08 സെപ്റ്റംബർ 2011

മേനകാര്ച്ചന അല്ലെങ്കില്‍ സുഗതാര്ച്ച്ന


സ്വന്തം ഭര്‍ത്താവിന്റെ പൂര്ത്തിയാക്കാനാകാത്ത ആഗ്രഹം അദ്ധേഹം ജീവിച്ചിരുന്നപ്പോള്‍ നിര്‍വഹിച്ചിരുന്നതിനേക്കാള്‍ മനോഹരമായി ഒരമ്മ യാതൊരുവിധ രക്ത ചൊരിച്ചിലും കൂടാതെ നടത്തി വരുന്നതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല യമകിങ്കരന്മാരും വിശ്രമത്തിലാണ്. ഇന്ത്യയിലെ ജന സംഖ്യ കുറയ്ക്കാന്‍ നിര്‍ബന്ധിത വന്ധ്യംകരണം നടപ്പിലാക്കാന്‍ ഇന്ത്യാ മഹാരാജ്യത്തെ സ്ഥിരം ഭരണ സംവിധാനമായ നെഹ്രു കുടുംബത്തിലെ സഞ്ജയ് ഗാന്ധി ചില പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു എന്ന് പണ്ട് എപ്പോഴോ വായിച്ചിരുന്നു. അടിയന്തിരാവസ്ഥകാലത്ത് ആ പദ്ധതികള്‍ കുറച്ചൊക്കെ നടപ്പിലാക്കി എന്നും കേട്ടിരുന്നു. പക്ഷേ, പരിപാടി പാളിപ്പോയി.

കാലാന്തരം സഞ്ജയ ഗാന്ധി കൊല്ലപ്പെടുകയും മേനക ഗാന്ധി വിധവ ആകുകയും ചെയ്തു. കുറഞ്ഞ നാള്‍ മാത്രമേ കൂടെ ഉണ്ടായിരുന്നു എങ്കിലും മനുഷ്യരേക്കാള്‍ ഭേദം മൃഗങ്ങളെ സ്നേഹിക്കുകയാണെന്ന് മേനക ഗാന്ധി എന്ന നെഹ്രു മരുമകള്‍ അമ്മായി അമ്മയില്‍ നിന്നും പഠിച്ചിരുന്നു. അത് മാത്രമല്ല പഠിച്ചത്, ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം എന്ന പാഠവും. വൈധവ്യത്തിന്റെ ഏകാന്ത ദിനങ്ങളില്‍ ആറ്റില്‍ കളയാനുള്ളത് അളന്നു കുറിച്ചപ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ ഭര്‍ത്താവിന്റെ സുകൃത ക്ഷയം കൊണ്ടാകും മേനകയ്ക്ക് ഞ്ജാനം ഉദിച്ചത്. വെറുതെ ഏതെന്കിലും മൃഗങ്ങളെ സ്നേഹിച്ചിട്ടു കാര്യമില്ല, അവകള്‍ തനിക്ക് വേണ്ടി ഒപ്പീസ് പോലും പാടില്ല. സ്നേഹിക്കണമെങ്കില്‍ അഥവാ അത് നടിക്കണമെങ്കില്‍ അത് കൂതറ മനുഷ്യരുടെ കൂടെയുള്ള മൃഗങ്ങളെ വേണം.

മൃഗശാലകളില്‍, തെരുവുകളില്‍ ഒക്കെയുള്ള അശരണര്‍ ആയിട്ടുള്ള പക്ഷി മൃഗ സംരക്ഷണത്തിന് മേനക മുന്നിട്ടിറങ്ങി.  പരമ്പരാഗത പ്രകൃതി സ്നേഹവും പരിസ്ഥിതി സ്നേഹവും ഉണക്കമര പ്രേമവും ഒക്കെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്ന നമ്മുടെ സാംസ്കാരിക നായകരും ('നായകര്‍' എന്നത് പുല്ലിംഗ ബഹുവചനമായി കാണരുത് - അത് പ്രധാനമായും സ്ത്രീകളും പിന്നെ കുറച്ചു പുരുഷന്മാരും ചേരുന്ന ഒരു സര്‍വ്വ നാമം ആണിവിടെ) മേനകക്ക് സര്‍വ്വ വിധ പിന്തുണയും നല്‍കി. സ്വാതന്ത്ര്യത്തിനും അടിയന്തിരാവസ്ഥക്കും ശേഷം, അണ്ണാ ഹസാരെക്ക് മുമ്പ് ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും ഉജ്ജ്വലവും ത്യാഗ നിര്ഭരവുമായ സമര പരമ്പരകളിലൂടെ മേനകയും കൂട്ടരും ലക്‌ഷ്യം കണ്ടെത്തി എന്നത് ചരിത്രം.

മറ്റേതൊരു നിയമത്തേയും പോലെ, കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനുയോജ്യമായ നിയമം കേരളത്തിലും വന്നു. ഭക്ഷണത്തിനായി കൊല്ലുന്നത് ക്രൂരതയല്ലാത്തതിനാല്‍, ആട്, മാട്, കോഴി തുടങ്ങിയവയുടെ ഭക്ഷ്യ യോഗ്യമായ വധം അനുവദനീയമാണ്. എന്നാല്‍ മൃത ദേഹത്തോട് അനാദരവ് പാടില്ല എന്നതിനാല്‍ ഇവയെ കൊന്നു കഴിഞ്ഞു പങ്കു വയ്ക്കുന്നത് വൃത്തിയും മറവും ഉള്ളിടത് ആയിരിക്കണം. അങ്ങനെ, ഇറച്ചികടകള്‍ കണ്ണാടി കൂടുകള്‍ ആയി. വന്യജീവിയായ ആനകളെ, കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിബന്ധനകള്‍ക്ക് വിധേയമായി വളര്‍ത്തുവാന്‍ അനുവദിച്ചു. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളില്‍ ഇവിടെ ഏറ്റവും അധികം പീഡനത്തിനു വിധേയമാകുന്നത് തെരുവ് നായ്ക്കള്‍ ആണെന്ന് മേല്പടി കേരള സാംസ്കാരിക നായകര്‍ (മേല്പടി നായകര്‍ മാത്രമാണ്, എല്ലാരുമല്ല), കണ്ടെത്തി. അതുവരെ ചത്ത നായയുടെ ചത്തതോ അല്ലാത്തതോ ആയിട്ടുള്ള ഒരു വാലിനു ഏഴു രൂപ വച്ച് സര്‍ക്കാരിനു ഉണ്ടായിക്കൊണ്ടിരുന്ന ചെലവ് അതോടുകൂടി നിലച്ചു.

തെരുവിന്റെ മക്കള്‍ക്ക്‌ - അത് നരന്‍ ആയാലും നായ ആയാലും - ഒരു കുഴപ്പമുണ്ട് ആരും ശ്രദ്ധിക്കാനോ സംരക്ഷിക്കാനോ ഇല്ലെങ്കിലും അവര്‍ തഴച്ചു വളരും. എ.സി. കാറിലും മുറികളിലും മാത്രം കഴിയുന്ന തങ്ങളുടെ സംരക്ഷകരുടെ ബലത്തില്‍, ആ സത്യം അറിയാതെ നായ്ക്കളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിച്ചു. പലയിടത്തു നിന്നും മുറുമുറുപ്പ് ഉയര്‍ന്നപ്പോള്‍, മേനക ഒരു ഒത്തു തീര്‍പ്പിന് തയ്യാറായി. തെരുവ് നായ്ക്കളെ തെരഞ്ഞു പിടിച്ചു വന്ധ്യംകരണം നടത്തുക. നടന്നത് കണക്ക് തന്നെ. നമ്മുടെ മൃഗ സംരക്ഷകര്‍ക്ക് വേറെ പണിയില്ലേ?

