ പോകുമ്പോള്‍ പാറക്കൂട്ടം "ഡാ... ഞാന്‍ .... തിരക്കിയതായി പറയണം". ഓഹോ, അപ്പോള്‍ അവരും പാറക്കൂട്ടത്തിന് വേണ്ടവര്‍ തന്നെ. ഏതാണ്ട് പതിനൊന്നു മണിവരെ ഇങ്ങനെ പാറക്കൂട്ടവും തേന്മോഴിയും ആള്‍ക്കാര്‍ ഓരോരുത്തരെ ആയിട്ട് കടത്തി വിടുന്നു. ഒരു ടോക്കന്‍ നമ്പര്‍ പോലും വിളിച്ചിട്ടില്ല. സഹികെട്ട ആള്‍ക്കാര്‍ ചീത്ത വിളിച്ചു തുടങ്ങി. ഡോക്ടറെ നേരിട്ടും വിളിച്ചു തെറി. അടഞ്ഞ റൂമിന് അകത്തായതിനാല്‍ ഡോക്ടര്‍ കേട്ടിട്ടുണ്ടാകില്ല. കേളന്‍ കുലുങ്ങിയാലും പാറ കുലുങ്ങില്ല. നഴ്സ് അപ്പോഴും മേശക്കരികില്‍ ഇരിപ്പുണ്ട്.

ഞാന്‍ അപ്പോഴാണ്‌ അത് പ്രത്യേകം ശ്രദ്ധിച്ചത്. ഡോക്ടറുടെ സഹായി ആയി നില്‍ക്കേണ്ട നഴ്സ് പുറത്തു അറ്റന്‍ഡരുടെ കൂടെ ഇരുന്നു അയാളെ സഹായിക്കുന്നു. ആശുപത്രി അടിച്ചു തളിച്ച് (സോറി, അടിച്ചു തളി വീട്ടിലാണ്, ആശുപത്രിയില്‍ തളിച്ച് അടിയാണ്) വൃത്തിയായി സൂക്ഷിക്കാന്‍ ഉത്തരവാദിത്വം ഉള്ള പാറക്കൂട്ടവും തേന്മൊഴിയും ഡോക്ടറുടെ റൂമിനുള്ളില്‍. ഇവര്‍ ഉന്നതങ്ങളില്‍ പിടിപാടുള്ള ആരെങ്കിലും ഒക്കെ ആയിരിക്കും.

ഡോക്ടര്‍ ശ്രീനാഥ്. ക്ഷമാശീലന്‍. സ്നേഹമുള്ളവന്‍. രോഗി പറയുന്നത് പൂര്‍ണ്ണമായും ശ്രദ്ധയോടെ കേള്‍ക്കുന്നു. രോഗിക്ക് തൃപ്തി വരുന്നത്പോലെ വ്യക്തമായി പരിശോധിക്കുന്നു. വേണ്ടപ്പോള്‍ സ്നേഹത്തോടെ ശാസിക്കുന്നു. മരുന്ന് കുറിച്ച് നല്‍കുന്നു. വിദ്യാര്‍ഥികളുടെ സംശയത്തിനു മറുപടി നല്‍കുന്നു. ശരാശരി 5-6 മിനുറ്റ് വേണ്ടി വരുന്നു ഓരോ രോഗിയെയും പരിശോധിച്ച് ചികിത്സാവിധി നിര്‍ണ്ണയിക്കാന്‍.  രോഗിയുടെ പള്‍സ്‌ നോക്കുന്നതും രക്ത സമ്മര്‍ദ്ദം നോക്കുന്നതും ഒക്കെ ഡോക്ടര്‍ തന്നെ. ചില ആള്‍ക്കാര്‍ അങ്ങനെയാണ്. ആള്‍ ദൈവങ്ങളെ പോലെ. നേരിട്ട് ചെയ്താലേ വിശ്വാസവും ആശ്വാസവും ലഭിക്കുകയുള്ളൂ. ഹൃദയമിടിപ്പ്‌, ശരീര താപനില, രക്തസമ്മര്‍ദ്ദം തുടങ്ങിയവ നിര്‍ണ്ണയിക്കാന്‍ നേഴ്സ് അല്ലെങ്കില്‍ വിദ്യാര്‍ഥികളില്‍ ആരെയെങ്കിലും ഒക്കെ നിയോഗിക്കാവുന്നത്തെ ഉള്ളൂ.  ആ ജോലിയില്‍ ഡോക്ടറെ സഹായിക്കാനാവുന്ന നഴ്സ് സുന്ദരിയാണ് പുറത്തു അറ്റന്‍ഡരേ സഹായിക്കുന്നത്.

