28 ഓഗസ്റ്റ് 2011

സര്‍വ്വ ശ്രീകളുടെ അഭ്യര്‍ത്ഥന

ഓം ബെര്ലിയയെ നമ:

സര്‍വ്വ ശ്രീ ബരാക്‌ ഒബാമ, ഡേവിഡ്‌ കാമറൂണ്‍, ജൂലിയ ഗില്‍ബെര്‍ട്ട്, സ്റ്റീഫന്‍ ഹാര്പ്പര്‍ എന്നിവര്‍ സംയുക്തമായി എന്റെ ഗുരുവും മലയാള ബ്ലോഗ്‌ കുലപതിയുമായ ബ്രഹ്മശ്രീ ബെര്‍ളി തോമസിനോടു അഭ്യര്‍ത്ഥന നടത്തുകയും എന്നാല്‍ അദ്ദേഹം വളരെ തിരക്കായതിനാല്‍ എന്റെ പേര് ടി സര്‍വ്വ ശ്രീകള്‍ക്ക് നല്‍കുകയും ആയതിനാല്‍ ടിയാന്മാര്‍ എന്നെ സമീപിക്കുകയും ഗുരുതരമായ ഒരു പ്രശ്നത്തില്‍ നിന്നും അവരെ കരകയറ്റുവാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ അഭ്യര്ത്ഥിച്ചിരിക്കുകയുമാണ്.  എന്റെ ഗുരുവിന്റെ ശുപാര്‍ശ കല്പനയായി കരുതുന്നത് കൊണ്ട് മേല്പടി സര്‍വ്വ ശ്രീകളുടെ അഭ്യര്‍ത്ഥന ഞാന്‍ ദയാപൂര്‍വം കൈക്കൊണ്ടു അവരുടെ ആവലാതിക്ക് പരിഹാരം ഇതിലൂടെ നിര്‍ദേശിച്ചു കൊള്ളുന്നു. ഇത് ഒരു ചരിത്ര രേഖയായതിനാല്‍ പൂര്‍ണ്ണ വിവരം ഉള്പ്പെടുതിക്കൊള്ളുന്നു.


സര്‍വ്വ ശ്രീകളുടെ അഭ്യര്‍ത്ഥന:

ലോകത്തിലെ ധാരാളം പ്രശ്നങ്ങളെ സ്വന്തം പ്രശ്നമായി കണ്ടുകൊണ്ട് വേണ്ടരീതിയിലുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു ലോക നന്മക്കായി നിഷ്കാമ കര്‍മ്മമനുഷ്ടിക്കുന്ന ബ്രഹ്മശ്രീ ബെര്‍ളി തോമസ്‌ അവര്കള്‍ക്ക് മുമ്പാകെ ബരാക്‌ ഒബാമ (അമേരിക്കന്‍ പ്രസിഡന്റ്), ഡേവിഡ്‌ കാമറൂണ്‍, ജൂലിയ ഗില്‍ബെര്‍ട്ട്, സ്റ്റീഫന്‍ ഹാര്പ്പര്‍ (യഥാക്രമം ബ്രിട്ടന്‍, ആസ്ട്രേലിയ, ക്യാനഡ പ്രധാന മന്ത്രിമാര്‍) എന്നിവര്‍ സംയുക്തമായി നല്‍കുന്ന സങ്കട ഹര്‍ജി,

ഏമാനേ,

കഴിഞ്ഞ കുറെ മാസങ്ങളായി സാമ്പത്തിക മാന്ദ്യം ഞങ്ങളുടെ രാജ്യങ്ങളെ വല്ലാതെ തളര്‍ത്തുകയാണ്. ഞങ്ങളുടെ സ്വന്തം ജനത തൊഴില്‍ രഹിതരാകുകയും, ഇപ്പോള്‍, ഞങ്ങള്‍ ഏറ്റവും അധികം വെറുക്കുന്ന വിപ്ലവത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുകയുമാണ്. എന്നിട്ടും, നിങ്ങളുടെ നാട്ടുകാരായ മലയാളി കൂതറകള്‍ എന്ന ഭാരതീയര്‍ ഒരു കുലുക്കവും ഇല്ലാതെ ഞങ്ങളെ സഹായിച്ചും, പാരകള്‍ വച്ചും അധികം അല്ലലില്ലാതെ ഞങ്ങളുടെ നാട്ടില്‍ കഴിഞ്ഞു വരുന്നു. എന്നാല്‍, ഇപ്പോള്‍ ഞങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം ഞങ്ങളുടെ എല്ലാം സ്വൈരം കെടുത്തുന്ന ഒന്നാണ് എന്ന് വ്യസനപൂര്‍വം അങ്ങയെ അറിയിക്കട്ടെ.


കേരളം എന്ന് പറയുന്ന താങ്കളുടെ സ്വന്തം നാട്ടില്‍ (ശരിക്കും ഞങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം പറഞ്ഞിരിക്കുന്നത് "ഗോഡ്സ്‌ ഓണ്‍ കണ്ട്രി" എന്നാണു. എന്നാല്‍ മണ്ട ശിരോമണികള്‍ക്ക് താങ്കളാനു കാണപ്പെട്ട ദൈവം എന്ന് അറിയാത്തത് കൊണ്ട് പറ്റിയ അബദ്ധത്തില്‍ ഞങ്ങള്‍ നിര്‍വ്യാജം ഖേദിക്കുന്നു) താങ്കളുടെ ശിക്ഷ്യഗണത്തില്‍ പെടാത്ത മൂരാച്ചികള്‍ അവരുടെ മക്കളെ ഞങ്ങളെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ ആംഗലേയം പഠിപ്പിക്കുകയും, സമീപ ഭാവിയില്‍ ഞങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുവാന്‍ തയ്യാറെടുപ്പിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം വിശ്വസനീയമായ വിവരം നല്‍കിയിരിക്കുന്നു. സകലതും മനസ്സിലാക്കുന്ന അങ്ങ് ഞങ്ങളെ ഈ വൈതരണിയില്‍ നിന്നും രക്ഷിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

എന്ന്,

ഒപ്പ്      ബരാക്‌ ഒബാമ (അമേരിക്കന്‍ പ്രസിഡന്റ്), 
ഒപ്പ്      ഡേവിഡ്‌ കാമറൂണ്‍, 
ഒപ്പ്      ജൂലിയ ഗില്‍ബെര്‍ട്ട്, 
ഒപ്പ്      സ്റ്റീഫന്‍ ഹാര്പ്പര്‍ 
(യഥാക്രമം ബ്രിട്ടന്‍, ആസ്ട്രേലിയ, ക്യാനഡ പ്രധാന മന്ത്രിമാര്‍) 


ബ്രഹ്മശ്രീ ബെര്‍ളി തോമസ്‌ അവര്‍കളുടെ ശുപാര്‍ശ:

പ്രിയ ശിഷ്യന്‍ ഗുരുദാസിന്,

കുഞ്ഞേ, നാം പലവിധ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുന്നതില്‍ വളരെ തിരക്കില്‍ ആയതിനാലും, ഇന്നേ ദിവസം രാജശ്രീ പ്രിഥ്വിരാജ് അവര്‍കളുടെ ആരാധകന്‍ ആയിതീര്‍ന്നതിനാലും മറ്റും മേല്പടി ശുംഭാന്മാരുടെ അപേക്ഷക്ക് ഉടനടി പരിഹാരം നിര്‍ദേശിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ്. എങ്കിലും ഭക്തരുടെ അപേക്ഷ നിരസിക്കാനാകാത്തതിനാലും മേല്പടി രാജ്യങ്ങളില്‍ എന്റെ ധാരാളം തരുണീ മണികളായ ആരാധികമാര്‍ ഉള്ളതിനാലും ടി ശുംഭന്മാരുടെ അപേക്ഷ നിനക്ക് കൊടുത്തയക്കുന്നു. വേണ്ട സഹായം ചെയ്യുക. (ഫീസ്‌ 1:10 എന്ന അനുപാതത്തില്‍ വീതിച്ചു എടുക്കാം.)

അഭിവധ്യ (എന്നുവച്ചാല്‍, ഉടനടി വധിക്കപ്പെടാന്‍ സാധ്യതയുള്ള) ഗുരുവിന്റെ അനുഗ്രഹാശിസുകളോടെ ഗുണ്ടുകാട് ഗുരു ദാസന്‍ നിശ്ചയിച്ചു നല്‍കുന്ന പരിഹാരം.

പാന പീനം ഫ്രഞ്ച് നാമ:
സമയോ അര്‍ദ്ധരത്രിഹോ
രതിനിര്‍വേദ നഹി നഹി
സണ്ടേശു വാരന്ത്യഹ:

വാരാന്ത്യത്തില്‍ ഫ്രഞ്ച് ബ്രാണ്ടി കഴിച്ചു അര്‍ദ്ധരാത്രിയില്‍ രതി നിഷേദിക്കപ്പെട്ടു വ്യസനിച്ചിരിക്കുന്ന സമയത്ത് കിട്ടിയി ശുപാര്‍ശ ലക്ഷണ ശാസ്ത്രപ്രകാരം എന്നില്‍ വന്നു ഭവിച്ചിട്ടുള്ള കര്‍മ്മത്തില്‍ ഗുരുവിനെ നമിച്ചുകൊണ്ട് (ശപിച്ചുകൊണ്ട് എന്നും വ്യാഖ്യാനിക്കാം) ഉപാധികളോടെ നല്‍കുന്ന പരിഹാരം:

(ഡേയ് ബെര്‍ളി ഗുരോ, യിവന്മാര് പപ്പനാവന്റെ മറ്റേതു തോണ്ടി എടുത്തു വല്ല നക്കാപിച്ച ഫീസ് തരാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. കോപ്പ് നടക്കും. ഇവന്മാര്‍ക്ക് മുമ്പേ അത് ആണുങ്ങള്‍ കൊണ്ട് പോകും. അത് കൊണ്ട് 1:10 വേണ്ട, കമ്പ്ലീറ്റ്‌ നീ തന്നെ ഊ.........ഹിച്ചോ.)


യിവന്മാരുടെ കംപ്ലയിന്റ്റ്‌ കറക്ടാണ്. എന്റെ ഗോര്‍ജിയസ് ബ്യൂട്ടിഫുള്‍ സ്മാര്‍ട്ട് ആയിട്ടുള്ള വോരെ വൊരു രഞ്ജിനീ ഹരിദാസിന്റെ ലീഡര്‍ഷിപ്പില്‍ കൊറേ ലവളുമാര് സോ കാള്‍ഡ് മൂരാച്ചി ബൂര്‍ഷ്വാസി കൊച്ചമ്മമാര് പിള്ളേരെ "കണ്ണശ മെമ്മോറിയല്‍ എന്ഗ്ലീഷ്‌ മീഡിയം" (കാട്ടാക്കട) സ്കൂളുകള്‍ പോലുള്ള സ്ഥലങ്ങളില്‍ ഷേക്ക്‌ സ്പിയരെ നാനിപ്പിക്കുന്ന എന്ഗ്ലീഷ്‌ സ്ടടി ചെയ്യിക്കുന്നുണ്ട്. അതിപ്പ, എന്താ പറയ്ക, ടൈം ടിമാണ്ട്സ് ദാറ്റ്‌ യു നോ.

സോ, ലവന്മാരുടെ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ഈസ്‌ സോം വാട്ട്‌ കറക്റ്റ്‌.

എനിവേ, യിവന്മാര് വളരെ ഹംമ്പിള്‍ ആയിട്ട് റിക്വസ്റ്റ് ചെയ്തിരിക്കുന്നത് നമ്മള്‍ ബാരതീയര്‍ക്ക് വളരെ പ്രൌഡ് ആയിട്ടുള്ള ഒരു ഒരു തിംഗ് ആണ്. സോ, വീ ഷുള്‍ട് ഹെല്‍പ്‌ തെം. ആപത്തില്‍ പെടുന്നവരെ ഹെല്‍പ്‌ ചെയ്തില്ലെങ്കില്‍ വീ ഷുള്‍ട് നോട്ട് ടു ബി കാള്‍ട് ആസ് ഹ്യുമന്‍സ്. ഇതല്ലേ ബാരതീയരുടെ യു നോ ഒരു ഒരു ഹെറിറ്റേജ്‌.

ഓക്കേ. ലെറ്റ്‌ അസ്‌ കോം ടു ദി പോയിന്റ്.

യിവരുടെ പ്രോബ്ലം സോള്‍വ്‌ ചെയ്യുന്നത് ഈസി ആണ്. ന്യൂ ജോബ്സിനു ഒരു ക്രൈടീരിയ പുട്ട് അപ്പ് ചെയ്‌താല്‍ മതി. ഇവരുടെ കണ്ട്രീസില്‍ ന്യൂ വിസ, ഐ മീന്‍ ഫോര്‍ ഫോരിനെഴ്സ്‌, ഇഷ്യൂ ചെയ്യണമെങ്കില്‍, അപ്ലൈ ചെയ്യുന്നവര്‍ക്ക് മലയാലം ആള്‍സോ നന്നായി അറിയണമെന്ന് ഒരു കണ്ടീഷന്‍ വച്ചാല്‍ മതി. അത് ചെക്ക് ചെയ്യാന്‍ ഒരു പാനലിനെ ഇവര്‍ക്ക് അപ്പോയിന്റ് ചെയ്യാം. പാര വയ്ക്കാതെ ഐ മീന്‍ ഇമ്പാര്‍ഷ്യാല്‍ ആയിട്ട് സ്ക്രീന്‍ ചെയ്യാന്‍ പാനല്‍ മേമ്പെഴ്സിനെ വീ വില്‍ സജസ്റ്റ്.

(ഡേയ്  ഗുരു, ബെര്‍ളി, നീ ഇവിടെ പെമ്പിള്ളേരെ സുയിപ്പിച്ചു ഇരുന്നാല്‍ മതി, മറ്റേ കാര്യം ഞാന്‍ നോക്കിക്കൊള്ളാം.)

പാനല്‍ ചെയര്‍മാന്‍ വില്‍ ബി മി.

കാനഡയില്‍ പ്രസാദു ആന്‍ഡ്‌ ബിന്ദു.
അമേരിക്കയില്‍ വിനുകൃഷ്ണനു ആന്‍ഡ്‌  വൈഫു
ഇംഗ്ലണ്ടില്‍ ജോയ്‌ അബ്രഹാമു ആന്‍ഡ്‌  വൈഫു
ആസ്ട്രേലിയയില്‍ ജോയിച്ചനു ആന്‍ഡ്‌ വൈഫു
ദുബായില്‍ സുധിയു ആന്‍ഡ്‌ പ്രീത

എന്നിവര്‍  ദാറ്റ്‌ പര്ടികുലര്‍ റീജിയനില്‍ ഹെട്സ് ആയിരിക്കും.

ഇവര് പറയുന്നവരെ മാത്രം ഇനി നിങ്ങള്‍ ജോലിക്ക് എടുത്താല്‍ മതി.

മലയാലം അറിയില്ല എന്ന് ഇവര്‍ക്ക് ബോധ്യപ്പെടുന്ന മൂരാച്ചികളെ പാനല്‍ രിജക്റ്റ്‌ ചെയ്യണം.

സപ്പ്ളിമേന്ടരി ആയിട്ട് ഒരു കാര്യം കൂടി ചെയ്യാം. ഇപ്പോള്‍ ജോലി നഷ്ടപ്പെട്ട് നില്‍ക്കുന്ന അലവലാതി സായിപ്പന്മാരെ ഇങ്ങോട്ടേക്ക് അയക്കാം, ഇവിടുള്ളവരെ മലയാലം പഠിപ്പിക്കാന്‍. യു സീ, ഇന്ത്യ ഈസ്‌ സ്റ്റില്‍ എ ടെവലപ്പിംഗ് കണ്ട്രി. അതുകൊണ്ട് ക്യാഷ്‌ ഒന്നും കൊടുക്കില്ല. ഇഫ്‌ ദേ ക്നോ കൊകൊനട്ട് ട്രീ ക്ലൈംബിംഗ് ആന്‍ഡ്‌ ദേ ആര്‍ ഹാര്‍ഡ്‌ വര്‍ക്കിംഗ് ദേ കുള്ദ് യെര്ന്‍ മോര്‍ ദാന്‍ ദി വെല്‍ത്ത്‌ ഓഫ് ലോര്‍ഡ്‌ പപ്പനാവാ വിതിന്‍ ആന്‍ ഇയര്‍.

നല്ല  ഫീസ്‌ കൊടുക്കാമെങ്കില്‍ ജോയി, സുധി, പ്രസാദ്‌ ആന്‍ഡ്‌ ജോയ്ച്ചന്‍ വില്‍ ടീച് തെം കൊകൊനട്ട് ട്രീ ക്ലൈംബിംഗ്. എനിക്കിപ്പഴും ഓര്‍മ്മയുണ്ട് പ്രസാദിന്റെ കല്യാണ പാര്‍ട്ടി, വിത്ത്‌ സ്വീറ്റ്‌ ടോഡി. ഹോപ്‌ സുധി, രാം ആന്‍ഡ്‌ ജോയ്‌ വില്‍ ആള്‍സോ രിമെമ്ബാര്‍ താറ്റ്‌.

ഇതം ലോക സുഖപ്രശ്ന പരിഹാരംനിര്‍ദേശിതാം:

ബ്രഹ്മശ്രീ ബെര്‍ളി തോമസ്‌ അവര്‍കളുടെ പ്രഥമ പ്രിയ ശിഷ്യന്‍ ഗുണ്ടുകാട് ഗുരുദാസ്‌ നാമധേയന്‍.

ശുഭം

26 ഓഗസ്റ്റ് 2011

പാവം ഓള്‍ഡ്‌ ക്ലാസ്സിക്കല്‍ ബലാല്‍സംഗം!


"ഒരു കടംകഥ" എന്ന എന്റെ ബ്ലോഗിന് ശേഷം രണ്ടു ദിവസം കൂലങ്കക്ഷമായി പത്രങ്ങളിലെ ഇക്കിളി വാര്‍ത്തകളില്‍ കണ്ണോടിച്ചു. വളരെ നേരത്തെ പരിശ്രമത്തിനു ശേഷവും ഒരു ബലാത്സംഗ വാര്‍ത്ത കാണുവാന്‍ കഴിഞ്ഞില്ല.  എന്നാല്‍ പീഡന വാര്‍ത്തകള്‍ ധാരാളം ഉണ്ടുതാനും.ബലാല്‍സംഗം എന്ന പദം ഏതെന്കിലും കോടതി നിരോധിചിട്ടുണ്ടോ എന്നറിയില്ല.

സംശയ നിവാരണത്തിന് മഷിത്തണ്ട് ഉരച്ചു നോക്കി. ബലാത്സംഗം - "സ്ത്രീയുടെ സമ്മതം കൂടാതെ ബലം പ്രയോഗിച്ച് ചെയ്യുന്ന സംയോഗം" എന്ന് മഷിത്തണ്ട് പറഞ്ഞു തരുകയും ചെയ്തു. ഇത് തന്നെയാണ്  പണ്ട് സ്റാന്‍ലി സാര്‍ സ്കൂളിലും പറഞ്ഞു തന്നിട്ടുള്ള അര്‍ത്ഥം. കാലക്രമത്തില്‍ അര്‍ത്ഥ വ്യതാസം വന്നിട്ടില്ല. ഇനി ആ വാക്കുകള്‍ പഴഞ്ചന്‍ ആയതുകൊണ്ടോ, പഴയ വില്ലന്മാരും പ്രഖ്യാപിത ബലാല്‍സംഗ വീരന്മാരുമായ സര്‍വ്വ ശ്രീ ഗോവിന്ദന്‍ കുട്ടി, ബാലന്‍ കെ. നായര്‍, കെ.പി. ഉമ്മര്‍, ജോസ് പ്രകാശ്‌, ടി.ജി.രവി, ക്യാപ്ടന്‍ രാജു, ലാലു അലക്സ്‌  എന്നീ പ്രതിഭകള്‍ മരിക്കുകയോ മാനസാന്തര പെടുകയോ ചെയ്തത് കൊണ്ട് ബലാത്സംഗം ഇവിടെ വേരറ്റു പോയോ എന്ന് നിരാശപ്പെട്ടു.

നിരാശ വന്നാല്‍ ഞാന്‍ ധ്യാന നിമഗ്നന്‍ ആകും. അങ്ങനെ ധ്യാനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ (കൃത്യമായി പറഞ്ഞാല്‍ മൂന്നാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ്‌ ഇട്ടപ്പോള്‍), എനിക്ക് ബോധോദയം ഉണ്ടായി.  സംഗതി, ഞാന്‍ വിചാരിച്ചത് പോലെ അല്ല. എന്റെ ബുദ്ധി വളരെ പതുക്കെയാണ് വര്‍ക്ക്‌ ചെയ്യുന്നത്. സത്യത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ബലാത്സംഗം എന്ന് പറയുന്നസംഭവം ഉണ്ടാകുന്നില്ല. ഉണ്ടാകുന്നതു പീഡനം തന്നെയാണ്.

സ്ത്രീകള്‍ അബലകള്‍ ആണെന്ന്  ഒരു ചൊല്ല് ഉണ്ടെങ്കിലും, പണ്ടത്തെ സ്ത്രീകള്‍ അത്രയ്ക്ക് അബലകള്‍ ആയിരുന്നില്ല. എട്ടും പത്തും പന്ത്രെണ്ടും പെറ്റും അവര്‍ തൊണ്ണൂറു വയസ്സുവരെ കൂള്‍ ആയിട്ട് ജീവിച്ചിരുന്നു. അവരുടെ വീടുകളില്‍ തൊട്ടാല്‍ ചീറ്റുന്ന പൈപ്പ് വെള്ളം ഉണ്ടായിരുന്നില്ല. അവര്‍ക്ക് കഴിക്കാന്‍ ബ്രോയിലര്‍ ചിക്കനും നൂഡില്‍സും ഉണ്ടായിരുന്നില്ല. മൂക്കുപ്പൊടി മുതല്‍ പുട്ടുപൊടി വരെ അന്ന് പാക്കറ്റില്‍ കിട്ടിയിരുന്നില്ല. പശുവില്ലാതെ പശുവിന്‍പാല് കിട്ടിയിരുന്നില്ല. ഇങ്ങനെയൊക്കെ ജീവിത പ്രരാബ്ധങ്ങളുമായി മല്ലിട്ട് തട്ടിയും മുട്ടിയും ജീവിച്ചു വന്ന അവര്‍ വെറുതെ കണ്ട അണ്ടനും അടകോടനും ചുമ്മാ കേറി പീഡിപ്പിക്കാന്‍ പാകത്തില്‍ അബലകള്‍ ആയിരുന്നില്ല. കുറഞ്ഞപക്ഷം രണ്ടും മൂന്നും കാതം അകലെ കേള്‍ക്കാന്‍ പാകത്തില്‍ അലറി വിളിക്കാന്‍ എങ്കിലും ശക്തി അന്നത്തെ സ്ത്രീജനങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നു. അത്തരം അലര്‍ച്ച കേള്‍ക്കാതിരിക്കാന്‍ അക്കാലത്ത് സ്വീകരണ മുറിയോ, അതില്‍ ടി.വി.യോ ഉണ്ടായിരുന്നില്ല.

സ്വതേ അബലകള്‍ ആയിരുന്ന സ്ത്രീകള്‍ക്ക് അന്ന് ഇത്ര കരുത്ത് ഉണ്ടായിരുന്നെങ്കില്‍, അവരെ ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ പോരുന്ന പുരുഷന്മാര്‍ക്ക് എത്ര കരുത്ത് ഉണ്ടായിരുന്നിരിക്കും.

അന്നത്തെ ആള്‍ക്കാര്‍ ചാരായം കഴിച്ചിരുന്നത് ഒരു "മരുന്ന്" ആയിട്ടായിരുന്നു. ക്ഷീണം തീര്‍ക്കാന്‍, സിരകളില്‍ പെട്ടെന്ന് ഊര്‍ജം പകരുവാന്‍ അന്നത്തെ വാറ്റു ചാരായം കഠിനമായ ശാരീരിക അധ്വാനം ചെയ്തിരുന്ന അവരെ സഹായിച്ചിരുന്നു. ബയോളജി സാറ് (ശ്രീ. എം.എം. തോമസ്‌) പറഞ്ഞു തന്നത് തെറ്റല്ല എങ്കില്‍, അന്നത്തെ ചാരായം അഥവാ മദ്യം (സ്പിരിറ്റ്‌ എന്ന് മലയാളം) എന്നത് കഴിക്കാന്‍ പറ്റുന്ന ഊര്‍ജത്തിന്റെ ഏറ്റവും ശുദ്ധമായ ഉറവിടം ആയിരുന്നു. പഞ്ചസാരയുടെ വകഭേദം (ക്ഷമിക്കണം, ഇവയുടെ ഒക്കെ രസതന്ത്ര സൂത്ര വാക്യങ്ങള്‍ ഇപ്പോള്‍ മറന്നു പോയി), ദഹന രസത്തിന്റെ ആവശ്യമില്ലാതെ തന്നെ ആമാശയത്തില്‍ നിന്നും രക്തത്തിലേക്ക് നേരിട്ട് കടക്കുവാനുള്ള കഴിവ് എന്നിവ ചാരായാതെ കഠിനമായി അധ്വാനിക്കുന്നവര്‍ക്ക് സിരകളില്‍ ഊര്‍ജം പകരുന്ന "മരുന്ന്" തന്നെയായിരുന്നു. അധ്വാനിക്കാത്തവര്‍ക്കും ഭാരം ചുമക്കാത്തവര്‍ക്കും അത് സിരകളില്‍ ലഹരി ആയിരുന്നു പകര്‍ന്നത്.

രാവിലെ മുതല്‍ വൈകുന്നേരം വരെ പണിയെടുത്തിട്ടു വൈകുന്നേരം ഒരു കുപ്പി (ഫുള്‍ എന്ന് പറയുന്ന 750 ml) ചാരായം കുടിച്ചിട്ട് ഒന്നും സംഭവിച്ചിട്ടില്ല എന്നത് പോലെ സുഖ ജീവിതം നയിച്ചിരുന്നവരെ (ആണുങ്ങളെയും പെണ്ണുങ്ങളെയും) എനിക്കറിയാം (ഇപ്പോഴത്തെ പല ആണുങ്ങള്‍ക്കും അന്നത്തെ നളിനി ജമീല കഴിക്കുന്ന അത്ര മദ്യം (ചാരായം അല്ല) കഴിക്കാനുള്ള ആമ്പിയര്‍ ഇല്ലെന്നു അവരുടെ "ആത്മകഥയില്‍" പറയുന്നുണ്ട്). ഇങ്ങനെയൊക്കെ ഉള്ള അക്കാലത്ത്, ഒരിക്കലും ഒരു പുരുഷന് സ്ത്രീയെ പീഡിപ്പിക്കാന്‍ പറ്റുമായിരുന്നില്ല. നടന്നിരുന്നത് ബലാല്‍സംഗം തന്നെ.

സ്ത്രീ  സമത്വം, സ്ത്രീ പുരോഗമനം, ഫെമിനിസം (അതിന്റെ അര്‍ത്ഥമോ, മലയാളമോ എനിക്കറിയില്ല, സ്ത്രീകളെ സംബന്ധിക്കുന്ന എന്തോ ഒരു കുന്തം എന്ന് മാത്രം അറിയാം), പെണ്ണെഴുത്ത് എന്നിങ്ങനെ പെണ്ണുങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്ത് ഒരു ബലാത്സംഗം പോലും ഇവിടെ നടക്കുന്നില്ല എന്നത് നല്ല കാര്യം തന്നെ. പക്ഷേ വര്‍ധിച്ചു വരുന്ന പീഡനങ്ങള്‍ക്ക് എന്ത് ഉത്തരമാണ് നല്‍കാന്‍ കഴിയുന്നത്?

ബോധോദയമുണ്ടായപ്പോള്‍ എനിക്ക് മേല്പടി സമസ്യക്ക് ഉത്തരം കിട്ടി.

ഇന്നത്തെ സ്ത്രീകള്‍ അബലകള്‍ ആണ്. ആരെങ്കിലുംഅനാവശ്യമായി ദേഹത്ത് തൊടുന്ന സമയത്ത് അബലകളായ അവര്‍ പെട്ടെന്ന് തളര്‍ന്നുപോകുന്നു. അവരുടെ തൊണ്ടക്കുഴി വറ്റി വരളും നാക്കുകള്‍ താഴ്ന്നുപോകും അവരുടെ പല്ലും നഖവും പൊഴിഞ്ഞു പോകും. സര്‍വോപരി അവര്‍ അസ്തപ്രജ്ഞര്‍ ആകും (അതെന്തെന്നു ചോദിക്കരുത്, എനിക്കറിയില്ല). അത് മാത്രമോ, ഇപ്പോള്‍ ഇവരെയൊക്കെ പീഡിപ്പിക്കുന്ന സ്ഥലങ്ങള്‍ വിജനങ്ങള്‍ അല്ല, കാടില്ലാത്തത് കൊണ്ട് കാട്ടുപ്രദേശങ്ങളും അല്ല. ധാരാളം ആളുകള്‍ കൂടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ സ്വന്തം അമ്മ ധ്യാന നിരതയായി ഇരിക്കുന്ന (എന്റെ ധ്യാനം പോലത്തെ ധ്യാനമാണെന്ന് ഞാന്‍ പറയില്ല - അത് എന്നെപോലുള്ള യോഗീ വര്യന്മാര്‍ക്ക് മാത്രേ പറ്റൂ) സ്വന്തം വീട്ടിലെ സ്വന്തം കിടപ്പുമുറി, ലോഡ്ജുകള്‍, ആഡംബര കാറുകള്‍ തുടങ്ങിയ, ഒരു പീഡനത്തെ ഒരു വിധത്തിലും ബലാല്‍സംഗം ആക്കി തീര്‍ക്കാന്‍ പറ്റാത്ത നിഗൂഡ പ്രദേശങ്ങള്‍ ആണ് പീഡിതരും പീഡകരും ഒരുപോലെ തെരഞ്ഞെടുക്കുന്നത്. അങ്ങനെ ഒരു പഴുതുമില്ലാത്ത ഇടങ്ങളില്‍ വച്ച്, പണ്ടത്തെ ആണുങ്ങളുടെ ആമ്പിയര്‍ ഇല്ലാത്ത കശ്മലന്മാര്‍ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക? മാധ്യമ സിണ്ടിക്കേറ്റു പറഞ്ഞാല്‍ പോലും പൊതുജനം വിശ്വസിക്കില്ല. അങ്ങനെ പറഞ്ഞാല്‍ അതില്‍ ഇക്കിളി കുറവായിരിക്കും എന്നത് കൊണ്ട് മാധ്യമ സിണ്ടിക്കേറ്റു അത് പറയുകയും ഇല്ല. മേല്പടി പീഡനം ഒരു രഹസ്യമാണ്. മൂന്നാമതൊരാള്‍ അതൊരു പീഡനം ആണെന്ന് പറയുന്നത് വരെ, അല്ലെങ്കില്‍ പീഡകന്‍ തന്നെയല്ലാതെ (ചിലപ്പോള്‍ 'തങ്ങളെ' അല്ലാതെ) വേറെ ആരെയെങ്കിലും പീഡിപ്പിച്ചു തുടങ്ങുന്നതുവരെ ആദ്യം പറഞ്ഞ അസ്തപ്രന്ജ്ജത അവരില്‍ നിന്നും വിട്ടുമാറില്ല.

അങ്ങനെ അങ്ങനെ പഴയ പാവം ബലാത്സംഗം എന്ന സാധനത്തിനു ഇന്നത്തെ അബലകളായ സ്ത്രീകള്‍ കാരണം ക്ലാസ്സിക്കല്‍ പദവി നഷ്ടപ്പെട്ടിരിക്കുന്നു.  ഇനിയും ബലാത്സംഗം എന്നത് എന്താണെന്ന് നിങ്ങള്ക്ക് മനസ്സിലായില്ലെങ്കില്‍ ചുരുക്കി പറയാം. ബാലന്‍ കെ. നായര്‍ തുടങ്ങിയ പ്രഭൃതികള്‍ ചെയ്തിരുന്നത് ബലാത്സംഗവും നീലത്താമരയിലെ ലവന്‍ ചെയ്തത് പീഡനവും.

ഒരു ചെറിയ സാങ്കല്പിക സിനിമാ കഥ കൂടി പറഞ്ഞുകൊണ്ട് ചുരുക്കാം.

പലതവണ പ്രേമാഭ്യര്‍ത്ഥന നടത്തിയിട്ടും തള്ളിക്കളഞ്ഞു നസീര്‍ിനെ പ്രേമിച്ച ഷീലയെ (അല്ലെങ്കില്‍ ജയഭാരതിയെ) കെ.പി. ഉമ്മര്‍ കാറില്‍ തട്ടിക്കൊണ്ടു പോകുന്നു. കാടിന് നടുവിലെ കൊട്ടാരത്തില്‍, ഷീലയെ (അല്ലെങ്കില്‍ ജയഭാരതിയെ) കെ.പി. ഉമ്മര്‍ ബലാല്‍സംഗം ചെയ്യുന്നു. ഷീല (അല്ലെങ്കില്‍ ജയഭാരതി) നിലവിളിക്കുന്നു, ദുഷ്ടാ ദുഷ്ടാ എന്ന് നിലവിളിക്കുന്നു... പ്രേം നസീര്‍ വരുന്നു. ഷീലയെ (അല്ലെങ്കില്‍ ജയഭാരതിയെ) രക്ഷിക്കുന്നു. ഇത് ഫ്ലാഷ്ബാക്ക്‌.

ഇക്കാലം: മിസ്റ്റര്‍ എക്സ് മിസ്‌ എ യെ മിസ്സ്‌ കാള്‍ ചെയ്യുന്നു, പരിചയപ്പെടുന്നു, ഐസ്ക്രീം കഴിക്കുന്നു. കാറില്‍ കയറ്റുന്നു. പഞ്ച നക്ഷത്ര ഹോട്ടലില്‍ പോകുന്നു. പീഡിപ്പിക്കുന്നു. പീഡനത്തിന്റെ തുടക്കത്തില്‍ മിസ്സ്‌. എ ദുഷ്ടാ ദുഷ്ടാ എന്ന് വിളിക്കുന്നു. വിളി കേള്‍ക്കാന്‍ ആരും വരുന്നില്ല. മിസ്സ്‌. എ അബലയാകുന്നു... അതുകൊണ്ട് ദുഷ്ടാ ദുഷ്ടാ എന്ന വിളി ദുഷ്ടേട്ടാ ദുഷ്ടേട്ടാ എന്നും ഏട്ടാ ഏട്ടാ എന്നും രൂപാന്തരം പ്രാപിക്കുന്നു.

പിന്‍കുറിപ്പ്‌:
ഇത് ആരുടെയെങ്കിലും വികാരങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മന:പൂര്‍വമാണ്.


25 ഓഗസ്റ്റ് 2011

സര്‍ട്ടിഫൈട് ഭീകരന്‍

പഠിക്കുന്ന കാലത്ത് ധാരാളം പ്രണയ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം മലയാളികളുടെയം കൌമാര പ്രണയ ലേഖനങ്ങളെ പോലെ അവയെല്ലാം  വെളിച്ചം കാണാതെ അന്തരീക്ഷത്തില്‍  വിലയം പ്രാപിക്കുകയായിരുന്നു. എന്തിനു പ്രണയ ലേഖനങ്ങള്‍ 'എഴുതി' എന്ന് ചോദിച്ചാല്‍, വളരെ നീണ്ട മറ്റൊരു ബ്ലോഗ്‌ എഴുതേണ്ടി വരുമെന്കിലും 'അധൈര്യം' എന്ന ഒറ്റ വാക്കിലും മറുപടി പറയാന്‍ പറ്റും.

ഒരു തവണ, എഴുതിയ എഴുത്ത് പോക്കറ്റില്‍ ഇട്ടു ഒരുമാസം നടന്നിട്ട്, അത് കൊടുത്താല്‍, കിട്ടുന്നവള്‍ എനിക്കെതിരെ ഒരു തെളിവായി ഉപയോഗിക്കുമോ എന്ന വെറും സംശയം കാരണം (അതെ, അതൊരു 'വെറും സംശയം' മാത്രമായിരുന്നു എന്തെന്നാല്‍, അന്ന് കേരളത്തില്‍ പീഡനം കണ്ടുപിടിക്കപെട്ടിട്ടില്ലായിരുന്നു, എന്ന് മാത്രമല്ല, അത് അമേരിക്കയില്‍ 'ചായ കുടി' പോലെയും ആയിരുന്നു), ഒരു ദിവസം എന്തും വരട്ടേ എന്ന് കരുതി അവളുടെ മുമ്പില്‍ അവതരിപ്പിച്ചു. പ്രേമാതുരനായ പതിവ് കാമുകന്മാരെ പോലെ "ആലോചിച്ചിട്ടു മറുപടി പറഞ്ഞാല്‍ മതി" എന്നും അറിയിച്ചു. എന്നാല്‍, ആലോചിക്കാന്‍ അവള്‍ക്കു അധിക സമയം ഒന്നും വേണ്ടി വന്നില്ല. അപ്പോള്‍ തന്നെ മറുപടിയും കിട്ടി.

"തന്നെ കണ്ടാല്‍ തന്നെ എനിക്ക് പേടിയാകും. എനിക്കെന്നല്ല, ആര്‍ക്കും പേടിയാകും. അതുകൊണ്ട് എന്നെ കൊണ്ട് പറ്റില്ല".

സത്യത്തില്‍, അപ്പോഴാണ്‌ ഞാന്‍ എന്റെ ജീവിതത്തില്‍ ഒരു കണ്ണാടി ആദ്യമായി കാണുന്നത്.

എങ്കിലും, വീണ്ടും ഒന്നുകൂടി യാചിച്ചു. അല്പം സെന്റി. "ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഇഷ്ടം ഒരു പെണ്ണിനോട് തോന്നുന്നത്".

അതിനും  ഉടനെ കിട്ടി ഒരു മറുപടി. "എന്റടുത്തു ഇതിനു മുമ്പും ഒരുപാട് പേര്‍ ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ട്".

ഡിം. പഴയ ശശി കപൂറിനെ പോലെ സുന്ദരന്‍ ആണെന്ന് ആ നിമിഷം വരെ കരുതിയിരുന്ന എന്റെ സകല അഹങ്കാരവും അതോടുകൂടി തീര്‍ന്നു. പിന്നീട് അവളുടെ മുന്നില്‍ എന്നല്ല, പിന്നെ ആരുടെ മുന്നിലും ഇങ്ങനെ ഒക്കെ പറയാനുള്ള അവസരം ഉണ്ടാക്കിയിട്ടില്ല. പെണ്‍കുട്ടികളോട് അതിനു ശേഷം വല്ലാത്ത ഒരു വൈരാഗ്യം തന്നെ വന്നുകൂടി. ഇങ്ങോട്ട് സംസാരിക്കാന്‍ വന്നാല്‍ പോലും മൈന്‍ഡ്‌ ചെയ്യില്ല. നേരെ നോക്കുക കൂടിയില്ല. കാരണം, ഞാന്‍ ഒരു ഭീകരന്‍ ആണല്ലോ.

ഇങ്ങനെ ഒക്കെ ആണെങ്കിലും, എന്നെ പോലെ ഒരു പാവത്താന്‍ ശുദ്ധന്‍ നിര്‍മ്മലന്‍ ഈ ലോകത്തില്‍ വേറെ ഇല്ലെന്നു എന്റെ സുഹൃത്തുക്കള്‍ക്ക് അറിയാം. ഇത് ചിലപ്പോള്‍ അവര്‍ മുതലെടുത്തിട്ടും ഉണ്ട്. ഈ മുതലെടുപ്പ്, പുതിയ ബാച്ചിലെ കുട്ടികളെ പരിചയപ്പെടുന്ന അവസരങ്ങളില്‍ ആയിരിക്കും. ചില കുട്ടികളെ, എങ്ങനെ ഒക്കെ ശ്രമിച്ചാലും പഴയ അണ്ണന്മാര്‍ക്ക് വിരട്ടാന്‍ പറ്റില്ല. അവര് വളരെ കൂള്‍ കൂള്‍ ആയിരിക്കും. അങ്ങനെ ഉള്ള അവസരത്തിലാണ് എന്റെ സഹായം തേടുന്നത്. നേരത്തെ തന്നെ 'കണ്ടാല്‍ പേടി ഉണ്ടാക്കുന്നവന്‍' എന്നാ സര്‍ട്ടിഫിക്കേറ്റ്‌ കിട്ടിയിട്ടുള്ള ആത്മ വിശ്വാസത്തില്‍ അണ്ണന്മാരുടെ കൂടെ ഞാനും ഒരു ദിവസം കൂടി.

ആ വര്ഷം പുതിയ ബാച്ചില്‍ വിനില എന്ന് പേരുള്ള ഒരു ഓമനത്വം തോന്നുന്ന ഒരു കൊച്ചുണ്ടായിരുന്നു. കോളേജിലെ വന്പന്മാര്‍ വിചാരിച്ചിട്ടും ആ കൊച്ചു വിരളുന്നില്ല. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നു. ഒരു രക്ഷയുമില്ല. ഒടുവില്‍ അണ്ണന്മാര്‍ എന്റെ സഹായം തേടി.

പൊതുവേ ചിരിക്കാത്ത ഈ മോന്തയില്‍ കുറച്ചു കൂടി ഗൌരവം വരുത്തി. എനിക്ക് സര്‍ട്ടിഫിക്കറ്റ്‌ നല്കിയവളെ മനസ്സാ സ്മരിച്ചു. ഞരമ്പുകളില്‍ കൂടി രോക്ഷം ഇരച്ചു കയറി,  അത് കണ്ണുകളെ ചുവപ്പിച്ചു.

ഒരു  ഡെസ്ക്കിന്റെ പുറത്തു കയറി ഇരുന്നു. ഒരു കാലു നിലത്തും ഒരു കാലു ബഞ്ചിലും. കൈവിരലുകള്‍ ഞൊട്ടി (ഒരുമാതിരി നായകളെ വിളിക്കുന്ന പോലെ) ശബ്ദം ഉണ്ടാക്കി ആ കൊച്ചിനെ അടുത്ത് വിളിച്ചു. അവളുടെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി. അടുത്ത് വന്നു. ചുണ്ടില്‍ ചിരി ഉണ്ടെങ്കിലും കണ്ണുകളില്‍ പതുക്കെ ഭയം ഉരുണ്ടു കൂടുന്നത് എന്റെ ഭീകര നേത്രങ്ങള്‍ തിരിച്ചറിഞ്ഞു.

"എന്താ പേര്?"

"വിനില"

"എന്തോ?"

 "വിനില"

"ഉറച്ചു പറയണം, എനിക്ക് കേള്‍വി കുറവാണ്". അത് ഞാന്‍ അല്പം ഉറക്കെയാണ് പറഞ്ഞത്. ഇത്രയും ആയപ്പോള്‍, ക്ലാസ്സില്‍ പൂര്‍ണ്ണ നിശബ്ദത.

"വിനില"

"എവിടെ സ്ഥലം?"

വിനിലയുടെ കവിളുകള്‍ ചുവന്നു. ചുണ്ടുകള്‍ വിറക്കുന്നു.

"ചോദിച്ചത് കേട്ടില്ലേ, എവിടെ സ്ഥലം?"

ഉത്തരം മുളന്ചീര്‍ കീറുന്നത് പോലെ ഒരു ശബ്ദമായിരുന്നു. വിനില കരയുന്നു. കൊച്ചു കുട്ടികളെ പോലെ. തുറന്ന വായ അങ്ങനെ തന്നെ ഇരിക്കുന്നു. കുട്ടികള്‍ എല്ലാം ഓടിക്കൂടി. ചേച്ചിമാരും ഓടിക്കൂടി.  ശ്വാസംപോലും എടുക്കാതെ കൊച്ചു കീയോ എന്ന് കരയുന്നു.  അണ്ണന്മാര്‍ ഓരോരുത്തരായി പതുക്കെ മുങ്ങി തുടങ്ങി. നിന്നാല്‍ കലിപ്പാകും എന്ന് കരുതി ഞാനും പതുക്കെ മുങ്ങി.

രണ്ടു ദിവസത്തേക്ക് പിന്നെ കോളേജില്‍ കണ്ടില്ല. ആ കൊച്ചിന് വല്ല പ്രശ്നം ഉണ്ടോ എന്നു അറിയില്ല. ഏതായാലും മൂന്നാമത്തെ ദിവസം കോളേജില്‍ ചെന്നപ്പോള്‍ വിനില ഉണ്ട്. ഒന്നും സംഭവിക്കാത്തത് പോലെ. പഴയ ചുണകുട്ടിയായി.

