27 മേയ് 2011

ഞാന്‍ അതോ, ഇതോ, മറ്റതോ അല്ല, ഞാന്‍ എല്ലാമാണ്.


ഇന്നത്തെ കേരള കൌമുദിയില്‍ വന്നിട്ടുള്ള ഒരു വാര്‍ത്തയാണ് . ബഹു. മന്ത്രി ശ്രീ. വി.എസ്. ശിവകുമാറിന്റെ വാക്കുകള്‍ കേരള കൌമുദി അതുപോലെ ഉധരിച്ചതാണോ എന്ന് എനിക്ക് നിശ്ചയം ഇല്ല. അങ്ങനെ ആണെങ്കില്‍ പ്രശ്നമൊന്നുമില്ല. 



"ഞാനൊരു നായരല്ല, ഈഴവനല്ല, മുസ്ലിമല്ല, ക്രിസ്ത്യാനിയല്ല, നാടാരുമല്ല; ഞാനിതെല്ലാമാണ്." എന്നാണ് ശ്രീ വി.എസ്. ശിവകുമാര്‍ പറഞ്ഞിരിക്കുന്നു എന്ന് കേരള കൌമുദി റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. 

ഒരാള്‍ സ്വയം അങ്ങനെ പറഞ്ഞാല്‍ നാം വിശ്വസിച്ചേ പറ്റൂ. പണ്ട് ശ്രീകൃഷ്ണന്‍ ഏതാണ്ട് ഇതേ അര്‍ഥം വരുന്ന രീതിയില്‍ പറഞ്ഞപ്പോള്‍ നാം എല്ലാരും വിശ്വസിചില്ലേ, പിന്നെന്താ ഒരു മന്ത്രി പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്തത്

ഇനി അങ്ങനെ അല്ല, മന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ചു പത്രം ഇപ്രകാരം റിപ്പോര്‍ട്ട്‌ ചെയ്തതാണെങ്കില്‍, ബഹുമാനപ്പെട്ട പത്രാധിപര്ജീ, താങ്കള്‍ ഇങ്ങനെ ബഹുമാന്യരെ അപമാനിക്കരുത്.  (ആരാണ് ബഹുമാന്യര്‍ എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം...)

25 മേയ് 2011

പാത വികസനത്തിന്‌ ചില ഉപായങ്ങള്‍ (പുത്തന്‍ മന്ത്രിമാര്‍ വായിച്ചറിയുവാന്‍)

ബഹുമാനപ്പെട്ട കേരള മന്ത്രിമാര്‍ വായിച്ചറിയുവാന്‍,

കേരളത്തിലെ പത വികസനത്തിന്‌ ചില ഉപായങ്ങള്‍ ആണ് ഈ പാവപ്പെട്ടവന്‍ ഇവിടെ നിര്‍ദേശിക്കുന്നത്.


പാത വീതി കൂട്ടല്‍ വളരെ കുറച്ചു മനുഷ്യര്‍ക്ക് മാത്രം നേട്ടം ഉണ്ടാക്കുന്ന കാര്യമല്ല, മറിച്ചു രാജ്യതിനാകമാനം ലാഭം ഉണ്ടാക്കുവാനുള്ള ജനക്ഷേമ പ്രവര്‍ത്തനമാണ്. ഇവിടെ പൊതുവായി പാത വികസനം എന്ന് പറയുന്നു എങ്കിലും, ജനോപകാര പ്രഥമായ ഏതു പ്രവര്‍ത്തനത്തിനും സ്ഥലം ആവശ്യമായി വരികയില്‍, ഇത് പ്രയോഗിക്കാവുന്നതാണ്.


ഏതൊക്കെ പാതകളാണ് വികസിപ്പിക്കുവാന്‍ പോകുന്നത് എന്നത് നേരത്തെ വിജ്ഞാപനം ചെയ്യുക. ടി പാതകളുടെ ഇരുവശവും എത്ര സ്ഥലം ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നു എന്നതും, അവയില്‍ നിലവില്‍ എത്ര / എന്തൊക്കെ സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു വസ്തു വകകള്‍ എന്നും വിജ്ഞാപനം ചെയ്യുക. ടി വസ്തു ഉടമകള്‍ക്ക് വിജ്ഞാപനത്തിന്റെ കോപിയും സ്ഥലം ഒഴിഞ്ഞു പോകേണ്ട സമയ പരിധിയും കൈമാറുക.

വസ്തുവിന്റെ വില നിശ്ചയിക്കുമ്പോള്‍, സൌജന്യ സമയം അനുവദിക്കണം. ടി സൌജ്യന സമയം വസ്തുവിന് നല്‍കാവുന്ന ഏറ്റവും ഉയര്‍ന്ന വില അനുവദിക്കണം. അവസാന സമയ പരിധി അടുക്കുന്തോറും ക്രമമായി വസ്തുവിന്റെ വില കുറയുമെന്നും അത് കഴിഞ്ഞാല്‍, വസ്തു പുറംപോക്കായി കരുതി വില നല്‍കാതെ നിര്‍ബന്ധപൂര്‍വം ഏറ്റെടുക്കുമെന്നും വിജ്ഞാപനത്തില്‍ എടുത്തു പറയേണ്ടതാണ്. ഇങ്ങനെ ഒരു വ്യവസ്ഥ വന്നാല്‍, ചൂതാട്ടക്കാര്‍ ആദ്യമേ വസ്തു സര്‍ക്കാരിനു കൈമാറ്റം ചെയ്തു മാതൃക കാണിക്കും. (ചൂതാട്ടക്കാര്‍ എന്നതുകൊണ്ട് രാഷ്ട്രീയക്കരെയോ അവര്‍ക്ക് വേണ്ടപ്പെട്ടവരെയോ അല്ല ഉദ്ദേശിച്ചത് എന്ന് സദയം കണക്കാക്കുക).

ഇത്രയൊക്കെ ആയിട്ടും വസ്തു നിശ്ചിത സമയ പരിധിക്കുള്ളില്‍ സര്‍ക്കാരിനു അടിയറ വച്ചിട്ടില്ല എങ്കില്‍, വളരെ വലിയ സ്ഥാപിത താല്പര്യങ്ങള്‍ വസ്തു ഉടമകള്‍ക്ക് ഉണ്ടെന്നു ധരിക്കെണ്ടാതാണ്. അവരെ വരുതിയിലാക്കാന്‍ താഴെ പറയുന്ന ഉപാധികള്‍ പരീക്ഷിക്കാവുന്നതാണ്.

ടി വസ്തുവകകളില്‍ നിര്‍ദേശിച്ച സമയപരിധി കഴിഞ്ഞിട്ടുള്ള കാലാവധിക്കു യാതൊരുവിധ വ്യാപാര വ്യവസായങ്ങള്‍ക്കോ മരാമത് പണികള്‍ക്കോ അനുമതി നല്‍കാതിരിക്കാന്‍ ടി വസ്തു ഏതു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലാണോ, അതാത് സ്ഥപനങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കണം. കൂടാതെ, വസ്തു നികുതി, കെട്ടിട നികുതി മുതലായവ ടി വസ്തുവകളിന്മേല്‍ ഈടാക്കതിരിക്കാനും, ബാധ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ വസ്തുവിന്റെ വിലക്ക് തുല്യമായ ബാധ്യത വസ്തു ഉടമകള്‍ക്ക് ഉണ്ടെന്നു രേഖപ്പെടുത്താനും നിര്‍ദേശം നല്‍കണം. വസ്തുവിന്റെ ക്രയ വിക്രയം കര്‍ശനമായി തടയണം എന്നും നിര്‍ദേശം നല്‍കണം.  ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും കര്‍ശനമായും സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം ഈടാക്കെണ്ടാതാണ്.

സമയ പരിധിക്ക് ശേഷം വില്പനാനുമതി നിഷേധിക്കുകയാല്‍, അതിനു ശേഷം ടി വസ്തു വകകളില്‍ നടത്തുന്ന സകലമാന വ്യാപാരവും നിയമ വിരുദ്ധമാകുകയും തന്നിമ്മിത്തം സര്‍ക്കാരിനു ടി വ്യാപാര സ്ഥാപനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യാവുന്നതുമാണ്.

സമയ പരിധി തീരുന്ന ദിവസം മുതല്‍ ടി വസ്തു വകകളില്‍ വൈദ്യുതി കുടിവെള്ള ബന്ധങ്ങള്‍ ബന്ധനം ചെയ്യേണ്ടതാണ്. അന്നേ ദിവസം മുതല്‍ ടി വസ്തു വകകളില്‍ ഏതു വിധത്തിലുമുള്ള വൈദ്യുതി ഉപഭോഗം നിയമ ലംഘനമായി കണക്കാക്കണം. കുടിവെള്ളം ഒഴികെയുള്ള ജല വിനിയോഗവും അപ്രകാരം ആക്കണം. കൂടാതെ, മണ്ണെണ്ണ, പാചക വാതകം തുടങ്ങിയവയുടെ ഉപഭോഗവും നിയമ വിരുധമാക്കണം. ടെലിഫോണ്‍, കേബിള്‍ ടി.വി. ബന്ധങ്ങളും അവസാനിപ്പിക്കണം.

സമയ പരിധി തീരുന്ന ദിവസം മുതല്‍ പാത വികസനം പൂര്‍ണ്ണമാകുന്നത് വരെ, ടി പാതകളില്‍ കൂടി സര്‍ക്കാര്‍ വാഹങ്ങള്‍ ഒഴികെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കണം. പാതയുടെ ഇരുവശവും തകര പലകകള്‍ കൊണ്ട് വേലി കെട്ടുകയും, ഒഴിഞ്ഞു പോകുന്നതുവരെ അവയുടെ പരിപൂര്‍ണ്ണ സംരക്ഷണം ഒഴിഞ്ഞു പോകാത്ത വസ്തു ഉടമകളുടെ ചുമതലയില്‍ എല്പിക്കെണ്ടാതുമാണ്. ടി വസ്തുവകകളില്‍ ഒഴിഞ്ഞു പോകാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരെ ഉടനടി പിരിച്ചുവിടണം. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ പിരിച്ചു വിടാന്‍ സ്ഥാപന ഉടമകള്‍ക്ക് നിര്‍ദേശം നല്‍കുകയും വേണം. ടി വസ്തു ഉടമകള്‍ക്കുള്ള സകലവിധ ഇന്‍ഷുറന്‍സ് പരിരക്ഷകളും എടുത്തു മാറ്റേണ്ടതാണ്.

ചുരുക്കി പറഞ്ഞാല്‍, മൂരാച്ചികളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുതെണ്ടാതാണ്.

ഇക്കാര്യങ്ങള്‍ എല്ലാം തന്നെ, നിയമസഭയില്‍ അവതരിപ്പിച്ചു നിയമമാക്കെണ്ടാതാണ്.

മേല്പടി പ്രവര്‍ത്തനങ്ങള്‍ പലവിധത്തിലുള്ള എതിര്‍പ്പുകള്‍ താല്പര കക്ഷികളില്‍ നിന്നും ക്ഷണിച്ചു വരുത്തും. താല്പര കക്ഷികളില്‍, മനുഷ്യാവകാശ പ്രവര്‍ത്തകരും അവരെപോലെ മനുഷ്യത്വം കാണിക്കാത്ത മറ്റുള്ളവരും ഉണ്ടാകും. എന്നാല്‍ അതൊന്നും അത്ര കാര്യമായ്‌ എടുക്കേണ്ടതില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, ഓരോ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തെ ജയിപ്പിക്കുകയെ മലയാളികള്‍ ചെയ്യുകയുള്ളൂ. അതുകൊണ്ട് ധൈര്യമായി (അതുണ്ടെങ്കില്‍) ഇപ്രകാരം ചെയ്യാവുന്നതാണ്.


പണ്ഡിറ്റ്‌ ഗുണ്ടുകാട് ഗുരുദാസ്‌
നവ രാഷ്ട്രീയ വിചിന്തകന്‍.

17 മേയ് 2011

തോട്ടിക്കു കോട്ട്

ഫ്രണ്ട്, നിങ്ങള്‍ ഈയിടയ്ക്ക് എപ്പോഴെന്കിലും തിരുവനന്തപുരത്ത് വന്നിട്ടുണ്ടോ?

ഇവിടെ കുടുംബ ശ്രീയിലെ സ്ത്രീകള്‍ ചപ്പു ചവറുകള്‍ കൃത്യാമായി വാരി നഗരം വൃത്തിയാക്കുന്നു. മറ്റേതൊരു ബൃഹത് പദ്ധതിയും പോലെ, ഇതും ലോക ബാങ്ക് സഹായത്തോടെ ഉള്ള ഒരു പദ്ധതി ആകാനെ വഴിയുള്ളൂ. ലോക ബാങ്കിന്റെ പദ്ധതികള്‍, നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അല്‍പ സ്വല്പം ജനക്ഷേമകരമാണ്. നഗരത്തിന്റെ വൃത്തികേടുകള്‍ ഒഴിവാക്കുമ്പോള്‍, അതോഴിവാക്കുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് ഈ പദ്ധതിക്ക് പണം നല്‍കുന്ന സ്ഥാപനം ഉപാധികള്‍ വച്ച് കാണും, അവര്‍ക് വേണ്ട സുരക്ഷാ സംവിധാനം കൂടെ ഏര്‍പ്പെടുത്തണം എന്ന്. സുരക്ഷാ കോട്ടുകള്‍, കയ്യുറകള്‍, തൊപ്പികള്‍, പാദരക്ഷകള്‍  മുതലായവ നല്‍കണം എന്ന്.

പദ്ധതി നടപ്പക്കുന്നവര്‍ ഇതൊക്കെ നല്കിക്കാണും... ഓവര്‍ കോട്ട്, ഗ്ലൌസ്, ഹെല്‍മെറ്റ്‌... പക്ഷെ, ഇതൊക്കെ എന്തിനു നല്‍കുന്നു എന്ന് അധികൃതര്‍ അവബോധം നല്‍കിയോ എന്ന് സംശയം.

ഫലം എന്താണ്? കയ്യുറ ധരിക്കുമ്പോള്‍ ചപ്പു ചവറുകള്‍ കയ്കാര്യം ചെയ്യാന്‍ കൈ വഴങ്ങുന്നില്ല, ഹെല്‍മെറ്റ്‌ എന്ന സാദനം ഈ ചൂടത്ത് എങ്ങനെ വയ്ക്കാന്‍? സാരിയുടെ കൂടെ ബൂട്ടുകള്‍ ധരിച്ചാല്‍, ലോകം കാറി തുപ്പില്ലേ?

നമ്മുടെ പദ്ധതി നടപ്പാക്കുന്ന പാവം കുടുംബ സ്ത്രീകള്‍ സുരക്ഷ കുപ്പായം (safety jackets) ഒഴികെ, മറ്റുള്ളവയെ എല്ലാം തള്ളിക്കളഞ്ഞു... സുരക്ഷാ കുപ്പായം കൊള്ളാം, ഇടുന്ന വസ്ത്രത്തില്‍ അഴുക്ക് പറ്റാതിരിക്കും.

ഇപ്പോള്‍ തിരുവനന്തപുരത്ത് കാഴ്ച ബഹു കേമമാണ്. തോട്ടിപ്പണിക്ക് ഞങ്ങള്‍ കോട്ടിട്ട് കൊടുത്തിരിക്കുന്നു. കുടുംബ സ്ത്രീകള്‍ സായിപ്പിന്റെ കൊട്ടിട്ടുകൊണ്ട് തോട്ടിപ്പണി ചെയ്യുന്നു... ഗ്രീന്‍ സിറ്റി ക്ലീന്‍ സിറ്റി സിന്ദാബാദ്‌.

ബഹുമാനപ്പെട്ട  ഐ.എ.എസ്. സായിപ്പന്മാരെ, ഒരു അഭ്യര്‍ത്ഥന. നിങ്ങള്ക്ക് ബുദ്ധി ഉണ്ടെങ്കിലും, നിങ്ങളെക്കാള്‍ മിടുക്കരും കുറച്ചൊക്കെ മനുഷ്യത്വമുള്ളവരുമായ ആള്‍ക്കാര്‍, ലോക നന്മ മുന്‍നിര്‍ത്തി കൊണ്ടുവരുന്ന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍, അതിന്റെ അര്‍ത്ഥസത്ത അവയുടെ ഉപയോക്താക്കളെ കൂടി ഒന്ന് മനസ്സിലാക്കിക്കുക. ഉപയോക്താക്കള്‍ ജനങ്ങള്‍ ആണെന്നും അവരുടെ പ്രതിനിധികള്‍ ആയ പരാഗ ജീവികള്‍ ആയ രാഷ്ട്രീയക്കാര്‍ അല്ലെന്നും മനസ്സിലാക്കുക. ഇന്ത്യയിലെ ശ്രേഷ്ഠ വര്‍ഗ്ഗമായി (elite people എന്ന് മലയാളം) നിങ്ങളെ രാഷ്ട്രം (രാഷ്ട്രീയക്കാര്‍ അല്ല) തെരഞ്ഞെടുക്കുനന്തു ജനങ്ങളെ സേവിക്കാനാണ്. സേവിചില്ലെന്കിലും വേണ്ടില്ല, സത്യം ജനങ്ങളില്‍ നിന്നും മറച്ചു വച്ച് അവരെ ദ്രോഹിക്കതിരുന്നാല്‍ മതിയാകും.

ഇപ്പോള്‍ പലരും എന്റെ മേല്‍ കുതിര കയറാന്‍ വരും. എന്തുകൊണ്ട് മാരക രോഗങ്ങള്‍ കേരളത്തില്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു എന്ന്? പ്രിയപ്പെട്ടവരേ, ഇതുപോലുള്ള അപൂര്‍വം ചില പദ്ധതികള്‍ സമൂഹത്തില്‍ പ്രാവര്തികമാക്കുന്നത് ഡോക്ടര്‍മാര്‍ അഥവാ ആരോഗ്യ പ്രവര്തകര്‍ ആണ്. അല്ലാതെ, ഐ.എ.എസ്. കാര്‍ അല്ല.

ആരോഗ്യ പ്രവര്‍ത്തകര്‍ ആയ ഡോക്ടര്‍മാര്‍ പോലും ഐ.എ.എസ്. കിട്ടിയാല്‍ ശ്രേഷ്ഠ വര്‍ഗ്ഗമായി. ശ്രേഷ്ടവര്‍ഗ്ഗത്തിന് വര്‍ഗ്ഗ സ്നേഹം കൂടുതല്‍ ആയതിനാല്‍ കൂടുതല്‍ ഒന്നും പറയേണ്ട കാര്യമില്ലല്ലോ. "Cleaning work without proper hygienic measures is suicidal" എന്ന് പറഞ്ഞാല്‍, ശ്രേഷ്ഠ വര്‍ഗത്തിന് മനസ്സിലാകും, അവര്‍ അതിനു പോംവഴി കണ്ടെത്തുകയും ചെയ്യും. ആ പോംവഴി നടപ്പിലാക്കുകയും ചെയ്യും. പക്ഷെ, ആദ്യത്തെ ഭാഗം, അതായത് "Cleaning work without proper hygienic measures is suicidal" എന്നത് അവര്‍ വിട്ടുകളയും. പൊതുജനം അത് മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ, മനസ്സിലാക്കാന്‍ അവര്‍ ശ്രേഷ്ഠ വര്‍ഗമല്ലല്ലോ. പക്ഷെ, ആരോഗ്യ പ്രവര്‍ത്തകര്‍ അങ്ങനെ അല്ല, അവര്‍ ഇക്കാര്യം കാര്യ കാരണ സഹിതം അവതരിപ്പിക്കും. അതുകൊണ്ട് തന്നെ, ജനം പദ്ധതി ഏറ്റെടുക്കും. 

പിന്‍കുറിപ്പ്‌: ഈ കുറിപ്പിന്റെ അവസാന ഭാഗം ഉദാഹരണം മാത്രമാണ് സുഹൃത്തുക്കളെ, അതിനെ സാമാന്യ വല്ക്കരിക്കരുത്. പിന്നെ, ശ്രേഷ്ഠ വര്‍ഗത്തിലെ ചിലരോട് കൂടി കുറച്ചുനാള്‍ അടുത്ത് ഇടപഴകേണ്ട സാഹചര്യം എനിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ട് വ്യക്തിപരമായി അല്പം അറിയാം. ഇന്ത്യയില്‍ പല "ഓള്‍ ഇന്ത്യ സര്‍വിസ്" ഉണ്ടെങ്കിലും ശ്രേഷ്ഠര്‍ ഐ.എ.എസ്. കാര്‍ മാത്രമാണ്...

14 മേയ് 2011

വിജയ വിലാപം... അയ്യോ ജയിച്ചേ, ഞങ്ങള്‍ ജയിച്ചേ...

എല്‍.ഡി.എഫ്. സര്‍ക്കാരും സ: വി. എസ്. അച്യുതാനന്ദനും മലയാളികളോട് കാണിച്ചത് വലിയ ചതിയായി പോയി.

വോട്ടും കുത്തി ഒരു മാസം ഗര്‍ഭത്തില്‍ ഇട്ടു പ്രസവിച്ചപ്പോള്‍ കുട്ടി എല്‍.ബി.ഡബ്ല്യു. ആയിപ്പോയി (LBW - Low Birth Weight).

മുമ്പൊക്കെ, ഫല പ്രഖ്യാപനം വരുമ്പോള്‍ എന്തൊരു ആഘോഷമായിരുന്നു. പായസം വച്ച് വിളമ്പിയ അവസരം വരെ ഉണ്ടായിരുന്നു. ഇതിപ്പോള്‍, കല്യാണ നിശ്ചയിച്ചു തീയതിക്ക് തലേന്ന് അടുത്ത ബന്ധു തീപ്പെട്ടു ദുഖാചരണത്തോടെ ആര്‍ഭാടം ഇല്ലാതെ കല്യാണം നടത്തുന്നത് പോലെ ആയി. ഓപറേഷന്‍ സക്സസ്, രോഗി മരിച്ചു.  ആഘോഷത്തിനു നേരത്തെ കരുതി വച്ചിരുന്ന കേരളത്തിന്റെ ദേശീയ പാനിയത്തില്‍ പോലും മൂരാച്ചികള്‍ മായം കാണിച്ചോ എന്നൊരു സംശയം. അത് കഴിചിട്ടുപോലും, "അയ്യോ പോയെ മറ്റവന്‍ പോയെ" എന്ന ടിപ്പിക്കല്‍ ആര്പ്പുവിളിക്ക് പകരം പുറത്തു വരുന്നത് "അയ്യോ ജയിച്ചേ, ഞങ്ങള്‍ ജയിച്ചേ" എന്നാ വിലാപമാണ്.

എക്സിറ്റ്‌ പോള്‍ ഫലം എങ്ങനെ ശരിയായെന്നു ഇപ്പോഴാണ് ലോകത്തിനു മനസ്സിലായത്‌. അത് നടത്തിയവര്‍ പറഞ്ഞത്, കേരളത്തിനെ കാര്യത്തില്‍ ആകെ കണ്ഫുഷന്‍ ആണെന്നാണ്‌. യു.ഡി.എഫ്. ജയിക്കും, പക്ഷെ, അച്യുതാനന്ദന്‍ ഭരിക്കും എന്ന്. ഇപ്പോള്‍ അത് അര്‍ത്ഥവത്തായി. യു.ഡി.എഫ്. ജയിച്ചു, അച്യുതാനന്ദന്‍ ഇനി ഭരിക്കും. ഒരു ഒന്നൊന്നര ഭരണം.

പണ്ടൊരു കഥ കേട്ടിട്ടുണ്ട്. കഥ, അല്പം അശ്ലീലമാണ് അതുകൊണ്ട്, പ്രായ പൂര്തിയാകാത്തവര്‍ വായിക്കരുത്. തറവാട്ടിലെ തന്നിഷ്ടക്കാരനായ കാരണവര്‍ മരണക്കിടക്കയിലാണ്. മരുമക്കത്തായം ഉള്ള സമയം. കാരണവര്‍ക്കറിയാം, തന്റെ മരുമക്കള്‍ക്കു തന്നെ കുറിച്ചുള്ള അഭിപ്രായം. നിഷേധികളായ അവര്‍ക്കിട്ടു ഒരു പണി കൊടുക്കണമെന്ന് കാരണവര്‍ കരുതി. മരണസമയം അടുത്തപ്പോള്‍, മരുമക്കളെ എല്ലാം അടുത്ത് വിളിച്ചു കാരണവര്‍ പറഞ്ഞു, ഞാന്‍ മരിക്കാറായി, പക്ഷെ ഒരു ആഗ്രഹം ബാക്കിയുണ്ട്, എന്റെ മലബന്ധം നിങ്ങള്‍ക്കറിയാവുന്നതല്ലേ, പരലോകത്തില്‍ എങ്കിലും എന്നെ അതില്‍ നിന്നും മോചിപ്പിക്കണം, അതുകൊണ്ട് മരിക്കുമ്പോള്‍ എന്റെ ആസനത്തില്‍ നിങ്ങള്‍ ഒരു ആപ്പ് അടിച്ചു കയറ്റണം.  മരുമക്കള്‍ക്കു ഇതിലതികം സന്തോഷം വേറെ ഉണ്ടോ? ചത്ത്‌ കഴിഞ്ഞാല്‍ എങ്കിലും മൂപ്പിലാന് ഒരു ആപ്പ് വയ്ക്കാന്‍ കഴിഞ്ഞാല്‍ അത്രയുമായില്ലേ? അനന്തിരവന്മാര്‍ അതുപോലെ തന്നെ ചെയ്തു. ഒടുവില്‍, മൃതദേഹം 'കുളിപ്പിക്കാന്‍' എടുത്തപ്പോള്‍ നാട്ടുകാര്‍ ആപ്പ് കണ്ടെത്തി. പിന്നത്തെ പൂരം പറയേണ്ടതില്ലല്ലോ.

