ഈ കാലഘട്ടത്തില്‍ ലോകം കൈക്കുമ്പിളില്‍ ഒതുങ്ങുമ്പോള്‍, മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ ചെരുതായിക്കൊണ്ടിരിക്കുന്നു എന്ന് തോന്നുന്നു. ജാതിയും മതവും വര്‍ണ്ണവും സ്വര്‍ണ്ണവും ഒക്കെ മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുകള്‍ ഇപ്പോഴും ഉണ്ടാക്കുന്നു. ഇത്തരുണത്തില്‍, ഈഴവരുടെ വിദ്യുത്ക്കൂട്ടായ്മ (ഓണ്‍ലൈന്‍ ഗ്രൂപ്പ് എന്ന് മലയാളം) ഈഴവരും പേരിന്റെ കൂടെ ജാതി വയ്ക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നു.
എന്റെ പേര് ഗുരുദാസ്. നാമം മാത്രം ധാരാളം എന്ന പരസ്യം പോലെ ജാതിപ്പേര് ആവശ്യമില്ല.
ഈഴവര്‍ക്ക് കുലത്തൊഴില്‍ പലതായിരുന്നു. എങ്കിലും കൂടുതല്‍ അറിയപ്പെടുന്നത് കള്ളുചെത്ത് തന്നെ. തെങ്ങിന്റെ കൂമ്പ് ചെതിയിട്ടു കള്ള് നല്ലതുപോലെ ഊറിവരുവാന്‍ എല്ലിന്‍ കക്ഷണം കൊണ്ട് 'ടപ്പേ ടപ്പേ' എന്നു ചെത്തിയ കൂമ്പിന്മേല്‍ കൊട്ടും. അങ്ങനെ കൊട്ടി കൊട്ടി, കള്ള് ചെത്തുന്ന ഈഴവര്‍ക്ക് 'കൊട്ടി' എന്നു തിരുവന്തോരം ഭാഗങ്ങളില്‍ വിളിപ്പെരുണ്ടായിരുന്നു. തികച്ചും സ്വാഭാവികം. തൊഴില്‍ പരമായ വിളിപ്പേര്.
ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം മുമ്പ് പല ഈഴവ കല്യാണ കുറികളിലും ഒരു 'പണിക്കര്‍' സ്ഥാനം വധൂവരന്മാരുടെ കാരണവന്മാര്‍ക്ക് കണ്ടുവന്നിരുന്നു. അപൂര്‍വമായി ചിലയിടങ്ങളില്‍ 'വൈദ്യര്‍' എന്നും കണ്ടു വന്നിരുന്നു. ഇപ്പോള്‍ അവ കാണുന്നില്ല.
ഇനി ഈഴവര്‍ക്ക് ജാതിപ്പേര് വച്ചേ അടങ്ങൂ എന്നാണെങ്കില്‍, ഇപ്പറഞ്ഞതുപോലെ ഒരു വ്യാഴവട്ടക്കാലം മുമ്പ് മുതലേ എനിക്കായി ഒരു ജാതിപ്പേര് ഞാന്‍ കണ്ടുവച്ചിട്ടുണ്ട്. നായര്‍, നാടാര്‍, ആചാരി, പിള്ള, സാഹിബ്, തുടങ്ങി പല വാലുകളും കണ്ടു കൊതി തോന്നിയിട്ടാണ് അങ്ങനെ ഒരു പേര് ഞാന്‍ കണ്ടുവചിട്ടുള്ളത്. നാരായണ ഗുരുവിനോട് ബഹുമാനം ഉള്ളതുകൊണ്ടും അദ്ദേഹത്തിന്റെ അനുഭാവികളുടെ (ശ്രീ നാരായണീയര്‍ എന്ന കൂട്ടരുടെ) പല പ്രവര്‍ത്തികളും എനിക്ക് അന്യായമായി തോന്നുന്നത് കൊണ്ടും ഞാന്‍ മേലില്‍ എന്റെ പേരിനോട് കൂടി ജാതിപേരും കൂടെ ചേര്‍ക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ആയതിനാല്‍, ഇനിമേല്‍ ഗുരുദാസ് എന്ന ഞാന്‍ 'ഗുരുദാസ് എസ്. കൊട്ടി' എന്ന നാമത്തില്‍ അറിയപ്പെടും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