"ഇനി എന്നെ വിരട്ടാന്‍ ഒന്നും നോക്കണ്ട അണ്ണാ. സ്മൃതി ചേച്ചി പറഞ്ഞു, അണ്ണന്‍ ഒരു അശു ആണെന്ന്. ഞാന്‍ ഇനി പേടിക്കില്ലാ. രണ്ടു ദിവസം എവിടെ ആയിരുന്നു? പനിപിടിച്ചോ?"

സത്യത്തില്‍ രണ്ടു ദിവസം പേടിച്ചിട്ടു കോളേജില്‍ പോകാതിരുന്നത് ഞാന്‍ ആയിരുന്നു.

23 ഓഗസ്റ്റ് 2011

ഒരു കടംകഥ


എന്റെ സുഹൃത്ത്‌ പറഞ്ഞിട്ടുള്ള ഒരു കടംകഥയാണ്‌.

ദിവസം 1.
ചോദ്യം: ഒരു  പക്ഷി, ആകാശത്ത് കൂടെ പറക്കുകയായിരുന്നു. പക്ഷിക്ക് മുട്ടയിടാന്‍ തോന്നി. മുട്ടയിട്ടു, പറക്കുമ്പോള്‍ തന്നെ. മുട്ട വീണത്‌ ഒരു പാറപ്പുറത്ത്. മുട്ട പൊട്ടിയില്ല! എന്തുകൊണ്ട്?
ഉത്തരം: മുട്ടയുടെ ഭാഗ്യം...

ദിവസം 2.
ചോദ്യം: അടുത്ത ദിവസം അതേ പക്ഷി അതേ പാറയുടെ മുകളില്‍ മുട്ടയിട്ടു. മുട്ട പൊട്ടിയില്ല. എന്തുകൊണ്ട്?
ഉത്തരം:എക്സ്പീരിയന്‍സ്

ദിവസം 3.
വീണ്ടും ചോദ്യം: അടുത്ത ദിവസവും പക്ഷി മുട്ടയിട്ടു. മുട്ട പൊട്ടിയില്ല. എന്തുകൊണ്ട്?
ഉത്തരം: കോണ്ഫിടന്‍സ്

ദിവസം 4.
പിന്നെയും ചോദ്യം:അടുത്ത ദിവസവും പക്ഷി മുട്ടയിടല്‍ ആവര്‍ത്തിച്ചു. മുട്ട പൊട്ടി. എന്തുകൊണ്ട്?
ഉത്തരം: ഓവര്‍ കോണ്ഫിടന്‍സ്.

ഈ കടംകഥകള്‍ 1990 കളില്‍ (അതായത് മൊബൈല്‍ ഫോണ്‍ എന്ന അലവലാതി ജനങ്ങളെ പിരിക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍ മാത്രമല്ല, ഇന്റര്‍നെറ്റ്‌, സാടലൈറ്റ്‌ ചാനല്‍ തുടങ്ങിയ പോക്കിരികളും ഉണ്ടായിരുന്നില്ല) ഞങ്ങള്‍ തിരുവന്തോരം മ്യൂസിയത്തില്‍ സ്ഥിരം കണ്ടുമുട്ടുമായിരുന്ന സമയത്ത് പറഞ്ഞതാണ്. അന്ന് പീഡനങ്ങള്‍ പത്രങ്ങള്‍ക്കു സെന്‍സേഷന്‍ ആയിരുന്നില്ല. അതുകൊണ്ട് പുതിയ പീഡന കഥകള്‍ക്കായി ആരും കാത്തിരിക്കാതെ സൌഹൃദ കൂട്ടായ്മയുടെ കുളിരും കുന്നായ്മയും കുണ്ടാമാണ്ടികളും ആസ്വദിക്കുന്ന കാലഘട്ടം.

ഈ കടംകഥ ഇന്ന് ഓര്‍ക്കുവാന്‍ കാരണമുണ്ട്.

 ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ കാണാതായ പെണ്‍കുട്ടിയെ  മഹാരാഷ്ട്രയിലെ ഒരു റെയില്‍വേ സ്റേഷനില്‍ നിന്നും കേരള പോലീസ് കണ്ടെത്തിയ ഇക്കിളി കഥ ഇന്നത്തെ കേരള കൌമുദിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇക്കിളി കഥയുടെ ചുരുക്കം ആദ്യം പറഞ്ഞ കടംകഥ തന്നെ. രണ്ടുമാസം മുമ്പ് ആദ്യം ഒരാള്‍ "മിസ്ഡ്‌ കാളിലൂടെ" പരിചയപെട്ടു 'പീഡിപ്പിക്കുന്നു'. പിന്നീട്  ആ 'പീഡനം' തുടരുന്നു. അതിനിടയില്‍ ഒരു മഹാരാഷ്ട്രക്കാരന്‍ വീണ്ടും 'മിസ്ഡ്‌ കാളിലൂടെ' പരിചയപ്പെടുന്നു, കുട്ടിയെ 'തട്ടിക്കൊണ്ടു' പോകുന്നു. എന്തായാലും അയാള്‍ 'പീഡിപ്പിച്ചില്ല' എന്നാണ് കുട്ടിയും പോലീസും പറയുന്നത്. എന്നാല്‍ കഴിഞ്ഞ വര്ഷം ഒരാള്‍ ഇതുപോലെ 'തട്ടിക്കൊണ്ടു' പോയി 'പീഡിപ്പി'ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വഴിക്ക് വച്ച് പോലീസ് പിടിയില്‍ ആയതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു എന്നും റിപ്പോര്‍ട്ട് തുടര്‍ന്ന് പറയുന്നു.

വെറും പതിനഞ്ചു വയസ്സായ, എട്ടും പൊട്ടും തിരിയാത്ത കൊച്ചു കുഞ്ഞിനെ കാപാലികര്‍ ആ കുഞ്ഞിന്റെ നിഷ്കളങ്കത മുതലെടുത്തു ആ കുഞ്ഞിന്റെ മൊബൈലിലേക്ക് 'മിസ്ഡ്‌ കാള്‍' ചെയ്തു പീഡിപ്പിക്കുന്നു. കേരളം പോയ ഒരു പോക്കേ. ഇത്രയ്ക്കു കാപാലികര്‍, നിഷ്ഠൂരര്‍ ആയി തീരുക മാത്രമല്ല, അതേ നിഷ്ഠൂരത ഇവിടെ പണിക്കു വരുന്ന പരദേശികളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ തക്ക രീതിയില്‍ വളരുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ പുരുഷന്മാരെ, നിങ്ങളെ ഓര്‍ത്തു, നിങ്ങളില്‍ ഒരുവനായ ഞാന്‍ ലജ്ജിക്കുന്നു.

ഇനിയും നിങ്ങള്‍ ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് ഒരു രക്ഷാകര്‍ത്താവിന്റെ പരിവേദനം നിങ്ങള്‍ ഒന്നു വായിച്ചു നോക്കണം.

കേരളത്തിലെ മെഡിക്കല്‍ സൌകര്യങ്ങള്‍ ഇത്രയൊക്കെ പുരോഗമിച്ചിട്ടും അബദ്ധത്തില്‍ ജനിച്ചുപോകുന്ന പെണ്‍കുട്ടികളെ എത്ര ശ്രദ്ധയോടെയാണ് ഞങ്ങള്‍ വളര്‍ത്തുന്നതെന്ന് നിങ്ങള്‍ ഓര്‍ക്കണം. ജനിച്ചു വീഴുന്നതുമുതല്‍, ഇവിടുത്തെ പുരോഗമന വാദികളും ബുദ്ധിജീവികളും ചവറു എന്ന് പറയുന്ന, പക്ഷെ ജീവിത പ്രാരാബ്ധങ്ങളില്‍ കുടുംബത്തിന്റെ ഏക ആശ്വാസമായ മെഗാ സീരിയലുകള്‍ യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ രൂപങ്ങളായ റിയാലിറ്റി ഷോകള്‍ എന്നിവയൊക്കെ കാണിച്ചു കൊഞ്ചിച്ചു ഒമാനിച്ചാണ് ഞങ്ങള്‍ പെണ്മക്കളെ പോറ്റി വളര്‍ത്തുന്നത്. ആണ്‍കുട്ടികള്‍ നിങ്ങളെ പോലെ, ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ അവന്മാര്‍ക്ക് ഈ പരിപാടികളെ പുശ്ചം!


അത് മാത്രമോ, എല്ലാ ആഴ്ചയും ബ്രോയിലര്‍ ചിക്കന്‍, നൂഡില്‍സ്, പിന്നെ പെട്ടെന്ന് വളരുവാനും വലുതാകാനും ടി.വി.യില്‍ പറയുന്ന എല്ലാ ചപ്പു ചവറുകളും ഞങ്ങളുടെ മക്കള്‍ക്ക്‌ പാടുപെട്ടു കൊടുത്താണ് അവരെ തണ്ടും തടിയും ഉള്ളവരാക്കി വളര്‍ത്തുന്നത്.


അക്ഷരമാല പഠിച്ചു തുടങ്ങുമ്പോള്‍ മുതല്‍ ഞങ്ങള്‍ മൊബൈല്‍ ഫോണുകളാണ് അവര്‍ക്ക് കളിപ്പാട്ടമായി കൊടുക്കുന്നത്. തങ്കകുടങ്ങള്‍ എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ പഠിക്കുന്നത് എന്നറിയാമോ? ഞങ്ങളെ പോലും അവരാണ് സത്യത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നത്. ഇങ്ങനെയുള്ള മക്കള്‍ പത്താം വയസ്സില്‍ സ്വന്തമായി മൊബൈല്‍ വേണമെന്ന് പറയുമ്പോള്‍ അവരെ പിണക്കുന്നത് ശരിയാണോ? പന്ത്രണ്ടാം വയസ്സില്‍ കമ്പ്യൂട്ടര്‍ വേണമെന്ന് പറയുമ്പോള്‍ അവരെ പിണക്കുന്നത് ശരിയാണോ? കമ്പ്യൂട്ടര്‍ പഠിക്കുമ്പോള്‍ ടി.വി. ശല്യമാകെണ്ടാ എന്ന് കരുതി അവരുടെ ബെഡ്റൂമില്‍ തന്നെ അത് വച്ച് കൊടുക്കുന്നതല്ലേ ഉത്തമം? കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് കമ്പ്യുട്ടറും, മൊബൈല്‍ ഫോണും ഒന്നുമില്ലെന്കില്‍, അതും ഞങ്ങളുടെ കുട്ടികള്‍ അല്ലേ കൊടുത്തു സഹായിക്കുന്നത്? ഇത് മാത്രമോ, മൊബൈല്‍ ഫോണ്‍ വഴി എന്തുമാത്രം നോട്ടുകളാണ് ഞങ്ങളുടെ കുട്ടികള്‍ കൊണ്ട് വന്നു പാതിരാത്രി വരെ ഉറക്കിളച്ചു പഠിക്കുന്നത്. പിന്നെ, ഡി.വി.ഡി. കളുടെ കാര്യം പറയേ വേണ്ട. അത് മാത്രമോ, ഞങ്ങളുടെ മക്കളുടെ മിടുക്ക് കണ്ടു അവരുടെ കൂട്ടുകാരും അധ്യാപകരും പോലും അവര്‍ക്ക് മൊബൈലും സിമ്മും റീ-ചാര്‍ജ്ജും ഒക്കെ വാങ്ങി കൊടുക്കും.

അനുദിനം  ഇത്തരം പീഡന കഥകള്‍ ഒക്കെ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടും ഞങ്ങളുടെ കുട്ടികളെ തന്നെ നീയൊക്കെ പീഡിപ്പിക്കും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലല്ലോ ദൈവമേ.


ഇങ്ങനെ ഒക്കെ, കൊഞ്ചിച്ചും ലാളിച്ചും വളര്‍ത്തുന്ന ഞങ്ങളുടെ പോന്നു മക്കളെ അല്ലെ ദുഷ്ട പരിക്ഷകളെ, നിങ്ങള്‍ കൊണ്ട് പോയി പീഡിപ്പിക്കുന്നത്? പെറ്റ തള്ള എങ്ങനെ സഹിക്കുമെടാ മഹാപാപികളെ? നിനക്കൊക്കെയും ഇല്ലെടാ അമ്മമാരും പെങ്ങമ്മാരും? ഒരു കാലത്തും നിങ്ങള്‍ കൊണം പിടിക്കാന്‍ പോകുന്നില്ല.



പിന്‍കുറിപ്പുകള്‍:
1. ആരുടെയെങ്കിലും വികാരങ്ങളെ വൃണപ്പെടുത്താന്‍ അല്ല ഈ കുറിപ്പ്.
2. എനിക്കും അമ്മയും അമ്മൂമ്മയും അനിയത്തിയും ഭാര്യയും ശേഷക്കാരിയും സര്‍വോപരി മകളും ഉണ്ട്.
3. പത്രത്തിലെ ഇക്കിളി വാര്‍ത്ത വീണ്ടും കൊടുത്തത് ഇക്കിളിപ്പെടാനല്ല.

22 ഓഗസ്റ്റ് 2011

മലയാളി എന്നതുകൊണ്ട് ലജ്ജിച്ച ചില നിമിഷങ്ങളില്‍ ഒന്ന്.

ഈ സംഭവം നടക്കുന്നത് അങ്ങ് ദുഭായില്‍ വച്ചാണ്.

ദുഭായിയുടെ പ്രതാപ കാലത്ത് കുറച്ചു നാള്‍ അവിടെ 'അര്‍മാദിച്ചു' ജീവിക്കുവാന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ട്. അര്‍മാദം എന്ന് പറഞ്ഞാല്‍ സത്യത്തില്‍ ദുഭായില്‍ ജീവിചിട്ടുള്ളവര്‍ക്കെ മനസ്സിലാകൂ.

രാവിലെ ആറുമണിക്ക് മണിക്ക് കൃത്യമായി എഴുന്നേല്‍ക്കും. അലാറം ഒന്നും വേണ്ട ബെട്സ്പെസ് എന്ന് പറയുന്ന താമസ സൗകര്യത്തില്‍ ഉണരാന്‍ . പിന്നെ, പൂച്ചയെപോലെ പമ്മി പതുങ്ങി താഴെ ഇറങ്ങും. താഴെ എന്ന് പറഞ്ഞാല്‍ ഒരുപാട് നിലകള്‍ ഉള്ള കെട്ടിടത്തിന്റെ താഴെ എന്ന് ധരിക്കണ്ട. രണ്ടു നിലയുള്ള കട്ടിലിന്റെ മുകളിലത്തെ നിലയില്‍ നിന്നുമാണ്. താഴത്തെ നില കിട്ടണമെങ്കില്‍ സീനിയോരിറ്റി ഉണ്ടാകണം. കട്ടിലില്‍ നിന്ന് ഇറങ്ങുമ്പോള്‍, അനക്കമോ ശബ്ദമോ ഉണ്ടായാല്‍ പിന്നെ തെറിയുടെ അഭിഷേകമായിരിക്കും. പിന്നെ, പ്രഭാത കൃത്യങ്ങള്‍ക്കായുള്ള പാച്ചിലാണ്. ഒന്നും രണ്ടും മൂന്നും നാലും ഒരേ സമയം കഴിയും (ഷേവ്‌, കുളി എന്നിവയാകുന്നു മൂന്നും നാലും). എല്ലാംകൂടി അഞ്ചു നിമിഷത്തിനുള്ളില്‍ . പിന്നെ, അതുപോലെ ഡ്രസ്സ്‌ ചെയ്തു വണ്ടി പിടിക്കാനുള്ള ഓട്ടം. സമയത്തിന്റെ വില ശരിക്കും മനസ്സിലായ ദിവസങ്ങള്‍ ആയിരുന്നു അത്.

രാവിലെ ഏഴു മുതല്‍ വൈകുന്നേരം എട്ടു വരെ ആപ്പീസ്. ഉച്ചക്ക് രണ്ടു മണിക്കൂര്‍ വിശ്രം അനുവദിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും കഥയില്ല. കൃത്യം ആ സമയത്ത് ആയിരിക്കും അറബാബ് എന്ന മുതലാളി വിളിച്ചു തെറി പറയുന്നത്. അറബാബ് അറബിയോന്നുമല്ല. ഒന്നാംതരം സര്‍ദാര്‍ . പഞ്ചാബി, ഹിന്ദി തെറികള്‍ രണ്ടാഴ്ചകൊണ്ട് ഞാന്‍ പഠിച്ചു കഴിഞ്ഞു. ഭാഗ്യത്തിന് സര്‍ദാര്‍ജിക്ക് മറ്റു ഭാക്ഷകള്‍ വശമില്ലായിരുന്നു.

ആപ്പീസില്‍ മാനേജര്‍ വേറൊരു സര്‍ദാര്‍ജി. കുല്‍ദീപ്‌ സിംഗ് ജീ. പിന്നെ ഗുരുദാസ്‌ ജീ എന്ന അസിസ്റ്റന്റ്‌ മനജേര്‍ എന്ന ഞാന്ജീ.ബാക്കി സ്റ്റാഫ്‌ എല്ലാം ഡ്രൈവര്‍മാരും മെക്കാനിക്കും ആണ്. ആപ്പീസില്‍ വരേണ്ട കാര്യമില്ല.

പണ്ട് ദുബായില്‍ ഡ്രൈവര്‍ ആയിട്ട് വന്നതാണ് ഡെബ്ബി എന്ന ഗുര്‍ദേവ് സിംഗ് എന്ന അറബാബ് എന്ന മുതലാളി. (എന്റെ പേര് മാത്രമാണ് ആ കമ്പനിയില്‍ എനിക്ക് ജോലി കിട്ടാനുള്ള ഏക കാരണം). ഡ്രൈവര്‍ പിന്നീട് ചാരായ കച്ചവടം ചെയ്തു. പിന്നീട് മുതലാളി ആയി. രാവിലെ ഒന്‍പതു മണിക്ക് വരും. "ഗുരുദാസ്‌ ഏക്‌ ചായ്‌ ബനാവോ യാര്‍". ചായ ബനായെഗ, വോ പീയെഗ, ഫിര്‍ ചലേഗ.

പിന്നെ വരുന്നത് വൈകുന്നേരം നാലുമണിക്ക്. അന്നേരം, ആ ഭാഗത്തുള്ള എല്ലാ സര്‍ദാര്ജീമാരും ഉണ്ടാകും. ഓരോരുത്തര്‍ വരുമ്പോഴും "ഗുരുദാസ്‌ ഏക്‌ ചായ്‌ ബനാവോ യാര്‍"... ആറു മണിവരെ അവരുടെ ബഹളമാണ്. ഇടയ്ക്കു ആരെങ്കിലും ബര്‍ഫി, ലഡ്ഡു തുടങ്ങിയ കൊണ്ടുവരും. വീണ്ടും "ഗുരുദാസ്‌ ഏക്‌ ചായ്‌ ബനാവോ യാര്‍". 

ഇത് മാത്രമാണ് പണിയെന്ന് കരുതരുത്. രാവിലെ ഓഫീസ് തുറക്കണം. ഓഫീസും പുറവും അടിച്ചു വൃത്തിയാക്കണം. പത്തു കണ്ടൈനര്‍ ലോറികളുടെ കണക്കെടുക്കണം, അതിലെ കണ്ടൈനര്‍ അതിനുള്ളിലെ സാധനം, ഡ്രൈവര്‍, അവര്‍ ഉള്ള സ്ഥലം, അവരുടെ ക്ഷേമം (എല്ലാ ഡ്രൈവര്‍മാരും അറബാബിന്റെ സ്വന്തം ആള്‍ക്കാര്‍ ആണ്. - നമ്മള്‍ മലയാളികള്‍ക്ക് ഗള്‍ഫില്‍ പോകണം എന്നതാണ് ചിരകാല അഭിലാഷം (കോട്ടയത്തെ മലയാളികളുടെ അല്ല) എങ്കില്‍, പഞ്ചാബികളുടെ ചിരകാല അഭിലാഷം ലണ്ടന്‍, കാനഡ എന്നീ സ്ഥലങ്ങള്‍ ആകുന്നു. അതിനിടക്കുള്ള ഇടത്താവളമാണ് ദുഭായി) എല്ലാം തിരക്കി, റസല്‍ ഖൈമയിലെ ആര്‍.എ.കെ. സിറാമിക്സിലെ കോയ സാറിനെ അറിയിക്കണം. പിന്നെ വൈകുന്നേരം കോയ സാര്‍ തരുന്ന ഓര്‍ഡര്‍ ഡ്രൈവര്‍മാര്‍ക്ക് കൊടുക്കണം, ഇതിനിടയില്‍ ഇന്‍വോയ്സ്, സാലറി, മറ്റു അക്കൌണ്ടുകള്‍ ഒക്കെ നോക്കണം. ഇതിനിടയില്‍ ആണ് അറബാബിനു ചായ.

ഈ തിരക്കിനിടയില്‍ പ്രാതല്‍, ഊണ്, അത്താഴം എന്നിവ ഒക്കെ ചിലപ്പോള്‍ നടന്നാലായി അല്ലെങ്കില്‍ ഇല്ല. പ്രാതല്‍, പിന്നീട് പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ഉച്ചക്കുള്ള ഊണ് പണ്ടേ ഉപേക്ഷിച്ചതാണ്.

അന്ന് ഫേസ്ബുക്ക് വന്നിട്ടില്ല (വന്നിട്ടും എന്തെങ്കിലും കാര്യ ഉണ്ടായിരുന്നില്ല). വൈകുന്നേരം ആപ്പീസ് ഒക്കെ അടച്ചു പൂട്ടി വല്ലതും വല്ലപ്പോഴും കഴിച്ചു റൂമില്‍ എത്തിയാല്‍ പുകിലാണ്. ചിലര്‍ ഉറങ്ങും. ചിലര്‍ ടി.വി. കാണുന്നുണ്ടാകും . റൂമിന്റെ ഉടയോന്‍, ആറ്റിങ്ങല്‍ കാരന്‍ നസീം കാക്ക മദ്യക്കുപ്പികളോട് മല്ലിട്ട് കൊണ്ട് തന്റെ തൊഴിലാളികളെ തെറിയും വിളിച്ചു ഏതെന്കിലും ഒരു മൂലയില്‍ ഉണ്ടാകും. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും ഭീകര കുടിയന്‍ ആയിരുന്നു നസീം കാക്ക.

