31 ഡിസംബർ 2012

കോണപ്പാട്ട്

കോണപ്പാട്ട്
-------------------

മന്മോഞ്ചി നാട് വാണീടുംകാലം
മാനഭംഗങ്ങള്‍ എല്ലടോമോന്നുപോലെ
ആമോഞ്ചിയങ്ങ് വസിക്കുംകാലം
കായി പത്തെങ്ങാര്‍ക്കുമില്ലതാനും

ആധികള്‍ വ്യാധികള്‍ എങ്ങുമെങ്ങും
ബാലമരണങ്ങള്‍ കുറവുമല്ല
ദുഷ്ടരോ കണ്ണില്‍ മറയുന്നില്ല
നല്ലവരാരും തന്നില്ലപാരില്‍

വെള്ളവുമില്ല കരന്ടുമില്ല
എള്ളോളമില്ല പൊന്നരിയും
വെള്ളിക്കോടാലി അഴിമതിയും
എല്ലാം കണക്കിലേറെയായി

കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങളല്ലാതോന്നുമില്ല
വെള്ളവുമില്ല കരന്ടുമില്ല
എള്ളോളമില്ല പൊന്നരിയും

-- വെള്ളമടി പപ്പന്‍ തമ്പുരാന്‍

22 ഡിസംബർ 2012

കെട്ട നാവുകള്‍

കുറച്ചു ദിവസമായി നമ്മള്‍ - ഇന്ത്യാക്കാര്‍ - ബലാത്സംഗ വാര്‍ത്തകള്‍ 'ആഘോഷിക്കുന്നു'.  മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചൂടോടെ നമ്മുടെ മുന്നില്‍ എത്തിച്ചു തരുന്നു.  ചൂട് ഉള്ളതിനാല്‍ എരിവും പുളിയും അധികം.  രാജ്യത്തിന് ശ്രേയസ്കരമായ അല്ലെങ്കില്‍ ഇന്ത്യാക്കാരന്‍ എന്നതില്‍ അഭിമാനിക്കാന്‍ പറ്റിയ ഒരു വാര്‍ത്തപോലും ഞാന്‍ വായിക്കുന്ന പത്രങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി കാണ്മാനില്ല.  ഉള്ളത് മുഴുവന്‍ എരിവും പുളിയുമുള്ള ബലാത്സംഗ പീഡന വിവരണങ്ങള്‍ മാത്രം.

ഈ ആഘോഷം എത്ര ദിവസത്തേക്ക്?  ഒരു പെണ്‍കുട്ടിയുടെയും അഞ്ചു ഭീകരുടെയും ഓടിക്കൊണ്ടിരുന്ന ഒരു ബസിന്റെയും പേരില്‍, മുതലെടുക്കാവുന്നവര്‍ മുഴുവന്‍ അവസരം കാര്യമായി തന്നെ ഉപയോഗിക്കുന്നു.  പത്രങ്ങളും, രാഷ്ട്രീയക്കാരും, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പ്രബുദ്ധരും ഉള്‍പ്പെടെ.  മറ്റൊരുകൂട്ടര്‍ ലോകത്തെ എല്ലാ പുരുഷന്മാരും ബലാത്സംഗ വീരന്മാരാണ് എന്ന രീതിയിലും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.

മാധ്യമങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് - പീഡിപ്പിക്കല്‍, കബളിപ്പിക്കല്‍, അഴിമതി, എന്നിത്യാദി കൊള്ളരുതായ്മകള്‍ ആര്, എങ്ങനെ, എപ്പോള്‍, എവ്വിധം ചെയ്യുന്നു, അതിനു എതിരെ എന്തൊക്കെ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നു, പൊതുജനത്തിന്റെ പ്രതികരണം, എന്നിത്യാദി 'സത്യസന്ധമായ' വിവരണങ്ങള്‍ പൊതുജനത്തിന് എത്തിക്കുന്നു. മാധ്യമധര്‍മ്മം. ഇതൊക്കെ തന്നെയാണ് അവര്‍ നേരത്തെയും ചെയ്തുകൊണ്ടിരിക്കുന്നത്.  ഇത്തരം അക്രമങ്ങളുടെ ചൂട് എത്ര ദിവസം ഉണ്ടാകും പൊതു ജനത്തിന്റെ മനസ്സില്‍? നാളത്തേയ്ക്ക് ഉള്ള പുതിയ അക്രമങ്ങള്‍ ഇപ്പോഴേ എഡിറ്ററുടെ മേശയില്‍ മസാല പുരട്ടി തയ്യാറായി കൊണ്ടിരിക്കുന്നു.

കുറച്ചു നാളുകള്‍ കഴിയുമ്പോള്‍, എട്ടുകോളം വാര്‍ത്തയില്‍ വന്ന കുറ്റകൃത്യത്തിന്റെ ശിക്ഷാവിധി - പതിവുപോലെ കഠിന തടവും പിഴയും - ആരും നോക്കാത്ത ഉള്‍താളില്‍ ഒരു കോളം വാര്‍ത്തയായി വന്നേക്കും. അത് നല്‍കുന്ന സന്ദേശം - ഇനിയും തെറ്റ് ചെയ്തോ, ഇത്രയൊക്കെ ശിക്ഷ വരൂ...

അരുന്ധതി റോയി പറഞ്ഞതുപോലെ - തമ്പുരാക്കന്മാര്‍ ഒന്ന് കട്ട് തിന്നു കൊഴുക്കുമ്പോള്‍, പ്രജകള്‍ക്കും തോന്നിപ്പോകും, ഒന്ന് പറ്റിയില്ല എങ്കിലും ഒരു മുറിയെങ്കിലും കക്കാന്‍.

ജനത്തിന്റെ നാവുകള്‍ ആകേണ്ട മാധ്യമങ്ങള്‍ ഇനിയെങ്കിലും ഒരു സ്വയം വിലയിരുത്തലിനും തിരുത്തലിനും തയ്യാറാകണം.  കുറ്റകൃത്യങ്ങള്‍ക്ക് മസാലപുരട്ടി പ്രേക്ഷകന് നല്‍കുന്നത് ഒഴിവാക്കണം കുറഞ്ഞ പക്ഷം, കുറയ്ക്കണം.  ഇപ്പോള്‍ സംഭവിക്കുന്നത്, ഒരിക്കല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട കുട്ടിയെ, മാധ്യമങ്ങള്‍ പരസ്യമായി വിറ്റ്‌ കീശ വീര്‍പ്പിക്കുകയാണ്.  ബലാത്സംഗത്തെക്കാള്‍ നീചമായ പ്രവൃത്തി.

ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമ്പോള്‍, ആ ശിക്ഷക്ക് പ്രാധാന്യം നല്‍കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. തെറ്റ് ചെയ്‌താല്‍ കഠിനമായി ശിക്ഷിക്കപ്പെടും എന്ന സന്ദേശമാണ് നല്കപ്പെടെണ്ടത്. കുറ്റകൃത്യങ്ങളെ പെരുപ്പിച്ചുകാട്ടുക, ഇരയുടെ നേര്‍ക്ക്‌ സഹതാപം എന്നപേരില്‍, ജനങ്ങളുടെ വികാരം വിറ്റ്‌ കാശാക്കുക്ക, ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് ദയാവായ്പ്പു നല്‍കണമെന്ന് മുറവിളി കൂട്ടുന്ന 'മനുഷ്യാവകാശ' പ്രവര്‍ത്തകരുടെ വാക്കുകള്‍ക്കു പിന്നാലെ പാഞ്ഞു അതിനെയും വിറ്റ് കീശ വീര്‍പ്പിക്കുക എന്നതൊന്നും ഇക്കാലത്തെ മാധ്യമ ധര്‍മ്മത്തിനു ചേര്‍ന്നതാണ് എന്ന് ഞാന്‍ കരുതുന്നില്ല.

ആര്‍ക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ ഇനി പറയുന്നത് മാറ്റാന്‍ പോകുന്നില്ല - ഇന്നത്തെ മാധ്യമ ധര്‍മ്മം എന്നത് കൂട്ടിക്കൊടുപ്പിനെക്കാള്‍ അധപതിച്ചതാണ്.

30 നവംബർ 2012

ദൈവത്തിന്റെ കാരുണ്യ വര്ഷം!

ദുഭായിയില്‍ ഇപ്പോള്‍ സമയം വെള്ളിയാഴ്ച പകല്‍ പതിനൊന്നു മണി. സാദാരണ വെള്ളിയാഴ്ചകളില്‍ ഈ സമയം  ദുഭായി ഉറക്കത്തില്‍ നിന്നും ഉണരുകയെ ഉള്ളൂ. ഇന്ന് പതിവിനു വിരുദ്ധമായി രാവിലെ ഒന്‍പതു മണി മുതല്‍ നഗരത്തിലെ അനേകംപേര്‍ അവരവുടെ ഫ്ലാറ്റിനു പുറത്തായിരുന്നു. തീരെ ചെറിയ കുട്ടികള്‍ അവരുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവം ആസ്വദിക്കുന്നു. മുതിര്‍ന്നവര്‍  ഗൃഹാതുരത്വതിലേക്ക് മടങ്ങി പോകുന്നു.   വളരെ  മനോഹരമായ  ഒരു പ്രഭാതം.  ദുഭായില്‍ അത്യപൂര്‍വമായ  ഒരു  സംഭവം.

രാത്രിമഴയായി തുടങ്ങിയ ദൈവത്തിന്റെ കാരുണ്യ വര്ഷം, രാവിലെ ഒന്‍പതു മണി ആയപ്പോഴേക്കും, അതിന്റെ സര്‍വ്വ ഭാവങ്ങളും സമന്വയിപ്പിച്ച് ഈ സമയം വരെ തകര്‍ത്തു പെയ്തു. അകമ്പടിയായി ഇടിമിന്നലുകളും.  രണ്ടു മണിക്കൂര്‍ ഞാന്‍ മറ്റനേകം  ആളുകളോടൊപ്പം  ശരിക്കും മഴയെ ആസ്വദിക്കുകയായിരുന്നു.  മഴയെ പേടിക്കുന്ന ചില കുടുംബങ്ങള്‍ അവരവരുടെ വാഹനങ്ങളില്‍ ഞങ്ങളെ തുറിച്ച കണ്ണുകളോടെ നോക്കി കടന്നു പോകുന്നു. മറ്റു ചിലര്‍ കെട്ടിടങ്ങളിലെ ബാല്‍ക്കണിയിലും ജനാല മറയ്ക്കുള്ളില്‍ ഇരുന്നും അത്ഭുതത്തോടെ നോക്കുന്നു.  വര്‍ഷത്തില്‍ ഒരു മഴ എങ്കിലും നനഞ്ഞില്ല എങ്കില്‍, മറ്റെന്തൊക്കെ ഉണ്ടെങ്കിലും ജീവിതം പൂര്‍ണ്ണം ആകില്ല എന്നാണു എന്റെ പക്ഷം. 

 ദുഭായിക്ക് മേല്‍ ദൈവത്തിന്റെ ഈ കാരുണ്യ വര്‍ഷത്തില്‍ എല്ലാ ദുഭായിക്കാര്‍ക്കും എന്റെ പ്രാര്‍ത്ഥന നിറഞ്ഞ അഭിവാദ്യങ്ങള്‍.

എല്ലാ വര്‍ഷവും ഇതുപോലെ ഒരു മഴക്കാലം ദുഭായിക്ക് നല്‍കേണമേ.

19 ഒക്‌ടോബർ 2012

വകയ്ക്കു കൊള്ളാത്ത പഴം പച്ചക്കറി പലവ്യഞ്ജന സാധനങ്ങള്‍

ഏഴു വര്ഷം മുമ്പ് ദുഭായില്‍ ആദ്യമായി വന്നപ്പോള്‍ സുഹൃത്ത്‌ കാണിച്ചു തന്ന ആദ്യത്തെ അത്ഭുതം എയര്‍പോര്‍ട്ട് ടണല്‍ ആയിരുന്നു. 

രണ്ടാമത്തെ അത്ഭുതം, ഒരു മലയാളി എന്നാ നിലയില്‍ എന്നില്‍ രോമാഞ്ചം ജനിപ്പിച്ച, ഇംഗ്ലീഷ് അക്ഷര മാലയിലെ വെറും രണ്ടു അക്ഷരം കൊണ്ട് ഒരു നാലക്ഷര രണ്ടുമാത്ര നാമത്തില്‍ ഉള്ള ഒരു ഷോപ്പിംഗ്‌ മാള്‍... ഇന്ന് ആ രണ്ടുമാത്ര നാമ ഷോപ്പിംഗ്‌ മാള്‍ ശൃംഗല  ഏതാണ്ട് എല്ലാ അറബ് രാജ്യങ്ങളിലും സ്വസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. കൊച്ചിയിലും ഒരെണ്ണം ഉണ്ടെന്നോ, ഉണ്ടായിക്കൊണ്ടിരിക്കുന്നോ എന്നാണു അറിവ്.

മേല്‍പടി ശൃംഗലയുടെ അധിപന്‍, ഇന്ന് അറബ് രാജ്യങ്ങളില്‍ ഏറ്റവും സ്വാധീനമുള്ള ഇന്ത്യാക്കാരില്‍ പ്രമുഖനായ ഒരു മലയാളിയാണ്.  അതില്‍ ഏറ്റവും എളിയവനായ ഈ മലയാളിയും അഭിമാനിക്കുന്നു

പക്ഷേ, സത്യത്തിന്റെ മുഖം ഇരുണ്ടാതാണല്ലോ...  അണ്ണാന്‍ മൂത്താലും മരം കയറ്റം മറക്കുമോ? മലയാളി എവിടെ പോയാലും മലയാളി അല്ലാതാകുമോ? എനിക്ക് ഒരിക്കലും ഒരി മലയാളി ആകാതിരിക്കനാകുന്നില്ല.  അതുകൊണ്ട് ഇനിയുള്ള കാര്യങ്ങള്‍ മലയാളികളായ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.

മേല്‍പടി ദ്വിമാത്ര നാമ ബഹുവിധ വിപണന കേന്ദ്രം, മലയാളികള്‍ക്ക് മാത്രമല്ല, അത്യാവശ്യം എല്ലാ നാട്ടുകാര്‍ക്കും ഗുണമേന്മയുള്ള സാധനങ്ങള്‍ ആദായകരമായി വിറ്റ്  വന്നിരുന്നു.  ഒരു പക്ഷേ ഉടയോന്‍ ഇതെല്ലാം നേരില്‍ നോക്കി നടത്തിരുന്നിരിക്കാം.  ഇപ്പോള്‍ ഉടയോന്‍, തനിക്കു പുറം ലോകത്തുള്ള സ്വാധീനതയുടെ കാഠിന്യം കാരണവും, നാട്ടുകാരെ ഇനിയും കുറഞ്ഞ ചെലവിലും കൂടുതല്‍ കാര്യക്ഷമതയിലും ഗഗനചാരത്തിന് സഹായിക്കാനുള്ള  ആത്മ സമര്‍പ്പണത്തിന്റെ ഭാഗവുമായി അതിയായ തിരക്കിലാണ് എന്ന് വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നു.

നിര്‍ഭാഗ്യ വശാല്‍ ഭൂരിപക്ഷം ലോക വിജയികളുടെ കാര്യത്തില്‍ എന്ന പോലെ തന്നെ ഉടയോന്റെ നില ഇവ്വിധം ഉയരങ്ങളിലേക്ക് പോകുന്നത് മറ്റു എന്നെ പോലെ തന്നെ മറ്റു മലയാളികള്‍ക്ക് തീരെ സഹിക്കുന്നില്ല.  മലയാളികള്‍ക്ക് മാത്രമല്ല,  ഉടയോന്റെ ശമ്പളം പറ്റി ഉപജീവനം നടത്തുന്ന പലര്‍ക്കും അസഹിഷ്ണുത ഉണ്ട് താനും.   ഞാന്‍ ആ അസിഹ്ഷ്ണുത ഇങ്ങനെ കത്തിലൂടെ പ്രകടിപ്പിക്കുന്നു.  ഉടയോന്‍ ഇതൊരിക്കലും വായിക്കില്ല എന്നാ ധൈര്യമാണ് അതിനു പിന്നില്‍.

ഉടയോന്റെ ആജ്ഞാനുവര്ത്തികളും അവരുടെ കീഴിലുള്ളവരും  എന്ത് ചെയ്യുന്നു?  ഉത്തരം വളരെ ലളിതമാണ്... ഉടയോന്റെ കാല്‍ക്കീഴിലെ മണ്ണ് സൂചി തുമ്പ് കൊണ്ട് തോണ്ടി കളയുന്നു... ഉടയോന്‍തന്നെ ഈ നിലയില്‍ എത്തിച്ച ദ്വിമാത്ര നാമ കച്ചവട സ്ഥാപനങ്ങളില്‍ ഇനി ഒരിക്കലും നേരിട്ട് വരാന്‍ പോകുന്നില്ല (എന്റെ ഈ കുറിപ്പ് അദ്ദേഹം വൈക്കാന്‍ പോകുന്നില്ല എന്നത് പോലെ തന്നെ). പേരിന്റെ പ്രശസ്തി കൊണ്ട് എന്ത് ചവറ്  ഏതു  പേരില്‍ വിറ്റാലും  ബ്ലഡി മലയാളീസ് ആന്‍ഡ്‌ അദര്‍ ബനാന പീപ്പിള്‍സ് പഞ്ച പുശ്ചം അടക്കി അവ വാങ്ങി കൊണ്ട് പൊയ്ക്കോളും.  ഈ ധൈര്യം, അവരെ കൊണ്ട് വില കുറഞ്ഞ സാധനങ്ങള്‍ പ്രവാസികള്‍ക്ക് വിറ്റു  വരുന്നു.  ഉടയോന്റെ അനുയായികളില്‍ കമ്മീഷന്‍ വാങ്ങി സാധങ്ങള്‍ ക്രയ വിക്രയം നടത്തുന്നു എന്നൊന്നും ഈ ദോഷൈക ദൃക്ക് സമര്‍ത്ഥിക്കുന്നില്ല. പക്ഷേ, ഏറ്റവും ചെറിയ 'ഗ്രോസറി'യില്‍ ലഭിക്കുന്നതിനേക്കാള്‍ മോശപ്പെട്ട പഴം പച്ചക്കറി സാധങ്ങള്‍ ആണ് ഇപ്പോള്‍ ഉടയോന്റെ സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഏറെയും ലഭിക്കുന്നത്  ശക്തനായ ഉടയോന്റെ അതി ശക്തമായ അടിത്തറ ഇങ്ങനെ ആരൊക്കെയോ സൂചി കൊണ്ട് ഇളക്കുന്നു.  ഇക്കണക്കിനു മുന്നോട്ടു പോയാല്‍ വായു കേരളം പദ്ധതി യാഥാര്‍ത്ഥ്യം ആകുന്നതിനു മുമ്പ് തന്നെ, ഉടയോന്  വായുകോപവും  തിരുവയറൊഴിഞ്ഞ കീശയും ആയിരിക്കും മിച്ചം ഉണ്ടാകുന്നത്.

ഇത്രയും ഏഴുതി കഴിഞ്ഞപ്പോള്‍, എന്തൊരു ആശ്വാസം... ഒരു മലയാളി എന്ന നിലയില്‍, മറ്റൊരു മലയാളിക്ക് അസൂയയും കുശുമ്പും നിറഞ്ഞ ഒരു പാര വയ്ക്കാന്‍ പറ്റിയല്ലോ.  പക്ഷേ ആ ആശ്വാസം പരിപൂര്‍ണ്ണം അല്ല... കാരണം ഉടയോനുമായി യാതൊരു വിധത്തിലും ബാധ്യത ഇല്ലാത്ത എനിക്ക്, അങ്ങേര്‍ക്കിട്ട് ഒരു പണി കൊടുക്കാന്‍ കഴിഞ്ഞപ്പോള്‍ ഇത്രയും സന്തോഷം ഉണ്ടെങ്കില്‍, അദ്ദേഹത്തിനെ ചോറും ഉപ്പും തിന്നുകൊണ്ട്‌ തന്നെ അദ്ദേഹത്തിന് പണി കൊടുക്കുന്ന മഹാന്മാര്‍ക്ക് എത്രമാത്രം സന്തോഷം കാണുമായിരിക്കും? ...

