06 ഓഗസ്റ്റ് 2012

ജയ്‌ ഹിന്ദ്‌. വന്ദേ മാതരം.

മുഖസ്തുതി ആണെന്ന് തോന്നുമെന്കിലും കാണാന്‍ ഞാന്‍ ഒട്ടും സുന്ദരന്‍ ഒന്നുമല്ല. ഒരു ഭീകര സംഭവം ആണെന്ന് പലരും പറഞ്ഞിട്ടും ഉണ്ട്.  അങ്ങനെ ഉള്ള ഞാന്‍ ചിരിക്കാതിരുന്നാലുള്ള അവസ്ഥ കൊടും ഭീകരമായിരിക്കും എന്ന് എനിക്ക് തന്നെ അറിയാം. എന്നാലും ചിരിക്ക് ഞാന്‍ വളരെ പിശുക്ക് കാണിക്കും.

പക്ഷേ, ഇന്ന് ഞാന്‍ ഒന്ന് നന്നായി ചിരിച്ചു.  ആ ചിരി കണ്ടു ആദ്യമായി ഒരാള് അന്ധാളിക്കുന്നത്കണ്ടു ഞാന്‍ നന്നായി വീണ്ടും ഒന്ന് പുഞ്ചിരിച്ചു.

കാര്യം വളരെ ഗൌരവമാണ്.  തിരുവന്തോരത്ത് കുറച്ചു സുഹൃത്തുക്കളുമായി ഒരു കൊച്ചു പങ്കു കച്ചോടം ഒക്കെ നടത്തി കൊണ്ട് വരുന്ന അവസരത്തിങ്കല്‍ ഒരു പാതിരാത്രിയില്‍ ദുഭായില്‍ നിന്നും ഒരു വിളി. വിളിക്കുന്നത്‌ മറ്റൊരു സുഹൃത്ത്‌.  കൂടുതല്‍ ഒന്നും ആലോചിച്ചില്ല, കയറി പുറപ്പെട്ടു.  തിടുക്കത്തില്‍ പുറപ്പെട്ടത്‌ കൊണ്ട് അത്യാവശ്യം ചില പേപ്പറുകളില്‍ ഒപ്പിടാന്‍ മറന്നു.

കഴിഞ്ഞ ആഴ്ച, എന്റെ 'സറശൂ' എന്ന ഒപ്പ് നാട്ടിലെ കച്ചവടത്തിന് അനിശേധ്യമായത് കൊണ്ട് പങ്കാളികള്‍ ഒരു കെട്ടു മുദ്രപത്രങ്ങള്‍, ഏതോ വക്കീലിനെ കൊണ്ട് തയ്യാറാക്കിച്ച പവര്‍ ഓഫ് അറ്റോര്‍ണി അയച്ചു തന്നു. അത് എന്റെ കയ്യില്‍ കിട്ടിയത് വ്യാഴാച്ച ഉച്ചക്ക് രണ്ടു മണിക്ക്. അടുത്ത ദിവസം വെള്ളിയ, പിന്നെ ശനി. ഇന്ത്യന്‍ കോണ്‍സുലേറ്റ്  ഇനി ഞായറാഴ്ച മാത്രേ തുറക്കൂ.  എഴുന്നേറ്റു നിന്ന് മുഖം ഒന്ന് കഴുകാന്‍ ഉള്ള ആരോഗ്യം ഉണ്ടെങ്കില്‍ ദുഭായില്‍ ആരും ജോലിക്ക് പോകാതിരിക്കില്ല. ഇതെല്ലാം അറിയാവുന്നത് കൊണ്ട് വ്യാഴാഴ്ച തന്നെ മുതലാളിയോട് കാര്യം അവതരിപ്പിച്ചു ഞായറാഴ്ച  ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോകാന്‍ വേണ്ട കാര്യങ്ങള്‍ എല്ലാം ഒരുക്കി. പക്ഷേ, പതിവ് പോലെ ആ പോക്ക് തടസ്സപ്പെട്ടു. ഒരാഴ്ച അങ്ങനെ അങ്ങനെ തടസ്സങ്ങള്‍. ഒടുവില്‍ ഇന്ന് രാവിലെ പോകുവാന്‍ അവസരപ്പെട്ടു.