ദുഭായില്‍ എത്തി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍, പിന്നെ, നാട്ടില്‍ നിന്നും ആരും വിളിക്കതെയായി. അഥവാ വല്ല വിളിയും വന്നാല്‍, അത് എന്തെങ്കിലും ഒരു കാര്യത്തിനായിരിക്കും. അങ്ങനെ ദുഭായില്‍ 'അരമാദിക്കുന്ന' സമയം.

HIT 96.7 FM എന്ന ദുബായിയുടെ സ്വന്തം റേഡിയോയില്‍ നല്ല പാട്ടുകളും, ലോകം, ഇന്ത്യ, കേരളം എന്നിവയെ കുറിച്ചുള്ള കലര്‍പ്പില്ലാത്ത വാര്‍ത്തകളും കേള്‍ക്കും. നല്ല മലയാള ഭാക്ഷ സംസാരിക്കാന്‍ അറിയാവുന്നവര്‍ അവിടുത്തെ റേഡിയോയില്‍ പണി ചെയ്യുന്നുണ്ട്.അര്‍മാദത്തിനിടയില്‍ ഈ റേഡിയോ പരിപാടികളും, മലപ്പുറംകാരന്‍ കോയ സാര്‍ , പാലക്കാടുകാരന്‍  മണി സാര്‍ , തുടങ്ങിയവരോട് സംസാരിക്കുന്ന മലയാളവും ആയിരുന്നു ആശ്വാസം.

ഒരു റംസാന്‍ സമയം. മൂന്ന് ദിവസം തുടര്‍ച്ചയായി അവധി. മിക്കവാറും സമയം റൂമില്‍ തന്നെ. ടി.വി. യിലെ എന്തൊക്കെയോ റിയാലിറ്റി ഷോ കണ്ടു സമയം നീക്കി. വൈകുന്നേരം, അല്പം ശുദ്ധവായു ശ്വസിക്കാന്‍ പുറത്തിറങ്ങി. ആകെ ഇരുണ്ട ഒരു അന്തരീക്ഷം. പൂട്ടിയ ഗേറ്റില്‍ പിടിച്ചുകൊണ്ടു മരുഭൂമിയെ നോക്കി നിന്നു. ആകാശം മേഘാവൃതം.

കുറച്ചു സമയം അങ്ങനെ നിന്നപ്പോള്‍, ഒരു അറുപതു വയസ്സ് തോന്നിക്കുന്ന ഒരു പച്ച ചാച്ച (പാകിസ്ഥാന്‍ കാരെ ദുഭായിലുള്ള എല്ലാ മലയാളികളും ജാതി മത ചിന്ത കൂടാതെ വിളിക്കുന്ന പേരാണ് പച്ച എന്നത്) അയഞ്ഞ പൈജാമ്മയും ജുബ്ബയും ഇട്ടുകൊണ്ട് വന്നത്.

"ക്യാ ഹാല്‍ ഹെ ബാബൂജീ", പച്ച കിന്നാരം ചോദിച്ചു.

മഴ പെയ്യുമെന്ന് തോന്നുന്നു ചാച്ചാ എന്ന് എനിക്ക് പറയണമെന്നുണ്ട്. അറബിയും ഹിന്ദിയും ഉര്‍ദുവും ഒന്നും പറയാനുള്ള അറിവ് അപ്പോള്‍ ആയിട്ടില്ല.

"ടീക് ടാക് ഹെ" അറിയാവുന്ന ഹിന്ദിയില്‍ ചാച്ചയോടു പറഞ്ഞു. "മഴ പെയ്യുമെന്ന് തോന്നുന്നു. പെയ്തിരുന്നെന്കില്‍ കൊള്ളായിരുന്നു" എന്ന് മലയാളത്തില്‍ ആത്മഗതമായും പറഞ്ഞു.

"പെയ്യില്ല . ഇവിടുത്തെ കാലാവസ്ഥ ഇങ്ങനെ തന്നെ . മഴയൊന്നും പെയ്യില്ല " പച്ച ചാച്ച പച്ചവെള്ളം പോലെ മലയാളത്തില്‍ മറുപടി തന്നു. നല്ല ഒന്നാംതരം മലയാളം. ഞാന്‍ വാ പൊളിച്ചു നിന്നുപോയി.

"ബാബൂജീ, മുപ്പത്തഞ്ചു വര്‍ഷമായി, ഞാനും നിങ്ങളുടെ കുല്‍ദീപ്‌ ബായിയും ഒക്കെ ദുബായില്‍ വന്നിട്ട്. നിങ്ങള്‍ മദ്രാസികളുടെ കൂടെ തന്നെ ഈ മുപ്പത്തഞ്ചു വര്‍ഷവും. അതുകൊണ്ട് മലബാറി ഞങ്ങള്‍ക്കും അറിയാം"

തിരികെ വീണ്ടും റൂമില്‍ വന്നു. ടി.വി.യില്‍ അപ്പോഴും റിയാലിറ്റി ഷോ. ഒന്നാംതരം രഞ്ജിനി മലയാളത്തില്‍. അന്ന് ആദ്യമായി മലയാളി ആയതില്‍ എനിക്ക് പുശ്ചം തോന്നി. മലയാളം പറയുന്ന, ഒരിക്കല്‍ പോലും കേരളത്തില്‍ വന്നിട്ടില്ലാത്ത, ഒരിക്കല്‍ പോലും വരാന്‍ പറ്റാത്ത, ഒരു ഇന്ത്യാക്കാരന്‍ പോലും അല്ലാത്ത ഒരു കിഴവന്‍ പറയുന്ന വ്യക്തതയില്‍ പോലും എന്റെ സ്വന്തം നാട്ടുകാര്‍ക്ക്, അതും ഭൂലോകത്തിലെ സര്‍വ മലയാളികളുടെയും സ്വീകരണ മുറിയില്‍ എത്തുന്ന പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് പറയാന്‍ പറ്റുന്നില്ലല്ലോ ദൈവമേ...

അന്നത്തെ ദിവസം മുതല്‍, റിയാലിറ്റി ഷോ എന്നല്ല, വാര്‍ത്ത ഒഴികെയുള്ള മലയാളം ടി.വി. പരിപാടികള്‍ കാണുന്നത് ഞാന്‍ നിര്‍ത്തി.

17 ഓഗസ്റ്റ് 2011

ഗുണ്ടുകാട് മാഹാത്മ്യം

ഒരുപാട് നാളായി വിചാരിക്കുന്നു എന്റെ സ്വദേശത്തെ കുറിച്ച് ഒന്ന് ബ്ലോഗണം എന്ന്.

അങ്ങനെ വിചാരിച്ചിട്ട് സ്വതസിദ്ധമായ മടി കാരണം നീണ്ടു പോയി. പുതു വര്‍ഷ പുലരിയില്‍ രാവിലെ പത്ര-പാരായണ-ചായ കുടി നടത്തുമ്പോള്‍ ഇതാ കാണുന്നു ഒരു വാര്‍ത്ത.


ഒരു നീണ്ട ഇടവേളയ്ക്കു ശേഷം, എന്റെ സ്വദേശനാമം പത്രത്താളുകളില്‍ . ഇനിയും ബ്ലോഗനത് വച്ച് താമസിപ്പിക്കാന്‍ പാടില്ല.

മേല്പടി ഗുണ്ടുകാട് എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും, ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും. ഔദ്യോഗിക രേഖകളില്‍ (പോലിസിന്റെ അല്ല), ഈ സ്ഥലപ്പേര് കാണില്ല. അവിടങ്ങളില്‍ ഇത് ബാര്‍ട്ടന്‍ ഹില്‍ എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്.

ലക്ഷ കോടി പ്രഭുവായ അനന്തപദ്മനാഭന്‍ കിടന്നരുളുന്ന വഞ്ചിയൂര്‍ വില്ലേജില്‍ ആണ് മേല്പടി സ്ഥലം. തിരുവനന്തപുരം നഗരത്തിന്റെ ഏതാണ്ട് മധ്യ ഭാഗം. പുതിയ നിയമസഭാ മന്ദിരത്തിന്റെ ഏതാണ്ട് അഞ്ഞൂറ് മീറ്റര്‍ പുറകു ഭാഗത്ത്‌. കേരള യൂനിവേര്‍സിറ്റി, സാമാജികരുടെ ആവാസ കേന്ദ്രം, സെക്രെറെരിയറ്റ്‌, കമ്മ്യുണിസ്റ്റ്‌ ആസ്ഥാനം, അവരുടെ ചാനല്‍ ആസ്ഥാനം, മസ്കറ്റ്‌ ഹോട്ടല്‍, പി.എം.ജി. ഓഫീസ്, ജനറല്‍ ആശുപത്രി, കണ്ണാശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിങ്ങനെ വിവിധങ്ങളായ പ്രധാനപ്പെട്ട സ്ഥാപങ്ങള്‍ ഒക്കെ ഞങ്ങളുടെ ഒരു വിളിപ്പാടകലെയാണ്. എല്ലാം മിനുടുകള്‍ക്കുള്ളില്‍ നടന്നെതാവുന്ന സ്ഥലങ്ങള്‍.ഔദ്യോഗിക നാമത്തിലെ കുന്നു വെറുതെ ഉള്ളതല്ല. സ്ഥലം അല്പം ഉയര്‍ന്നതാണ്. ദക്ഷിണ കേരളത്തിലെ ഉയര്‍ന്ന കൊടുമുടിയായ അഗസ്ത്യമല മുതല്‍ അറബി കടലും അതിലൂടെ പോകുന്ന കപ്പല്‍ പോലും നഗ്ന നേത്രങ്ങള്‍ കൊണ്ട് ഈ കുന്നില്‍ നിന്നും കാണാവുന്നതാണ്. സര്‍ക്കാര്‍ വക രണ്ടു പ്രൊഫഷണല്‍ കോളേജുകളും (നിസ്സാരങ്ങള്‍ അല്ല ഈ കോളേജുകള്‍) ഒരു ഇന്സ്ടിട്യുട്ടിന്റെ ഹോസ്റെലും വളരെ കാലമായിട്ടുണ്ട്. ക്നാനായ സഭയുടെ ഒരു പള്ളിയും കുറച്ചു മാറി അവരുടെ കോണ്‍വെന്റും ഉണ്ട്. ക്ലൗഡ്‌ നയന്‍ എന്നാ ഒന്‍പതു നില പാര്‍പ്പിട സമുച്ചയം അടുത്ത കാലത്തായി പൊന്തി വന്നു. മറ്റൊരു പാര്‍പ്പിട സമുച്ചയം ഉയര്‍ന്നു വരുന്നു. പേര് ഇതുവരെ അവര്‍ പുറത്തു വിട്ടിട്ടില്ല. നാല് വശത്തും ഏതാണ്ട്‌ വൃത്താകൃതിയില്‍ റോഡു ഉള്ള ഈ കുന്നില്‍ അഞ്ഞൂറിലധികം വീടുകള്‍ ഉണ്ടാകും. ഇതൊക്കെ ഇപ്പോഴത്തെ അവസ്ഥ.

ഇനി കുറച്ചു പുരാണം.

ഈ പുരാണം, മറ്റു ബഹു ഭൂരിപക്ഷം പുരാണങ്ങളെ പോലെ വാ മൊഴിയായി പകര്‍ന്നു വന്നതാണ്.

പണ്ട് പണ്ട് രാജ ഭരണകാലത്ത് സമയ മാപിനികള്‍ എന്ന് പറയുന്ന ഘടികാരങ്ങള്‍ അധികം ഉണ്ടായിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപങ്ങള്‍ ഉണ്ടായിരുന്നു താനും. വള്ളം ഉണ്ടായിരുന്നെങ്കിലും വണ്ടിയും അതുള്ളവരും വളരെ അപൂര്‍വം.ഉള്ളത് കാളവണ്ടിയും കുതിരവണ്ടിയും. ജനാധിപത്യം അല്ലാത്തതുകൊണ്ട് നിയമവാഴ്ച (അതെന്തായാലും) ഉണ്ടായിരുന്നു. ആളുകള്‍ കൃത്യ സമയത്ത് ജോലിക്ക് ഹാജാരാകും. എന്നിരുന്നാലും, ഒരു സമയ നിഷ്ഠ ഉണ്ടാകണം എന്ന് കരുതി, രാവിലെ ആപ്പീസില്‍ (ഹജൂര്‍ കച്ചേരി) ജോലിക്ക് ഹാജരാകുവാനും, തിരികെ പോകുവാനുമുള്ള അറിയിപ്പായി ദിവസവും രണ്ടു നേരം കതിന പൊട്ടിക്കുമായിരുന്നു. പരമാവധി സ്ഥലത്ത് ഈ കതിന പൊട്ടിക്കുന്ന ശബ്ദം കേള്‍ക്കുവാനായി നഗര മധ്യത്തിലെ ഉയര്‍ന്ന കാട്ടു പ്രദേശം കണ്ടെത്തി. ഈ കതിന, ഇപ്പോള്‍ ചില അമ്പലങ്ങളില്‍ കാണുന്ന തരാം ചെറുതായിരുന്നില്ല. ഒരു കൊച്ചു പീരങ്കി തന്നെ ആയിരുന്നു. അതുകൊണ്ട് കതിന പൊട്ടിക്കുന്നത് കാലക്രമത്തില്‍ ഗുണ്ട് പൊട്ടിക്കുന്നത് എന്ന് പറഞ്ഞു വന്നു. ഗുണ്ട് പൊട്ടിക്കുന്ന കാട് എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലം ഗുണ്ട്കാട് എന്നും അറിയപ്പെട്ടു.

പിന്നീട് ഘടികാരം അത്ര അപൂര്‍വ വസ്തു അല്ലാതായി. കോട്ടയ്ക്കകത്ത് "മേത്തന്‍" മണിയും, ഹജൂര്‍ കച്ചേരി, മഹാരാജാസ്‌ കോളേജ്‌ തുടങ്ങിയ ഇടങ്ങളില്‍ വലിയ ഘടികാരങ്ങള്‍ നിലവില്‍ വന്നു.എപ്പോഴോ ഗുണ്ട് പൊട്ടിക്കുന്ന പരിപാടി മുടങ്ങി.

ഇപ്പോഴത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ്‌ ഇന്‍ ഗവണ്മെന്റ് എന്ന സ്ഥാപനത്തിന്റെ ഹോസ്റെലും ബാങ്കിംഗ് ഓംബുഡ്സ്മാന്റെ ഓഫീസും നിലനില്‍ക്കുന്ന സ്ഥലത്ത് ഒരു മാളിക ഉണ്ടായിരുന്നു. ബംഗ്ലാവ് എന്നും പറയാം. ടി ബംഗ്ലാവില്‍ പണ്ടൊരു സായിപ്പ് താമസിച്ചിരുന്നു. സായിപ്പ് തിരുവനന്തപുരതുകാരെ വെള്ളം കുടിപ്പിക്കാന്‍ വന്ന എഞ്ചിനീയര്‍ സായിപ്പായിരുന്നു. ഞാന്‍ വളരെ സീരിയസ് ആയിട്ട് പറഞ്ഞതാണ് - വെള്ളം കുടിപ്പിക്കാന്‍ തന്നെ വന്നതാണ്. ടിയാന്‍ ആണ് അരുവിക്കര എന്നാ സ്ഥലത്ത് ഒരു അണകെട്ടി വെള്ളം ശേഖരിച്ചു തിരുവനന്തപുരത്തകാര്‍ക്ക്‌ എത്തിക്കാന്‍ കൂട്ട് നിന്ന എന്‍ജിനീയര്‍ ബാര്‍ട്ടന്‍ സായിപ്പ്‌. ആ സായിപ്പ് കാരണം ഇപ്പോഴും തിരുവനന്തപുരത്തുകാര്‍ വെള്ളം കുടിക്കുന്നു. അദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ഗുണ്ടുകാട് ബാര്‍ട്ടന്‍ ഹില്‍ എന്ന് അറിയപ്പെട്ടു തുടങ്ങി. എങ്കിലും പഴമക്കാര്‍ക്ക് അത് ഗുണ്ടുകാട് തന്നെയായിരുന്നു.

പിന്നീട് ഇപ്പോഴത്തെ ലാ കോളേജ് (ഞങ്ങളുടെ കുട്ടിക്കാലത്ത് അതിനെ ഞങ്ങള്‍ വിളിച്ചിരുന്നത്‌ ലൌ കോളേജ് എന്നായിരുന്നു) നില്‍ക്കുന്ന സ്ഥലത്ത് മറ്റൊരു വിപ്ലവകരമായ സ്ഥാപനം വന്നും. പേവിഷതിനുള്ള വാക്സിന്‍ നിര്‍മ്മിക്കുന്ന സ്ഥലം. ആടുകളില്‍ പേവിഷം കുത്തി വച്ച്, പിന്നീട് അവയുടെ തലച്ചോറില്‍ നിന്നും വാക്സിന്‍ വേര്‍തിരിച്ചു എടുക്കും എന്നാണു എന്റെ അപ്പൂപ്പന്‍ പറഞ്ഞു എനിക്ക് അറിയാവുന്നത്. ചില ആടുകള്‍ക്ക് പേ പിടിക്കും, പട്ടിയെ പോലെ മോങ്ങും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് സത്യമോ കള്ളമോ? അതെന്തായാലും, കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ലോ കോളേജ് ഹോസ്റ്റലില്‍ ചില രാത്രി ആ ആടുകളുടെ ആത്മാക്കള്‍ മോങ്ങുന്നത് ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട്.

ഈ ലോ കോളേജില്‍ ധാരാളം പ്രസിദ്ധര്‍ പഠിച്ചിട്ടുണ്ട്. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ഉള്‍പ്പെടെ.

പിന്നീട് ഉണ്ടായ വലിയ സംഭവം, മഹാറാണി സേതു പാര്‍വതി ഭായി ഇവിടെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി ഒരു ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ സ്ഥാപിച്ചതാണ്. നിര്‍ഭാഗ്യ വശാല്‍, പ്രശസ്തരായ ആരും തന്നെ ഈ സ്കൂളില്‍ പഠിച്ചിരുന്നതായി ഇതുവരെ രേഖപെടുത്തി കണ്ടിട്ടില്ല.

ഈ സ്കൂള്‍ ഇപ്പോള്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് ആണ്. ഇവിടെ പഠിച്ചവര്‍ ഇനിയെ പ്രസിദ്ധര്‍ ആകൂ, എന്നാല്‍, ശ്രീ. എ.കെ. ആന്റണിയുടെ മകന്‍ ഇവിടെ വിദ്യാര്‍ഥി ആയിരുന്നു.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുകയും തിരുവിതാംകൂര്‍ ഇന്ത്യയുടെ ഭാഗമായി തീരുകയും ചെയ്ത നിമിഷം മുതല്‍, ഗുണ്ടുകാട് ജനങ്ങള്‍ കയ്യേറുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. പ്രബലരായവര്‍ക്ക് ആറും ഏഴും സെന്റു സ്ഥലവും, അല്ലാത്തവര്‍ക്ക് തല ചായ്ക്കാന്‍ ഇടവും. തല ചായ്ക്കാന്‍ മാത്രം ഇടം കിട്ടിയവരുടെ ഭാഗം കോളനി എന്ന് അറിയപ്പെട്ടു.

ജനപ്പെരുപ്പം കൂടിയപ്പോള്‍, ചില്ലറ മോഷണം, കള്ളവാറ്റ്, അടിപിടി എന്നിത്യാദി കലാപരിപാടികള്‍ ഗുണ്ടുകാടില്‍ പതിവാകുകയും ടി കലാപരിപാടികള്‍ എന്റെ കൌമാര പ്രായം കഴിയും വരെയും തുടരുകയും ചെയ്തിരുന്നു. അങ്ങനെ, പണ്ട് ഗുണ്ട് പൊട്ടിച്ചിരുന്ന ഗുണ്ട് കാട് പിന്നീട് ഗുണ്ടകള്‍ വിളയാടുന്ന ഗുണ്ടുകാടായി മാറി.

സിങ്ക് ചന്ദ്രന്‍, തമ്പി, സതി, പൊട്ടന്‍ തുളസി, പൊട്ടന്‍ ആല്‍ബി, അരപ്പാംപെട്ടി തുളസി, രമേശന്‍, കാക്ക അജി, etc. ആയിരുന്നു പണ്ടത്തെ ചില പ്രധാന കള്ളന്മാരും ചട്ടമ്പികളും (ഇതിലും അധികം ഉണ്ടായിരുന്നു എങ്കിലും പലരെയും ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല).

കള്ളന്മാരുടെ പ്രധാന തൊഴിലും വിനോദോപാധിയും മോഷണമായിരുന്നു. കിണ്ടി, മൊന്ത, ചരുവം, മര ഉരുപ്പടികള്‍, മണ്‍വെട്ടി, പിച്ചാത്തി, വെട്ടുകത്തി, തുടങ്ങിയ സാധന സാമഗ്രികള്‍ ആയിരുന്നു പ്രധാനപ്പെട്ട മോഷണ വസ്തുക്കള്‍. അപൂര്‍വം ചിലപ്പോള്‍, അതും എന്തെങ്കിലും ആഘോഷം പ്രമാണിച്ചു വല്ല കോഴിയോ ആടോ ഒക്കെ വേട്ടയാടും. ഇതൊക്കെ വീടിന്റെ പുറത്തു അന്ന് സാധാരണ കാണുന്ന വസ്തുവകകള്‍ ആണെന്ന് നാം പ്രത്യേകം ഓര്‍മ്മിക്കണം.

