കഴിഞ്ഞ മാസം, അതായത് 2011 ആഗസ്റ്റ് മാസം 28 നു രാത്രി പത്തു മണിക്ക് എന്റെ ശകടത്തിനു മുന്നില്‍ ഒരു കൂട്ടം തെരുവിന്റെ സ്വന്തം മക്കള്‍ എടുത്തു ചാടുകയും എന്റെ സമയം അനുകൂലം ആയിരുന്നതിനാല്‍, നാലാള്‍ കാണ്‍കെ റോഡില്‍ വീഴുകയും, നല്ലവരായ ആ നാലാള്‍ ഒരു ആംബുലന്‍സ് വിളിച്ചു എന്നെ അതില്‍ കയറ്റി വിടുകയും ചെയ്തു.
എനിക്ക് ബോധം ഉണ്ടായിരുന്നത് കൊണ്ടും, പരിക്ക് അത്ര സാരമുള്ളതല്ല എന്ന് തോന്നിയതുകൊണ്ടും, 108 ആംബുലന്‍സ് ചീറാതെയും പായതെയും പതിയെ തിരുവന്തോരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അപ്പോഴേക്കും എന്റെ രണ്ടു സുഹൃത്തുക്കളും അവിടെ എത്തിയിരുന്നു.വളരെ ഉത്തരവാദത്തിലുള്ള ജോലി ചെയ്യുന്നവര്‍ ആയതിനാലും ഒരാള്‍ തിരുവന്തോരം മെഡിക്കല്‍ കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ഥി ആയതിനാലും മെഡിക്കല്‍ കോളേജ് എന്നതു അവര്‍ മേടിക്കല്‍ കോളേജ് ആക്കി മാറ്റിയില്ല.
ഫലം, രസാവഹം. രണ്ടര മണിക്കൂര്‍ നേരംഅത്യാഹിത വിഭാഗത്തിലെ ഉന്തുവണ്ടിയില്‍ ഞാനും, എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഉന്തിക്കൊണ്ട് എന്റെ കൂട്ടുകാരും. ഇതിനിടയില്‍ കാലിന്റെ നാലും, തോളിന്റെ രണ്ടും എക്സ്-രേ എടുപ്പിച്ചിരുന്നു. ഏതോ അത്യാഹിത ഡോക്ടര്‍ എന്തോ പ്രതിവിധി ഇതിനിടയില്‍ ഓ.പി. ടിക്കറ്റില്‍ കുറിക്കുകയും ചെയ്തു. രണ്ടര മണിക്കൂര്‍ ഇങ്ങനെ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തത് കൊണ്ട് എന്റെ കൂട്ടുകാര്‍ നഗരത്തിലെ ഒരു സുപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രാജകീയ സ്വീകരണം. വലതു കൈയ് ഒരു സഞ്ചിക്കകത്ത് വച്ച് കെട്ടി. കാലിന്റെ കാര്യം തല്‍കാലം പ്രധാന ഡോക്ടര്‍ വന്നാലേ പറയാന്‍ പറ്റൂ, അതുവരെ ക്രിക്കറ്റ് കളിക്കാര്‍ വച്ച് കെട്ടുന്ന മാതിരി ഒരു പാഡ് വച്ച് കെട്ടി. ട്രിപ്പ്, കുത്തിവയ്പ്പ് മുതലായവ നല്‍കുകയും ഒരു റൂമിലേക്ക് മാറ്റുകയും ചെയ്തു. ഞാനോ എന്റെ കൂട്ടുകാരോ ഒന്നും അറിയേണ്ടി വന്നില്ല.
പിറ്റേന്നു രാവിലെ എന്റെ വീട്ടില്‍ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു. പതിവ് ആശുപത്രി കൂട്ടിരിപ്പ് ഉപകരണങ്ങളോടെ അര മണിക്കൂറിനുള്ളില്‍ ഭാര്യയും അമ്മയും ആശുപത്രിയില്‍ എത്തി. കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം പ്രധാന ഡോക്ടര്‍ പരിശോധിക്കാന്‍ എത്തി.
ഇടത്തെ കാലു പോക്കൂ... പൊക്കി... അതുപോലെ വലത്തേ കാലു പോക്കൂ... പൊക്കി, പക്ഷെ പൊങ്ങിയില്ല...