അതുപോലെയാണ് എല്‍.ഡി.എഫ്.ഉം വി.എസും ഉമ്മന്‍ചാണ്ടിക്കും മറ്റും ഇപ്പോള്‍ പണി കൊടുത്തിരിക്കുന്നത്‌. കാരണവര്‍ സ്ഥാനം കിട്ടി, പക്ഷെ എന്ത് കാര്യം? "മുള്‍ക്കിരീടം എന്തിനു നല്കീ സഖാവേ" എന്നതാകും അടുത്ത ഇലക്ഷന്‍ വരെ (അഞ്ചു വര്ഷം എന്ന് പറയാന്‍ എനിക്ക് ധൈര്യം ഇല്ല) ഇനി കേരളം ഭരിക്കുന്നവര്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നത്. അമൂലിന്ടമ്മ നെയ്യപ്പം ചുട്ടപ്പോള്‍, വി. എസ്. തൂക്കി കടലില്‍ എറിഞ്ഞു. ഇനിയിപ്പോള്‍, മാണി സാറും ജേക്കബ്‌ സാറും വീരന്‍ സാറും പിള്ള സാറും തീരുമാനിക്കും അത് മുങ്ങിയെടുത്ത് ചാണ്ടി സാറിന് കൊടുക്കണോ അതോ കോടിയേരി സാറിന് തട്ടിയെടുക്കാന്‍ കൊടുക്കണോ എന്ന്. ഏതായാലും പിണറായി സഖാവ് പറഞ്ഞു കഴിഞ്ഞു തങ്ങള്‍ കുതിരക്കച്ചവടത്തിന് ഇല്ല എന്ന്. അപ്പോള്‍ മാന്ത്രിക സംഖ്യ തകരാതിരിക്കാന്‍, നല്ല ഭരണം കാഴ്ച വയ്ക്കാന്‍ "യു.ഡി.എഫ്. മഹാശ്ചര്യം, നമുക്കും കിട്ടണം സ്ഥാനം" എന്ന് ആരെങ്കിലും കവിച്ചാല്‍ ചാണ്ടി രാജാവിനും സോണിയ ചക്രവര്ത്തിനിക്കും അമൂല്‍ രാജകുമാരനും നിരസിക്കാനാകുമോ എന്ന് കാത്തിരുന്നു കാണാം.

ഇതിനൊക്കെ പുറമേ, മറ്റൊരു കാര്യം കൂടിയുണ്ട്. നെയ്യപ്പം തിന്നുന്നപോലെ "നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം - ഒരു പലഹാരവും ആകും, തലയില്‍ തേയ്ക്കാന്‍ അത്യാവശത്തിനു എണ്ണയും കിട്ടും". പി. ബി. യില്‍ കാരാട്ടിന് കുറഞ്ഞ പക്ഷം ഒരു ആട്ടു കിട്ടുന്നതിനുള്ള പണി കൂടെ ഈ ഇലക്ഷനില്‍ ഒത്ത്തിട്ടുണ്ട്. കാരാട്ട് ഇനി ഇന്ത്യന്‍ കാപ്പി ഹൌസില്‍ അരിയാട്ടെണ്ടി വരുമോ എന്നും കാത്തിരുന്നു കാണാം.

മുമ്പ് ഒരു ഇലക്ഷന്‍ ഫലം വന്നപ്പോള്‍ വി.എസ്. ചിരിച്ചു. ഇപ്പോള്‍ ക്യാമറയുടെ മുന്നില്‍ ചിരിക്കാതിരിക്കാന്‍ വി. എസ്. പഠിച്ചു, അതായത് രഹ്യസ്യമയിട്ട് ചിരിക്കാതിരിക്കില്ലാ എന്ന്.

പിന്നെ, ഇത്രയൊക്കെ ഒപ്പിച്ചു വച്ച നമ്മള്‍ മലയാളികള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ഒരു ലോട്ടറി കിട്ടും - ജമ്പോ മന്ത്രിസഭ - അങ്ങനെ വന്നാല്‍, ഒരു അഭ്യര്തനയുണ്ട് - മുഖ്യമന്ത്രി ഉള്‍പ്പെടെ കൃത്യം നാല്പതു പേര്‍ മന്ത്രിസഭയ്ല്‍ വേണം - എന്നിട്ട് വേണം എനിക്ക് "വി.എസും. നാല്പതു മന്ത്രിമാരും" എന്ന ഒരു ബ്ലോഗ്‌ കൂടെ എഴുതാന്‍.

09 മേയ് 2011

നവ പാഷാണ മണി


ഇന്നത്തെ കേരള കൌമുദിയില്‍ വന്നിട്ടുള്ള ഒരു ക്ലാസ്സിഫൈഡ് പരസ്യമാണ് ചുവടെ. (കേരള കൌമുദി 09-05-2011, പേജ് 9, കോളം 2).

ചിത്രം എന്റെ വക.

നിങ്ങളുടെ സൗകര്യം മാനിച്ചു, ടി മണിക്ക് ഞാന്‍ ചില ഭേദഗതി വരുത്തിയിട്ടുണ്ട്. ആയിരം മടങ്ങ്‌ എന്നത് നിങ്ങളുടെ ആവശ്യാനുസരണം പത്തോ നൂറോ മടങ്ങായിട്ടു വര്ധിപ്പിക്കാവുന്നതാണ്. ഓരോ മടങ്ങിനും വെറും നൂറു രൂപ (ഇന്ത്യയില്‍, വിദേശതുള്ളവര്‍ രണ്ടര ഡോളര്‍) വച്ച് എനിക്ക് അയച്ചു തന്നാല്‍ മതി. മണി നിങ്ങള്ക്ക് തപാലില്‍ അയച്ചു തരുന്നതാണ്. തപാല്‍ ചാര്‍ജുകള്‍ പുറമേ.

ഓര്‍ക്കുക യന്ത്രതെക്കാള്‍ പല മടങ്ങ്‌ ശക്തിയുള്ളതാണ് മണി. മുട്ടിയാല്‍ ശബ്ദം ഉറപ്പു. ശബ്ദം കേള്‍ക്കാത്ത മണി ആണെങ്കില്‍ പണം തിരികെ തരും.

പ്രത്യേക ശ്രദ്ധക്ക്, പരസ്യത്തിലെ ചിത്രം വെറും ആകര്‍ഷണത്തിന് വേണ്ടിയാണ്. അത് കണ്ടു ലലനാ മണി ആണെന്നു ആരും തെറ്റിദ്ധരിക്കരുത്.

സ്വാമി ഗുണ്ടുകാട് ഗുരുദാസാനന്ദ.