ചട്ടമ്പികളുടെ തൊഴില്‍ പലവകയായിരുന്നു. കൂലിപ്പണി, ചാരായം വാറ്റ്, തെങ്ങ് കയറ്റം, മരം വെട്ടു, വീട് പണി തുടങ്ങിയവ തൊഴിലായിരുന്നു. പകലിലെ കഠിനാധ്വാനം ഇരവുകളില്‍ മദ്യത്തില്‍ ഒഴുക്കി. എന്റെ അറിവില്‍, ചട്ടമ്പിതരം തുടങ്ങുന്നത് പൊതു ടാപ്പുകളുടെ, പൊതു കക്കൂസുകളുടെ പരിസരത്ത് നിന്നാണ്. കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാര്‍ പറഞ്ഞത് പോലെ, അന്നത്തെ ആകെയുള്ള വിനോദോപാധി കെട്ടിയ പെണ്ണും പൊട്ടിയ റേഡിയോയും ആയിരുന്നു. പൊട്ടിയ റേഡിയോ എന്ന് പറയുന്നത് അക്കാലത്തെ റേഡിയോ ഡും ഡും കീ കീ പേ പേ എന്നീ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത് കൊണ്ടായിരുന്നു. വൈകുന്നേരം നാല് മണിക്ക് പഴയ മേയര്‍ ജോണ്‍ ബാലന്റെ പേരിലുള്ള പാര്‍ക്കില്‍ റേഡിയോ വയ്ക്കും. റേഡിയോലെ പരിപാടികള്‍ കേട്ടുകൊണ്ടാണ് നാട്ടുകാര്‍ കുളിക്കുവാനും മറ്റും മുന്‍പറഞ്ഞ പൊതു ടാപ്പിന്റെ പരിസരത്ത് എത്തുന്നത്‌. വലുതും ചെറുതും കുട്ടിയും വട്ടിയും ഒക്കെ ആയിട്ട് വരും. ആണുങ്ങള്‍ പണി കഴിഞ്ഞു സ്വല്പം സേവിച്ചിട്ടുണ്ടാകും. പെണ്ണുങ്ങള്‍ അടുക്കള വിശേഷങ്ങളും അരമന രഹസ്യങ്ങളും പറഞ്ഞുകൊണ്ട് തുണിയലക്കലില്‍ കാര്യങ്ങള്‍ തുടങ്ങും. കുട്ടികള്‍ കുറച്ചു മാറി അവരുടെതായ ലോകത്തില്‍. തുണിയലക്കല്‍ കഴിഞ്ഞു കുളിയും കഴിഞ്ഞു പുറപ്പെടാന്‍ നേരത്താകും ഏതെന്കിലും ഒരു കുട്ടി ഒന്ന് വീഴുകയോ അല്ലെങ്കില്‍ മറ്റൊരു കൊച്ചിന്റെ തോളത്ത് അടിക്കുകയോ ചെയ്യുന്നത്.

അടിയുടെ തുടക്കം അവിടുന്നാണ്. കൊച്ചുങ്ങള്‍ തമ്മിലുള്ള പിണക്കം, അമ്മമാര്‍ ഏറ്റെടുക്കും. പിന്നെ ഓരോരുത്തരുടെയും നാല് തലമുറ മുമ്പിലുള്ളവരുടെ ചരിത്രം പോലും എതിരാളി വിളിച്ചു വിളംബരം ചെയ്യും. ശബ്ദ കോലാഹലം ഒരു പേമാരി പോലെ ഉണ്ടാകും. അപ്പോഴേക്കും കേട്ടിയോന്മാര്‍ ഓടിയെത്തും. ആദ്യം പറഞ്ഞു വിലക്കാന്‍ നോക്കും. എതിരാളി കേട്ടിയോന്റെ നേരെ തിരിയും. പിന്നെ കേട്ടിയോന്മാര്‍ തമ്മിലാകും വാക്ക്‌ പോര്. അത് ഒന്ന് മൂക്കുമ്പോള്‍, വേലിപത്തല്‍ പറിച്ചെടുക്കും. ഭാര്യമാരും കുട്ടികളും അപ്പോള്‍ ഇടപെടും. പിന്നെ രണ്ടു ആണുങ്ങളെയും പിടിച്ചു മാറ്റാനുള്ള ശ്രമമാണ്. ആ ശ്രമത്തിനിടെ അവര്‍ക്കും കിട്ടും രണ്ടു വീക്ക്. ഭാര്യമാരും കുട്ടികളും അവരെ ഒരുവിധം പിടിച്ചു മാറ്റി അവരവരുടെ വീടുകളില്‍ പോകും.

പ്രശ്നം അവിടെ തീര്‍ന്നു എന്ന് കരുതരുത്. വീട്ടിലേക്കു പോകുന്ന വഴിക്ക് വഴക്കിന്റെ ക്ഷീണം തീര്‍ക്കാന്‍ വീണ്ടും ചാരായം. വീട്ടില്‍ എത്തുമ്പോഴേക്കു അന്നത്തെ ശമ്പളം സ്വാഹ. അത്താഴത്തിനു വകയില്ല. പിന്നെ ഭാര്യയും ഭര്‍ത്താവും തമ്മിലാകും അടി. വീട്ടിനു പുറത്തു ഭാര്യക്കും അകത്തു ഭര്‍ത്താവിനും തല്ലു. സഹികെടുന്ന ഭര്‍ത്താവ് മറ്റവന്‍ ആണ് ഇതിനെല്ലാം കാരണം എന്നുപറഞ്ഞു വെട്ടുകത്തി എടുത്തുകൊണ്ട് പുറത്തേക്കു ഓടും. ഇതെല്ലം രണ്ടു വീട്ടിലും ഒരേ സമയത്ത് സംഭവിക്കും എന്നതാണ് വാസ്തവം. നാലാള് കാണുന്ന സ്ഥലത്ത് രണ്ടുപേരും എത്തിയാല്‍ പിന്നെ ദിക്ക് ബലിയും നിലത്തില്‍ പോരുമാണ്.ആരെങ്കിലും ശ്രദ്ധിക്കാന്‍ ഉണ്ടെങ്കില്‍, വീര്യം കൂടും. ഇല്ലെങ്കില്‍, കുറെ നേരം തെറി വിളിച്ചിട്ട് രണ്ടുപേരും കടം പറഞ്ഞു ചാരായം കുടിക്കാന്‍ രണ്ടു വഴിയിലൂടെ വീണ്ടും പോകും.

അടുത്ത ദിവസം രാവിലെ കാണുന്നത്, കുട്ടികള്‍ കളിച്ചു ചിരിച്ചു സ്കൂളില്‍ പോകുന്നതും, അടിപിടി കൂടിയ ചട്ടമ്പിമാര്‍ മച്ചാനും മച്ചാനുമായി പണിക്ക് പോകുന്നതുമാണ്. ആരോടെങ്കിലും മെക്കിട്ടു കേറണം എന്ന് ഇവര്‍ക്ക് എല്ലാ ദിവസവും നിര്‍ബന്ധമാണ്. തിരുവനന്തപുരത്ത് ടെലിവിഷന്‍ പ്രചാരത്തില്‍ വരുന്നത് വരെ ഇതായിരുന്നു അവസ്ഥ. ഇടയ്ക്കു ചില ചട്ടമ്പികള്‍ ചില കൊലപാതക കേസിലോ അല്ലെങ്കില്‍ അടിപിടി കേസിലോ ഒക്കെ ജയില്‍ ആയിട്ടുണ്ട്‌.പിന്നെ, മറ്റു പണികള്‍ ഒന്നുമില്ലെന്കില്‍ വല്ലപ്പോഴും ഒരു കൂലിത്തല്ല്. അത്ര തന്നെ.

സിങ്ക് ചന്ദ്രന്‍ ഒരുപാട് നാള്‍ അസുഖം പിടിച്ചു കിടന്നു. കിട്ടുവില്‍ ചേര്‍ന്ന അദ്ദേഹം അന്തരിച്ചു. അരപ്പാംപെട്ടി തുളസി ഒരു സുപ്രഭാതത്തില്‍ ചോര ചര്ധിച്ചു മരിച്ചു. കാക്ക അജി, ജീവപര്യന്തം ജയില്‍ വാസം അനുഭവിച്ചു സ്വതന്ത്രന്‍ ആയതിനു ശേഷം ആത്മഹത്യ ചെയ്തു. കൂട്ട് പ്രതി മുണ്ടന്‍ മോഹനന്‍ ഗള്‍ഫില്‍ കുടിയേറി. മറ്റൊരു കൂട്ട് പ്രതി വെള്ളി തുളസിയും മരിച്ചു. പൊട്ടന്‍ തുളസി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. കള്ളന്‍ രമേശന്‍, ആറോ ഏഴോ കല്യാണം കഴിച്ചു (അതിന്റെ കഥകള്‍ പിന്നീട് പറയാം). ഇപ്പോള്‍ എവിടെ എന്നറിയില്ല. തമ്പി കുറെ നാള്‍ സൌദിയില്‍ ആയിരുന്നു. ഇപ്പോള്‍ ഭാര്യയും മക്കളും തിരിഞ്ഞു നോക്കില്ല. സഹോദരങ്ങളും ഉപേക്ഷിച്ചു.

രണ്ടാം തലമുറയില്‍ പെട്ടവര്‍ പെട്ടെന്ന് മുളച്ചു പെട്ടന്നു പട്ടുപോയ തകരകള്‍ ആയിരുന്നു. പോലീസിന്റെയും, നാട്ടുകാരുടെയും ഒക്കെ കൈതരിപ്പ് തീര്‍ക്കുവാന്‍ വന്നവര്‍. ഇവരൊക്കെ കല്യാണം കഴിഞ്ഞു (ഒട്ടു മുക്കാല്‍ പേരുടെയും കല്യാണം ഒളിച്ചോട്ടം ആയിരുന്നു. ആണ് പീഡനം ഇല്ല, ഒളിച്ചോടും.) ഒരു വിധം നേരെയായി. ചട്ടമ്പിതരം മാറ്റാന്‍ പൂര്‍ണ്ണമായും പറ്റാത്ത ഇക്കൂട്ടര്‍ ഇപ്പോള്‍ ആട്ടോ ഡ്രൈവര്‍മാര്‍ ആണ് (രണ്ടും തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ലെന്ന് തിരുവനന്തപുരത്തുകാര്‍ക്ക് അറിയാം). കല്യാണം കഴിഞ്ഞപ്പോള്‍ ഇക്കൂട്ടര്‍ക്ക് മനസ്സിലായി ആളുകളെ കിടുകിടെ വിറപ്പിച്ചു നടക്കുന്ന തങ്ങള്‍ സത്യത്തില്‍ തങ്ങളുടെ ഭാര്യമാരെ അപേക്ഷിച്ചു അത്ര വല്യ ഭീകരര്‍ അല്ലെന്നു. എല്ലാവരും ഇപ്പോള്‍ ബി.പി. (ഭാര്യയെ പേടി) ക്ക് അടിമകള്‍ ആണ്.

ഇതിനിടയില്‍ കള്ളന്മാരുടെയും പോലീസുകാരുടെയും ഒരു കുടുംബവും ഉണ്ടായിരുന്നു. മൂത്ത ജേഷ്ഠന്‍, ഇളയ അളിയന്‍, രണ്ടുപേരും പോലീസ്‌. ഇടക്കുള്ള മൂന്നു സഹോദരന്മാരില്‍ രണ്ടുപേര്‍ അരക്കള്ളന്മാരും ഒരാള്‍ മുഴുക്കള്ളനും. രമേശന്‍ മുഴുക്കള്ളനു കഞ്ഞിവച്ചവനും. (അവരെ കുറിച്ചും പിന്നീട് എപ്പോഴെന്കിലും എഴുതാം).


മൂന്നാം തലമുറയില്‍ പെട്ടവര്‍ തനി പ്രൊഫഷണല്‍ ആണ്. അവരെ കുറിച്ചും പിന്നീട് എഴുതാം. ഗുണ്ടുകാടിനു ആ (കു)പ്രസിദ്ധി ലഭിച്ചത് ഒന്നാം തലമുറയില്‍ പെട്ടവരില്‍ നിന്നായിരുന്നു.

ഇപ്പോള്‍ പോലും, രാത്രി എട്ടു മണി കഴിഞ്ഞാല്‍, ഞങ്ങളുടെ സ്വദേശത്തേക്ക് ഓട്ടോറിക്ഷകള്‍ അപൂര്‍വമായി മാത്രേ വരൂ. സ്കൂള്‍ കാലഘട്ടം കഴിഞ്ഞപ്പോള്‍ എന്റെ സ്വദേശത്ത് ഞാന്‍ നക്തഞ്ചരന്‍ ആയി. പകല്‍ വെട്ടത്തില്‍ അപൂര്‍വമായി മാത്രം നാട്ടുകാര്‍ എന്നെ കാണും. പകല്‍ വീട്ടിലുള്ള ദിവസം വീട് വിട്ടു പുറത്തു ഇറങ്ങില്ല. അല്ലാത്തപ്പോള്‍, രാവിലെ ജോലിക്ക് പോയാല്‍ പിന്നെ രാത്രിയെ തിരികെ വരൂ. പഴയ സുഹൃത്തുക്കളില്‍ പലരും അവിടം വിട്ടു പോയി.

അതുമാത്രമല്ല, ആരെങ്കിലും പരിചയപ്പെടുമ്പോള്‍ മിക്കപ്പോഴും സ്വന്തം സ്ഥലം പറയാറില്ല. കുന്നുകുഴി, പി.എം.ജി., പാളയം എന്നൊക്കെ പറഞ്ഞു ഒഴിയും. എന്നാല്‍ ചില അവസരങ്ങളില്‍ സ്വന്തം സ്ഥലനാമം പറയേണ്ടിയും വരും.

അങ്ങനെ ഒരു സംഭവം വിവരിക്കാം. ദുബായില്‍ ജോലി ചെയ്യുന്ന സമയം. ഞാന്‍ ജോലി ചെയ്യുന്ന അതെ കെട്ടിടത്തില്‍ ഒരു കേരള ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ഉദ്ഘാടന ദിവസം ഞാനും പോയി. അല്പം താടിയുള്ള ഒരാള്‍ ടൊയോട പ്രാഡോ കാറില്‍ വന്നിറങ്ങി. പത്തു വിരലില്‍ എട്ടിലും മോതിരം. എന്റെ എതിര്‍ വശത്ത് വന്നിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ വളരെ ഭവ്യതയോടെ നില്‍ക്കുന്നു. എതിര്‍ വശത്ത് ഇരുന്ന ആള്‍ സ്വയം പരിചയപ്പെടുത്തു. പേര് പറഞ്ഞു. എന്റെ ആണ് ഹോട്ടല്‍ എന്നും പറഞ്ഞു.

എന്നോടും കാര്യങ്ങള്‍ തിരക്കി.

അയാള്‍: എവിടെ പണി?

ഞാന്‍: ഷേര്‍ പഞ്ചാബ്‌

അയാള്‍: നാട്ടില്‍?

ഞാന്‍: തിരുവനന്തപുരം

അയാള്‍: തിരുവനന്തപുരത്ത് എവിടെ?

ഞാന്‍: സിറ്റിയില്‍ തന്നെ. പാളയം.

അയാള്‍: മ്. ഞാനും തിരുവനന്തപുരത്ത് തന്നെ. (കയ്യിലെ ബ്രെസേലെറ്റ്‌ തിരിക്കുന്നു). വെട്ടുകാട് എന്ന് കേട്ടിട്ടുണ്ടോ? ഞാന്‍ അവിടെ ഉള്ളതാണ്.

എനിക്ക് പെട്ടെന്ന് രോഷം വന്നു. വെട്ടുകാട്‌, പില്‍ക്കാലത്ത്‌ ചില ലഹളകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും "വെട്ടുന്നവരുടെ" കാടോന്നുമല്ല. ഒരു പള്ളിയുണ്ട്. വളരെ പ്രസിദ്ധമാണ്. നാനാ ജാതി മതസ്തരും അവിടെ പോകാറുണ്ട്. എന്നാലും ഗുണ്ടുകാടിന്റെ അത്ര ഒന്നും വരില്ല.

ഞാന്‍: (ചിരിച്ചുകൊണ്ട്) ആണോ? നന്നായി. ഞാനും ഒരു കട്ടില്‍ നിന്നാണ്. ഗുണ്ടുകാട് എന്ന് പറയും. കേട്ടിട്ടുണ്ടോ?

അയാള്‍: (അല്പം മയപ്പെട്ടുകൊണ്ട്). അവിടെ?

ഞാന്‍: അവിടെ തന്നെ.

അയാള്‍: അല്ല ചേട്ടാ, ഈ വെട്ടുകാട്‌ എന്ന് പറഞ്ഞാല്‍ എന്റെ വൈഫിന്റെ വീടാണ്. എന്റെ വീട് പാലക്കാട്‌ ആണ്. ഞാന്‍ അങ്ങോട്ടോന്നും പോകാറില്ല.

ഞാന്‍: ശരി. എന്നാല്‍ അങ്ങനെ ആയിക്കോട്ടെ.

അതിനു ശേഷം, അദ്ദേഹം എന്റെ മുമ്പില്‍ വന്നു പെട്ടിട്ടില്ല.

ഇങ്ങനെ ഒക്കെ ആണെങ്കിലും, ഈയിടെ എനിക്ക് ഒരു അനുഭവം ഉണ്ടായി.

നേരത്തെ സൂചിപ്പിച്ചല്ലോ, ഞാന്‍ നാട്ടില്‍ നക്തഞ്ചരന്‍ ആണെന്ന്. അങ്ങനെ ഒരു ദിവസം രാത്രിയില്‍ വീടിനു മുന്നില്‍ ഞാനും ഒരു സുഹൃത്തും സംസാരിച്ചു നില്‍ക്കുന്നു. രാത്രി ഒരു പതിനൊന്നു മണിയായി കാണും. ഒരു ബൈക്കില്‍, മൂന്നുപേര്‍ ഞങ്ങളെ കടന്നു പോയി. അല്പം മുന്നില്‍ പോയിട്ട് ബൈക്ക് നിറുത്തി. ഏറ്റവും പുറകില്‍ ഇരുന്ന ഒരു കറുത്ത സത്വം ഞങ്ങളുടെ അടുത്തേക്ക് വന്നു. ഒരു പതിനെട്ടു ഇരുപതു വയസ്സുണ്ടാകും.

സത്വം: എന്താ?

ഞാന്‍: എന്താ?

സത്വം: ഞാന്‍ ഇവിടെ ഉള്ളതാണ്. നിങ്ങള്‍ എന്താ ഇവിടെ?

ഞാന്‍: ഇവിടെ എന്ന് പറഞ്ഞാല്‍?

സത്വം: പാര്‍ക്കിന്റെ അടുത്ത്.

ഞാന്‍: പാര്‍ക്കിന്റെ അടുത്ത്?

സത്വം: ഞാന്‍ ...... ന്റെ ആളാണ്‌?

ഞാന്‍: ഞാന്‍ ആരെന്നു അറിയാമോ?

സത്വം: അതാണ്‌ ഞാന്‍ ചോദിക്കുന്നത്?

ഞാന്‍: (എന്റെ വീട് ചൂണ്ടി കാണിച്ചു കൊണ്ട്) - അത് എന്റെ വീടാണ്.

സത്വം: അയ്യോ, ഗുരു അണ്ണന്‍ ആണോ? അണ്ണാ എനിക്ക് ആളിനെ അറിയില്ലായിരുന്നു.

ഞാന്‍: നിന്റെ വീടെവിടെ?

സത്വം: അതൊക്കെ വിട് അണ്ണ, എന്റെ ചെട്ടനോക്കെ അണ്ണന്റെ കൂടെ പഠിച്ചതാ.

ഞാന്‍: എന്റെ കൂടെ പഠിച്ചതോ? എന്താ നിന്റെ ചേട്ടന്റെ പേര്?

സത്വം: അതൊക്കെ പോട്ട് അണ്ണ. അറിയാതെ പറ്റിയതാ, ഒന്നും തോന്നരുത് കേട്ടോ.

ഞാന്‍: ശരി. അങ്ങനെ ആയിക്കോട്ടെ.

സത്വം: അണ്ണാ, ഇത് ആരോടും പറയേണ്ട കേട്ടോ.

ഞാന്‍: ഓക്കേ.

എനിക്ക് അവനെയും അവനു എന്നെയും അറിയില്ല എങ്കിലും എന്റെ വീട്ടുകാര്‍ക്ക് അവനെ അറിയാം. അടുത്ത ദിവസം സത്വം വീടിനു മുന്നിലൂടെ നടന്നു പോകുന്നു.

എന്റെ അമ്മ: മോനെ, ഡേയ്, കിരണേ...
(എന്തോ കാര്യം തിരക്കാന്‍ വിളിച്ചതാണ്)

കിരണ്‍: അയ്യോ, അമ്മച്ചീ, ഇന്നലെ ആളറിയാതെ പറ്റിയതാണ്. അണ്ണനെ ഞാന്‍ കണ്ടിട്ടില്ല അതുകൊണ്ട് അങ്ങനെ പറ്റിയതാണ്.

അമ്മ: എന്ത് പറ്റീ? ആരെ അറിയില്ല?

കിരണ്‍: അല്ല അമ്മച്ചീ, ഇന്നലെ ഇവിടത്തെ അണ്ണനെ ഞാന്‍ ഒന്ന് വിരട്ടാന്‍ നോക്കീ. ആളറിയാതെ പറ്റിയതാണ്.

സത്വം പെട്ടെന്ന് അപ്രത്യക്ഷനായി.

അന്ന് വൈകുന്നേരം എനിക്കായിരുന്നു വിന. തലേ ദിവസത്തെ സംഭവം അമ്മയെ നേരത്തെ അറിയിച്ചില്ല എന്നത് കൊണ്ട്. എനിക്ക് ഇത്രയും പ്രായം ആയിട്ടും, രണ്ടു കുട്ടികളുടെ പിതാവായിട്ടും അമ്മക്ക് ഇപ്പോഴും ഞാന്‍ കൊച്ചു കുട്ടി തന്നെ.

ഗുണ്ടുകാട് മാഹാത്മ്യം പ്രഥമ ഖണ്ഡം ഇതം സമാപ്തം.

15 ഓഗസ്റ്റ് 2011

ഏഷ്യാനെറ്റ്‌ മഞ്ച് സ്റാര്‍ ജൂനിയര്‍ സീസണ്‍ 2 ഗ്രാന്‍ഡ്‌ ഫിനാലെ


ചാനലുകളിലെ  വാര്‍ത്തകളും വാര്‍ത്താധിഷ്ടിത പരിപാടികളും, പിന്നെ ഇംഗ്ലീഷ് സിനിമകളും മാത്രമാണ് വല്ലപ്പോഴും കാണുന്നത്.

ഇന്നലെ ഞാന്‍ ഭാര്യ വീട്ടില്‍ ആയിരുന്നു. അവിടെ ചെന്നാല്‍, മര്യാദ രാമന്‍. അതുകൊണ്ട് ഫുള്‍ ടൈം വീട്ടില്‍ തന്നെ ബോര്‍ അടിച്ചിരുന്നു.  വൈകുന്നേരം "അവതാര്‍" കണ്ടു തുടങ്ങിയപ്പോള്‍, ഭാര്യയുടെ അഭിലാഷം, ഉത്തരവായി പുറത്തു വന്നു. മഞ്ച് സ്റാര്‍ സിങ്ങര്‍ ജൂനിയര്‍ ഫൈനല്‍ ഇന്നാണ്. യദു എന്ന ഒരു കൊച്ചുണ്ട്. നല്ല കോച്ചാണ്. അതുകൊണ്ട് ആറര മണി മുതല്‍ ഏഷ്യാനെറ്റ്‌ കാണണം. സമ്മതിച്ചു, ഭയം കൊണ്ടൊന്നുമല്ല, മകളോട് മരുമകന് നല്ല സ്നേഹമാണെന്ന് അമ്മായിക്കും അമ്മാവനും തോന്നിക്കോട്ടേ എന്ന് കരുതി.

ആഗോള  മലയാളികളുടെ ഇടയില്‍ വളരെ പോപ്പുലര്‍ ആയ പരിപാടി ആണെങ്കിലും, നമ്മള്‍ കൂപ മണ്ടൂകം ആയതുകൊണ്ട് ഒന്നാംതരം ബോര്‍ അടി സഹിച്ചു കണ്ടുകൊണ്ടിരുന്നു. "കൊണ്ട സ്ടണ്ട്" എന്ന് നസ്രിയ എന്നാ "ആങ്ങ്കര്‍" വിശേഷ്പ്പിച്ച, "കണ്ടസ്ടന്റ്റ്‌" എന്ന് മലയാല ബാഷയുടെ ഗ്ലോബല്‍ അംബാസിഡര്‍ പറഞ്ഞ മത്സരാര്‍ഥികളെ കണ്ടപ്പോള്‍, ആദ്യമേ ഞാന്‍ പറഞ്ഞു, ആ കൊച്ചു പയ്യന് കിട്ടാന്‍ പോകുന്നില്ല. യദു ആയിരുന്നു ആ കൊച്ചു പയ്യന്‍. കവടി നിരത്തി പറഞ്ഞതല്ല, വെറുതെ ഒരു തോന്നല്‍.

നാടകീയ  അവതരണത്തിലൂടെ രണ്ടു റൌണ്ട് പൂര്‍ത്തിയായി.

ഡും ഡും ഡും. ഹൃദയമിടിപ്പാനു. എലിമിനേഷന്‍.

ഗോര്‍ജിയസ് ബ്യുട്ടിഫുള്‍ എല്ലാ റൌണ്ടിലും കണ്സിസ്ടന്റ് ആയിട്ടുള്ള പാര്‍വതി ഔട്ട്‌.  കണ്ണുനീര്‍ തുള്ളികള്‍.

വീണ്ടും ഡും ഡും ഡും. എല്ലാവരുടെയും ഓമനയായ യദു ഔട്ട്‌. സദസ്യരുടെ ആത്മാര്‍ഥമായ കൂവല്‍.യടുവിനു കുലുക്കമില്ല. മനോഹരമായ നിറപുഞ്ചിരി (അഭിനയമല്ലാത്തത്) യദുവിനും (അഭിനയമായതു) രഞ്ജിനിക്കും മാത്രം. മറ്റുള്ളവര്‍ ഇതികര്ത്യവ്യതാ മൂഡ്‌ഔട്ടര്‍.

എനിക്കും അനല്പമായ ഒരു സന്തോഷം. എന്റെ പ്രവചനംഫലിച്ചല്ലോ.


വീണ്ടും നാടകീയമായ മൂന്നും രണ്ടും ഒന്നും സ്ഥാനക്കാരെ കണ്ടെത്തല്‍. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് കുടക്കമ്പി (കടപ്പാട്, ഇന്ദ്രന്‍സ്‌) ആദര്‍ശ്‌.

എനിക്ക് കേള്‍വി അല്പം കുറവാണ്. അതുകൊണ്ട് "നാദ ബ്രഹ്മത്തിന്‍" എന്ന കട്ടുകുരങ്ങിലെ ഗാനം രണ്ടാം റൌണ്ടില്‍ ആദര്‍ശ്‌ പാടിയപ്പോള്‍ ഞാന്‍ കേട്ടത് ഇങ്ങനെയാണ്:


"നാദ ബ്രഹ്മത്തിന്‍ സാഗരം നീന്തി വരും 'നാക' കന്യകമാരെ..."

 നാക കന്യകയോ? തകരം കൊണ്ടുള്ള സുന്ദരി ആണോ, അതോ സ്വര്‍ഗ്ഗ കന്യകയോ? ആഹ് എന്ത് കുന്തവും ആയിക്കോട്ടെ, നമുക്കെന്താ?

ഇതിനിടയില്‍  എപ്പോഴോ "മമ്മൂട്ടി ദി ബെസ്റ്റ്‌ ആക്ടര്‍" എന്നാ റിയാലിറ്റിഷോയില്‍ ഒന്നാം സമ്മാനം നേടിയ കൊച്ചു മിടുക്കിയെ രഞ്ജിനി വീണ്ടും നാടകീയമായി അവതരിപ്പിക്കുന്നു.

ഇന്റ്രോ ... (ശബ്ദത്തില്‍ ശോകം) "വളരെ വേദനാ ജനകമായ ഒരു അവസ്ഥയില്‍ ആണ് ഈ കൊച്ചു മിടുക്കി.... ഫാദര്‍ ഇപ്പോള്‍ നല്ല സുഖമില്ലാത്ത ഒരു അവസ്ഥയിലാണ്... ചികിത്സിക്കാന്‍ ബുദ്ധിമുട്ടുണ്ട്... കിഡ്നി ക്കാന് പ്രോബ്ലം..." (മൈക്ക്‌ കുട്ടിക്ക് കൈമാറുന്നു)

നാട്യ തിലകം, ഒട്ടും നാട്യമില്ലാതെ പുഞ്ചിരിയോടെ "എന്റെ അച്ഛന് കുഴപ്പമൊന്നുമില്ല, സുഖയിരിക്കുന്നു. ഞാന്‍ മമ്മൂട്ടി അങ്കിളേ വിളിച്ചിരുന്നു. കാര്യങ്ങള്‍ ഒക്കെ തിരക്കി. ഇപ്പോള്‍ നല്ല കുട്ടിയായിരിക്കുന്നോ എന്ന് ചോദിച്ചു, ഞാന്‍ പറഞ്ഞു,ങ്ഹാ നല്ല കുട്ടിയയിരിക്കുന്നു. അങ്ങനെ ആണോ എന്ന് ചോദിച്ചാല്‍, എനിക്ക് അങ്ങനെ നല്ല കുട്ടിയായിരിക്കാനോന്നും പറ്റില്ല." (സദസ്സില്‍ നിന്നും കരഘോഷം). രഞ്ജിനിയുടെ ചമ്മിയ മുഖം കാണിച്ചുവോ എന്നറിയില്ല, ആ സമയം ഞാന്‍ സ്മോക്‌ ബ്രേക്ക്‌ എടുത്തിരുന്നു.

പരിപാടികള്‍ വീണ്ടും പുരോഗമിച്ചു. ഏതാണ്ട് പാതിരാത്രി ആയപ്പോള്‍,ഫലപ്രഖ്യാപനം. നാടകീയമായി. വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി, വേദിയിലേക്ക് ക്ഷണിച്ചു. രണ്ടാം സ്ഥാനക്കാരനെ പ്രഖ്യാപിച്ചു. മലയാളികളുടെ അഭിമാനവും, ഞങ്ങള്‍ തിരുവന്തോരത്ത് കാരുടെ സ്വന്തവുമായ ജഗതി ശ്രീകുമാര്‍ ആ കര്‍മ്മം നിര്‍വഹിച്ചു, പക്ഷേ രണ്ടു വാക്ക് സംസാരിക്കുവാന്‍ അദ്ധേഹത്തെ ക്ഷണിച്ചില്ല.

ഇനി പ്രഖ്യപിക്കേണ്ടത് ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവുമാണ്. പദ്മശ്രീ ജയറാമാണ് ആ കര്‍മ്മം നിര്‍വഹിക്കേണ്ടത്. രഞ്ജിനി സദസ്യരോട് ചോദിക്കുന്നു ആര്‍ക്കു ഒന്നാം സ്ഥാനം കൊടുക്കണം എന്ന്. സദസ്യര്‍ ഒന്നാംതരം കൂവലിലൂടെ മറുപടി നല്‍കുന്നു. വേദിയില്‍ ഉള്ളവരോടും രഞ്ജിനി ചോദിക്കുന്നു. ആരും മറുപടി പറയുന്നില്ല. ഒടുവില്‍ "അമ്പിളി" ചേട്ടനോട് മൈക്ക്‌ കൊടുത്തു രഞ്ജിനി.

ജഗതി: ഷോര്‍ട്ട് ഇന്റ്രോ... എനിക്ക് ഇത് നേരത്തെ പറയണം എന്നുണ്ടായിരുന്നു. സംസാരിക്കാന്‍ ആവശ്യപ്പെട്ടില്ല, അതുകൊണ്ട് സംസാരിച്ചില്ല.

ജഗതി: ജഡ്ജസ്, ഇവിടെഫലപ്രഖ്യാപനം നടത്തി കഴിഞ്ഞു. നല്ല ജഡ്ജസ് ആണ്.ഇവര്‍ ശരിക്കും ഗുരുനാഥന്മാര്‍ ആണ്. കുട്ടികളുടെ കുറവുകള്‍, സ്നേഹപൂര്‍വ്വം മനസ്സിലാക്കിച്ചു അവരെ നന്നാക്കുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന ഗുര്ക്കന്മാര്‍. അല്ലാതെ അവരുടെ കുറവുകളെ പരിഹസിക്കുക്ക ആയിരുന്നില്ല. പിന്നെ,ഈ നില്‍ക്കുന്ന രണ്ടുപേരില്‍ ആരാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹത എന്ന് ചോദിച്ചാല്‍, ഈ കുട്ടി (വൈശാഖി യെ ചൂണ്ടിക്കാണിച്ചുകൊണ്ട്) എസ്.പി.ജി. പാടിയ ഒരു പാട്ട് പാടാനുള്ള ധൈര്യം കാണിച്ചു. പെന്കുട്ടിയായിട്ടും, ഒരു പുരുഷന്‍ പാടിയ പാട്ട് പാടാനുള്ള ധൈര്യം. ഇനി, എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകാരന്‍ ആരെന്നു ചോദിച്ചാല്‍, ഈ കൊച്ചു മിടുക്കന്‍ യദു. യടുവിന്റെ പാട്ടാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്.

ജഗതി: പിന്നെ, ഈ പരിപാടിയിലെ അവതാരിക. ആ കുട്ടിയേയും എനിക്ക് ഇഷ്ടമാണ്. കാരണം, ആ കുട്ടി ഒരിക്കലും ജഡ്ജ്മെന്റ്റ്‌ നടത്തിയിട്ടില്ല. അവതരണം മാത്രേ നടത്തിയിട്ടുള്ളൂ. അല്ലാതെ, (ശരീരം ജഗതി ശൈലിയില്‍ തുള്ളിച്ചുകൊണ്ട്) "ഫാന്ടാസ്ടിക്, വണ്ടര്‍ഫുള്‍, ഇഫ്‌ ഐ വാസ്‌ എ ജഡ്ജ്, ഐ വില്‍ ഗിവ് യു ഫുള്‍ മാര്‍ക്സ്‌..." എന്നൊക്കെ ആ കൊച്ചു പറയില്ല. അവനവന്‍ അവനവന്റെ പണിയേ ചെയ്യാവൂ. അല്ലാതെ മറ്റുള്ളവരുടെ പണി ചെയ്യരുത്.

(വേദിയില്‍ നില്‍ക്കുന്നവര്‍ ഇതി കര്തവ്യത മൂഡ്‌ ഔട്ടര്‍. സദസ്സില്‍ കരഘോഷം. നാണം കെട്ടവന്റെ ... എന്ന മട്ടില്‍, രഞ്ജിനി. മറ്റു പലരുടെയും മുഖങ്ങള്‍ കടന്നല്‍ കുത്തിയപോലെ).

ജഗതി: ഈ കൊച്ചു കൂട്ടുകാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ ഇതൊന്നും മൈന്‍ഡ്‌ ചെയ്യേണ്ട കാര്യമില്ല. ഞങ്ങളുടെ ചെരുപ്പ കാലത്ത്, റേഡിയോ ആയിരുന്നു വലിയ സംഭവം. അവിടെ പാടുവാണോ നാടകം അവതരിപ്പിക്കുവാണോ ഒക്കെ അവസരം കിട്ടുന്നത് വലിയ കാര്യമായിരുന്നു. ഒരു പരിപാടി അവതരിപ്പിച്ചാല്‍,പത്തു രൂപ കിട്ടും. ഇന്നത്തെ പത്തു രൂപ, പിച്ചക്കാരന് കൊടുക്കുന്നതാണ്. അന്ന് അത് വലുതായിരുന്നു. രണ്ടു അണക്ക് ദോശയും രസവടയും കിട്ടും. ഒരു രൂപയ്ക്കു ഊണ് കിട്ടും. ആ സമയത്ത് റേഡിയോയില്‍ പരിപാടി അവതരിപ്പിച്ചാല്‍  ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഒപ്പിട്ട പത്തു രൂപയുടെ ചെക്ക്‌ കിട്ടും.

റേഡിയോയില്‍  പരിപാടി അവതരിപ്പിക്കുവാന്‍ ഓഡിഷന്‍ ഉണ്ട്. സംഗീത പരിപാടി ആണെങ്കില്‍ സംഗീത വിദഗ്ധര്‍ക്ക് മുമ്പില്‍ പരിപാടി അവതരിപ്പിക്കണം. അവര്‍ അനുമതി നല്‍കിയാല്‍ പാടാം.

പണ്ട്, വഴുതക്കാടെ എം.ജി. രാധാകൃഷ്ണന്റെ വീട്ടിനു മുന്നിലെ പൈപ്പ് വെള്ളത്തില്‍ നിന്നും പച്ചവെള്ളം കുടിച്ചു വിശപ്പ്‌ മാറ്റി കൊണ്ട് - അക്കാലത്ത് വീടുകളില്‍ പൈപ്പ് വന്നിട്ടില്ല. റോഡില്‍ ഉണ്ടാകും, അവിടുന്നാണ് വെള്ളം എടുക്കുന്നത്, എന്റെ ഒക്കെ പ്രായത്തില്‍ ഉള്ളവര്‍ക്ക് അറിയാം - ഒരാള്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ ഓഡിഷനു പോയി. ഒരു ജഡ്ജ് പറഞ്ഞു, ഇയാളുടെ ശബ്ദം റേഡിയോക്ക് പറ്റിയതല്ല. പില്‍ക്കാലത്ത്‌ ഗാന ഗന്ധര്‍വനായ ദാസേട്ടന്‍ ആയിരുന്നു അന്ന് പച്ചവെള്ളം കുടിച്ചു ഓഡിഷനു പോയത്. നമ്മള്‍ മനുഷ്യരല്ല, ഈശ്വരന്‍ ആണ് യദാര്‍ത്ഥ വിധി കര്‍ത്താവ്‌. കുഞ്ഞുങ്ങളെ, ഇത് കൊണ്ട് നിങ്ങള്‍ വിഷമിക്കേണ്ട കാര്യമില്ല. യദാര്‍ത്ഥ വിധി ജഗദീശ്വരന്‍ നിശ്ചയിക്കും. നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് പ്രതിഫലം കിട്ടും. നമ്മുക്ക് ഇനിയും ദാസേട്ടനും, സുശീലാമ്മയും ജനകിയമ്മയും, മുഹമ്മദ്‌ റാഫിയും, കിഷോറും, മുകേഷും ഒക്കെ വേണം. നിങ്ങള്‍ നിങ്ങളുടെ കഴിവ് തെളിയിക്കുമ്പോള്‍ ജനകോടികള്‍ നിങ്ങളോടൊപ്പം ഉണ്ടാകും അല്ലാതെ, ഈ 'കോടികള്‍' അല്ല നിങ്ങള്‍ ലക്‌ഷ്യം വയ്ക്കേണ്ടത്.

ഇതൊക്കെ ഞാന്‍ പറയും. ഇതുപോലെ പറയാന്‍ എനിക്ക്  ഇതുപോലെയുള്ള വേദികളെ കിട്ടൂ. അപ്പോള്‍ ഞാന്‍ പറയും. ഞാനേ പറയൂ, ഈ നില്‍ക്കുന്ന ജയറാം പോലും പറയില്ല (ജയറാം, ചമ്മി അയ്യേ ഈ അമ്പിളി ചേട്ടന്‍ എന്ന് സ്വത സിദ്ധമായ ശൈലിയില്‍ ആംഗ്യം കാണിക്കുന്നു) ഇനിയുംഇതുപോലെയുള്ള പരിപാടികളില്‍ നിങ്ങള്‍ എന്നെ വിളിക്കണം. എന്നാലേ ചിലതൊക്കെ പറയാന്‍ പറ്റൂ. എന്നോട് നേരത്തെ ഈ പരിപാടിയുടെ സ്പെഷ്യല്‍ ജഡ്ജ് ആയി വിളിച്ചിരുന്നു. ഞാന്‍ അത് സ്നേഹ പൂര്‍വം നിരസിച്ചു. ഞാന്‍ ഒരു സംഗീത വിശാരദന്‍ ഒന്നുമല്ല. ശ്രുതി നന്നായില്ല, അത് നന്നായില്ല എന്നൊന്നും പറയാന്‍ എനിക്കറിയില്ല. ഞാന്‍ ഒരു ശ്രോതാവ് മാത്രമാണ്. അല്ലാതെ, വന്നിരുന്നു "വണ്ടര്‍ഫുള്‍, ഫാന്ടാസ്റിക്" എന്നൊക്കെ പറയാന്‍ എന്നെ കൊണ്ട് പറ്റില്ല. അതുകൊണ്ട് ക്ഷണം ഞാന്‍ നിരസിച്ചു. ഏഷ്യാനെറ്റ്‌ എന്റെ സുഹൃത്താണ്. അവര്‍ക്ക് ഇത് അറിയാവുന്നതാണ്.

എല്ലാവര്ക്കും ഓണാശംസകള്‍. ജഗതി നിറുത്തി.

വീണ്ടും ഫല പ്രഖ്യപനതിലേക്ക്. ജയറാം ആദര്‍ശിനെ ഒന്നാം സ്ഥാനക്കാരനായി പ്രഖ്യാപിച്ചു.

സദസ്സില്‍ കൂവല്‍. അതിനെക്കാളും വലിയ കൂവല്‍ മൈക്കിലൂടെ ആദര്‍ശിന്റെ വക. ആദര്‍ശിന്റെ അമ്മയുടെ "സന്തോഷ" കണ്ണുനീര്‍ ക്ലോസ് അപ്പില്‍. (ഫലപ്രഖ്യാപനത്തിനു തൊട്ടു മുമ്പുവരെ കേളന്‍ കുലുങ്ങിയാലും പാലം കുലുങ്ങില്ല എന്നാ രീതിയിലായിരുന്നു. കണ്ണീര്‍ ക്ലോസ് അപ്പ്‌ കണ്ടപ്പോള്‍, ഞാന്‍ കരുതി തോറ്റ മത്സരാര്‍ഥിയുടെ ആരെങ്കിലും ആയിരിക്കുമെന്ന്).  അമ്പതു ലക്ഷത്തിന്റെ ഫ്ലാറ്റ്‌ ആദര്‍ശിന്. വേദിയില്‍ വെടിക്കെട്ട്‌, തോരണ മഴ.
നസ്രിയ ആദര്‍ശിന്റെ അമ്മയെ വേദിയിലേക്ക് ക്ഷണിക്കുന്നു.

രഞ്ജിനി: നിങ്ങള്‍ക്ക് അറിയാമോ, ഇതുവരെ സ്വന്തമായി ഒരു വീട് ആദര്ശിനും അമ്മയ്ക്കും ഇല്ലായിരുന്നു. ഇപ്പോള്‍ അമ്പതു ലക്ഷത്തിന്റെ ഫ്ലാറ്റ്‌ ആദര്ശിനും അമ്മയ്ക്കും. അതും വെറും പതിനാറാമത്തെ വയസ്സില്‍.

അപ്പോഴാണ്‌ ഈറിയാലിറ്റിഷോയില്‍ ഒന്നാം സമ്മാനം കിട്ടുവാനുള്ള ക്രയിടീറിയ എനിക്ക് മനസ്സിലായത്‌.

ആദര്‍ശിന്റെ നന്ദി പ്രകടനം. ആഹ്ലാദ പ്രക്ഷുബ്ദതയില്‍ വാക്കുകള്‍ കിട്ടാതെ ബുദ്ധിമുട്ടുന്ന ആദര്‍ശ്‌: ഇവിടം വരെ എത്തുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. ഞാന്‍ ഇവിടം വരെ എത്തുവാന്‍ എന്റെ അമ്മ ഒരുപാട് 'സ്ട്രഗ്ല്‍' ചെയ്തിട്ടുണ്ട്..."

വീണ്ടും രഞ്ജിനിയുടെ വാഗ്ധോരണി. അതിനിടയില്‍ ആദര്‍ശിന് വീണ്ടും എന്തോ പറയാനുള്ള വീര്‍പ്പുമുട്ടല്‍ ... മൈക്ക്‌ വീണ്ടും ആദര്‍ശിന്റെ കയ്യില്‍.

പിന്നെ, മെലോഡ്രാമ: "എനിക്ക് പുതിയ ഫ്ലാറ്റില്‍ അമ്മയോടും അച്ഛനോടും ഒപ്പം കഴിയണം എന്നാണു ആഗ്രഹം. നിങ്ങള്‍ രണ്ടുപേരും ഒന്നിക്കണം. വീണ്ടും ഒരു നല്ല ജീവിതം തുടരണം. എനിക്കറിയാം അച്ഛന്‍ ഈ പരിപാടി ഇപ്പോള്‍ കാണുന്നുണ്ടാകും, അച്ഛാ..."

രഞ്ജിനി: ആദര്‍ശിന്റെ പുതിയ ഫ്ലാറ്റില്‍ ആദര്ശിനോടും അമ്മയോടുംഒപ്പം അച്ഛനും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

(ഞാന്‍ : നമുക്കും പ്രാര്‍ഥിക്കാം).

പിന്‍കുറിപ്പ്‌:

ഇത് ഒരു വിവരണം മാത്രമാണ്.  ഉദ്ധരണികള്‍, ഓര്‍മ്മയില്‍ നിന്നുമാണ്. യഥാതഥമായ വിവരണം, പരിപാടിയുടെ പുന:പ്രക്ഷേപണം കണ്ടിട്ടോ അല്ലെങ്കില്‍ യൂട്യുബില്‍ വരുമ്പോഴോ നിങ്ങള്‍ക്ക് കാണാവുന്നതാണ്. പരമാവധി കൃത്യത പാലിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.

പൂര്‍ണ രൂപത്തില്‍ അല്ലെങ്കിലും ജഗതിയുടെ പ്രതികരണം ഇവിടെ കാണാം.

12 ഓഗസ്റ്റ് 2011

പ്ലാസ്റ്റിക് തേച്ചു കുളിക്കുന്ന നമ്മള്‍

മറ്റൊരു സംഭവം.

ഇത് ഒരു കോര്പോരെറ്റ്‌ ഭീമന്റെ നിഷ്കാമ ജന സേവനത്തിന്റെ മാതൃകയാണ്.

കുട്ടിക്കാലം മുതലേ, കേശവന്‍ വൈദ്യരുടെ 'ചന്ദ്രിക' സോപ്പ് ആണ് ഞങ്ങള്‍ ഉപയോഗിച്ചിരുന്നത്. ചെറുതും, ഹരിതാഭവും, സുഗന്ധ പൂരിതവും,ആയുര്‍വേദത്തിന്റെ ആദ്യ വാണിജ്യ ഉല്പന്നവും ഒക്കെ ആയിരുന്നു അക്കാലത്ത് ചന്ദ്രിക സോപ്പ്. ആരോഗ്യത്തിന്റെ രഹസ്യമായ 'ലൈബായ്‌' സോപ്പ് ഉണ്ടായിരുന്നെങ്കിലും, ഞങ്ങള്‍ ഉപയോഗിച്ചിരുന്നത് ചന്ദ്രിക തന്നെ. ചന്ദ്രിക ഇല്ലാത്തപ്പോള്‍, ചിലപ്പോള്‍ ബാര്‍ സോപ്പ് ഉപയോഗിച്ച് പോലും കുളിച്ചിട്ടുണ്ട്. (അതൊക്കെ അന്നത്തെ കാലം, ബാര്‍ സോപ്പ് ഉപയോഗിച്ചാലും അഴുക്ക് പോകുകയും ശരീരം കേടാകാത്തിരിക്കുകയും ചെയ്തിരുന്ന പഴയ കാലം).

ഇടക്കാലത്ത് കല്യാണം കഴിക്കുകയും, അതിനു ശേഷം ദുഭായില്‍ പോകുകയും ചെയ്ത സമയം, ചന്ദ്രിക ദുഭായിലും വന്നു. പഴയ പരമ്പരാഗത ശൈലിയിലും പുതിയ വലുപ്പം കൂടിയ പാക്കറ്റിലും ഒക്കെ ചന്ദ്രിക അവിടുത്തെ ലോക്കല്‍ ഗ്രോസറികളില്‍ സുലഭം. മലയാളികളുടെ സ്വന്തമായ ഏത്  'മദീനാ സൂപ്പര്‍ മാര്‍ക്കറ്റിലും' ചന്ദ്രിക കിട്ടും. പക്ഷേ കോര്‍പ്പറേറ്റ് ഭീമന്മാരായ 'ഷാവാലസ്' ഉദ്പന്നം ആയി മാറിയിരുന്നു ചന്ദ്രിക. എന്നിട്ടും അത് തന്നെ ഉപയോഗിച്ചു. കുളിക്കുമ്പോള്‍ പോലും ഒരു 'നോസ്ടാല്‍ജിയ' ആയിക്കോട്ടെ എന്ന് കരുതി.

ഇങ്ങനെ ഒക്കെ ആണെങ്കിലും, നാട്ടില്‍ വരുമ്പോള്‍, 'ക്ലിയോപാട്ര', 'ഇമ്പീരിയല്‍ ലതര്‍', 'ലക്സ്' തുടങ്ങിയ വന്പന്മാരെ, 'സ്പെഷ്യല്‍ ഒഫ്ഫര്‍' വഴി തെരഞ്ഞെടുത്തു, അധിക ഡ്യൂട്ടി നല്‍കി നാട്ടില്‍ കൊണ്ടുവന്നു. അതൊക്കെ തേച്ചു കുളിച്ചു വാമ ഭാഗവും മകനും ആ സോപ്പുകളുടെ ഗുണമേന്മ നന്നായി തിരിച്ചറിഞ്ഞു. ഇപ്പോള്‍, ചന്ദ്രിക, പപ്പായ, രാധാസ്, കൃഷ്ണ തുളസി തുടങ്ങിയ നാടന്‍ ബ്രാന്‍ഡ്‌ സോപ്പുകള്‍ അവര്‍ക്ക് അത്രയ്ക്ക് അങ്ങോട്ട്‌ പിടിക്കുന്നില്ല. കുറഞ്ഞ പക്ഷം, ലക്സ് എങ്കിലും വേണം. (മേല്പ്പടി വിദേശി സോപ്പുകള്‍ ഇങ്ങു തിരുവന്തോരത്തും കിട്ടും എങ്കിലും, ഇതുവരെ, ഭാര്യയേയും കുട്ടിയേയും അത്തരം കടകളില്‍ കൊണ്ടുപോകുക എന്നാ ആത്മഹത്യാപരമായ സംഗതി ഞാന്‍ ചെയ്തിട്ടില്ല എന്നത് വാസ്തവമാണ്).

ലക്സ് എന്നത് യൂണിലിവര്‍ എന്ന കമ്പനിയുടെ ആഗോള ഉല്പന്നമാണ്. ആഗോള നിലവാരവും അതിനുണ്ട്. ഇന്ത്യയില്‍ യൂണിലിവര്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ആണ്. പേരില്‍ ഹിന്ദുസ്ഥാന്‍ വരുമ്പോള്‍, രൂപത്തിലും ഭാവത്തിലും ഒക്കെ അല്പം ഹിന്ദുസ്ഥാന്‍ എന്ന ഭാരതം എന്ന ഇന്ത്യയുടെ സ്വഭാവം കൂടി വരേണ്ടേ? വേണം. അല്ലെങ്കില്‍ ദേശിയതക്ക് കോട്ടം തട്ടും. യൂണിലിവര്‍ ആരാ മോന്‍?

സുഹൃത്തുക്കളെ, യൂണിലിവര്‍ ഒരിക്കലും പരസ്യപ്പെടുത്താത്ത ഒരു മഹത്തായ സേവനത്തിന്റെ കാര്യം ഇപ്പോള്‍ ഞാന്‍ വെളിപ്പെടുത്തുവാന്‍ പോകുകയാണ്. വിദേശികള്‍ക്ക് വെറുതെ സോപ്പ് തെയ്ച്ചാല്‍ അഴുക്ക് ഇളകുകയില്ല. ഒരാഴ്ചത്തെയോ ഒരു മാസത്തെയോ ഒക്കെ അഴുക്ക് ദേഹത്ത് നിന്നും ഉറച്ചു കളയണമെങ്കില്‍ പ്രത്യേക സാമഗ്രികള്‍ ഒക്കെ വേണം. നമ്മള്‍ മലയാളികളുടെ കാര്യം അങ്ങനെ അല്ലല്ലോ, ചകിരി, ഈഞ്ച തുടങ്ങിയ സാധനങ്ങള്‍ നമുക്ക് മുന്‍പ് ഉണ്ടായിരുന്നു. ഇപ്പോള്‍ അവയൊക്കെ എവിടെ? പിന്നെ, എന്നും കുളിക്കുന്ന നമ്മള്‍ എന്തിനാണ് പണം കൊടുത്തു അഴുക്ക് തേച്ചു കളയാന്‍ വേറെ സാധനം വാങ്ങുന്നത്? പക്ഷേ നമ്മളെ അങ്ങനെ ഉപേക്ഷിക്കുവാന്‍ സോപ്പ് നിര്‍മ്മാണ ഭീകരന് കഴിയുമോ? അവര്‍ അത് നമുക്ക് സൌജന്യമായി തരുന്നുണ്ട്. ലക്സ് മാത്രമല്ല, അവരുടെ ഏതു സോപ്പ് വാങ്ങിയാലും അത് നമുക്ക് കിട്ടും. പ്ലാസ്റ്റിക്‌ കൊണ്ടുള്ള 'അഴുക്ക് ഇളക്കല്‍' സാമഗ്രി.

 എനിക്കറിയാം, "ദേണ്ടെ യിവന്‍ ചുമ്മാ കള്ളം പറയുകയാന്' എന്ന് നിങ്ങള്‍ മനസ്സില്‍ പറയുന്നു എന്ന്. എന്നാല്‍ അങ്ങനെ അല്ല കാര്യം. ഞാന്‍ പറഞ്ഞത് സത്യമാണ്. എനിക്കും നിങ്ങള്‍ക്കും എല്ലാം, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ നല്‍കിയിട്ടുള്ള സൌജ്യനം ലഭിച്ചിട്ടുണ്ട്. ഞാന്‍ വിശദമായി പറയാം. പ്രസ്തുത കമ്പനി, അവരുടെ സൌജന്യം നല്‍കുന്നത് സോപ്പില്‍ 'എംബെഡ്‌' ചെയ്താണ്'  75ഗ്രാം സോപ്പ് വാങ്ങുമ്പോള്‍, 25 ഗ്രാം പ്ലാസ്റ്റിക്‌ പേപ്പറുകളും, നാരുകളും ഒക്കെ സോപ്പില്‍ തന്നെ 'എംബെഡ്‌' ചെയ്തു അവര്‍ നമ്മളെ സഹായിക്കുന്നു. മ്... ഇപ്പോള്‍ നിങ്ങള്ക്ക് ഓര്‍മ്മ വന്നു അല്ലെ. നേരത്തെ എന്നെ വെറുതെ സംശയിച്ചില്ലേ, സാരമില്ല. ഞാന്‍ ക്ഷമിച്ചു.

ഇപ്പോള്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മറ്റൊരു സൌജന്യം കൂടി നല്‍കുന്നുണ്ട്. ലക്സ് വാങ്ങുമ്പോള്‍, ലൈബോയ്‌, പിയേഴ്സ് തുടങ്ങിയ സോപ്പുകളുടെ സാമ്പിള്‍ കൂടി അവര്‍ നല്‍കുന്നു. അതും 'എംബെഡ്‌' ചെയ്തു ആണെന്ന് മാത്രം. കമ്പനി ഇതൊക്കെ ചെയ്യുന്നതു സാധാരണക്കാരായ ഇന്ത്യാക്കാര്‍ക്ക് മാത്രമാണ് എന്നത് നിങ്ങള്‍ മനസ്സിലാക്കണം.

ഇത്രയൊക്കെ ലഭേശ്ച്ച കൂടാതെ ചെയ്യുന്ന കമ്പനിയെ നമ്മള്‍ നന്ദിപൂര്‍വ്വം സ്മരിക്കേണ്ടതാണ്. ഇനിയും വൈകിക്കാതെ.


10 ഓഗസ്റ്റ് 2011

ഇതിനു തലക്കെട്ട്‌ ഇന്നത്തെ ഏതെന്കിലും മലയാള പത്രത്തില്‍ നിന്നും അനുയോജ്യമെന്നു തോന്നുന്നത് നിങ്ങള്‍ തന്നെ തെരഞ്ഞെടുത്തു കൊള്ളുക

ആദ്യമേ അല്പം വലിയ ഫ്ലാഷ് ബാക്ക്.

ഇത് സംഭവിച്ചത് (ക്ഷമിക്കണെ, ഭാവന കുറവാണ്, അതുകൊണ്ടാണ് സംഭവങ്ങള്‍ മാത്രം വിവരിക്കുന്നത്), കുറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കുറെ വര്ഷം എന്ന് പറഞ്ഞാല്‍ പണ്ട് പണ്ട് ഏതാണ്ട് രണ്ടായിരത്തി അഞ്ചില്‍.

അന്ന് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ആയതുകൊണ്ട്, ജോലിപ്പേര് കരാറില്‍ മാത്രേ കാര്യമായിട്ടുള്ളൂ. ചിലപ്പോള്‍, പ്യൂണ്‍, ചിലപ്പോള്‍ അറ്റന്ടെര്‍, ചിലപ്പോള്‍ മെസ്സെഞ്ചര്‍, മറ്റു ചിലപ്പോള്‍ ടെലെഫോണ്‍ ഫാക്സ് ഓപ്പറേറ്റര്‍ ഇതൊന്നും അല്ലാത്തപ്പോള്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നിങ്ങനെ ആപ്പീസില്‍ വിലസുന്ന കാലം.

അങ്ങനെ അക്കാലത്ത്, ആപ്പീസില്‍ ഉണ്ടായിരുന്ന ഒരു ഗോസായിക്ക് (ഇവിടെ സത്യത്തില്‍ നല്ല ആള്‍ക്കാര്‍ ഇല്ലാത്തത് കൊണ്ടൊന്നുമല്ല പണം നല്‍കുന്ന സായിപ്പ് ഗോസായിയെ പണി ഏല്‍പ്പിച്ചത്, സായിപ്പന്മാര്‍ മൂരാച്ചികള്‍ ആണ്, അവര്‍ക്ക് കൃത്യ സമയത്ത് കാര്യങ്ങള്‍ നടക്കണം), കേരള ഫിഷ്‌ കറി മീല്‍സ് കഴിക്കണം (ഊണ് അല്ല, ഈ മീല്‍സ് എന്ന് പറയുന്ന സാധനം). ആപ്പീസിലെ സകലകലാ വല്ലഭനായ ഞാനും, ഞങ്ങളുടെ മാനേജരും വാടകക്ക് എടുത്ത ടൊയോട്ട ക്വാളിസ്‌ കാറില്‍ നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്ന ഒരു പ്രദേശത്തിലെ ഒരു രുചിയുടെ 'കലവറ'യില്‍ 'ഫിഷ്‌ കറി മീല്‍സ്' പാര്‍സല്‍ വാങ്ങാന്‍ പോയി. ഇങ്ങനെ, സമ്പന്നര്‍ കയറുന്ന കടയില്‍ പോയാല്‍, എല്ലാം ഫ്രഷ്‌ ആയെ കിട്ടൂ എന്ന് നമുക്കെല്ലാം അറിയാവുന്നതല്ലേ. ഒരു ചായ പറഞ്ഞാല്‍, ഫ്രഷ്‌ പാല് കൊണ്ടുവന്നു ഫ്രഷ്‌ പാത്രത്തില്‍ ചൂടാക്കി, ഫ്രഷ്‌ മിനറല്‍ വാട്ടര്‍ ചേര്‍ത്ത്, ഫ്രഷ്‌ പഞ്ചാരകട്ടയും, തേയിലയും ഒക്കെ ആയി നമ്മുടെ മുന്നില്‍ ഫ്രെഷായി കൊണ്ട് വയ്ക്കും. അപ്പോഴേക്കും, രാവിലെ കുളിച്ചു ഫ്രെഷായി വന്ന നമ്മുടെ ഫ്രെഷ്നെസ് കമ്പ്ലീറ്റ്‌ പോയിരിക്കും. അത് വേറെ കാര്യം.


പതിവുപോലെ, തൊപ്പിക്കാരന്‍ സപ്ലയര്‍ സായിപ്പ് വന്നു, മെനു പുസ്തകം തന്നു. സായിപ്പിനെ ഇംഗ്ലീഷ് പഠിപ്പിക്കുന്നവര്‍ തയ്യാറാക്കിയ മെനു പുസ്തകം വായിച്ചിട്ട്, സത്യത്തില്‍ ഒന്നും മനസ്സിലായില്ല.  എന്നാലും വളരെ ഗൌരവത്തില്‍, പേജുകള്‍ മറിച്ചു നോക്കിക്കൊണ്ട് ഞാനിരുന്നു. മനെജേര്‍, മുറുക്കി ചുവപ്പിച്ച നാവുകൊണ്ട് "പുള്ളേ, രണ്ടു ഊണ്, മീന്‍കറി, പൊരിച്ച മീനു" ഇത്രയും പൊതിഞ്ഞു എടുത്തേക്കു" എന്ന് ഓര്‍ഡര്‍ ചെയ്തു. "പാഴ്സല്‍ ആണോ സാര്‍", സപ്ലയര്‍ സായിപ്പ് ചോദിച്ചു. നല്ല കാലത്തിനു, മാനേജര്‍ മറുപടി പറഞ്ഞില്ല.


വീണ്ടും സപ്ലയര്‍ സായിപ്പ്, "'ടേബിളില്‍' എന്താ വേണ്ടത് സാര്‍?"


"രണ്ടു ബോഞ്ചി" മാനേജര്‍

 "എന്താ സാര്‍" സപ്ലയര്‍ സായിപ്പ്‌.

"ബോഞ്ചി, നാരങ്ങാ വെള്ളം" ഞാന്‍.

"പ്ലൈന്‍ ലൈം ജ്യൂസ്‌ ഇല്ല സാര്‍. ജിഞ്ചര്‍ ലൈം എടുക്കട്ടെ".

"എന്തെരു മ് ...... എങ്കിലും കൊണ്ട് വാ".  ആ മ്' മനജേര്‍ സാര്‍ പൂരിപ്പിച്ചില്ല, അതുകൊണ്ട് ഞാനും ഇവിടെ പൂരിപ്പിക്കുന്നില്ല.

ഞങ്ങള്‍ പൊതിച്ചോറും, നാരങ്ങാ വെള്ളം എന്ന ബോഞ്ചിയും കാത്തു എ.സി. യുടെ തണുപ്പില്‍ വിറങ്ങലിച്ചു ഇരുന്നു.

ഈ കാത്തിരിപ്പിനിടയില്‍ മനപൂര്‍വം അല്ലാതെ, എന്റെ ശ്രദ്ധ രണ്ടു മേശകള്‍ക്ക് അപ്പുറം ഇരിക്കുന്ന രണ്ടു പേരിലേക്ക് തിരിഞ്ഞു. രണ്ടുപേര്‍ അടുത്തടുത്ത്‌ ഇരുന്നു പതിഞ്ഞ ശബ്ദത്തില്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. വളരെ മോഡേണ്‍ ആണ്. രണ്ടുപേരും ടി- ഷര്‍ട്ടും ജീന്‍സും. മീശയില്ല. കണ്ണട - കറുത്ത കണ്ണട - വച്ചിട്ടുണ്ട്. ഒരാള്‍, മറ്റൊരാളുടെ തോളിലൂടെ കയ്യിട്ടിട്ടുണ്ട്. അവര്‍ ആരാണെന്നോ, എന്താണെന്നോ, എന്താണ് സംസാരിക്കുന്നതെന്നോ അറിയാന്‍ വയ്യ.

മറ്റുള്ളവരെ ശ്രദ്ധാപൂര്‍വം ശ്രദ്ധിക്കുക എന്നത് നമ്മുടെ ഒരു വലിയ കഴിവാണല്ലോ. ഞാനും അത് തന്നെ ചെയ്തു. മാനേജര്‍ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അദ്ധേഹത്തിന്റെ ശ്രദ്ധയും അങ്ങോട്ട്‌ തന്നെ.

എതിരെ ഇരിക്കുന്നവര്‍ രഹസ്യം പറയുന്നത് തുടരുകയാണ്. ഏതെന്കിലും പണക്കാരു വീട്ടിലെ പയ്യന്മാര്‍ ആയിരിക്കും എന്ന് കരുതി. തോളിലൂടെ കയ്യിട്ടിരിക്കുന്നവന്‍ ഇടയ്ക്കിടെ ആ കയ്യ് കൊണ്ട് മറ്റവന്റെ തോളില്‍ താളം പിടിക്കുന്നു. ചിലപ്പോള്‍ രഹസ്യം കാതില്‍ അല്ല പറയുന്നത് എന്ന് തോന്നും. കവിളിലും ചുണ്ടിലും ഒക്കെ രഹസ്യം പറയുന്നോ? എവിടെയോ ഒരു എന്തോ!

ഇടയ്ക്കു രഹസ്യം കേട്ട് കൊണ്ടിരുന്നവന്‍ പെട്ടെന്ന് ആരെയോ തിരയുന്നത് പോലെ തല വെട്ടിച്ചു നോക്കി. അപ്പോള്‍ ഞെട്ടിയത് ഞാനാണ്. അത് അവന്‍ ആയിരുന്നില്ല, അവള്‍ ആയിരുന്നു.

"യാ, വീ ആര്‍ ഹിയര്‍', മേക്‌ ഇറ്റ്‌ ഫാസ്റ്റ്‌", മറ്റൊരു കോണില്‍ നിന്നും മറ്റൊരു കിളിമൊഴി.

ഓഹ്, അപ്പോള്‍ മലയാളികള്‍ അല്ല. ടെക്നോപാര്‍ക്കില്‍ വന്നിട്ടുള്ള ഏതെന്കിലും ഗോസായിമാര്‍ ആയിരിക്കും. സമാധാനമായി. മലയാളി ആയിരുന്നെങ്കില്‍ എന്തോ ഒരു വിഷമം തോന്നിയേനെ, മനസ്സില്‍.

ഇത്രയും ആയപ്പോഴേക്കുംമാനേജര്‍ പറഞ്ഞ ബോഞ്ചി വന്നു. തണുത്തുറഞ്ഞ ബോഞ്ചി, മധുര പ്രിയനായ ഞാന്‍ അല്പം നുണഞ്ഞു.ഉപ്പാണോ, പുളിപ്പാണോ, ചവര്‍പ്പാണോ, ഒന്നും അറിയാന്‍ പറ്റാത്ത ഒരു രുചി (അരുചി എന്നാണു പറയേണ്ടത്‌). മധുരം ഇല്ല. വലിയവര്‍ കുടിക്കുന്ന സാധനമല്ലേ എന്ന് കരുതി ഞാന്‍ മിണ്ടാതിരുന്നു. ഇനി ഇതുവല്ല ഡയറ്റ്‌ ബോഞ്ചി ആയിരിക്കുമോ എന്നും സംശയിച്ചു. വീണ്ടും ശ്രദ്ധ ഗോസായി മിഥുനങ്ങളിലേക്ക് തിരിഞ്ഞു. പയ്യന്‍സ് ചുമലിലെ താളംപിടി ഇപ്പോള്‍ രണ്ടു കയ്യ് കൊണ്ടുമായി. പയ്യി, ഇപ്പോള്‍ തല കുമ്പിട്ടിരിപ്പാണ്. ഞാനും മാനേജരും ഒരേ വശത്ത് ഇരിക്കുന്നത് കൊണ്ട് മുഖത്തോട് മുഖം നോക്കിയില്ല. എങ്കിലും പിന്നീട് ഞങ്ങള്‍ വെറുതെ ഗോസായിമ്മാരെ കൊണ്ട് മലയാളികളെ തെറി വിളിപ്പിക്കേണ്ട എന്ന് കരുതി ആ ഭാഗത്തോട്ടു ശ്രദ്ധിച്ചില്ല.

പൊതിചോറ് കിട്ടിയപ്പോള്‍, ബില്ലിലെ കാശ് കണ്ണ് തള്ളാതെ (സര്‍ക്കാരിന്റെ കാശായത് കൊണ്ട് കണ്ണ് തള്ളിയില്ല, അല്ലെങ്കില്‍, ഞങ്ങളെ ആരെങ്കിലും ആശുപത്രിയിലെ ഉന്തുവണ്ടിയില്‍ തള്ളേണ്ടി വന്നേനെ) കൊടുത്തുകൊണ്ട് രണ്ടുപേരും പുറത്തേക്കു നടന്നു.

പെട്ടെന്ന് പുറകില്‍ നിന്നും ആരോ അടിക്കുവാന്‍ വരുന്നത് പോലെ ഒരു തോന്നല്‍. ഞാന്‍ മാനേജരെ പിടിച്ചുകൊണ്ടു ഒരു വശത്തേക്ക് പെട്ടെന്ന് മാറി.

നേരത്തെ നമ്മുടെ എതിരെ ഇരുന്ന ഗോസായി പയ്യി പാഞ്ഞു വരുന്നു. മുഖം ആകെ ചുവന്നിരിക്കുന്നു. കൊടുങ്കാറ്റു പോലെ അവള്‍ കതകു വലിച്ചു തുറന്നു പുറത്തേക്കു പാഞ്ഞു. അല്പം പുറകിന്നായി പയ്യനും വരുന്നു.

"ഹേയ്, ദേവി, പ്ലീസ്, നില്‍ക്കൂ, പോകരുത്, പ്ലീസ്. ഞാന്‍ ഒന്ന് പറഞ്ഞോട്ടെ, പ്ലീസ്., ദേവി..."
പയ്യന്‍സ് പച്ച മലയാളത്തില്‍ പറയുന്നു. (പ്ലീസ് പച്ച മലയാളം ആണോ എന്ന് ചോദിച്ചാല്‍, തന്നെ, അല്ല പിന്നെ). ഞാന്‍ ഞെട്ടി എന്ന് വീണ്ടും പറയുന്നില്ല. അങ്ങനെ പറഞ്ഞാല്‍ നിങ്ങള്ക്ക് ഒരു സംശയം വരും, ഇവന്‍ ആരാട വല്ല രാഷ്ട്രീയക്കാരനുമാണോ എപ്പോഴും ഇങ്ങനെ ഞെട്ടാന്‍?

പയ്യന്‍സിന്റെ പുറകില്‍ വേറെ രണ്ടാണും ഒരു പെണ്ണും. അവരും തിരക്കില്‍ വരുന്നു.

"പു.... നിന്നോട് ഞാന്‍ പറഞ്ഞതല്ലേ, സൂക്ഷിക്കണമെന്ന് മ..."

"അളി, ഞാന്‍ ഒന്നും ചെയ്തില്ല, മ... പെട്ടെന്ന് കലിപ്പാക്കി..."

"ഈശ്വരാ, ഇനി എന്താവുമോ എന്തോ... മാറി നില്ലെടാ പട്ടീ..." രണ്ടാമത്തെ പെണ്‍കുട്ടി, പയ്യന്മാരെ കടന്നു ആദ്യത്തെ പെണ്‍കുട്ടിയുടെ പുറകെ പാഞ്ഞു. പുറകെ വന്ന പയ്യന്മ്മരില്‍ ഒരുവന്‍ കുറെ അഞ്ഞൂറ് രൂപ നോട്ടുകള്‍ എടുത്തു സപ്ലയരുടെ കയ്യില്‍ കൊടുത്തിട്ട്, "ബില്ലോക്കെ പിന്നെ നോക്കാം" എന്ന് പറഞ്ഞു എല്ലാവരും പുറത്തേക്കു പാഞ്ഞു.

ഞങ്ങളും പുറത്തേക്കു ഇറങ്ങി. പുറത്തു ക്വാളിസിന്റെ ഡ്രൈവര്‍ മഹാത്ഭുതം കണ്ടത് പോലെ വായും പൊളിച്ചു പെണ്‍കുട്ടികള്‍ പോയ ഭാഗത്തേക് നോക്കി നില്‍ക്കുന്നു. രണ്ടുപേരും ഓട്ടോയില്‍ കയറി പോകുന്നു.

"സാറേ, നമ്മുടെ ...... ടി.വി.യില്‍ മറ്റേ പരിപാടിയില്‍ വരുന്ന കൊച്ചല്ലേ സാറേ ആ പോയത്. കൂടെയുള്ളത് മറ്റേ സീരിയലിലെ മറ്റവന്റെ അനിയത്തിയായി അപിനയിക്കണതു. ടി.വിയില്‍ കാണുന്നത് പോലെ തന്നെ അല്ലെ സാറേ."

"ആഹ്, ആര്‍ക്കറിയാം?" ഞാനും മാനേജരും ഒരുപോലെ പറഞ്ഞു.

വലിയ ഫ്ലാഷ് ബാക്ക്‌ തീര്‍ന്നു.

ഇനി ഈ സംഭവത്തിന്‍റെ മുന്‍ഭാഗവും, പിന്‍ഭാഗവും പൂര്‍ത്തിയാക്കുന്നതിനും, ശീര്‍ഷകത്തിനും നിങ്ങള്‍ വായിക്കുന്ന ദിവസത്തെ ഏതെന്കിലും മലയാള ദിനപത്രം നോക്കിയാല്‍ മതി. (പ്രഭാത ദിനപത്രം തന്നെ നോക്കണം. മധ്യാഹ്ന, സായാഹ്ന പത്രങ്ങള്‍ ആണെങ്കില്‍ ഏത് തലക്കെട്ട്‌ ഇടണമെന്ന് നിങ്ങള്ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാകും, കാരണം, ഏതെടുത്താലും ചേരും).




06 ഓഗസ്റ്റ് 2011

കുലത്തൊഴില്‍ പഠിക്കാത്തതിന്റെ കുഴപ്പം

ഞാന്‍ ഗുരുദാസ്‌. പേര് കേട്ടാല്‍ തന്നെ ജാതി പറയേണ്ട കാര്യമില്ലല്ലോ.

 പാരമ്പര്യ തൊഴില്‍ കള്ളു ചെത്താണ് ഈഴവരുടെത്. പണ്ട് നാരായണ ഗുരു കാരണം കള്ളു കുടി ഈഴവര്‍ പൂര്‍ണ്ണമായും നിര്തിയില്ലാ എങ്കിലും, കള്ളു ചെത്തിന്റെ മാന്യത അത്ര വലുതല്ല എന്ന് കണ്ടു ആ തൊഴില്‍ ഏതാണ്ട് ഉപേക്ഷിച്ചു.  അതുകൊണ്ട്, കള്ളു ചെത്തിന്റെ ആദ്യപാദമായ തെങ്ങ് കയറ്റവും മിക്കവാറും ഈഴവര്‍ ഉപേക്ഷിച്ചു. അവരുടെ സന്തതി പരമ്പരകളെ പഠിപ്പിചിട്ടുമില്ല.

എനിക്കറിയാവുന്ന  എന്റെ കുടുംബത്തിലെ മൂന്നു തലമുറയില്‍ ഉള്ളവരില്‍ ആര്‍ക്കും തന്നെ തെങ്ങുകയറ്റം വശമില്ല. കുട്ടിക്കാലത്ത് കയറാന്‍ തെങ്ങും വീട്ടുമുറ്റത്ത്‌ ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ ഒരു ചെറിയ സ്ഥാപനം തുടങ്ങി. നഗരത്തിനുള്ളില്‍ തന്നെ. നാല് സെന്റു സ്ഥലത്ത് മൂന്നു തെങ്ങും ആറേഴു വാഴകളും മറ്റും ഈ കൊമ്പൌണ്ടിനുള്ളില്‍ ഉണ്ട്. മൂന്നില്‍ രണ്ടു തെങ്ങിനും കാ ഫലം ഒന്നും കാണാനില്ല.  ലക്ഷണം കണ്ടിട്ട് ഓല ഇടാന്‍ പോലും അതില്‍ വര്‍ഷങ്ങളായി ആരെങ്കിലും കയരിയിട്ടുള്ളതായും തോന്നുന്നില്ല.

സ്ഥലം വെറുതെ പഴാക്കേണ്ടാ എന്ന് കരുതി ഒരു തെങ്ങിന്റെ ചുവട്ടില്‍ കുറച്ചു ചീര വിത്ത് വിതറി. (ഒരു നല്ല കൃഷി ഓഫീസര്‍, അഞ്ചു രൂപയ്ക്കു ചീര വിത്ത് വാങ്ങിയപ്പോള്‍, അഞ്ഞൂറ് രൂപയുടെ ഉപദേശം തന്നു. മണ്ണ് എങ്ങനെ ഒരുക്കണം, വിത്ത് എങ്ങനെ വിതക്കണം, തുടങ്ങി എല്ലാം). വിത്ത് മുളച്ചു, വെള്ളം മുടങ്ങാതെ നല്‍കി. (വളം, കൃഷി ഓഫീസര്‍, ചാരവും ചാണക പൊടിയുമാണ് പറഞ്ഞത്, തിരുവനന്തപുരം നഗരം മുഴുവന്‍ അരിച്ചു പറക്കിയിട്ടും ചാണക പൊടി കിട്ടിയില്ല, ചാരവും.) പക്ഷെ, ചുവന്ന കീരയുടെ മുളച്ചു വന്ന ചീരയുടെ ഇലകള്‍ക്ക് നല്ല പച്ച നിറം. ഭരണം കമ്മ്യൂണിസ്റ്റ്‌ കാരുടെ അല്ലാത്തത് കൊണ്ടാകുമോ എന്ന് സംശയിച്ചു. എന്നാലും സംശയം തീര്‍ക്കാന്‍ കൃഷി ഓഫീസില്‍ വീണ്ടും പോയി. ഇപ്പോള്‍ അവിടെ ഒരു മാന്യ വനിതയാണ് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ ആപ്പീസറുടെ എല്ലാ ലക്ഷണവും ഒത്തിണങ്ങിയ മാന്യ വനിത. കാര്യം അവതരിപ്പിച്ചു. "ഓ, ചിലപ്പോള്‍ അങ്ങനെ ഒക്കെ വരും", പരിഹാരവും നിര്‍ദേശിച്ചു. വന്ന സ്ഥിതിക്ക് വീണ്ടും ഒരു പാക്കറ്റ് വിത്ത് കൂടി വാങ്ങി.

ഏതായാലും അല്പം പ്രായം ചെന്ന ഒരാള്‍ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം, സഹതാപ പൂര്‍വം ഞങ്ങളോട് പറഞ്ഞു, ചീരക്ക് നല്ല വെയിലും, വെള്ളവും വേണം. കൂടുതല്‍ അടുപ്പിച്ചു നടരുത്. അദ്ധേഹത്തിനു പതിവ് മലയാളിയെ പോലെ, നന്ദി പറയാതെ ഞങ്ങള്‍ തിരികെ പോയി. ഞങ്ങളുടെ കൃഷിയിടം പരിശോദിച്ചു. ശരിയാണ്, ചീര തൈകള്‍ക്ക് മതിയായ വെളിച്ചം ലഭിക്കുന്നില്ല. സ്ഥല ദൌര്‍ലഭ്യം കാരണം തൈകള്‍ വളരെ അടുത്താണ് നില്‍ക്കുന്നത്. വെളിച്ചം കിട്ടാത്തതിന്റെ ഉത്തരവാദി തെങ്ങോലയാണ്. വളരെ മാസങ്ങളായി വൃത്തിയാക്കാത്ത തലയുമായി തടിയന്‍ തെങ്ങ് അങ്ങനെ നില്‍ക്കുകയാണ്. എന്തായാലും തുനിഞ്ഞിറങ്ങി, ഇനി പിന്നോട്ടില്ല എന്നു തന്നെ ഞങ്ങളും തീരുമാനിച്ചു.

ഒരാഴ്ച തെങ്ങില്‍ കയറാന്‍ ആളെ അന്വേഷിച്ചു നടന്നു. ഒരു രക്ഷയുമില്ല. തെങ്ങില്‍ കയറാന്‍ എന്നല്ല, ഡ്രൈവറെ, ടെക്നിഷ്യനെ, ടെലികാളരെ, ആരെയും ജോലിക്ക് കിട്ടാനില്ല. (എന്നിട്ടും ആരാണ് ഇവിടെ തൊഴില്‍ ഇല്ല ഇവിടെ തൊഴില്‍ ഇല്ലാ എന്നൊക്കെ പറയുന്നത്?). അങ്ങനെ ഇന്ന് രാവിലെ നോക്കിയപ്പോള്‍, തോട്ടയല്പക്കത്തു ഒരു തെങ്ങ് മുറിക്കുന്നു. അങ്ങോട്ട്‌ ചെന്ന്. മൂന്ന് ഉദ്യോഗസ്ഥര്‍ ഉണ്ട്. സാര്‍ എന്ന് വിളിച്ചാല്‍ ഇവര്‍ അതിനെ "stupid, idiot, rascal" എന്നതിന്റെ ചുരുക്ക പേരായി കരുതും എന്നറിയാവുന്നത് കൊണ്ട്, ചേട്ടാ എന്ന് ഭവ്യതയോടെ അഭിവാദ്യം ചെയ്തു.

ദേ, അപ്പുറത്ത് നില്‍ക്കുന്ന തെങ്ങില്‍ നിന്നും കുറച്ചു ഓല വെട്ടിക്കളഞ്ഞു ഒന്ന് വൃത്തിയാക്കി തരാമോ എന്ന് ഉണര്‍ത്തിച്ചു. ങ്ഹാ, കുറച്ചു കഴിഞ്ഞിട്ട് വന്നു നോക്കാം എന്ന് തലവന്‍ അറിയിച്ചു. ഞാന്‍ തിരികെ ഓഫീസില്‍ എത്തി മഹത്വ്യക്തികളുടെ വരവും കാത്തിരുന്നു. ഒരു ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തലവന്‍ രണ്ടു വലിയ വെട്ടുകത്തിയുമായി എത്തി. തെങ്ങ് പരിശോദിച്ചു. ഒരെണ്ണം അല്ല, മൂന്നും പരിശോദിച്ചു. 

"മ്. കുറച്ചു പണിയുണ്ട്. എല്ലാം നന്നായി വൃത്തിയാക്കണം, എന്നാലേ കാ ഫലം ഉണ്ടാകൂ." പരിശോധനാ റിപ്പോര്‍ട്ട്‌ നല്‍കി. 

"എന്നാല്‍ അങ്ങനെ ആയിക്കോട്ടേ," ഞാന്‍ ഉവാചാ. 

"അങ്ങനെ പറഞ്ഞാല്‍ എങ്ങനെ?, മൂന്നെണ്ണം ഒന്ന് വൃത്തിയാക്കി എടുക്കാന്‍ എണ്ണൂറു രൂപയാകും."

പിണറായിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി എന്ന് ഇപ്പോള്‍ ആരെങ്കിലും പറഞ്ഞാല്‍ ഒരു സാമാന്യ പാര്‍ടി പ്രവര്‍ത്തകന്റെ അവസ്ഥ എന്തായിരിക്കും എന്നത് പോലെ ആയിരുന്നു ആ വാക്യം എന്റെ കര്‍ണ്ണപുടങ്ങളിലൂടെ കയറി മസ്തിഷ്കത്തില്‍ പ്രക്ഷാളനം ചെയ്തപ്പോള്‍.

"എന്തെരു പറയാണ്? ചെയ്യണോ, വേണ്ടേ?"

കേട്ടത് ശരിയാണോ എന്നറിയാന്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ നോക്കി. അദ്ദേഹം അപ്രത്യക്ഷന്‍.

"ചേട്ടാ, ഞങ്ങള്‍ ഇവിടെ വാടകക്കാരാണ്. ഇത്രയും പണം ഞങ്ങള്‍ക്ക് മുതലാകില്ല. തല്‍ക്കാലം ഈ തെങ്ങുകള്‍ അങ്ങനെ തന്നെ നില്‍ക്കട്ടെ."

"സാറേ" (ആ സാറ്, ഞാന്‍ നേരത്തെ പറഞ്ഞ അതെ അര്‍ത്ഥത്തില്‍ തന്നെ അവര്‍ ഉപയോഗിച്ചതാണ്, ഉറപ്പു), "തെങ്ങിന്റെ മുകളില്‍ വലിഞ്ഞു കയറി ഇതൊക്കെ വൃത്തിയാക്കുന്നത് ഭയങ്കര റിസ്ക്‌ ഉള്ള പണിയാണ്. ഇത്രയും ഉണ്ടെങ്കില്‍ പറ, ഞാന്‍ വൃത്തിയാക്കി തരാം."

എന്തെങ്കിലും  ഒന്ന് മിണ്ടാനുള്ള ശേഷി എനിക്ക് നഷ്ടപ്പെട്ടിരുന്നു. ഞാന്‍ നിഷേധ ഭാവത്തില്‍ തലയാട്ടി.സ്വയം അറിയാതെ സംഭവിച്ച, ഒരു സ്വാഭാവിക പ്രതികരണം.

"ഹും. ബാര്‍ബര്‍ ഷാപ്പില്‍ ചെന്ന് അവന്മാരുടെ മുമ്പില്‍ തലയും കുനിച്ചു വായും പൊതി, ഉള്ള രോമവും (അതിന്റെ തമിഴ് പദം ആണ് ഉപയോഗിച്ചത്) വെടിപ്പാക്കി മുന്നൂറ്റന്പതും നാന്നൂരും ഒക്കെ കൊടുക്കാം, ഇവിടെ ഞങ്ങള്‍ വന്നു മുപ്പതും നാപ്പതും അറുപതും അടി ഉയരമുള്ള തെങ്ങിന്റെ മുകളില്‍ വലിഞ്ഞു കയറി അത് വൃത്തിയാക്കാന്‍ പണം ചോദിച്ചാല്‍ അത് കൂടുതല്‍. ഇറങ്ങിക്കോളും രാവിലെ മനുഷ്യനെ മെനക്കെടുത്താന്‍." തലൈവര്‍ വിടെയ്‌ ശോല്ലിനാര്‍.

പേശു മാത്രമല്ല കേള്‍വിയും നേരത്തെ പോയതിനാല്‍ തലൈവരുടെ കൊഞ്ചല്‍ നേരിട്ട് കേള്‍ക്കാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയി. നേരത്തെ അപ്രത്യക്ഷനായ സുഹൃത്ത് സംഭവം റിപ്ലെ ചെയ്തപ്പോഴാണ് കാര്യം പിടികിട്ടിയത്.

അടുത്ത വീട്ടുകാര്‍ എന്തിനു തെങ്ങ് നമ്മുടെ സംസ്ഥാന വൃക്ഷം, കല്പ വൃക്ഷം നിഷ്കരുണം നിര്‍മാര്‍ജനം ചെയ്തു എന്നതിന് ആ നിമിഷം എനിക്ക് ഉത്തരം കിട്ടി.

മൂന്നു തെങ്ങിന് എണ്ണൂറു രൂപാ ആണ് നിരക്ക് എങ്കില്‍, ഇപ്പോഴത്തെ കമ്പോള നിലവാരം വച്ച് ഒരു ദിവസം ശരാശരി പത്തു തെങ്ങ് കയറാന്‍ പറ്റും. മാസത്തില്‍ ഇരുന്നൂറ്റി അമ്പതു.  അരുപതാരായിരത്തി അഞ്ഞൂറ് രൂപ.  വര്‍ഷത്തില്‍ ഏതാണ്ട് എട്ടു ലക്ഷം രൂപ. അസംഘടിത മേഖല ആയത് കൊണ്ട് വരുമാന നികുതി പോലും നല്‍കേണ്ട. ഇത്രയും ആലോചിച്ചപ്പോള്‍ തന്നെ ഒരു മൂന്നു പെഗ് അടിച്ചത് പോലെ ആയി. മൂന്നു പെഗ്, എന്റെ മാക്സിമം ലിമിറ്റ് ആണ്.

ഇപ്പോള്‍, ആ കെട്ടു വിട്ടു. വെറുതെ പണ്ട് പഠിക്കാനും ജോലിക്കും ഒക്കെ പോയത് വലിയ അബദ്ധമായി. വല്ല തെങ്ങ് കയറ്റവും പഠിച്ചാല്‍ മതിയായിരുന്നു. അപ്പോഴാണ്‌, എന്റെ കുലത്തൊഴില്‍ ഇതായിരുന്നല്ലോ എന്നാ ബോധം ഉണ്ടായത്.

കഷ്ടമായിപ്പോയി. നാരായണ ഗുരു പണ്ട് ചെയ്തത് വലിയ ചതി ആയിപ്പോയി. കള്ളു കുടിക്കരുതെന്നു മാത്രം പറഞ്ഞാല്‍ പോരായിരുന്നോ ഗുരുവിനു? എന്തിനു അത് ചെത്തരുത് എന്ന് കൂടി പറഞ്ഞു? കള്ളു കുടിച്ചാല്‍ അല്ലെ പ്രശ്നമുള്ളൂ, അത് കാച്ചി കരുപ്പട്ടി ആക്കാംആയിരുന്നില്ലേ? വളരെ വലിയ ചതി ആയിപ്പോയി.

ഇനിയിപ്പോള്‍ മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കാം. ഭ്രാന്തനായ രാക്ഷസനെ പോലെയുള്ള, തെങ്ങ് ചതിക്കില്ല എന്നതിന് അപമാനമായി ഞങ്ങളുടെ ഓഫീസിനു മുന്നില്‍ നില്‍ക്കുന്ന, ഈ മാരണത്തെ എങ്ങനെ എങ്കിലും കരിച്ചു കളയാന്‍ പറ്റുന്ന എന്തെങ്കിലും മാര്‍ഗം, നിങ്ങളില്‍ ആര്‍ക്കെങ്കിലും അറിയാമെന്കില്‍, ഒന്ന് പറഞ്ഞു തരണേ, എങ്കില്‍, എങ്കില്‍ മാത്രം, നിങ്ങള്ക്ക് പുണ്യം കിട്ടും.

പിന്‍കുറിപ്പ്‌

ഒന്നും കുറിക്കുന്നില്ല. സുഹൃത്ത് രാം മഹേഷ്‌ അയച്ചു തന്ന ഒരു ചിത്രം തന്നെ നല്‍കാം.