എന്തൊക്കെ ആയാലും, തെരുവ് നായ ആണെങ്കിലും നന്ദിയുള്ള വര്‍ഗ്ഗം ഇപ്പോഴും നായകള്‍ തന്നെ.  തങ്ങളുടെ വംശ പരമ്പരക്ക് ജീവഭയം ഇല്ലാതെ സ്വൈര വിഹാരം നടത്താന്‍, അവസരം ഒരുക്കി തന്ന മേനകയ്ക്ക് അവര്‍ നന്ദി പ്രകടിപ്പിച്ചു വരുന്നു. മനുഷ്യര്‍ക്ക്‌ ഗോചരമല്ലാത്തത് പലതും നായ്ക്കള്‍ക്ക് കാണുവാന്‍ കഴിയും എന്നാണല്ലോ വിശ്വാസം, മേനകയുടെ ഭര്‍ത്താവിന്റെ ചിരകാല അഭിലാഷമായിരുന്ന ഇന്ത്യയുടെ ജനസംഖ്യ കുറയ്ക്കല്‍ ഇപ്പോള്‍, നന്ദിപൂര്‍വ്വം തെരുവ് നായ്ക്കള്‍ ഏറ്റെടുത്തു നടത്തുന്നു. രാത്രികളില്‍ ഒറ്റക്കും കൂട്ടമായും കേരളത്തിലെ റോഡുകളില്‍ ഇരു ചക്ര വാഹനങ്ങളില്‍ പോകുന്നവരെ നിഷ്കരുണം തള്ളി താഴെയിട്ടു കാലപുരിക്ക് അയക്കുന്നു കേരളത്തിലെ നന്ദിയുള്ള നായ്ക്കള്‍. നഷ്ടപ്പെടുന്നത് വിലയില്ലാത്ത മനുഷ്യ ജീവന്‍ ആയതിനാലും, ഇരു ചക്ര വാഹനങ്ങളുടെ ഇടിയേറ്റ് നായകള്‍ വീര മൃത്യു വരിക്കാത്തതിനാലും ഇക്കാര്യങ്ങള്‍ ഇതുവരെ മേനകയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലാ. മേല്പടി (മേല്പടി മാത്രം) സാംസ്കാരിക നായകര്‍ക്ക് പ്രതികരിക്കാന്‍ അറിയാവുന്ന മനുഷ്യരുടെ വേദന കവിതയ്ക്കും അവാര്‍ഡിനും ഒരു വിഷയവും, മിണ്ടാപ്രാണികളുടെ ആത്മരോദനം പ്രത്യക്ഷ സമര പരിപാടികളുടെ ഒരു വിഷയവും ആയതിനാല്‍ അവരും ഇക്കാര്യത്തില്‍ കണ്ണടക്കുന്നു. ഏറിയാല്‍ അവര്‍ ചെയ്യാന്‍ പോകുന്നത്, കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബീഫ്‌ ഫ്രൈ, ചിക്കന്‍ 65 എന്നിവയുടെ അകമ്പടിയില്‍ രണ്ടു പെഗ് കഴിച്ചു അതിന്റെ എരിചിലില്‍ രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിച്ചേക്കും, എന്നിട്ട് ഓടുന്ന ബൈക്കിന്റെ ഇടയില്‍ പെടുമ്പോള്‍ നായകള്‍ക്കുണ്ടാകുന്ന ആത്മ നൊമ്പരത്തെ കുറിച്ച് കവിത എഴുതുമായിരിക്കും.

വാല്‍ക്കക്ഷണം: കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, യമധര്‍മ്മന്‍ കേരളത്തിലെ തന്റെ ഔദ്യോഗിക വാഹനമായി നായയെ തെരഞ്ഞെടുത്തു. അദ്ധേഹത്തിനു പണ്ട് മുതലേ, നായകളോട് ഒരു പ്രത്യേക മമത ഉള്ളതായും കൂടാതെ തന്റെ ജോലിക്ക് ആവശ്യമായ സഹയാ സഹകരങ്ങള്‍ കേരളത്തില്‍ നല്‍കി വരുന്നതിനാലും, തന്റെ പരമ്പരാഗത വാഹനമായ പോത്തുകള്‍ കേരളത്തില്‍ കുറഞ്ഞു വരുന്നതുമാണ് ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുവാന്‍ അദ്ധേഹത്തെ പ്രേരിപ്പിച്ചത് എന്ന് ഇത്തവണ ഓണം കാണുവാന്‍ വന്ന മഹാബലി ഒരു പത്രക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി.  എല്ലാ നാല്കവലകളിലും നായകള്‍ക്ക് അമ്പലം പണിയുകയും അമാവാസി, വെള്ളി തുടങ്ങിയ ദിവസങ്ങില്‍ ടി അമ്പലങ്ങളില്‍ മേനകാര്ച്ചന അല്ലെങ്കില്‍ സുഗതാര്ച്ച്ന നടത്തുകയും ചെയ്‌താല്‍ യമധര്‍മ്മ പ്രീതി ഉണ്ടാകുകയും അപകടങ്ങളില്‍ മൃത്യു ഉണ്ടാകാതിരിക്കുകയും ചെയ്യാവുന്നതാണ് എന്നും മഹാബലിയുടെ പത്രക്കുറിപ്പില്‍ തുടരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: