12 ഓഗസ്റ്റ് 2011

പ്ലാസ്റ്റിക് തേച്ചു കുളിക്കുന്ന നമ്മള്‍

മറ്റൊരു സംഭവം.

ഇത് ഒരു കോര്പോരെറ്റ്‌ ഭീമന്റെ നിഷ്കാമ ജന സേവനത്തിന്റെ മാതൃകയാണ്.

കുട്ടിക്കാലം മുതലേ, കേശവന്‍ വൈദ്യരുടെ 'ചന്ദ്രിക' സോപ്പ് ആണ് ഞങ്ങള്‍ ഉപയോഗിച്ചിരുന്നത്. ചെറുതും, ഹരിതാഭവും, സുഗന്ധ പൂരിതവും,ആയുര്‍വേദത്തിന്റെ ആദ്യ വാണിജ്യ ഉല്പന്നവും ഒക്കെ ആയിരുന്നു അക്കാലത്ത് ചന്ദ്രിക സോപ്പ്. ആരോഗ്യത്തിന്റെ രഹസ്യമായ 'ലൈബായ്‌' സോപ്പ് ഉണ്ടായിരുന്നെങ്കിലും, ഞങ്ങള്‍ ഉപയോഗിച്ചിരുന്നത് ചന്ദ്രിക തന്നെ. ചന്ദ്രിക ഇല്ലാത്തപ്പോള്‍, ചിലപ്പോള്‍ ബാര്‍ സോപ്പ് ഉപയോഗിച്ച് പോലും കുളിച്ചിട്ടുണ്ട്. (അതൊക്കെ അന്നത്തെ കാലം, ബാര്‍ സോപ്പ് ഉപയോഗിച്ചാലും അഴുക്ക് പോകുകയും ശരീരം കേടാകാത്തിരിക്കുകയും ചെയ്തിരുന്ന പഴയ കാലം).

ഇടക്കാലത്ത് കല്യാണം കഴിക്കുകയും, അതിനു ശേഷം ദുഭായില്‍ പോകുകയും ചെയ്ത സമയം, ചന്ദ്രിക ദുഭായിലും വന്നു. പഴയ പരമ്പരാഗത ശൈലിയിലും പുതിയ വലുപ്പം കൂടിയ പാക്കറ്റിലും ഒക്കെ ചന്ദ്രിക അവിടുത്തെ ലോക്കല്‍ ഗ്രോസറികളില്‍ സുലഭം. മലയാളികളുടെ സ്വന്തമായ ഏത്  'മദീനാ സൂപ്പര്‍ മാര്‍ക്കറ്റിലും' ചന്ദ്രിക കിട്ടും. പക്ഷേ കോര്‍പ്പറേറ്റ് ഭീമന്മാരായ 'ഷാവാലസ്' ഉദ്പന്നം ആയി മാറിയിരുന്നു ചന്ദ്രിക. എന്നിട്ടും അത് തന്നെ ഉപയോഗിച്ചു. കുളിക്കുമ്പോള്‍ പോലും ഒരു 'നോസ്ടാല്‍ജിയ' ആയിക്കോട്ടെ എന്ന് കരുതി.

ഇങ്ങനെ ഒക്കെ ആണെങ്കിലും, നാട്ടില്‍ വരുമ്പോള്‍, 'ക്ലിയോപാട്ര', 'ഇമ്പീരിയല്‍ ലതര്‍', 'ലക്സ്' തുടങ്ങിയ വന്പന്മാരെ, 'സ്പെഷ്യല്‍ ഒഫ്ഫര്‍' വഴി തെരഞ്ഞെടുത്തു, അധിക ഡ്യൂട്ടി നല്‍കി നാട്ടില്‍ കൊണ്ടുവന്നു. അതൊക്കെ തേച്ചു കുളിച്ചു വാമ ഭാഗവും മകനും ആ സോപ്പുകളുടെ ഗുണമേന്മ നന്നായി തിരിച്ചറിഞ്ഞു. ഇപ്പോള്‍, ചന്ദ്രിക, പപ്പായ, രാധാസ്, കൃഷ്ണ തുളസി തുടങ്ങിയ നാടന്‍ ബ്രാന്‍ഡ്‌ സോപ്പുകള്‍ അവര്‍ക്ക് അത്രയ്ക്ക് അങ്ങോട്ട്‌ പിടിക്കുന്നില്ല. കുറഞ്ഞ പക്ഷം, ലക്സ് എങ്കിലും വേണം. (മേല്പ്പടി വിദേശി സോപ്പുകള്‍ ഇങ്ങു തിരുവന്തോരത്തും കിട്ടും എങ്കിലും, ഇതുവരെ, ഭാര്യയേയും കുട്ടിയേയും അത്തരം കടകളില്‍ കൊണ്ടുപോകുക എന്നാ ആത്മഹത്യാപരമായ സംഗതി ഞാന്‍ ചെയ്തിട്ടില്ല എന്നത് വാസ്തവമാണ്).

ലക്സ് എന്നത് യൂണിലിവര്‍ എന്ന കമ്പനിയുടെ ആഗോള ഉല്പന്നമാണ്. ആഗോള നിലവാരവും അതിനുണ്ട്. ഇന്ത്യയില്‍ യൂണിലിവര്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ആണ്. പേരില്‍ ഹിന്ദുസ്ഥാന്‍ വരുമ്പോള്‍, രൂപത്തിലും ഭാവത്തിലും ഒക്കെ അല്പം ഹിന്ദുസ്ഥാന്‍ എന്ന ഭാരതം എന്ന ഇന്ത്യയുടെ സ്വഭാവം കൂടി വരേണ്ടേ? വേണം. അല്ലെങ്കില്‍ ദേശിയതക്ക് കോട്ടം തട്ടും. യൂണിലിവര്‍ ആരാ മോന്‍?

സുഹൃത്തുക്കളെ, യൂണിലിവര്‍ ഒരിക്കലും പരസ്യപ്പെടുത്താത്ത ഒരു മഹത്തായ സേവനത്തിന്റെ കാര്യം ഇപ്പോള്‍ ഞാന്‍ വെളിപ്പെടുത്തുവാന്‍ പോകുകയാണ്. വിദേശികള്‍ക്ക് വെറുതെ സോപ്പ് തെയ്ച്ചാല്‍ അഴുക്ക് ഇളകുകയില്ല. ഒരാഴ്ചത്തെയോ ഒരു മാസത്തെയോ ഒക്കെ അഴുക്ക് ദേഹത്ത് നിന്നും ഉറച്ചു കളയണമെങ്കില്‍ പ്രത്യേക സാമഗ്രികള്‍ ഒക്കെ വേണം. നമ്മള്‍ മലയാളികളുടെ കാര്യം അങ്ങനെ അല്ലല്ലോ, ചകിരി, ഈഞ്ച തുടങ്ങിയ സാധനങ്ങള്‍ നമുക്ക് മുന്‍പ് ഉണ്ടായിരുന്നു. ഇപ്പോള്‍ അവയൊക്കെ എവിടെ? പിന്നെ, എന്നും കുളിക്കുന്ന നമ്മള്‍ എന്തിനാണ് പണം കൊടുത്തു അഴുക്ക് തേച്ചു കളയാന്‍ വേറെ സാധനം വാങ്ങുന്നത്? പക്ഷേ നമ്മളെ അങ്ങനെ ഉപേക്ഷിക്കുവാന്‍ സോപ്പ് നിര്‍മ്മാണ ഭീകരന് കഴിയുമോ? അവര്‍ അത് നമുക്ക് സൌജന്യമായി തരുന്നുണ്ട്. ലക്സ് മാത്രമല്ല, അവരുടെ ഏതു സോപ്പ് വാങ്ങിയാലും അത് നമുക്ക് കിട്ടും. പ്ലാസ്റ്റിക്‌ കൊണ്ടുള്ള 'അഴുക്ക് ഇളക്കല്‍' സാമഗ്രി.

 എനിക്കറിയാം, "ദേണ്ടെ യിവന്‍ ചുമ്മാ കള്ളം പറയുകയാന്' എന്ന് നിങ്ങള്‍ മനസ്സില്‍ പറയുന്നു എന്ന്. എന്നാല്‍ അങ്ങനെ അല്ല കാര്യം. ഞാന്‍ പറഞ്ഞത് സത്യമാണ്. എനിക്കും നിങ്ങള്‍ക്കും എല്ലാം, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ നല്‍കിയിട്ടുള്ള സൌജ്യനം ലഭിച്ചിട്ടുണ്ട്. ഞാന്‍ വിശദമായി പറയാം. പ്രസ്തുത കമ്പനി, അവരുടെ സൌജന്യം നല്‍കുന്നത് സോപ്പില്‍ 'എംബെഡ്‌' ചെയ്താണ്'  75ഗ്രാം സോപ്പ് വാങ്ങുമ്പോള്‍, 25 ഗ്രാം പ്ലാസ്റ്റിക്‌ പേപ്പറുകളും, നാരുകളും ഒക്കെ സോപ്പില്‍ തന്നെ 'എംബെഡ്‌' ചെയ്തു അവര്‍ നമ്മളെ സഹായിക്കുന്നു. മ്... ഇപ്പോള്‍ നിങ്ങള്ക്ക് ഓര്‍മ്മ വന്നു അല്ലെ. നേരത്തെ എന്നെ വെറുതെ സംശയിച്ചില്ലേ, സാരമില്ല. ഞാന്‍ ക്ഷമിച്ചു.

ഇപ്പോള്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മറ്റൊരു സൌജന്യം കൂടി നല്‍കുന്നുണ്ട്. ലക്സ് വാങ്ങുമ്പോള്‍, ലൈബോയ്‌, പിയേഴ്സ് തുടങ്ങിയ സോപ്പുകളുടെ സാമ്പിള്‍ കൂടി അവര്‍ നല്‍കുന്നു. അതും 'എംബെഡ്‌' ചെയ്തു ആണെന്ന് മാത്രം. കമ്പനി ഇതൊക്കെ ചെയ്യുന്നതു സാധാരണക്കാരായ ഇന്ത്യാക്കാര്‍ക്ക് മാത്രമാണ് എന്നത് നിങ്ങള്‍ മനസ്സിലാക്കണം.

ഇത്രയൊക്കെ ലഭേശ്ച്ച കൂടാതെ ചെയ്യുന്ന കമ്പനിയെ നമ്മള്‍ നന്ദിപൂര്‍വ്വം സ്മരിക്കേണ്ടതാണ്. ഇനിയും വൈകിക്കാതെ.


അഭിപ്രായങ്ങളൊന്നുമില്ല: