18 ഒക്‌ടോബർ 2011

മൂന്ന് വിമാന യാത്രകള്‍


ആദ്യ വിമാന യാത്ര 2007 ല്‍ ആണ്. തിരുവനന്തപുരത്ത് നിന്നും മസ്കറ്റ്‌ വഴി ദുബായിലേക്ക്. മസ്കറ്റ്‌ വഴി പോയത് യാത്ര ഒമാന്‍ എയര്‍ വിമാനത്തില്‍ ആയതുകൊണ്ടാണ്.ആ സമയത്ത്  ശ്രീലങ്കയുടെ വിമാനം കഴിഞ്ഞാല്‍ ഏറ്റവും ചെലവ് കുറവ് ഒമാന്‍എയര്‍ ആയിരുന്നു.  പുലിപ്പേടി കൊണ്ട് ശ്രീലങ്കന്‍വിമാനം ഒഴിവാക്കി.

വിമാനത്തില്‍ കയറി. കൈവശം ഏതാണ്ട് ആയിരം രൂപയുണ്ട്. ഇന്ത്യന്‍ രൂപ. വിമാനത്തില്‍ ഭക്ഷണം, മദ്യം ഒക്കെ കിട്ടുമെന്ന് കൂട്ടുകാര്‍ പറഞ്ഞു അറിവുണ്ട്. എന്റെ അടുത്തിരിക്കുന്ന രണ്ടുപേരും എന്നെ പോലെ തന്നെ ആദ്യമായി വിമാനത്തില്‍ കയറുന്നവര്‍. വിമാനം വാതജാതമായി അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു ഉന്തു വണ്ടി തള്ളിക്കൊണ്ട് ഒരു ആഫ്രിക്കക്കാരന്‍ വരുന്നു. ചിലര്‍ ജ്യൂസ്‌ വാങ്ങുന്നു, ചിലര്‍ മറ്റു സാധങ്ങള്‍ വാങ്ങുന്നു. ഉന്തു വണ്ടി തള്ളിക്കൊണ്ട് അയാള്‍ ഞങ്ങളുടെ അടുത്തും എത്തി.

സര്‍, ലിക്കര്‍, ബിയര്‍...

ഞാന്‍ സഗൌരവം പറഞ്ഞു, 'ടു ബിയര്‍.'

'ടു ഡോളര്‍ സര്‍, വണ്‍ ബിയര്‍ വണ്‍ ഡോളര്‍'

'സോറി, ഐ ഹാവ് നോ ഫോറിന്‍ എക്സ്ചെന്ജ്'

'നോ പ്രോബ്ലം സര്‍, വീ ടേക്ക് എനി കറന്‍സി. ഡോളര്‍, ദിര്‍ഹം, റിയാല്‍, റുപ്പീ, എനിതിംഗ്'

'ഹൌ മച് ഇന്‍ ഇന്ത്യന്‍ റുപ്പീ?'

'വണ്‍ ഡോളര്‍ ഈസ്‌ ഫിഫ്ടി ഫൈവ് രുപീസ്‌'

'ഒകെ, ഗിവ് മീ ടു ബിയര്‍'

ഇരുന്നൂറു രൂപ കൊടുത്തു. അയാള്‍ രണ്ടു ബീയര്‍ തന്നു. ബാക്കി പിന്നീട് തരാം എന്നും പറഞ്ഞു.

രണ്ടു ബീയറും കുടിച്ചു, ഭക്ഷണവും കഴിച്ചു സുഖമായി ഒന്ന് ഉറങ്ങി. ഉണര്‍ന്നപ്പോള്‍, വിമാനം ലാന്‍ഡ്‌ ചെയാനുള്ള തയാറെടുപ്പ് ആണ്. ബീയര്‍ തന്ന ആള്‍ കൃത്യമായി ബാക്കി ഇന്ത്യന്‍ റുപ്പീ തന്നു.


രണ്ടാമത്തെ യാത്ര

അടുത്തത്, ദുഭായില്‍ നിന്നും ആദ്യത്തെ മടങ്ങി വരവ്.  ശകടം നമ്മുടെ സ്വന്തം ബഡ്ജറ്റ്‌ എയര്‍ലൈന്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ്‌.  യാത്ര തുടങ്ങി. പതിവുപോലെ ഉന്തുവണ്ടിയില്‍ പാനീയം എത്തി.

