വര്‍ഷങ്ങള്‍ക്കു മുമ്പ്... കോളേജില്‍ പഠിക്കുന്ന സമയം...നാഷണല്‍ സര്‍വിസ് സ്കീമില്‍ (നസസ്കീ) വളരെ സജീവമായി പങ്കെടുത്തു വന്നിരുന്നു.
ആ വര്‍ഷം നസസ്കീവാര്‍ഷിക ദശദിന ക്യാമ്പ് ചിറയിന്‍കീഴ് സ്കൂളില്‍ വച്ച് നടന്നു പോരുന്നു. അനേക കാലമായി വൃത്തിഹീനമായി കിടക്കുന്ന സര്‍ക്കാര്‍ ആശുപത്രി പരിസരം വെടിപ്പാക്കല്‍ ആണ് പ്രധാന പരിപാടി. പിന്നെ, സമയം കിട്ടിയാല്‍, പൊതു ചന്തയും വെടിപ്പാക്കണം. പതിവുപോലെ എന്റെ ചുമതല അടുക്കള ഭരണം ആയിരുന്നു. അതുകൊണ്ട് ക്യാമ്പ് സൈറ്റില്‍ നിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രി ശുചീകരണത്തിന് ഞാന്‍ പോയില്ല.
ആശുപത്രി പരിസരം ഒരു പരിധിവരെ വൃത്തിയാക്കി കഴിഞ്ഞപ്പോള്‍ ദശ ദിനം തീരുവാന്‍ പിന്നെയും നാല് ദിവസം ബാക്കി. അങ്ങനെ ചിറയിന്‍കീഴ് ചന്തയും വൃത്തിയാക്കാന്‍ തീരുമാനിച്ചു. അടുത്ത ദിവസം, മറ്റുള്ളവരുടെ കൂടെ, ശ്രമദാനത്തിന് ഞാനും കൂടി. ചന്തയുടെ പ്രവേശന കവാടം മുതല്‍ ചെളിക്കുണ്ടാണ്. വല്ലാത്ത ദുര്‍ഗന്ധവും. ക്യാമ്പിലെ പുതിയ കുട്ടികള്‍ ദൂരേക്ക് മാറി നിന്ന്. സീനിയര്‍മാരായ ഞങ്ങള്‍ മുന്നിട്ടിറങ്ങി. ആദ്യം അഴുക്കില്‍ കയ്കൊണ്ട് തൊടാതെ മണ്‍വെട്ടി, നീണ്ട മരക്കമ്പ് ഒക്കെ കൊണ്ട് ചവര്‍ മെല്ലെ നീക്കി തുടങ്ങി. അല്പ സമയം കഴിഞ്ഞപ്പോള്‍, ചില നാട്ടുകാരും, യൂണിയന്‍കാരും, കച്ചവടക്കാരും ഒക്കെ മെല്ലെ ഞങ്ങളോടൊപ്പം കൂടി. മാറി നിന്നിരുന്ന പുതിയ കുട്ടികളും കൂടെ കൂടി. എല്ലാവര്ക്കും ഉത്സാഹമായി. പിന്നെ, വെറും കൈയ് കൊണ്ടായി പുഴുവരിക്കുന്ന ചവര്‍ വാരല്‍. ആ തോട്ടിപ്പണി ചെയ്തു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍, എല്ലാവരുടെയും വെറുപ്പും അറപ്പും ഒക്കെ മാഞ്ഞുപോയി.
ഇക്കഥ ഇവിടെ പറഞ്ഞത് ഒരു കാര്യം ബോധ്യപ്പെടുത്താനാണ്. എന്ത് കാര്യവും, എത്ര അറപ്പ് ഉള്ളതായാലും, ആദ്യത്തെ കുറച്ചു നേരത്തെ ബുദ്ധിമുട്ടേ ഉള്ളൂ അത് ചെയ്യുവാന്‍. പിന്നീട് അത് അങ്ങ് ശീലമാകും. ആ പണിയിലും ആനന്ദം കണ്ടെത്താന്‍ കഴിയും. വേശ്യാവൃത്തിപോലും.
പ്രൊഫെഷണല്‍ ഗുണ്ടകള്‍ ആകാന്‍ ശ്രമിക്കുന്നവര്‍ക്ക് ആദ്യത്തെ പരിശീലനം മേനകാ ഗാന്ധിയുടെ അരുമകളായ തെരുവ് പട്ടികളുടെ മേല്‍ ആണെന്ന് ഈയിടെ പറഞ്ഞുകേട്ടു. ഈയിടെ രൂപംകൊണ്ട ഒരു ദളിത് തീവ്ര സംഘടനക്കാരും ഈ പരിശീലന പരിപാടിയില്‍ ഏര്‍പ്പെടുന്നതായി ഒരു കിംവദന്തി തിരുവന്തോരത്ത് ഒഴുകി നടക്കുന്നുണ്ട്. അതൊക്കെ പോട്ടെ, എന്റെ വിഷയം അതല്ല.
പല അഭ്യസ്തവിദ്യരും - പ്ലസ് ടു അധ്യാപകന്, സാമൂഹിക പ്രവര്‍ത്തകര്‍ - തുടങ്ങിയ പലരും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ, അവരുടെ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുവാന്‍ ഈയിടെ പല വീഡിയോകളും പങ്കുവയ്ക്കുന്നു. വഴിയാത്രക്കാരനെ ട്രക്ക് ഇടിച്ചു കൊല്ലുന്നത്, തടവുകാരനെ വെടിവച്ചു കൊല്ലുന്നത്, വെട്ടി കൊല്ലുന്നത്, മദയാന കുത്തി കൊല്ലുന്നത്, പിഞ്ചു കുഞ്ഞിന്റെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങുന്നത്, തുടങ്ങി പല അസഭ്യ വീഡിയോകള്‍ ഇവര്‍ പങ്കുവയ്ക്കുന്നു. കൂടെ ഒരു തേങ്ങലും "മനുഷ്യാ, നീ ഇത്ര നീചന് ആണോ?".