എന്‍ഡോ സള്‍ഫാന്‍ - രാഹുല്‍ ഗാന്ധിക്ക് ഒരു തുറന്ന കത്ത്

പ്രിയ രാഹുല്‍ ഗാന്ധി ജീ,

താങ്കള്‍ക്കും മാതാവിനും സഹോദരിക്കും മച്ചുനനും മരുമക്കള്‍ക്കും സുഖമാണെന്ന് വിശ്വസിക്കുകയും അങ്ങനെ തന്നെ ആയിരിക്കട്ടെ എന്നു സര്‍വ്വേശ്വരനോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഇവിടെ കേരളത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനായി ചില പൊളി പ്രചാരണം നടന്നു വരുന്നു. യാതൊരു വിധത്തിലുമുള്ള ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാതെ എന്‍ഡോ സള്‍ഫാന്‍ എന്ന നിരുപദ്രവകാരിയായ കീടനാശിനി നിരോധിക്കണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. ഞങ്ങള്‍ കേരളീയരും, ഞങ്ങള്‍ ഉള്‍പ്പെടുന്ന ഭാരതീയരും കൂടാതെ ലോകമെമ്പാടും ഉറ്റു നോക്കുന്ന ഇന്ത്യയുടെ ഒരേയൊരു രക്ഷ താങ്കളുടെ കുടുംബവും പാര്‍ട്ടിയും ആണെന്ന് ഞാന്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. അങ്ങനെയുള്ള താങ്കളുടെ കുടുംബം നയിക്കുന്ന ഭാരത സര്‍ക്കാരിനെ ലോകത്തിനു മുമ്പില്‍ കരി വാരി തേയ്ക്കുവാനുള്ള കുത്സിത ശ്രമമാണ് ഇങ്ങു കേരളത്തില്‍ പെറ്റി കമ്മ്യൂണിസ്റ്റു പാര്‍ട്ടി നടത്തി വരുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കൂടാതെ രാജ്യത്തിന്‍റെ അഭിമാനമായ പൊതുമേഖല സ്ഥാപനത്തിന്റെ ഉത്പന്നം - എന്‍ഡോ സള്‍ഫാന്‍ ഇവിടെ 10 വര്‍ഷമായി നിരോധിച്ചിരിക്കുകയാണ്. ഇത് രാജ്യത്തിനോടുള്ള വെല്ലുവിളിയായി കണക്കാക്കേണ്ടതാണ്.

ഇത്തരം സാഹചര്യത്തില്‍, നേരത്തെ സൂചിപ്പിച്ചതുപോലെ, ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന, ഈ നൂറ്റാണ്ടിന്റെ മധ്യത്തില്‍ ലോകത്തിലെ ഒന്നാമത്തെ രാജ്യമായ നമ്മുടെ നാടിനെ അക്കാലയളവില്‍ നയിക്കേണ്ട താങ്കളും അപ്പോള്‍ താങ്കള്‍ക്ക് തങ്ങും തണലുമായി നില്‍ക്കേണ്ട താങ്കളുടെ കുടുംബവും ഈ നീച പ്രവര്ത്തിക്കെതിരെ അടിയന്തിരമായി ഇടപെടെണ്ടാതാണ്. താങ്കളും കുടുംബവും ഒഴികെ മറ്റാര് തന്നെ പറഞ്ഞാലും ഇവിടുത്തെ രാഷ്ട്രീയക്കാര്‍ അങ്ങീകരിക്കില്ല എന്നു അങ്ങേക്കറിയാമല്ലോ. ആയതിനാല്‍, ഈ രാഷ്ട്രീയ കളിക്ക് എത്രയും പെട്ടെന്ന് അറുതി വരുത്തുവാന്‍ താങ്കള്‍ സത്വരമായി ഇടപെടണം. ഇതില്‍ ചില അതി നൂതന മാര്‍ഗങ്ങള്‍ താങ്കളുടെ പരിഗണനക്കായി മുന്നോട്ട് വയ്ക്കുന്നു. ഇവ ഇവിടുത്തെ രാഷ്ട്രീയക്കാരുടെ വായടപ്പിക്കാന്‍ മാത്രമല്ല, ലോകത്തിനുമുന്നില്‍ ഒരു ഉത്തമ മാതൃകയാകാനും താങ്കളെ സഹായിക്കും.

വിദ്യ 1 - എന്‍ഡോ സള്‍ഫാന്‍ എന്ന കീടനാശിനി നിരുപദ്രവമാനെന്നു അങ്ങ് പൊതുജന സമക്ഷം തെളിയിക്കണം. അതിനു വലിയ പാടൊന്നുമില്ല. കശുവണ്ടി, കൊക്കോ, കാപ്പി തുടങ്ങിയ തോട്ടവിളകളില്‍ ആണ് എന്‍ഡോ സള്‍ഫാന്‍ ഉപയോഗിക്കുന്നത്. പൊതു പരിപാടികളില്‍ ഈ തോട്ടവിള ഉത്പന്നങ്ങള്‍ അങ്ങ് ഉപയോഗിക്കുകയും അവ ഉപയോഗിക്കുന്നത് പ്രേരിപ്പിക്കുകയും വേണം. തത്സമയം, ഇവ എന്‍ഡോ സള്‍ഫാന്‍ ഉയോഗിചിട്ടുള്ളതാണെന്ന് പ്രകീര്‍ത്തിക്കുകയും വേണം. തികച്ചും നിരുപദ്രവകരമായ കീട നാശിനി ആയതിനാല്‍ ഇവ കൊണ്ട് മാരകമായ അസുഖങ്ങള്‍ ഉണ്ടാകുമെന്ന പ്രചാരണം ഇതോടു കൂടി ശക്തി കുറയും. ഈ തോട്ടവിളകളും അവ ഉപയോഗിച്ചുള്ള മറ്റു ഉത്പന്നങ്ങളും (ബിസ്കറ്റ്, ചോകലെറ്റ്, കോഫീ തുടങ്ങിയവ) പരമാവധി ഉപയോഗിക്കാനും പ്രചരിപ്പിക്കാനും പാര്‍ട്ടി പ്രവര്‍ത്തകരെയും ലോക ജനതയെയും താങ്കളും കുടുംബവും ഉത്ബോധിപ്പിക്കണം.

വിദ്യ 2 - താങ്കളുടെയോ കുടുംബങ്ങങ്ങളുടെയോ അടുത്ത സ്വകാര്യമോ പോതുകര്യമോ ആയ കേരള സന്ദര്‍ശനത്തില്‍ കുടിവെള്ളം മുതല്‍ കുളിവെള്ളം വരെ എന്‍ഡോ സള്‍ഫാന്‍ മേഘലയില്‍ നിന്നുള്ളവ ആകണം എന്നു നിഷ്കര്‍ഷിക്കണം. കൂടാതെ അവിടെ ഒരു കുടിവെള്ള പ്ലാന്റ് നിര്‍മ്മിച്ച്‌ AICC / PCC അങ്ങള്‍ക്കുള്ള ആയുഷ്കാല കുടി-കുളി വെള്ളം ആ പ്ലാന്റില്‍ നിന്നുള്ളവ ആയിരിക്കണം എന്നും നിഷ്കര്‍ഷിക്കണം. വേണമെങ്കില്‍, ആവശ്യമായ നിയമ നിര്‍മ്മാണം ഇതിലേക്കായി നടത്തണം. ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍, കള്ളാ പ്രചാരകരുടെ ശക്തി കുറയുക മാത്രമല്ല, അവര്‍ അപ്പാടെ നിലംപരിശാകുകയും ചെയ്യും. പ്രവര്‍ത്തിയിലൂടെ ഇവര്‍ക്ക് ചുട്ട്ട മറുപടി നല്‍കാനും ലോകത്തിനു പുതിയ ഒരു സന്ദേശം നല്‍കുവാനും ഇതിലൂടെ താങ്കള്‍ക്ക് കഴിയും.