"രണ്ടു ബീയര്‍"

"പാര്‍ഡന്‍ മീ സാര്‍"

"ഓഹ് സോറി, ടു ബീയര്‍"

"ടു ഡോളര്‍ ഓര്‍ ടോള്‍വ് ദിര്‍ഹംസ്"

ഇരുപതു ദിര്‍ഹം കൊടുത്തു.  സുന്ദന്കാരി (സൗന്ദര്യവും അഹങ്കാരവും കൂടി ചേര്‍ന്നത്‌) ഉന്തു വണ്ടിയുടെ ഉള്ളറകള്‍ എല്ലാം തപ്പി, എന്റെ ജീവിതത്തില്‍ ആദ്യമായി കാണുന്ന ഒരു തരം ബീയര്‍ ഒരു ക്യാന്‍ എടുത്തു തന്നു.

"സാര്‍, ഒരെണ്ണം ഞാന്‍ പിന്നീട് തരാം."

"ഓക്കേ, നോ പ്രോബ്ലം"

കുടിച്ചു കഴിഞ്ഞപ്പോഴാണ് തോന്നിയത്, രണ്ടെണ്ണം വേണ്ടായിരുന്നു എന്ന്. അത്രയ്ക്ക് (അ)രുചി. നല്ല കിക്കും. എന്നെപോലെ, കുടിക്കുന്ന മഹാന്മാര്‍ക്ക് അറിയാമായിരിക്കും, ചില ദിവസങ്ങളില്‍ അങ്ങനെ ആയിരിക്കും, ചിലപ്പോള്‍, ഒരു പെഗ് അടിച്ചാല്‍ മതി ഫിറ്റ്‌ ആകാന്‍, ചിലപ്പോള്‍ ഒരു പൈന്റ് അടിച്ചാലും കല്ലുപോലെ ഇരിക്കും. അതുപോലെ, ഇപ്പോഴുള്ള ഒരു പ്രതിഭാസം ഇതിനു സമാനമാണ്. ബാറില്‍ കയറി നാലോ അഞ്ചോ പെഗ് അടിച്ചു കാലുറക്കാതെ വണ്ടിയോടിച്ചു കൂള്‍ ആയിട്ട് വീട്ടില്‍ എത്താം. എന്നാല്‍, ചിലപ്പോള്‍ കയറി ഒരു മുപ്പതു അടിച്ചിട്ട് കൂള്‍ ആയി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു റോഡില്‍ ഇറങ്ങിയാല്‍ അപ്പോള്‍ പിടിക്കും പോലീസ്‌.

ബിയര്‍ കുടിച്ചു ഉറക്കമായി. ഇടയ്ക്കു ഉണര്‍ന്നു.ഇനിയും ഒരു ബിയറും ബാക്കി പണവും കിട്ടാനുണ്ട് എന്ന് ഓര്‍ത്തു. ബെല്‍ അടിച്ചു. സുന്ദന്കാരി വന്നു.

"വെയര്‍ ഈസ്‌ മൈ ബീയര്‍ ആന്‍ഡ്‌ ബാലന്‍സ് കാഷ്‌?"

"പ്ലീസ്‌ വെയിറ്റ് സാര്‍"

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ സുന്ദന്കാരി അറിയിച്ചു, "സോറി സര്‍, നോ ബീയര്‍ അവൈലബിള്‍".

"ഓക്കേ, ഗിവ് മി ദി ബാലന്‍സ്" കോപ്പ്, എന്നാല്‍ പിന്നെ ബാക്കിയെട്.

"റൈറ്റ് നോ, ഐ ഹാവ് നോ ചേഞ്ച്‌, ഗിവ് യു ലേറ്റര്‍".

"ഓക്കേ".


വീണ്ടും മയക്കം. ഉണര്‍ന്നപ്പോള്‍, വിമാനം വര്‍ക്കലക്ക് മുകളില്‍ എത്തി. ഇനി അഞ്ചോ, പത്തോ മിനിറ്റ്, ലാന്‍ഡ്‌ ചെയ്യാന്‍.