ശമ്പളം തരപ്പെടുവാന്‍ ഇനിയും ഒരു പക്കം കാത്തിരിക്കണം എന്നതിനാല്‍ സുഹൃത്തിന്റെ കയ്യില്‍ നിന്നും ഇരുന്നൂറു ദിര്‍ഹം കടം വാങ്ങിയാണ് പുറപ്പെടല്‍.  രാവിലെ എന്നെ അവിടെ കൊണ്ടുപോയവാന്‍ പാകിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഇറക്കി വിട്ടു സലാം പറഞ്ഞു.  പാകിസ്ഥാന്റെ അടുതായത് കൊണ്ട് കുഴപ്പമില്ല, രാജ്യങ്ങളുടെ സ്ഥാനം പോലെ എംബസ്സിയുടെ സ്ഥാനവും അടുത്ത് അടുത്ത് തന്നെ.

രാവിലെ ആയത് കൊണ്ട് നൂറു കഴിഞ്ഞുള്ള ഒറ്റ സംഖ്യയില്‍ ടോക്കന്‍ കിട്ടി. ഊഴവും കാത്തിരുന്നു. കാത്തിരുന്നപ്പോള്‍, ഒരു വലിയ നോട്ടീസ്‌ (ഇംഗ്ലീഷ്‌ ഭാക്ഷയില്‍ മാത്രം എഴുതിയത്) ശ്രദ്ധയില്‍ പെട്ടു. "We Accept Cash Only. No Cards Accepted". കോപ്പ്, കാര്‍ഡ്‌ ഉണ്ടെങ്കില്‍ അല്ലെ പ്രശ്നം, അത് കൊണ്ട് ഞാന്‍ അതിനു വലിയ പ്രാധാന്യം ഒന്നും നല്‍കിയില്ല.

ഊഴം എത്തിയപ്പോള്‍ സംഭവങ്ങള്‍ എല്ലാം എടുത്തു. ഉദ്യോഗസ്ഥന്റെ അടുത്ത് ഇരുന്നു. കടലാസുകള്‍ എല്ലാം ഒന്ന് നോക്കിയിട്ട് ഉദ്യോഗസ്ഥന്‍ നല്ല ശുദ്ധ മലയാളത്തില്‍ പറഞ്ഞു, "ഇരുന്നൂറ്റി പത്തു ദിര്‍ഹം ആകും"; ഞാന്‍ "ഈശ്വരാ" എന്ന് വിളിച്ചു കൊണ്ട്, രാവിലെ കടം വാങ്ങാന്‍ തോന്നിച്ച ആളോട് നന്ദി പറഞ്ഞു കൊണ്ട് കീശയില്‍ നിന്നും പണം എടുത്തു കൊടുത്തു. ആ കൊടുക്കുന്ന സമയത്ത് തന്നെപെട്ടെന്ന് എന്റെ മനസ്സില്‍ ഒരു ഇടിവെട്ടി... ഇന്ത്യന്‍കോണ്‍സുലേറ്റില്‍ ഒരു ബോര്‍ഡ്‌ പോലും ഹിന്ദിയില്‍ ഞാന്‍ കണ്ടില്ല. കമ്പ്ലീറ്റ്‌ ഇംഗ്ലീഷ്... തലയില്‍ ഇപ്പോള്‍ രോമാവസ്ഥ നമ്മുടെ കാലാവസ്ഥ പോലെ മോശമായതിനാല്‍, ഇടിവെട്ടിയ എന്റെ തലയില്‍ പാമ്പ് കൊത്തിയില്ല, ആയതിനാല്‍ എത്ര നിയന്ത്രിച്ചിട്ടും  ഒരു ചോദ്യം ചിരിയുടെ മേലപ്പോടെ എന്റെ വായില്‍ നിന്നും ഞാന്‍ അറിയാതെ നിര്‍ഗമിച്ചു.

"സാര്‍, ഒരു സംശയം ചോദിച്ചോട്ടേ..."

"പറയൂ..."

"നമ്മുടെ ഇന്ത്യന്‍ കറന്‍സി ഇവിടെ എടുക്കുമോ സാര്‍..."

"ഇല്ല." ഉത്തരം ഉടന്‍.

ചോദ്യത്തിന് ഉത്തരം കിട്ടിയെങ്കിലും, എന്റെ ചിരി അവിടെ നില്‍ക്കാന്‍ കൂട്ടാക്കിയില്ല...  അത് കുറച്ചു നേരം കൂടി അങ്ങനെ തുടര്‍ന്ന്.  മുന്നില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്റെ മുഖ ഭാവം കണ്ടപ്പോള്‍ മനസ്സിലായി, അയാളുടെ നെഞ്ചിലും ഒരു ചെറിയ ഇടി വെട്ടിയിട്ടുണ്ടാകും. കാരണം, കര്‍ക്കിടക കോള് പോലെ ആ മുഖം പെട്ടെന്ന് ഇരുണ്ടു പോയിരുന്നു.