"സാരമില്ല, കാലിന്റെ ചിരട്ടയെ ഉറപ്പിച്ചു നിര്‍ത്തുന്ന പേശികള്‍ വിട്ടുപോയി, ഇനി കമ്പിയൊക്കെ ഇട്ടു, അത് വലിച്ചു ചേര്‍ത്ത് വച്ച് സ്ടിച്ച് ഇടണം. ഒരു ഒന്നൊന്നര മാസം ബുദ്ധിമുട്ടേണ്ടി വരും. പിന്നെ, തോളെല്ലിലും ഒരു പൊട്ടല്‍ ഉണ്ട്. അതിനു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. സ്ലിംഗ് ഇട്ടാല്‍ മതി. ഊറി ശരിയാകാന്‍ കുറച്ചു സമയം എടുക്കും. എന്താ ഓപറേഷന്‍ ചെയ്യട്ടെ?" വലിയ ഡോക്ടര്‍ തേന്‍ മൊഴിയില്‍ പറഞ്ഞു.
ഹോ! എന്ത് നല്ല മനുഷ്യന്‍... എന്ത് നല്ല പെരുമാറ്റം... ജന സേവകര്‍ ആയാല്‍ ഇങ്ങനെ വേണം. അദ്ധേഹത്തിന്റെ ഇങ്ങനെ ഉള്ള പെരുമാറ്റം കണ്ടാല്‍, ആ വിനയപൂര്‍വ്വം ഉള്ള ചോദ്യം കേട്ടാല്‍ ആരും പറയില്ല ഓപറേഷന്‍ വേണ്ടാ എന്ന്. എങ്കിലും, ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്, "വേദന എടുക്കാതിരുന്നാല്‍ ചെയ്യാം സാര്‍".
"ഓ ഒരു ഉറുമ്പ് കടിക്കുന്ന വേദന. മരവിപ്പിച്ചിട്ടെ ചെയ്യൂ. ചെയ്യാതിരുന്നാല്‍ കുറച്ചു കൂടുതല്‍ നാള്‍ കിടക്കേണ്ടി വരും. മാത്രവുമല്ല പിന്നെയും complications ഉണ്ടാകും." വലിയ ഡോക്ടര്‍ വിശദീകരിച്ചു.
"എന്നാല്‍ പിന്നെ ആയിക്കോട്ടെ ഡോക്ടര്‍." ഞാന്‍ സമ്മതിച്ചു.
"വെരി ഗുഡ്." വലിയ ഡോക്ടറും പരിവാരങ്ങളും സസന്തോഷം പുറത്തേക്കു പോയി.
വീണ്ടും വെള്ളരി പ്രാവുകള്‍ വന്നു. എന്തൊക്കെയോ കുത്തിവയ്പുകളും ട്രിപ്പുകളും ഒക്കെ തന്നു. സെടെഷന്‍ ആണെന്ന് തോന്നുന്നു. ഞാന്‍ ഓര്‍മ്മകളുടെയും ഓര്‍മ്മക്കേടുകളുടെയും നതോന്നതങ്ങളില്‍ മുങ്ങിയുണര്‍ന്നു. നാലഞ്ചു വെള്ളരി പരവുകള്‍ എന്നെ ഉന്തു വണ്ടിയിലാക്കി ഓപ്പറേഷന്‍ തീയറ്ററില്‍ കൊണ്ടുപോയി.
തീയറ്ററിനു മുന്നില്‍, വെള്ളരി പ്രാവുകളുടെ അകമ്പടിയോടെ എന്റെ ഊഴവും കാത്തു കിടക്കുമ്പോള്‍ സമാന്തരമായി സമാന പരിക്കുകളോടെ മറ്റൊരു ദേഹവും വന്നു.
പുത്തന്‍ പരിക്കുകാരന്‍ ആയതിനാല്‍ മറ്റേ ദേഹത്തിന് ഡോള്‍ബി സ്റ്റീരിയോ നിലവിളി ഇടക്കുണ്ട്. സമയം ആയപ്പോള്‍, ഞങ്ങളെ രണ്ടാളെയും അകത്തു കയറ്റി. ഡോള്‍ബിക്കാരന് എന്തോകെയോ കുത്തിവയ്പ്പുകള്‍ നല്‍കി.
"ഇതില്‍ ആരാ ഗുരുദാസ്?" അകത്തുണ്ടായിരുന്ന മൂന്ന് മുഖം മൂടിക്കാരില്‍ ആരോ ചോദിച്ചു.
"യേസ്... ഗുരുദാസ്.", ഞാന്‍ ഇടതു കയ്യ് പൊക്കി. ഇടതു പക്ഷക്കാരന്‍ ആയത് കൊണ്ടൊന്നുമല്ല, ആ കയ്യ് മാത്രേ പൊക്കാന്‍ പറ്റുമായിരുന്നുള്ളൂ.
"എന്ത് പറ്റിയതാ?" മുഖമൂടിക്കാരന്‍.
"കുറെ പട്ടികള്‍ കുറുകെ ചാടിയതാ..." ഞാന്‍.