വളരെ തിരക്കുള്ള ആളാണ് യൂനിറ്റ് ചീഫ് കൂടിയായ ഡോക്ടര്‍. ഒരുപക്ഷെ ആ തിരക്ക് കാരണമായിരിക്കും തനിക്കും, തന്റെ യൂണിറ്റിനും, സ്ഥാപനത്തിനും പൊതുജനത്തിന്റെ ശാപ വചസ്സുകള്‍ കിട്ടുന്നത് ഡോക്ടര്‍ ശ്രദ്ധിക്കാത്തത്. പൊതുജനത്തിന്റെ രോഷമാണ്‌ ആദ്യം ശാപവചസ്സുകള്‍ ആയിട്ടും പിന്നീട് ആരോപണങ്ങള്‍ ആയിട്ടും വിമര്‍ശനങ്ങള്‍ ആയിട്ടും ഒടുവില്‍ മാനനഷ്ടമായിട്ടും ഒക്കെ മാറുന്നത്. ഇന്ത്യയിലെ തന്നെ നിലവാരമുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ അവസ്ഥയാണ്.

ഉള്ള തിരക്കുകള്‍ക്കിടയില്‍ ഡോക്ടര്‍ ടോക്കന്‍ നമ്പര്‍ കൂടി നോക്കി ക്രമരഹിതമായി വരുന്നവരെ പുറത്തേയ്ക്ക് പറഞ്ഞു വിട്ടിരുന്നു എങ്കില്‍ അത് മൂന്ന് നാല് തവണ ആവര്‍ത്തിച്ചിരുന്നു എങ്കില്‍ ഈ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല. ചില അടിയന്തിര ഘട്ടങ്ങളില്‍ ഒന്നോ രണ്ടോ പേരെ ചിലപ്പോള്‍ ക്രമം തെറ്റിച്ചു നോക്കേണ്ടി വന്നേക്കും. ഡോക്ടറെ വീട്ടില്‍ ചെന്ന് കാണുന്ന രോഗികള്‍, സഹപ്രവര്‍ത്തകരുടെ ബന്ധുക്കളോ പരിചയക്കാരോ, അതുമല്ലെങ്കില്‍ അത്യാഹിത വിഭാഗക്കാരോ ഒക്കെ ഉണ്ടാകാം. ടോക്കന്‍ നമ്പര്‍ അനുസരിച്ച് വിളിക്കുന്നതിനു ഇടയ്ക്ക് ഇവരെ പ്രത്യേകിച്ച് പരിഗണിക്കുന്നത് "നീതിക്ക്" നിരക്കാത്തത് ആണെങ്കിലും അല്ലറ ചില്ലറ തട്ടിപ്പും വെട്ടിപ്പും എല്ലാ മേഖലയിലും ഉണ്ടെന്നു അറിയാവുന്ന പൊതുജനം ചില്ലറ ചില അഡ്ജസ്റ്റ്മെന്റുകള്‍ കണ്ടില്ലാ എന്ന് നടിക്കും. വെറുതെ പൊല്ലാപ്പുകള്‍ തലയില്‍ എടുക്കേണ്ട എന്ന് കരുതിയിട്ടു. ഇവിടെ തികച്ചും അന്യായമായ കാര്യമാണ് നടന്നു കൊണ്ടിരിക്കുന്നത് എങ്കിലും, നേരത്തെ പറഞ്ഞത് പോലെ കാണപ്പെട്ട ദൈവം - രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുള്ള ആള്‍ - ആയതു കൊണ്ട് മാത്രം ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടും ശുപാര്‍ശക്കാര്‍ ഇല്ലാത്ത രോഗികള്‍ പാറക്കൂട്ടത്തെ മാത്രം ശപിക്കുന്നത്‌.

ഇതേ ഫ്ലോറില്‍ വേറെയും ഡിപ്പാര്‍ട്ട്മെന്റുകള്‍ ഉണ്ട്. പുറത്തു എല്‍.ഇ.ഡി. ഡിസ്പ്ലേ ബോര്‍ഡ്‌ ഉള്ള പരിശോധനാ മുറികളും ഉണ്ട്. ടോക്കന്‍ നമ്പര്‍ ക്രമമായി ഡിസ്പ്ലേ ബോര്‍ഡില്‍ തെളിയുന്നു. രോഗികള്‍ അകത്തു പ്രവേശിക്കുന്നു, പോകുന്നു. ഏതാണ്ട് പന്ത്രണ്ടു മണിയായപ്പോള്‍ 72 എന്ന് ഡിസ്പ്ലേ ബോര്‍ഡില്‍ കാണുന്നു. അവസാനത്തെ ടോക്കന്‍ നമ്പര്‍ ആയിരിക്കണം. പുറത്തു ആള്‍ക്കാര്‍ ആരുമില്ല. ആ നമ്പര്‍ പിന്നെ മാറുന്നുമില്ല. ആ സമയത്തും പാറക്കൂട്ടം കാവല്‍ നില്‍ക്കുന്ന റൂമിന് പുറത്തു 26 ക്രമ നമ്പര്‍ ഉള്ള രോഗി തന്റെ ഊഴവും കാത്തിരിക്കുകയാണ്. രാവിലെ ആറു മണിക്ക് വന്നു, ഉച്ചയൂണിന്റെ സമയത്തുപോലും പ്രാതാലോ ഒരു ചായയോ കുടിക്കാതെ കാത്തിരിക്കുന്നവര്‍. വിശപ്പില്ലാത്തതോ വേണ്ടാഞ്ഞിട്ടോ ആയിരിക്കില്ല. ഒരുപക്ഷെ തിരികെ വീട്ടില്‍ എത്താനുള്ള പണം അല്ലാതെ വേറെ ഉണ്ടാകില്ല. ഉണ്ടായിരുന്നു എങ്കില്‍ ഇതുപോലെ ഒരു ദുര്‍ദ്ദിനം അവര്‍ക്ക് വരില്ലായിരുന്നല്ലോ. ഡോക്ടറെ വീട്ടില്‍ പോയി കാണാം. അല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ പോകാം. ദുരിതങ്ങള്‍ക്ക് ഉടനടി ആശ്വാസം നേടാം.