ലുലു ഗ്രൂപ്പിന്റെ ഉടമയായ ബഹു: യൂസഫലിയോടു എനിക്കുള്ള അസൂയ കാരണമാണ് ഞാന്‍ ഇതെഴുതിയത്.  വകയ്ക്കു കൊള്ളാത്ത പഴം പച്ചക്കറി പലവ്യഞ്ജന  സാധനങ്ങള്‍ ആണ് ഇപ്പോള്‍ ലുലു  വില്‍ക്കുന്നത് എങ്കിലും, അദ്ദേഹത്തിനോ, അദ്ദേഹം വിശ്വസിച്ചു ടി സ്ഥാപങ്ങളെ മേല്‍നോട്ടം എല്പ്പിചിരിക്കുന്നവര്‍ക്കോ  അക്കാര്യത്തില്‍ എന്തെങ്കിലും മനസ്സറിവ് ആത്മാര്‍ഥമായിട്ട് ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല. അക്കാര്യത്തില്‍ എന്ന് മാത്രമല്ല, ഇപ്പോള്‍ പല കാര്യത്തിലും ആത്മാര്‍ഥതയും മനസ്സറിവും അവര്‍ക്കില്ല.

 ദൈവമേ, ഈ അസൂയക്ക്‌ എന്നോട് പൊറുക്കേണമേ... യൂസഫലിയും എന്നോട് പൊറുക്കേണമേ...

27 സെപ്റ്റംബർ 2012

കൂടം കുളം മൂലം ബഹു വിധ ചിന്തിതം



അണുശക്തി കണ്ടുപിടിക്കുന്നതിനു മുമ്പ് ഉണ്ടാക്കിയ ഒരു അണക്കെട്ട് ഇന്നോ നാളെയോ എന്നാ മട്ടില്‍ കുറച്ചു പേരുടെ തലയ്ക്കു കൂടം കൊണ്ട് അടിച്ചു കൊണ്ടിരിക്കുന്നു.  ആരും മൈന്‍ഡ്‌ ചെയ്യുന്നില്ല.  കുറച്ചു നാള്‍ മുമ്പ് ഭീതിയിലായ നാട്ടുകാര്‍ കുറച്ചുസമരവും പ്രതിഷേധവും ഒക്കെ നടത്തിയപ്പോള്‍ നമ്മുടെ അയല്‍ക്കാര്‍ നമ്മുടെ എതിരെ തിരിഞ്ഞു.  ഉന്നതാധികാര സമിതിയും ഉന്നത നീതി പീഠവും ഒന്നും ഒന്നും ചെയ്തില്ല.

പ്രസ്തുത അണക്കെട്ടിനു പത്തിരുന്നൂറ് കിലോമീറ്റര്‍ തെക്ക് കിഴക്ക് മാറി അത്യന്താധുനികമായ ആണവോര്‍ജ പദ്ധതി വരുന്നു.  നമ്മുടെ അയല്‍ക്കാര്‍ക്ക് ഒപ്പം നമ്മളും പരിതപിക്കുന്നു (വെറുതെ ഒരു ജാഡയ്ക്ക് മാത്രമാണ് നമ്മുടെ ഉല്‍ക്കണ്ഠ അതല്ലാ എങ്കില്‍ നഗ്നമായ ഇരട്ടത്താപ്പ്‌)).

പ്രതിഷേധക്കാരുടെ ഏറ്റവും  അവസാനത്തെ വാദം, ആസ്ട്രേലിയയും ജപ്പാനും ആണവ പദ്ധതികള്‍ ഉപേക്ഷിക്കുന്നു എന്നതാണ്. അവര്‍ ഉപേക്ഷിക്കുന്നത് ആ പദ്ധതികളില്‍ നിന്നുള്ള എല്ലാ പ്രയോജനവും ഉപയോഗപ്പെടുത്തിയിട്ടാണ്. അല്ലാതെ ഗര്‍ഭചിദ്രം നടത്തുകയല്ല.  മറ്റൊരു കാര്യം, ആണവ ഊര്‍ജം ഇല്ലെങ്കിലും ഭാവിയില്‍ അവര്‍ക്ക് ഊര്‍ജ പ്രതിസന്ധി ഉണ്ടാകാതെ മുന്നോട്ടു പോകുവാനുള്ള ശേഷിയും ശേമുഷിയും സംവിധാനങ്ങളും അവര്‍ക്കുണ്ട്.

ദിനംപ്രതി  കുറഞ്ഞുകൊണ്ടിരിക്കുന്നതും വില കൂടിക്കൊണ്ടിരിക്കുന്നതുമായ പ്രകൃതി വിഭവങ്ങള്‍ കൊണ്ട്  അധികനാള്‍ പിടിച്ചു നില്‍ക്കാന്‍ ലോകതിനാകില്ല. പരിസ്ഥിതിയെ പരമാവധി നമ്മള്‍ ചൂഷണം ചെയ്തു കഴിഞ്ഞു.  ഭാവിയിലേക്ക്സുസ്ഥിരമായ കൃഷിയും സാങ്കേതിക വിദ്യയും പരമാവധി പ്രയോജനപ്പെടുത്തിയെ പറ്റൂ.

എന്തിനേയും ഏതിനെയും കണ്ണടച്ച് എതിര്‍ക്കുന്ന രീതി ഒരിക്കലും നല്ലതല്ല.  ഇങ്ങനെ ചിന്തിക്കാതെ എതിര്‍ക്കുന്ന നാം, ഇപ്പോഴും എന്തിനാണ്അറിഞ്ഞു കൊണ്ട് തന്നെ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക വിഷം അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുന്നത്‌? എന്തിനാണ് തീവ്രതയുള്ള ഹോര്‍മോണ്‍ അടങ്ങിയിട്ടുള്ള കോഴിയിറച്ചി കഴിക്കുന്നതു? എന്തിനാണ് രോഗം വന്നു ചാകാറായ ആടുമാടുകളുടെ മാംസം കഴിക്കുന്നത്? ഇതൊക്കെ കഴിക്കാതിരിക്കാന്‍ വലിയ വലിയ സമരങ്ങള്‍ ഒന്നും വേണ്ട. സ്വയം വേണ്ട എന്ന് വച്ചാല്‍ മാത്രം മതി. പിന്നെ, എന്തെങ്കിലും കഴിക്കണം എങ്കില്‍ സ്വന്തമായി അല്പം അധ്വാനിക്കണം എന്ന് മാത്രം.

നമ്മുടെ അധ്വാനങ്ങള്‍ വിചിത്രങ്ങള്‍ ആണ്.  അവ ഒരു ചെലവും ഇല്ലാത്ത പ്രതിഷേധങ്ങള്‍ക്കും, മുന്നില്‍ വരുന്ന ആഹാരം കഴിക്കുന്നതിലും, മറ്റുള്ളവരെ (മറ്റുള്ളവയെ) ദുഷിക്കാനും, ടി.വി.യില്‍ വരുന്ന നിലവാരം ചെയ്യപ്പെടാനാകാത്ത സീരിയല്‍, റിയാലിറ്റി ഷോ, പാനല്‍ ചര്‍ച്ചകള്‍ മുതലായവ 'ആസ്വദിക്കാനും' മാത്രമാണ്. പിന്നെ, നമ്മുടെ ഉല്ലാസം, അതും
വളരെ വിചിത്രമാണ് - ഹര്‍ത്താലുകള്‍.  'അധ്വാനിക്കുന്ന, വിദ്യാ സമ്പന്നരായ, പ്രബുദ്ധരായ ജന വിഭാഗം' ഏറെ ഉള്ള ഒരു സംസ്ഥാനത്തിന്റെ കാര്യങ്ങളാണ്.

 മലയാളിക്ക് ഉള്ളത് എന്താണ് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉടനെ മലയാളി മറുപടി പറയും - വിദ്യാഭ്യാസവും പ്രബുദ്ധതയും - സത്യത്തില്‍ സത്യം സത്യമായി പറയാനുള്ള അറിവ് പോലും ശരാശരി മലയാളിക്ക് ഇല്ല എന്നതാണ് സത്യം - വിദ്യാ ആഭാസവും മന്ദ ബുദ്ധിത്തരവും മാത്രമാണ് മലയാളിക്ക് ഉള്ളത്.


06 ഓഗസ്റ്റ് 2012

ജയ്‌ ഹിന്ദ്‌. വന്ദേ മാതരം.

മുഖസ്തുതി ആണെന്ന് തോന്നുമെന്കിലും കാണാന്‍ ഞാന്‍ ഒട്ടും സുന്ദരന്‍ ഒന്നുമല്ല. ഒരു ഭീകര സംഭവം ആണെന്ന് പലരും പറഞ്ഞിട്ടും ഉണ്ട്.  അങ്ങനെ ഉള്ള ഞാന്‍ ചിരിക്കാതിരുന്നാലുള്ള അവസ്ഥ കൊടും ഭീകരമായിരിക്കും എന്ന് എനിക്ക് തന്നെ അറിയാം. എന്നാലും ചിരിക്ക് ഞാന്‍ വളരെ പിശുക്ക് കാണിക്കും.

പക്ഷേ, ഇന്ന് ഞാന്‍ ഒന്ന് നന്നായി ചിരിച്ചു.  ആ ചിരി കണ്ടു ആദ്യമായി ഒരാള് അന്ധാളിക്കുന്നത്കണ്ടു ഞാന്‍ നന്നായി വീണ്ടും ഒന്ന് പുഞ്ചിരിച്ചു.

കാര്യം വളരെ ഗൌരവമാണ്.  തിരുവന്തോരത്ത് കുറച്ചു സുഹൃത്തുക്കളുമായി ഒരു കൊച്ചു പങ്കു കച്ചോടം ഒക്കെ നടത്തി കൊണ്ട് വരുന്ന അവസരത്തിങ്കല്‍ ഒരു പാതിരാത്രിയില്‍ ദുഭായില്‍ നിന്നും ഒരു വിളി. വിളിക്കുന്നത്‌ മറ്റൊരു സുഹൃത്ത്‌.  കൂടുതല്‍ ഒന്നും ആലോചിച്ചില്ല, കയറി പുറപ്പെട്ടു.  തിടുക്കത്തില്‍ പുറപ്പെട്ടത്‌ കൊണ്ട് അത്യാവശ്യം ചില പേപ്പറുകളില്‍ ഒപ്പിടാന്‍ മറന്നു.

കഴിഞ്ഞ ആഴ്ച, എന്റെ 'സറശൂ' എന്ന ഒപ്പ് നാട്ടിലെ കച്ചവടത്തിന് അനിശേധ്യമായത് കൊണ്ട് പങ്കാളികള്‍ ഒരു കെട്ടു മുദ്രപത്രങ്ങള്‍, ഏതോ വക്കീലിനെ കൊണ്ട് തയ്യാറാക്കിച്ച പവര്‍ ഓഫ് അറ്റോര്‍ണി അയച്ചു തന്നു. അത് എന്റെ കയ്യില്‍ കിട്ടിയത് വ്യാഴാച്ച ഉച്ചക്ക് രണ്ടു മണിക്ക്. അടുത്ത ദിവസം വെള്ളിയ, പിന്നെ ശനി. ഇന്ത്യന്‍ കോണ്‍സുലേറ്റ്  ഇനി ഞായറാഴ്ച മാത്രേ തുറക്കൂ.  എഴുന്നേറ്റു നിന്ന് മുഖം ഒന്ന് കഴുകാന്‍ ഉള്ള ആരോഗ്യം ഉണ്ടെങ്കില്‍ ദുഭായില്‍ ആരും ജോലിക്ക് പോകാതിരിക്കില്ല. ഇതെല്ലാം അറിയാവുന്നത് കൊണ്ട് വ്യാഴാഴ്ച തന്നെ മുതലാളിയോട് കാര്യം അവതരിപ്പിച്ചു ഞായറാഴ്ച  ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോകാന്‍ വേണ്ട കാര്യങ്ങള്‍ എല്ലാം ഒരുക്കി. പക്ഷേ, പതിവ് പോലെ ആ പോക്ക് തടസ്സപ്പെട്ടു. ഒരാഴ്ച അങ്ങനെ അങ്ങനെ തടസ്സങ്ങള്‍. ഒടുവില്‍ ഇന്ന് രാവിലെ പോകുവാന്‍ അവസരപ്പെട്ടു.

ശമ്പളം തരപ്പെടുവാന്‍ ഇനിയും ഒരു പക്കം കാത്തിരിക്കണം എന്നതിനാല്‍ സുഹൃത്തിന്റെ കയ്യില്‍ നിന്നും ഇരുന്നൂറു ദിര്‍ഹം കടം വാങ്ങിയാണ് പുറപ്പെടല്‍.  രാവിലെ എന്നെ അവിടെ കൊണ്ടുപോയവാന്‍ പാകിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഇറക്കി വിട്ടു സലാം പറഞ്ഞു.  പാകിസ്ഥാന്റെ അടുതായത് കൊണ്ട് കുഴപ്പമില്ല, രാജ്യങ്ങളുടെ സ്ഥാനം പോലെ എംബസ്സിയുടെ സ്ഥാനവും അടുത്ത് അടുത്ത് തന്നെ.