പിന്നെ കുറെ നേരത്തേക്ക് ഒന്നും സംഭവിച്ചില്ല എന്ന് പറയുന്നില്ല, പക്ഷെ സംഭവിച്ചതില്‍ പ്രധാനമായത് ഞാന്‍ ഓര്‍മ്മകേടിലേക്ക് വീണു പോയതാണ്.
വീണ്ടും ഓര്‍മ്മ വരുമ്പോള്‍ എന്റെ പേര് ഒരു കിളിനാദം വിളിക്കുന്നതാണ്. ഞാന്‍ വീണ്ടും മൂളി. എന്റെ എക്സ്രേ എടുത്തു നോക്കിയിട്ടാണ് വിളിക്കുന്നത്.
"ഓഹ് മൈ ഗോഡ്! നിങ്ങള്‍ക്ക് ശ്വാസം മുട്ടല്‍ ഉണ്ടോ?"
"ഇല്ല"
"ചുമയുണ്ടോ?"
"ഇല്ല. ഞാന്‍ ഒരു ചെയിന്‍ സ്മോക്കര്‍ ആണ് മാഡം"
"മൈ ഗോഡ്! ഇതില്‍ അത് കാണാനുണ്ട്. കമ്പ്ലീറ്റ് പുക തന്നെ. ഇനി വലിക്കരുത് കേട്ടോ, പുകഞ്ഞു പോകും"
ഓഹ്. ഞാന്‍ പറഞ്ഞു. വീണ്ടും ബോധക്കേടില്‍. ഞാന്‍ തീയറ്റര്‍ സ്വപ്നം കാണുന്നു.
വീണ്ടും ഒരു മുഖംമൂടിക്കാരന്‍ വന്നു. എക്സ്രേ എടുത്തു നോക്കി. "വൌ! എക്സലന്റ്! കാല്‍ മുട്ടും, തോളും. വെരി ഗുഡ്."
"ഇല്ലടെ, തോളില്‍ ഒന്നും ചെയ്യണ്ടാ എന്ന് പറഞ്ഞു. പാവത്തിനെ വെറുതെ വിട്ടു!"
"അപ്പോള്‍ ഒരു കാല്‍മുട്ട് അല്ലെ? ഗുഡ്. രൂപ അറുപതിനായിരം... ഊ ല ല ലാ..."
"ശൂ... ഡേയ് പേഷ്യന്റ് കേള്‍ക്കും..."
"ഓ, സെടെഷന്‍ ഇല്ലേ, കുഴപ്പമില്ല..."
പിന്നീട് എനിക്ക് ബോധം വരുമ്പോള്‍, ഞാന്‍ റൂമിലാണ്. ഭാര്യയും അമ്മയും സുഹൃത്തുക്കളും ഒക്കെ ഉണ്ട്.
രണ്ടു ദിവസം കഴിഞ്ഞു. വലിയ ഡോക്ടര്‍ പറഞ്ഞു, ഇനി കുഴപ്പമില്ല, ഇന്ന് വീട്ടില്‍ പൊയ്ക്കൊള്ളൂ, രണ്ടാഴ്ച കഴിഞ്ഞു വന്നാല്‍ മതി.
ഭാര്യക്ക് വലിയ കുലുക്കം ഒന്നും കാണുന്നില്ല.
"എടീ, കാശ് എത്ര ഉണ്ട്?"
"അയ്യായിരം ഉണ്ട്"
"ഇതു വരെ എത്ര ചെലവായി?"
"ഓപറേഷന്‍ ചേര്‍ത്ത് പന്ത്രണ്ടായിരത്തി അഞ്ഞൂറ് ആയി."
"അത്രേ ആയുള്ളൂ?"
"ഓഹ്, ഇവിടെ അത്രയെ ആകുള്ളൂ എന്ന് തോന്നുന്നു."
"മ്. നീ ഒരു കാര്യം ചെയ്യ്, ബിനുവിനെ വിളിച്ചു ഒരു അമ്പതിനായിരം അറേഞ്ച് ചെയ്യാന്‍ പറ."
സ്വപ്ന ലോകത്തില്‍ ഞാന്‍ കേട്ട "ഊ ല ല ലാ..." യെ പ്രതി ഭയന്നിട്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.
വൈകുന്നേരം നാല് മണിക്ക് ബില്ല് റെഡി ആണെന്ന് അറിയിപ്പ് വന്നു. രൂ 47,625/-.
നാലര മണിക്ക് ബിനു വന്നു പണം അടച്ചു തിരികെ റൂമില്‍ വന്നു വിളിക്കുന്നത് വരെ എന്റെ ഭാര്യക്ക് അനക്കമില്ലയിരുന്നു.
ഇപ്പോഴും "ഒരു കാല്‍മുട്ട്, രൂപ അറുപതിനായിരം!!!" എന്റെ കര്‍ണ്ണ പുടങ്ങളില്‍ മൂളുന്നു.