ഡോക്ടറെ വീട്ടില്‍ പോയി കണ്ടാല്‍ പലതുണ്ട് ഗുണം. തുല്യരില്‍ കൂടുതല്‍ തുല്യരാകാം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സൌജന്യ നിരക്കില്‍ (ദുര്) ഉപയോഗപ്പെടുത്താം, കോടിക്കണക്കിനു പേരെ ഒരുപോലെ വിഡ്ഢികള്‍ ആക്കാം.

നമ്മുടെ സൌഭാഗ്യത്തിനു ഇത്തവണ ആരോഗ്യമന്ത്രി തിരുവനന്തപുരം സ്വദേശിയാണ്. ഫ്ലക്സ് ബോര്‍ഡില്‍ മുഖം വരുത്താന്‍ അല്ലാതെ അദ്ദേഹത്തിന് തന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ മറ്റെന്തെങ്കിലും ജോലി ഉണ്ടോ എന്നറിയില്ല. ഇപ്പോള്‍ ഇതിനെ കുറിച്ച് അറിഞ്ഞാല്‍ തന്നെ വരുന്ന പ്രതികരണം 'അങ്ങനെ ഒരു സംഭവം ഉള്ളതായി ഒരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ അതിനെ കുറിച്ച് അന്വേഷിച്ചു വേണ്ട നടപടി എടുക്കുന്നതായിരിക്കും'.

പൊതുജനത്തിന് ഇതും നന്നായിട്ട് അറിയാം. അതിനാല്‍ തന്നെ ആരും പരാതി നല്‍കാന്‍ പോകില്ല. അതിനു വേണ്ട ധനവും സമയവും ഉണ്ടായിരുന്നു എങ്കില്‍ ഡോക്ടറെ വീട്ടില്‍ പോയി കാണില്ലേ? അല്ല പിന്നെ.

തന്റെ കീഴിലെ ഡിപ്പാര്‍ട്ട്മെന്റ് സുഗമമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ ഒരു മന്ത്രിക്കും സമയവും മനസ്സുമില്ല. ഒരു സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ പരാതി നല്‍കൂ, അന്വേഷിക്കാം എന്നത് ഒരു ഒഴിഞ്ഞു മാറലാണ്. അങ്ങനെ ഒരു പരാതിക്ക് ഇടയില്ലാത്തവണ്ണം ഡിപ്പാര്‍ട്ട്മെന്റു കാര്യക്ഷമമായി ഭരിക്കാന്‍ മന്ത്രിക്കു ആകുന്നില്ല എന്നതില്‍ നിന്നുള്ള ഒഴിഞ്ഞു മാറ്റം. തങ്ങളുടെ യജമാനനായ പൊതുജനത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റം. (യജമാന ഭക്തി സ്ഥാനാര്‍ഥിക്ക് മാത്രമേ ഉള്ളൂ, ജയിച്ചു കഴിഞ്ഞാല്‍ യജമാനന്‍ പ്രജയായി തീരുന്ന അപൂര്‍വ്വ പ്രതിഭാസമാണ് ജനാധിപത്യം).

ദൈവ ദര്‍ശനത്തിനു ഒരുപോലെ കഷ്ടപ്പെട്ട് കാത്തിരിക്കുന്നവരെ വിഡ്ഢികള്‍ ആക്കിക്കൊണ്ട് "ദൈവത്തിനും", പരികര്‍മ്മികള്‍ക്കും, ഉപദൈവങ്ങള്‍ക്കും വേണ്ടപ്പെട്ടവരെ ഇടയ്ക്ക് കയറ്റി പ്രത്യേക പരിഗണന നല്‍കിയാല്‍ ദൈവത്തിനും അമ്പലത്തിനും കിട്ടും ശാപം.

ഇനി ആകെ ഒരാശ്വാസം എല്ലാ മലയാളികളും ചിന്തിക്കുന്നത് പോലെ ചിന്തിച്ചു ആശ്വസിക്കാം എന്നത് മാത്രമാണ്. ഈ നാട് ഒരിക്കലും നന്നാകില്ല, ആരു വിചാരിച്ചാലും. പിന്നെ ഞാന്‍ മാത്രമായിട്ടു എന്തിനു നന്നാകണം?