രാവിലെ ആയത് കൊണ്ട് നൂറു കഴിഞ്ഞുള്ള ഒറ്റ സംഖ്യയില്‍ ടോക്കന്‍ കിട്ടി. ഊഴവും കാത്തിരുന്നു. കാത്തിരുന്നപ്പോള്‍, ഒരു വലിയ നോട്ടീസ്‌ (ഇംഗ്ലീഷ്‌ ഭാക്ഷയില്‍ മാത്രം എഴുതിയത്) ശ്രദ്ധയില്‍ പെട്ടു. "We Accept Cash Only. No Cards Accepted". കോപ്പ്, കാര്‍ഡ്‌ ഉണ്ടെങ്കില്‍ അല്ലെ പ്രശ്നം, അത് കൊണ്ട് ഞാന്‍ അതിനു വലിയ പ്രാധാന്യം ഒന്നും നല്‍കിയില്ല.

ഊഴം എത്തിയപ്പോള്‍ സംഭവങ്ങള്‍ എല്ലാം എടുത്തു. ഉദ്യോഗസ്ഥന്റെ അടുത്ത് ഇരുന്നു. കടലാസുകള്‍ എല്ലാം ഒന്ന് നോക്കിയിട്ട് ഉദ്യോഗസ്ഥന്‍ നല്ല ശുദ്ധ മലയാളത്തില്‍ പറഞ്ഞു, "ഇരുന്നൂറ്റി പത്തു ദിര്‍ഹം ആകും"; ഞാന്‍ "ഈശ്വരാ" എന്ന് വിളിച്ചു കൊണ്ട്, രാവിലെ കടം വാങ്ങാന്‍ തോന്നിച്ച ആളോട് നന്ദി പറഞ്ഞു കൊണ്ട് കീശയില്‍ നിന്നും പണം എടുത്തു കൊടുത്തു. ആ കൊടുക്കുന്ന സമയത്ത് തന്നെപെട്ടെന്ന് എന്റെ മനസ്സില്‍ ഒരു ഇടിവെട്ടി... ഇന്ത്യന്‍കോണ്‍സുലേറ്റില്‍ ഒരു ബോര്‍ഡ്‌ പോലും ഹിന്ദിയില്‍ ഞാന്‍ കണ്ടില്ല. കമ്പ്ലീറ്റ്‌ ഇംഗ്ലീഷ്... തലയില്‍ ഇപ്പോള്‍ രോമാവസ്ഥ നമ്മുടെ കാലാവസ്ഥ പോലെ മോശമായതിനാല്‍, ഇടിവെട്ടിയ എന്റെ തലയില്‍ പാമ്പ് കൊത്തിയില്ല, ആയതിനാല്‍ എത്ര നിയന്ത്രിച്ചിട്ടും  ഒരു ചോദ്യം ചിരിയുടെ മേലപ്പോടെ എന്റെ വായില്‍ നിന്നും ഞാന്‍ അറിയാതെ നിര്‍ഗമിച്ചു.

"സാര്‍, ഒരു സംശയം ചോദിച്ചോട്ടേ..."

"പറയൂ..."

"നമ്മുടെ ഇന്ത്യന്‍ കറന്‍സി ഇവിടെ എടുക്കുമോ സാര്‍..."

"ഇല്ല." ഉത്തരം ഉടന്‍.

ചോദ്യത്തിന് ഉത്തരം കിട്ടിയെങ്കിലും, എന്റെ ചിരി അവിടെ നില്‍ക്കാന്‍ കൂട്ടാക്കിയില്ല...  അത് കുറച്ചു നേരം കൂടി അങ്ങനെ തുടര്‍ന്ന്.  മുന്നില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്റെ മുഖ ഭാവം കണ്ടപ്പോള്‍ മനസ്സിലായി, അയാളുടെ നെഞ്ചിലും ഒരു ചെറിയ ഇടി വെട്ടിയിട്ടുണ്ടാകും. കാരണം, കര്‍ക്കിടക കോള് പോലെ ആ മുഖം പെട്ടെന്ന് ഇരുണ്ടു പോയിരുന്നു.

പണ്ട് ഇന്ത്യയുടെ വിമാനത്തില്‍ ഇന്ത്യന്‍ കറന്‍സി സ്വീകരിക്കില്ല എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ കറന്‍സി ഒരു മടിയും കൂടാതെ സ്വീകരിക്കുന്ന വിദേശ വിമാനത്തിലും ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്.  ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി, ഇന്ത്യന്‍ കറന്‍സി വിലവയ്ക്കുന്നത് ഇന്ത്യയിലെ അത്താഴ പട്ടിണിക്കാരായ ജനങ്ങള്‍ മാത്രമാണ്.  സര്‍ക്കാരിനു അതിനു എന്തിനെ വിലയാണ് എന്ന് ഞാന്‍ പച്ചക്ക് പറയുന്നില്ല.  കറന്‍സി മാത്രമല്ല, രാഷ്ട്ര ഭാക്ഷ മുതല്‍ പവിത്രവും പരിപാവനവും എന്നൊക്കെ നമ്മള്‍ കരുതി പോന്നിരുന്ന ദേശീയതയുടെ പലതും.  അങ്ങനെ അവര്‍ക്ക് വല്ല വിലയും ഉണ്ടായിരുന്നെങ്കില്‍...

മറ്റൊരു കാര്യം കൂടി ഇവിടെ പറയട്ടെ, ദുഭായിലെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോയാലും, അച്ചടിച്ച പല അറിയിപ്പുകളിലും അറബി (രണ്ടോ മൂന്നോ തരം), ഇംഗ്ലീഷ്, ഹിന്ദി, മലയാളം,ചൈനീസ്‌, തുടങ്ങി പല ഭാക്ഷകളും ഉണ്ടാകും ആ കുറിപ്പുകളില്‍. ഓര്‍ക്കുക, അറബി മാത്രമാണ് ഇവിടെ ഔദ്യോഗിയ ഭാക്ഷ. നമ്മുടെ നാട്ടില്‍ എത്ര ഔദ്യോഗിക ഭാക്ഷ ഉണ്ടെന്നു കൂടെ ഓര്‍ക്കുക.  സര്‍ക്കാര്‍ ചിലവില്‍ ഉണ്ണാനും ഉറങ്ങാനും കറങ്ങാനും, മറ്റു പലതിനും മാത്രം മന്ത്രി ആയിരിക്കുന്നവര്‍ ഭരിക്കുമ്പോള്‍, അവരെക്കാള്‍ അധികം, ആരാലും ചോദ്യംചെയ്യപ്പെടാതെ ഉദ്യോഗസ്ഥര്‍ 'ജനസേവനം' നടത്തി രാജ്യം മുടിക്കുമ്പോള്‍, രാജ്യ സ്നേഹം എന്നത് ജനുവരി 26 നും ആഗസ്റ്റ്‌ 15 നും ടി.വി. യില്‍ ഗാന്ധി സിനിമ കാണിച്ചു കൊണ്ട് നമ്മള്‍ "ആചരിക്കുന്നു".

