19 ഒക്‌ടോബർ 2012

വകയ്ക്കു കൊള്ളാത്ത പഴം പച്ചക്കറി പലവ്യഞ്ജന സാധനങ്ങള്‍

ഏഴു വര്ഷം മുമ്പ് ദുഭായില്‍ ആദ്യമായി വന്നപ്പോള്‍ സുഹൃത്ത്‌ കാണിച്ചു തന്ന ആദ്യത്തെ അത്ഭുതം എയര്‍പോര്‍ട്ട് ടണല്‍ ആയിരുന്നു. 

രണ്ടാമത്തെ അത്ഭുതം, ഒരു മലയാളി എന്നാ നിലയില്‍ എന്നില്‍ രോമാഞ്ചം ജനിപ്പിച്ച, ഇംഗ്ലീഷ് അക്ഷര മാലയിലെ വെറും രണ്ടു അക്ഷരം കൊണ്ട് ഒരു നാലക്ഷര രണ്ടുമാത്ര നാമത്തില്‍ ഉള്ള ഒരു ഷോപ്പിംഗ്‌ മാള്‍... ഇന്ന് ആ രണ്ടുമാത്ര നാമ ഷോപ്പിംഗ്‌ മാള്‍ ശൃംഗല  ഏതാണ്ട് എല്ലാ അറബ് രാജ്യങ്ങളിലും സ്വസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. കൊച്ചിയിലും ഒരെണ്ണം ഉണ്ടെന്നോ, ഉണ്ടായിക്കൊണ്ടിരിക്കുന്നോ എന്നാണു അറിവ്.

മേല്‍പടി ശൃംഗലയുടെ അധിപന്‍, ഇന്ന് അറബ് രാജ്യങ്ങളില്‍ ഏറ്റവും സ്വാധീനമുള്ള ഇന്ത്യാക്കാരില്‍ പ്രമുഖനായ ഒരു മലയാളിയാണ്.  അതില്‍ ഏറ്റവും എളിയവനായ ഈ മലയാളിയും അഭിമാനിക്കുന്നു

പക്ഷേ, സത്യത്തിന്റെ മുഖം ഇരുണ്ടാതാണല്ലോ...  അണ്ണാന്‍ മൂത്താലും മരം കയറ്റം മറക്കുമോ? മലയാളി എവിടെ പോയാലും മലയാളി അല്ലാതാകുമോ? എനിക്ക് ഒരിക്കലും ഒരി മലയാളി ആകാതിരിക്കനാകുന്നില്ല.  അതുകൊണ്ട് ഇനിയുള്ള കാര്യങ്ങള്‍ മലയാളികളായ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.

മേല്‍പടി ദ്വിമാത്ര നാമ ബഹുവിധ വിപണന കേന്ദ്രം, മലയാളികള്‍ക്ക് മാത്രമല്ല, അത്യാവശ്യം എല്ലാ നാട്ടുകാര്‍ക്കും ഗുണമേന്മയുള്ള സാധനങ്ങള്‍ ആദായകരമായി വിറ്റ്  വന്നിരുന്നു.  ഒരു പക്ഷേ ഉടയോന്‍ ഇതെല്ലാം നേരില്‍ നോക്കി നടത്തിരുന്നിരിക്കാം.  ഇപ്പോള്‍ ഉടയോന്‍, തനിക്കു പുറം ലോകത്തുള്ള സ്വാധീനതയുടെ കാഠിന്യം കാരണവും, നാട്ടുകാരെ ഇനിയും കുറഞ്ഞ ചെലവിലും കൂടുതല്‍ കാര്യക്ഷമതയിലും ഗഗനചാരത്തിന് സഹായിക്കാനുള്ള  ആത്മ സമര്‍പ്പണത്തിന്റെ ഭാഗവുമായി അതിയായ തിരക്കിലാണ് എന്ന് വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നു.