പണ്ട് ഇന്ത്യയുടെ വിമാനത്തില്‍ ഇന്ത്യന്‍ കറന്‍സി സ്വീകരിക്കില്ല എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ കറന്‍സി ഒരു മടിയും കൂടാതെ സ്വീകരിക്കുന്ന വിദേശ വിമാനത്തിലും ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്.  ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി, ഇന്ത്യന്‍ കറന്‍സി വിലവയ്ക്കുന്നത് ഇന്ത്യയിലെ അത്താഴ പട്ടിണിക്കാരായ ജനങ്ങള്‍ മാത്രമാണ്.  സര്‍ക്കാരിനു അതിനു എന്തിനെ വിലയാണ് എന്ന് ഞാന്‍ പച്ചക്ക് പറയുന്നില്ല.  കറന്‍സി മാത്രമല്ല, രാഷ്ട്ര ഭാക്ഷ മുതല്‍ പവിത്രവും പരിപാവനവും എന്നൊക്കെ നമ്മള്‍ കരുതി പോന്നിരുന്ന ദേശീയതയുടെ പലതും.  അങ്ങനെ അവര്‍ക്ക് വല്ല വിലയും ഉണ്ടായിരുന്നെങ്കില്‍...

മറ്റൊരു കാര്യം കൂടി ഇവിടെ പറയട്ടെ, ദുഭായിലെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോയാലും, അച്ചടിച്ച പല അറിയിപ്പുകളിലും അറബി (രണ്ടോ മൂന്നോ തരം), ഇംഗ്ലീഷ്, ഹിന്ദി, മലയാളം,ചൈനീസ്‌, തുടങ്ങി പല ഭാക്ഷകളും ഉണ്ടാകും ആ കുറിപ്പുകളില്‍. ഓര്‍ക്കുക, അറബി മാത്രമാണ് ഇവിടെ ഔദ്യോഗിയ ഭാക്ഷ. നമ്മുടെ നാട്ടില്‍ എത്ര ഔദ്യോഗിക ഭാക്ഷ ഉണ്ടെന്നു കൂടെ ഓര്‍ക്കുക.  സര്‍ക്കാര്‍ ചിലവില്‍ ഉണ്ണാനും ഉറങ്ങാനും കറങ്ങാനും, മറ്റു പലതിനും മാത്രം മന്ത്രി ആയിരിക്കുന്നവര്‍ ഭരിക്കുമ്പോള്‍, അവരെക്കാള്‍ അധികം, ആരാലും ചോദ്യംചെയ്യപ്പെടാതെ ഉദ്യോഗസ്ഥര്‍ 'ജനസേവനം' നടത്തി രാജ്യം മുടിക്കുമ്പോള്‍, രാജ്യ സ്നേഹം എന്നത് ജനുവരി 26 നും ആഗസ്റ്റ്‌ 15 നും ടി.വി. യില്‍ ഗാന്ധി സിനിമ കാണിച്ചു കൊണ്ട് നമ്മള്‍ "ആചരിക്കുന്നു".

എന്റെ ചിരി കണ്ടുഞെട്ടിയ ആ ഉദ്യോഗസ്ഥന് ആദരാഞ്ജലികള്‍.

ജയ്‌ ഹിന്ദ്‌. വന്ദേ മാതരം.


4 അഭിപ്രായങ്ങൾ:

Santhoshrs165 പറഞ്ഞു...

pillay,item kandu  aa embasykkaran malayalekku santhospandittine ariyamo antho. karanam avanu mathramalle attinte  pany ariyavu

Santhoshrs165 പറഞ്ഞു...

sughamano  cigarattu valikkanundo

Anil Kumar പറഞ്ഞു...

സൂക്ഷിക്കണം..അധികം വൈകാതെ മലയാളത്തിലോ ഹിന്ദിയിലോ സംസാരിക്കുന്നതും
പൊതുസ്ഥലത്ത് ചിരിക്കുന്നതും നമ്മുടെ നാട്ടില്‍ കുറ്റം ആയി
പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ട്. പിടിച്ചു അകത്തിടില്ല...പെറ്റി
അടിചേക്കും.., വരുമാനം ആകുമല്ലോ. കോണ്‍സുലേറ്റിലെ മഹാന്മാര്‍
അതിബുദ്ധി കാണിച്ചതാവും...നല്ലൊരു പങ്കും ഇന്ത്യക്കാര്‍ക്ക് ഇംഗ്ലീഷ്
അധികം വശമില്ലാത്തതിനാല്‍ ...പിന്നെ വരില്ല എന്ന് വിചാരിച്ചു കാണും.
രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്ത് അബദ്ധവും ചിന്തിക്കാം. 

Anil Kumar പറഞ്ഞു...

and when did u leave for UAE? how long??