എന്റെ ചിരി കണ്ടുഞെട്ടിയ ആ ഉദ്യോഗസ്ഥന് ആദരാഞ്ജലികള്‍.

ജയ്‌ ഹിന്ദ്‌. വന്ദേ മാതരം.


24 മേയ് 2012

സംതൃപ്തിക്ക് സമ്മാനം

മലയാളത്തിലെ ഒരു പ്രമുഖ വാരികയില്‍ വന്നിട്ടുള്ള ഒരു പരസ്യ ചിത്രമാണ്.




"സംതൃപ്തിക്ക് സ്വര്‍ണ്ണം സമ്മാനം" എന്നു വലിയ തലക്കെട്ടും അതിനു താഴെ "1 കോടി രൂപയുടെ സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും" എന്നും
അതിനും താഴെയായി ചില സിനിമാ താരങ്ങളുടെയും ഒരു പാട്ടുകാരന്റെയും കുറച്ചു കാറുകളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും സ്വര്‍ണ നാണയങ്ങളുടെയും ചിത്രം.

പരസ്യം മുഴുവനായി നിങ്ങള്ക്ക് കാണാം. പരസ്യം കണ്ടപ്പോള്‍ എനിക്ക് ചില സംശയങ്ങള്‍.

ആദ്യത്തേത്, ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എല്ലാം സമ്മാനങ്ങള്‍ ആണോ?

അങ്ങനെ അല്ലാ എങ്കില്‍, പരസ്യത്തില്‍ പറയുന്ന "സംതൃപ്തി" ചിത്രത്തില്‍ ഏറ്റവും മുകളില്‍ കാണിച്ചിരിക്കുന്നവരെ കുറിച്ചാണോ?

(എങ്ങനെ ആയാലും, രണ്ടിലും എനിക്ക് താല്പര്യം ഇല്ലാ എന്നു വിനീതമായും ആത്മാര്‍ഥമായും അറിയിച്ചു കൊള്ളുന്നു...)

21 മേയ് 2012

പശ്ചാത്തപിക്കുക, പ്രായശ്ചിത്തം ചെയ്യുക

ഒരു കൊലപാതകവും അത് സൃഷ്ടിച്ച അലയടികളും ഇന്ന് കേരളത്തെ ആകെ പിടിച്ചു കുലുക്കുന്നു.  കൂടുതലും കുലുങ്ങുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലെങ്കില്‍ അതിന്റെ നേതാക്കളും അണികളുമാണ്.

ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോള്‍, കേരളത്തിലെ ഒരു അതുല്യ പ്രതിഭയുടെ പ്രതികരണം വന്നിരിക്കുന്നു.  ലേറ്റ് ആയി വന്നു എങ്കിലും ലേറ്റസ്റ്റ് ആയി വന്നുഎന്നു ആദ്യം തോന്നി.  എന്നാല്‍, വളരെ വളരെ നാളുകള്‍ക്കു ശേഷം അദ്ദേഹം ആകാശ ഗോപുരങ്ങളില്‍ നിന്നും ഈയിടെയാണ് മണ്ണിലേക്ക് ഇറങ്ങിയത്‌ എന്നു ആദ്ദേഹത്തിന്റെ ബ്ലോഗ്‌ പൂര്‍ണ്ണ രൂപത്തില്‍ വായിച്ചപ്പോള്‍, മനസ്സിലായി.  ജീവിതത്തിന്റെ അര്‍ത്ഥങ്ങളും അനര്‍ത്ഥങ്ങളും സ്വന്തം മാതാവിന്റെ രോഗാവസ്ഥയില്‍ മകന്റെ സാമീപ്യം മാതാവിന് പകര്‍ന്നു നല്‍കുമ്പോള്‍ അദ്ദേഹം മനസ്സിലാക്കുന്നു.  കേരളത്തെ നടുക്കിയ ഒരു കൊലപാതകത്തെ അദ്ദേഹം അപലപിച്ചിരിക്കുന്നു, കൊല്ലപ്പെട്ട മകനെയോര്‍ത്ത് കേഴുന്ന അമ്മയുടെ മനസ്സ് അദ്ദേഹം കാണുന്നു.

മുപ്പതു വര്‍ഷത്തില്‍ ഏറെയായി ഒരു കലാകാരന്‍ എന്ന നിലയില്‍ മലയാളികളെ അദ്ദേഹം സ്വാധീനിച്ചു.  ജന്മസിദ്ധമായ കഴിവുകൊണ്ട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി അദ്ദേഹം നിലകൊണ്ടു.  മറ്റനേകം മലയാളികളെ പോലെ എന്റെയും സ്വന്തം അഭിമാനമായും അഹങ്കാരമായും അദ്ദേഹം മാറിയിട്ടുണ്ടായിരുന്നു.

ഭൂമിയിലെ കഥാപാത്രങ്ങളില്‍ നിന്നും അമാനുഷിക കഥാപാത്രങ്ങളിലേക്ക് അദ്ദേഹം പകര്‍ന്നാടിയപ്പോള്‍ ഒരു കലാകാരന്റെ പതനം കണ്ടു ഞാനും വിഷമിച്ചിട്ടുണ്ട്.  കഥാപാത്രങ്ങള്‍ മാത്രമല്ല, അവയ്ക്ക് പിന്നിലെ കലാകാരനും സത്യത്തില്‍ ഭൂമിയില്‍ നിന്നും ഉയര്‍ന്നുയര്‍ന്നു ആകാശ ഗോപുരങ്ങളിലേക്ക് പറന്നു പോയത് ഇപ്പോഴാണ് ഞാന്‍ ഉള്‍ക്കൊള്ളുന്നത്.

മാതാവിന് സാന്ത്വനം ഏകിക്കൊണ്ട് ഭൂമിയിലേക്ക്‌ വീണ്ടും ചുവടു വച്ചപ്പോഴാണ് അദ്ദേഹത്തിന് ഒരു കാര്യം ബോധ്യമായത് - കൊല്ലുന്നവരും കൊല്ലിക്കുന്നവരും പൊറുക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ അദ്ദേഹത്തിന് പേടിയും മടിയും മടുപ്പും തോന്നുന്നു. കേരളം ഒരു ഭ്രാന്താലയം ആയി മാറുകയാണോ എന്നു അദ്ദേഹം ചോദിക്കുന്നു.