ടി പ്രവര്തികളിലൂടെ താങ്കള്‍ ഉടന്‍ മാതൃക കാട്ടിയില്ലെങ്കില്‍, ഈ കത്തിലെ സാരാംശം ദുഷ്ടരും നീചരും ക്രൂരരുമായ എതിര്‍ കക്ഷികള്‍ നിന്ദ്യവും ക്രൂരവും പൈശാചികവുമായി താങ്കള്‍ക്കെതിരെ ഉപയോഗിക്കുമെന്ന് താങ്കളോട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. താങ്കള്‍ക്കെതിരെ എന്നു പറയുന്നത് താങ്കളുടെ കുടുംബത്തിനു എതിരെ എന്നും, പാര്‍ട്ടിക്ക് എതിരെ എന്നും ആത്യന്തികമായി ഈ മഹാ രാജ്യത്തിന്‍റെ സുന്ദര ഭാവിക്കെതിരെ ആയിരിക്കുമെന്നും എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്നും താങ്കള്‍ ബോധാവനായിരിക്കുമല്ലോ.

താങ്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും രക്ഷകനായി കാണുകയും ചെയ്യുന്ന, പാര്‍ടി പ്രവര്‍ത്തകന്‍ അല്ലാത്ത (എന്‍ഡോ സല്ഫാനേ പേടിച്ചിട്ടൊന്നുമല്ല, അമ്മച്ചിയാണേ ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആകാത്തത്, സത്യം) താങ്കളുടെ ഒരു വിനീത വിശ്വസ്തന്‍,

ഗുരുദാസ് എസ്.

തിരുവനന്തപുരം.

വളരെ ലളിതമായി, പണചെലവില്ലാതെ കറപ്ഷന്‍ നമുക്ക് ഭൂലോകത്തില്‍ നിന്ന് തന്നെ തുടച്ചു നീക്കാവുന്നതാണ്

എല്ലാരും പറയുന്നു ഇന്ത്യയില്‍ കറപ്ഷന്‍ ആണെന്ന്. എന്താ ഈ കറപ്ഷന്‍? ഇന്ത്യയുടെ മോത്തത്തിലെ കാര്യം എനിക്കറിയില്ല. പക്ഷേ, കേരളത്തിലെ കാര്യങ്ങള്‍ കുറെയൊക്കെ അറിയാം. ഇവിടെ യാതൊരുവിധത്തിലുള്ള കറപ്ഷന്‍ഉം ഇല്ല. ഉള്ളതാണ്.

എല്ലാ എന്നെങ്ങനെ ഞാന്‍ ഉറപ്പിച്ചു പറയുന്നു എന്നല്ലേ? അതിനായി ആദ്യമായി എന്താണ് ഈ കറപ്ഷന്‍ കറപ്ഷന്‍ എന്നു പറയുന്നത്? എനിക്ക് മനസ്സിലായിടത്തോളം ആര്‍ക്കെങ്കിലും ലഭിക്കേണ്ട ഒരു ആനുകൂല്യം ചുരുങ്ങിയ സമയത്തില്‍ ഏറെ ബാധ്ധപ്പാടില്ലാതെ ലഭ്യമാക്കാന്‍ ചെയ്യുന്ന ഒരു എളുപ്പവഴിക്കായി നല്‍കുന്ന നന്ദി ആകുന്നു കറപ്ഷന്‍. നന്ദി പ്രകടിപ്പിക്കാന്‍ സായിപ്പിന്റെ thanks എന്ന പദം നിങ്ങള്‍ക്കേവര്‍ക്കും അറിയാവുന്നതുപോലെ അഭിമാനിയായ ഇന്ത്യക്കാരന്‍ ഉപയോഗിക്കില്ല എന്നു മാത്രവുമല്ല, അഭിമാനിയായ ഇന്ത്യക്കാരന്‍ സ്വീകരിക്കുകയുമില്ല. പകരം അത് (നന്ദി) വല്ല പണമായോ, പണ്ടമായോ, കുറഞ്ഞപക്ഷം പൈന്റോ പൈങ്ങ്കിളിയായോ ഒക്കെ വിനിമയം ചെയ്യും. വെറുതെയല്ലല്ലോ, എളുപ്പത്തില്‍ കാര്യം നടത്തികൊടുക്കുന്നതിനുള്ള ഉപകാര സ്മരണയല്ലേ! ഇതെങ്ങനെ കറപ്ഷന്‍ ആകും? പോകാന്‍ പറ.

ഇതൊക്കെ മേലനങ്ങാതെ വയറു നിറക്കാന്‍ കാത്തിരിക്കുന്ന മൂരാച്ചികള്‍ പറഞ്ഞുണ്ടാക്കുന്നതല്ലേ, അഴിമതി എന്നും കറപ്ഷന്‍ എന്നും ഒക്കെ. ഇക്കൂട്ടര്‍ വളരെ നാളായി പൊതുജനം ചമഞ്ഞു മാന്യരേ അവഹേളിക്കുവനായി നടക്കുകയാണ്. ഇതിനൊക്കെ ഇവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സര്‍ക്കാരിനേയും കുറ്റം പറയണം. എന്തെങ്കിലും നല്ല കാര്യം നയത്തില്‍ ചെയ്തെടുക്കാന്‍ സര്‍ക്കാരിനറിയാമോ? ഇല്ല. ഉദാഹരണത്തിന് ഒരു റോഡ്‌ നിര്‍മ്മിക്കാന്‍, അല്ലെങ്കില്‍ ഒരു വിമാനത്താവളം വികസിപ്പിക്കാന്‍ ഒക്കെ സ്ഥലം എടുക്കണമെന്ന് വയ്ക്കുക. സര്‍ക്കാര്‍ എന്ത് ചെയ്യും? സര്‍ക്കാരിന്റെ സ്ഥലമേറ്റെടുപ്പ് വകുപ്പിനെ ഏല്‍പ്പിക്കും. ഒന്നോ രണ്ടോ വര്ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പരിപാടി, ഈ വകുപ്പ് ഒന്നോ രണ്ടോ ദശാബ്ദം കൊണ്ട് പൂര്‍ത്തിയാക്കും. ഇതിലേക്കായി സര്‍ക്കാര്‍ അനാവശ്യമായി ചെലവഴിക്കുന്ന തുകയോ, ആ സ്ഥലം ഏറ്റെടുക്കാന്‍ വേണ്ട തുകയുടെ പല ഇരട്ടിയും. ഇതൊക്കെ നയപരമായി പുറം കരാര്‍ എല്പിചിരുന്നുവെങ്കിലോ, കാര്യങ്ങള്‍ വളരെ ഭംഗിയായി കരാറുകാര്‍ ചെയ്തു തന്നേനെ. അതും ചുരുങ്ങിയ ചെലവിലും സമയത്തിലും. ഇനിയും വിശധമാക്കാം.

തിരുവനന്തപുരത്ത് കരമന നെയ്യാറ്റിന്‍കര റോഡ്‌ വീതി കൂട്ടണം. അതിനു സ്ഥലം വേണം. സര്‍ക്കാര്‍ സ്ഥലമേറ്റെടുക്കല്‍ ഇതുവരെ നടന്നിട്ടില്ല. സര്‍ക്കാര്‍ നയപരമായി ഇത് പുറംകരാര്‍ ചെയ്തുവെന്നിരിക്കട്ടെ, എങ്ങനെ ഇത് നടക്കും എന്നു ഒന്ന് സങ്കല്പിച്ചു നോക്കാം.

പുറം കരാര്‍ ഏറ്റെടുക്കുന്നത് മുത്ത്‌ എന്ന സ്ഥാപനം ആണെന്ന് കരുതുക. വളരെ കാലമായി പലിശക്ക് പണം കടം കൊടുത്തു ആ പലിശകൊണ്ട്‌ ഉപജീവനം നടത്തുന്നവരാണ് മുത്ത്‌. അവര്‍ ആവശ്യമായ സ്ഥലത്തിന്റെ ഉടമകളെ സമീപിക്കുന്നു, വളരെ കുറഞ്ഞ നിരക്കില്‍ സ്ഥലത്തിന്റെ ഈടിന്മേല്‍ വളരെ വലിയ തുക കടം നല്‍കുന്നു. വീണ്ടും നല്‍കുന്നു. പണം നല്‍കി കഴിഞ്ഞാല്‍ പിന്നെ കുറെ നാളത്തേക്ക് തിരികെ ചോദിക്കില്ല. ഒരു സുപ്രഭാതത്തില്‍, അവര്‍ പണം മടക്കി കിട്ടാന്‍ ഇണ്ടാസ് കൊടുക്കുന്നു. കടം വാങ്ങിയവന്‍ തല കുത്തി നിന്നാലും പലിശയുടെ ഔര്‍ ഭാഗമല്ലാതെ മുതലിന്റെ ഒരു ശതമാനം പോലും മടക്കി നല്‍കാനാകില്ല. വസ്തു വില്‍ക്കാന്‍ പറ്റുമോ? അതുമില്ല. ഒടുവില്‍ അവര്‍ മുത്തുവിന്റെ മുമ്പില്‍ മുട്ട് കുത്തും. കിട്ടുന്ന വിലക്ക് മുത്തുവിന് തന്നെ സ്ഥലം വില്‍ക്കും. കടം പോയിട്ട് ബാക്കി വല്ലതും ഉണ്ടെങ്കില്‍ മുത്ത്‌ സന്തോഷത്തോടെ അവര്‍ക്ക് നല്‍കും. സംഭവം ക്ലീന്‍. ഇതെല്ലാം ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നടന്നിരിക്കും. മൂന്നാമതൊരാള്‍ അറിയാതെ. ഇപ്പോള്‍ നിങ്ങള്ക്ക് സ്വാഭാവികമായും ഒരു സംശയം ഉണ്ടാകും, മുതുവില്‍ നിന്നും കടം വങ്ങതവരോ എന്നു? എന്ത് കാര്യം? നിങ്ങളുടെ വീടും സ്ഥലവും ഒക്കെ തൊട്ടടുത്തുള്ള ഭൂമിയുമായി ഒരു സഹാവര്തിതത്തില്‍ ആയിരിക്കുമല്ലോ പോകുന്നത്. കടം വാങ്ങാതവരുടെത് ഒഴികെ ചുറ്റുമുള്ള സ്വന്തം വസ്തുവില്‍ മുത്ത്‌ പല കലാപരിപാടികളും നടത്തും, നിയമപരമായി തന്നെ. വസ്തുവിന്റെ ഉയരം കൂട്ടുകയോ, അല്ലെങ്കില്‍ കുറയ്ക്കുകയോ വഴികള്‍ അടക്കുകയോ ഒക്കെ ചെയ്യും. ഒടുവില്‍, വഴങ്ങാത്തവര്‍ സുല്ല് പറയും. അങ്ങനെ പ്രശ്നങ്ങള്‍ ഒക്കെ ഒഴിഞ്ഞ പ്രദേശത്ത് മുത്ത്‌ തന്നെ റോഡ്‌ നിര്‍മ്മിക്കുകയും കാലാന്തരത്തില്‍ അത് സര്‍ക്കാരിനു കൈമാറുകയും ചെയ്യും. ഇളക്കും മുള്ളിനും ഒന്നും ഒരു കേടും പറ്റാതെ. ഇതിനു നന്ദിയും പ്രത്യുപകാരമായി, മുത്തുവിന് വല്ല സര്‍ക്കാര്‍ ഭൂമിയും പതിച്ചു കൊടുക്കാവുന്നതുമാണ്. ഇങ്ങനെ നയപരമായി സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തിയിരുന്നെങ്കില്‍ കേരള ഇപ്പോഴേ യൂരോപിയന്‍ യൂണിയനില്‍ ചേര്‍ന്നേനെ.

ഇതൊന്നും ചെയ്യാതെ, സര്‍ക്കാര്‍ ഇങ്ങനെ മുന്നോട്ടു പോകുമ്പോള്‍, സ്വാഭാവികമായും സ്വന്തം സ്ഥലം നഷ്ടപ്പെടാതിരിക്കാന്‍ അല്ലെങ്കില്‍ അതൊന്നു നീട്ടി കിട്ടാന്‍, അല്ലറ ചില്ലറ നീക്കുപോക്കുകള്‍ ആരായാലും ചെയ്തു പോകും. അത്തരം നീക്ക് പോക്കുകള്‍ സര്‍ക്കാരിനു എന്ത് മാത്രം നഷ്ടം ഉണ്ടാക്കും? സര്‍ക്കാരിന്റെ നഷ്ടം, നമ്മുടെ നഷ്ടമാണല്ലോ. പകരം സര്‍ക്കാര്‍ ആദ്യം പറഞ്ഞ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍, ചക്കാത് ശാപ്പാട് രാമന്മാര്‍ അതിനെ കറപ്ഷന്‍ എന്നു വിളിക്കുകയും ചെയ്യും. കുലം മുടിഞ്ഞാലും സല്പേരിനു കളങ്കം വരരുത് എന്നു അഭിമാനികളായ നമ്മള്‍ ഇപ്പോഴും ശഠിക്കുന്നു.

ആയതിനാല്‍, കറപ്ഷന്‍ എന്നു പറയുന്ന വാക്കിനെ പുനര്‍ നിര്‍വചനം ചെയ്യുകയോ അല്ലെങ്കില്‍ ഉപകാരസ്മരണ എന്നത് പോലെയുള്ള വാക്കുകള്‍ അതിനു പകരമായി ഉപയോഗിക്കുകയോ വേണം. വളരെ ലളിതമായി, പണചെലവില്ലാതെ കറപ്ഷന്‍ ഇങ്ങനെ നമുക്ക് ഭൂലോകത്തില്‍ നിന്ന് തന്നെ തുടച്ചു നീക്കാവുന്നതാണ്.