സത്യത്തില്‍, എനിക്ക് തോന്നിയിട്ടുള്ളത്, ആ കുറ്റകൃത്യങ്ങള്‍ ചെയ്തവരെക്കാള്‍ നീചരാണ്ഇത്തരം വീഡിയോ പകര്‍ത്തുന്നതും, പങ്കുവയ്ക്കുന്നതും. ഒരു റിയാലിറ്റി ഷോ കാണുന്ന താല്പര്യത്തോടെ ഇത്തരം ദുഷ്ടതരങ്ങള്‍ കാണുകയും അത് പങ്കുവയ്ക്കുകയും ചെയ്യുന്നു - എന്നിട്ട് ഒരു തേങ്ങലും. ഇതൊക്കെ ഇങ്ങനെ തുടര്‍ന്നാല്‍, പണ്ട് ഞങ്ങള്‍ ചന്ത വൃത്തിയാക്കാന്‍ പോയത് പോലെയാകും. കണ്ടു കണ്ടു, പിന്നെ, പിന്നെ, എന്ത് കണ്ടാലും ഞെട്ടല്‍ ഉണ്ടാകില്ല... അഥവാ ഞെട്ടിയാല്‍ അതൊരു ആനന്ദ ഞെട്ടല്‍ ആയിരിക്കും. തങ്ങളുടെ സ്വന്തം ആള്‍ക്ക് തന്നെ ഇങ്ങനെ ഉണ്ടായാലും നിസ്സംഗതയോടെ കണ്ടു നില്ക്കും. പറ്റിയാല്‍ അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ഏറ്റവും അടുത്ത സമയത്ത്, അതുമല്ലെങ്കില്‍ അപ്പോള്‍ തന്നെ, ഇതുപോലെ സോഷ്യല്‍ നെറ്റ്വര്ക്കില് അപ്ലോഡ് ചെയ്യും, പിന്നെ കണ്ണീരില്‍ കുതിര്‍ന്ന അല്ലെങ്കില്‍, അരിശം തുളുമ്പുന്ന ഒന്നോ രണ്ടോ വരിയും.
പ്രിയപ്പെട്ടവരേ, നിങ്ങള്‍ എങ്കിലും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക.
1 അഭിപ്രായം:
മാഷെ, താങ്കള്‍ ആണ് ബ്ലോഗ് തുടങ്ങാന്‍ എനിക്ക് പ്രജോദനം.
ഇതില്‍ പറഞ്ഞ പോലെ ഉള്ള രംഗങ്ങള്‍ കാണിക്കുന്നവരെ പറ്റി ഇന്ന് വൈകുന്നേരം ഞാനും ഒരു സുഹൃത്തും സംസാരിച്ചിരുന്നു. അദ്ദേഹമാണ് മനസ്സ് തളര്‍ന്നു പോകുന്ന രംഗങ്ങള്‍ ചിത്രീകരിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യ്ന്നവരെ പറ്റി പറഞ്ഞത്. അത്ഭുദം എന്ന് പറയട്ടെ...ഇത്തരം രംഗങ്ങള്‍ക്കാണ് പ്രേക്ഷകര്‍ കൂടുതല്‍ എന്ന് അദ്ദേഹം പരയ്കയും ചെയ്തു.
ഇന്നത്തെ ഒരു സായാഹ്ന പത്രത്തില്‍ കണ്ട ഒരു ചിത്രം..തിരുവനന്തപുരത്ത് ..കവടിയാറില്‍ അപകടത്തില്‍ പെട്ട് കിടക്കുന്ന ഒരു യുവാവിനു ചുറ്റും ആള്‍ക്കൂട്ടം ...ഫോട്ടോ എടുക്കാനും ആളുണ്ട്..അയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉള്ളതിനേക്കാള്‍ ഉത്സാഹം.
ഒരിക്കല്‍ എന്റെ ഒരു സുഹൃത്തിനോട് സംസാരവേളയില്‍ ..പുള്ളി ഒരു പത്ര പ്രവര്ത്തകന് ആണ് ..മുമ്പൊരിക്കല്‍ പത്മ തിര്ഥ കുളത്തില്‍ ..ഒരു മനോവൈകല്യം ഉള്ള വ്യക്തിയാല്‍ കൊല ചെയ്യപ്പെട്ട ഒരു സാധു മനുഷ്യന്റെ വിഷയം ചര്‍ച്ചയായി വന്നു. ഫോട്ടോ എടുക്കുന്നതിനു മുമ്പ് ആ മനുഷ്യനെ രക്ഷിക്കെണ്ടിയിരുന്നു എന്ന് ഞാന്‍ അഭിപ്രായപെട്ടു.
ഒരു നിമിഷം നിശബ്ദനായ ശേഷം അദ്ദേഹം അത് ന്യായീകരിച്ചു. ഫോട്ടോഗ്രാഫര്‍ അദ്ധേഹത്തിന്റെ പണിയാണു ചെയ്തത് എന്ന്. അവരുടെ ഭാഷ്യത്തില്‍ അത് ശരിയായിരിക്കാം ... എന്നാലും ..ഇന്നും ..അവരുടെ ശരി എനിക്ക് മനസ്സിലായിട്ടില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