ആകാശ മേലാപ്പുകളിലേക്ക് ഇത്ര നാളും മറഞ്ഞിരുന്നില്ല എങ്കില്‍, ഈ ചോദ്യങ്ങള്‍ അദ്ദേഹത്തിന് ഇപ്പോള്‍ ചോദിക്കേണ്ടി വരില്ലായിരുന്നു. ഇതിനൊക്കെ വളരെ വളരെ മുമ്പ് തന്നെ ഈ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും അദ്ദേഹത്തിന് ചിന്തനീയം ആകുമായിരുന്നു.

ഒരു നടന്റെ ജോലിയും സമൂഹത്തിനോടുള്ള ഉത്തരവാദിത്വങ്ങളും അഭിനയം മാത്രമാണ് എന്നു എല്ലാവരും വാദിക്കും. കവിയുടേത് കവനവും കഥാകാരന്റെത്‌ കഥനവും.  സിനിമയില്‍ കാണുന്നത് യുവജനങ്ങള്‍ അനുകരിക്കുന്നു എന്നു പലരും മുമ്പ് മുറവിളി കൂട്ടിയിട്ടുണ്ട്. അതിനുള്ള ന്യായം - സമൂഹത്തില്‍ നടക്കുന്നത് സിനിമയില്‍ കാണിക്കുന്നു, പിന്നെ, സിനിമ സിനിമ മാത്രമാണെന്ന്, അത് ജീവിതം അല്ല എന്നും തിരിച്ചറിയാനുള്ള വിവേകം നമ്മുടെ നാട്ടുകാര്‍ക്കുണ്ട് - ഇതായിരുന്നു. 

ടി.പി. യുടെ കൊലപാതകം, അമ്പതിലധികം വെട്ടുകള്‍ ഏറ്റു ടി.പി. യെ കൊന്നത്, നേരില്‍ കാണാതെ പത്രത്തില്‍ വായിച്ചപ്പോള്‍ ഞെട്ടിയ പ്രിയ താരമേ, അഭിനയം ആണെങ്കില്‍ കൂടിയും പലരെയും പലവട്ടം വെട്ടിയും, കുത്തിയും, വെടി വച്ചും, തല്ലിയും ഒക്കെ കൊല്ലുന്നത് നിങ്ങള്‍ സിനിമ എന്ന മാധ്യമത്തില്‍ കൂടി കാണിക്കുമ്പോള്‍, ഞാനുള്‍പ്പെടെ ഉള്ളവര്‍ കയ്യടിച്ചു രസിച്ചു ആസ്വദിച്ചിട്ടുണ്ട്.  നിങ്ങള്‍ കൊല്ലുന്ന വില്ലന്മാര്‍ അഥവാ കുലംകുത്തികളെ അങ്ങനെ തന്നെ ചെയ്യണം എന്നു മറ്റുള്ളവരെ പോലെ ഞാനും ഉള്ളിന്റെ ഉള്ളില്‍ ധരിച്ചിട്ടുണ്ട്.  പക്ഷേ അങ്ങനെ ഒക്കെ ചെയ്യാതിരുന്നത് നിങ്ങള്‍ ചെയ്യുന്നത് സിനിമയാണ് എന്നും, ജീവിതത്തില്‍ അങ്ങനെ ഒക്കെ നടക്കില്ലാ എന്നുമുള്ള ബോധം കൊണ്ടൊന്നുമല്ല, മറിച്ചു, അങ്ങനെ ചെയ്യാനുള്ള ധൈര്യമോ ചങ്കുറപ്പോ ഇല്ലാത്തതു കൊണ്ടാണ്.  എല്ലാരും താങ്കളെ പോലെ അഭിനയ പ്രതിഭ അല്ലാത്തത് പോലെ എല്ലാവരും എന്നെ പോലെ ഭീരുക്കള്‍ ആയിരിക്കണം എന്നില്ലല്ലോ,

ടി. പി. യുടെ വധത്തില്‍ മാത്രമല്ല, കേരളം ഇന്ന് കാണുന്ന സകല കൊള്ളരുതായ്മകള്‍ക്കും പ്രിയ താരമേ, താങ്കളും, താങ്കളുടെ സഹ പ്രവര്‍ത്തകരും, ഞാനും എന്നെ പോലുള്ള സാധാരണ ജനങ്ങളും ഉത്തരവാദികള്‍ തന്നെ.  താങ്കളുടെ സഹ പ്രവര്‍ത്തകര്‍ എന്നത് കൊണ്ട് വെറും സിനിമാക്കാരെ അല്ല ഞാന്‍ ഉദ്ദേശിച്ചത്, എല്ലാരെയുമാണ്., എന്നെ പോലുള്ള സാധാരണക്കാരന്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് കാണികളെ മാത്രമല്ല, എല്ലാരെയുമാണ്.  അതുകൊണ്ട് പ്രിയ താരമേ, ഇവിടുത്തെ സകല കൊള്ളരുതായ്മകള്‍ക്കും ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഓരോരുത്തരും ഉത്തരവാദികളാണ്.  ഈ ലോകത്തില്‍ ജീവിച്ചിരിക്കുക എന്ന കടമ നമ്മളെല്ലാം നിറവേറ്റുന്നതു പോലെയുള്ള ഉത്തരവാദിത്വം തന്നെയാണിത്.  കേരളത്തില്‍ ജീവിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടാതിരുന്നാലോ പേടിച്ചാലോ മടിച്ചാലോ മടുത്താലോ ഒന്നും ഈ ഉത്തരവാദിത്വത്തില്‍ നിന്നും നമുക്ക് ഒഴിഞ്ഞു മാറാനാകില്ല. പശ്ചാത്തപിക്കുക, പ്രായശ്ചിത്തം ചെയ്യുക.

ഈ എഴുതിയത് ഞാനും നിങ്ങളെപോലെ ദുഖിക്കുന്നത് കൊണ്ടാണ്. അല്ലാതെ നിങ്ങളുടെ ആരാധകര്‍ കരുതുംപോലെ ഞാന്‍ മറ്റാരുടെയെങ്കിലും ഫാന്‍ ആയതു കൊണ്ടല്ല. ഇങ്ങനെ എഴുതിയത് കൊണ്ട് നിങ്ങളുടെ ഏതെങ്കിലും ഫാന്‍ എന്നെ തെറി വിളിക്കുകയോ ദേഹോപദ്രവം ഏല്‍പിക്കുകയോ ചെയ്‌താല്‍, പ്രിയ താരമേ, നിങ്ങളും "കൊല്ലിക്കുന്നവരും" തമ്മില്‍ ഒരു ഭേദവും ഉണ്ടാകില്ല എന്നു ഇപ്പോള്‍ താങ്കള്‍ക്കു ഉള്‍ക്കൊള്ളുവാന്‍ പറ്റുമായിരിക്കും. 

സസ്നേഹം, താങ്കളിലെ പ്രതിഭയെ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരന്‍