നിര്‍ഭാഗ്യ വശാല്‍ ഭൂരിപക്ഷം ലോക വിജയികളുടെ കാര്യത്തില്‍ എന്ന പോലെ തന്നെ ഉടയോന്റെ നില ഇവ്വിധം ഉയരങ്ങളിലേക്ക് പോകുന്നത് മറ്റു എന്നെ പോലെ തന്നെ മറ്റു മലയാളികള്‍ക്ക് തീരെ സഹിക്കുന്നില്ല.  മലയാളികള്‍ക്ക് മാത്രമല്ല,  ഉടയോന്റെ ശമ്പളം പറ്റി ഉപജീവനം നടത്തുന്ന പലര്‍ക്കും അസഹിഷ്ണുത ഉണ്ട് താനും.   ഞാന്‍ ആ അസിഹ്ഷ്ണുത ഇങ്ങനെ കത്തിലൂടെ പ്രകടിപ്പിക്കുന്നു.  ഉടയോന്‍ ഇതൊരിക്കലും വായിക്കില്ല എന്നാ ധൈര്യമാണ് അതിനു പിന്നില്‍.

ഉടയോന്റെ ആജ്ഞാനുവര്ത്തികളും അവരുടെ കീഴിലുള്ളവരും  എന്ത് ചെയ്യുന്നു?  ഉത്തരം വളരെ ലളിതമാണ്... ഉടയോന്റെ കാല്‍ക്കീഴിലെ മണ്ണ് സൂചി തുമ്പ് കൊണ്ട് തോണ്ടി കളയുന്നു... ഉടയോന്‍തന്നെ ഈ നിലയില്‍ എത്തിച്ച ദ്വിമാത്ര നാമ കച്ചവട സ്ഥാപനങ്ങളില്‍ ഇനി ഒരിക്കലും നേരിട്ട് വരാന്‍ പോകുന്നില്ല (എന്റെ ഈ കുറിപ്പ് അദ്ദേഹം വൈക്കാന്‍ പോകുന്നില്ല എന്നത് പോലെ തന്നെ). പേരിന്റെ പ്രശസ്തി കൊണ്ട് എന്ത് ചവറ്  ഏതു  പേരില്‍ വിറ്റാലും  ബ്ലഡി മലയാളീസ് ആന്‍ഡ്‌ അദര്‍ ബനാന പീപ്പിള്‍സ് പഞ്ച പുശ്ചം അടക്കി അവ വാങ്ങി കൊണ്ട് പൊയ്ക്കോളും.  ഈ ധൈര്യം, അവരെ കൊണ്ട് വില കുറഞ്ഞ സാധനങ്ങള്‍ പ്രവാസികള്‍ക്ക് വിറ്റു  വരുന്നു.  ഉടയോന്റെ അനുയായികളില്‍ കമ്മീഷന്‍ വാങ്ങി സാധങ്ങള്‍ ക്രയ വിക്രയം നടത്തുന്നു എന്നൊന്നും ഈ ദോഷൈക ദൃക്ക് സമര്‍ത്ഥിക്കുന്നില്ല. പക്ഷേ, ഏറ്റവും ചെറിയ 'ഗ്രോസറി'യില്‍ ലഭിക്കുന്നതിനേക്കാള്‍ മോശപ്പെട്ട പഴം പച്ചക്കറി സാധങ്ങള്‍ ആണ് ഇപ്പോള്‍ ഉടയോന്റെ സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഏറെയും ലഭിക്കുന്നത്  ശക്തനായ ഉടയോന്റെ അതി ശക്തമായ അടിത്തറ ഇങ്ങനെ ആരൊക്കെയോ സൂചി കൊണ്ട് ഇളക്കുന്നു.  ഇക്കണക്കിനു മുന്നോട്ടു പോയാല്‍ വായു കേരളം പദ്ധതി യാഥാര്‍ത്ഥ്യം ആകുന്നതിനു മുമ്പ് തന്നെ, ഉടയോന്  വായുകോപവും  തിരുവയറൊഴിഞ്ഞ കീശയും ആയിരിക്കും മിച്ചം ഉണ്ടാകുന്നത്.

ഇത്രയും ഏഴുതി കഴിഞ്ഞപ്പോള്‍, എന്തൊരു ആശ്വാസം... ഒരു മലയാളി എന്ന നിലയില്‍, മറ്റൊരു മലയാളിക്ക് അസൂയയും കുശുമ്പും നിറഞ്ഞ ഒരു പാര വയ്ക്കാന്‍ പറ്റിയല്ലോ.  പക്ഷേ ആ ആശ്വാസം പരിപൂര്‍ണ്ണം അല്ല... കാരണം ഉടയോനുമായി യാതൊരു വിധത്തിലും ബാധ്യത ഇല്ലാത്ത എനിക്ക്, അങ്ങേര്‍ക്കിട്ട് ഒരു പണി കൊടുക്കാന്‍ കഴിഞ്ഞപ്പോള്‍ ഇത്രയും സന്തോഷം ഉണ്ടെങ്കില്‍, അദ്ദേഹത്തിനെ ചോറും ഉപ്പും തിന്നുകൊണ്ട്‌ തന്നെ അദ്ദേഹത്തിന് പണി കൊടുക്കുന്ന മഹാന്മാര്‍ക്ക് എത്രമാത്രം സന്തോഷം കാണുമായിരിക്കും? ...

ലുലു ഗ്രൂപ്പിന്റെ ഉടമയായ ബഹു: യൂസഫലിയോടു എനിക്കുള്ള അസൂയ കാരണമാണ് ഞാന്‍ ഇതെഴുതിയത്.  വകയ്ക്കു കൊള്ളാത്ത പഴം പച്ചക്കറി പലവ്യഞ്ജന  സാധനങ്ങള്‍ ആണ് ഇപ്പോള്‍ ലുലു  വില്‍ക്കുന്നത് എങ്കിലും, അദ്ദേഹത്തിനോ, അദ്ദേഹം വിശ്വസിച്ചു ടി സ്ഥാപങ്ങളെ മേല്‍നോട്ടം എല്പ്പിചിരിക്കുന്നവര്‍ക്കോ  അക്കാര്യത്തില്‍ എന്തെങ്കിലും മനസ്സറിവ് ആത്മാര്‍ഥമായിട്ട് ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല. അക്കാര്യത്തില്‍ എന്ന് മാത്രമല്ല, ഇപ്പോള്‍ പല കാര്യത്തിലും ആത്മാര്‍ഥതയും മനസ്സറിവും അവര്‍ക്കില്ല.

 ദൈവമേ, ഈ അസൂയക്ക്‌ എന്നോട് പൊറുക്കേണമേ... യൂസഫലിയും എന്നോട് പൊറുക്കേണമേ...

3 അഭിപ്രായങ്ങൾ:

Souminik പറഞ്ഞു...

വലിയവർ പറയുന്നതും ചെയ്യുന്നതും അപ്പാടെ സ്വീകരിക്കുന്ന ശീലമാണല്ലൊ മനുഷ്യർക്ക്,,, 

Prathipursuhan പറഞ്ഞു...

വായു കേരളയും ഒറ്റപ്പാള വണ്ടികളും എത്തുംമുന്നെ പതിനാലു ജില്ലകളിലും വിമാനത്താവളം കൊണ്ടുവരാന്‍ ആണ് നമ്മുടെ യജമാനന്മാര്‍ക്ക്‌ താല്‍പ്പര്യം. കിം ഫലം? ഉള്ള റോഡുകളും വൈദ്യുത - ജല വിതരണ സംവിധാനവും പോലും നന്നായി നടത്താന്‍ കഴിയാത്തവര്‍ ആണ്  ഭഗീരതപ്രയത്നത്തിനൊരുങ്ങുന്നത് . നമ്മുടേത്‌  democracy അല്ല demolition crazy  commission crazy  ആണ് . Hats off to your language bro.

GurudasSudhakaran പറഞ്ഞു...

 ശരിക്കും  ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു...

ഭാക്ഷയെ പുകഴ്ത്തിയത്തിനു നന്ദി പ്രഭോ... :)