ഇറങ്ങാനുള്ള  തത്രപ്പാടില്‍ ബാക്കിയുടെ കാര്യം ആദ്യം ഓര്‍ത്തില്ല. വിമാനത്തിന്റെ മുന്‍ ചക്രങ്ങള്‍ നിലത്ത് തൊട്ട നിമിഷം, എനിക്ക് മനസ്സിലായി, ഞാന്‍ കൃത്യമായി തിരുവന്തോരത്ത് തന്നെയാണ് എത്തിയതെന്ന്. അതുവരെ, നമ്മുടെ സ്വന്തം ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ ശബ്ദം ഇടക്കൊക്കെ ഉണ്ടായിരുന്നു എങ്കിലും, വിമാനത്തിന്റെ ഒരു ചെറിയ ലാഞ്ചന ഒക്കെ ഉണ്ടായിരുന്നു. മുന്ചക്രം നിലത്ത് തൊട്ട നിമിഷം, ഞാന്‍ ഒഴികെ, അല്ലെങ്കില്‍ എന്നെപോലെ ആദ്യമായി നാട്ടിലേക്ക് മടങ്ങി വരുന്ന മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അവരും ഒഴികെ, മറ്റുള്ള എല്ലാപേരും, ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ, തിരക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ കമ്പിയില്‍ തൂങ്ങി നിന്ന് യാത്ര ചെയ്യുന്ന ആള്‍ക്കാരായി. ഇടയ്ക്കു നല്ല നാടന്‍ വാഗ്പ്രയോഗങ്ങളും. ഒടുവില്‍ തിക്കി തിരക്കി ഞാന്‍ പുറത്തോട്ടു ഇറങ്ങുമ്പോള്‍ ബാക്കി പണത്തിന്റെ കാര്യം ഓര്‍ത്തു, വാതില്‍ക്കല്‍ എങ്കിലും സുന്ദന്കാരി ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു. പ്രതീക്ഷ അസ്ഥാനത്തായിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇരുപതു ദിര്‍ഹംകൊടുത്തു അതായത് അന്നത്തെ നിരക്ക് അനുസരിച്ച് ഇരുന്നൂറ്റമ്പത് രൂപ കൊടുത്തു വെറും ഒരു ബിയര്‍ കുടിച്ചിട്ടുള്ള ലോകത്തിലെ ഒരേ ഒരു എയര്‍ ഇന്ത്യാ എക്സ്പ്രസ്സ്‌ യാത്രക്കാരന്‍ ഞാനായിരിക്കും.


മൂന്നാമത്തെ  യാത്ര

മടക്ക യാത്രയുടെ ടിക്കറ്റും എടുത്തുകൊണ്ട് ദുഭായില്‍ നിന്നം ലീവില്‍ വന്നതിനാല്‍ തിരികെ പോക്കും നമ്മുടെ സ്വന്തം ബഡ്ജറ്റ്‌ എയര്‍ലൈന്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ തന്നെ. നാട്ടില്‍ നിന്നും തിരികെ പോകുമ്പോള്‍, വിളിച്ചു കൊണ്ട് പോകുവാന്‍ എയര്‍പോര്‍ട്ടില്‍ സുഹൃത്ത്‌ വരുമെന്ന് പറഞ്ഞതിനാല്‍ കയ്യിലുണ്ടായിരുന്നു അവസാന ദിര്‍ഹവും പണമാക്കി മാറ്റി, വീട്ടില്‍ എല്പ്പിച്ചിരുന്നു. പിന്നെ ഉള്ളത് രണ്ടായിരം രൂപ. ഇപ്പോള്‍ ആദ്യയാത്രക്കാരന്റെ അമ്പരപ്പ് ഒന്നുമില്ലാതെ ഗമയില്‍ സീറ്റില്‍ ഇരുന്നു. വിമാനം ഉയര്‍ന്നു. കൊതിപ്പിച്ചു കൊണ്ട് ഉന്തുവണ്ടി വരുന്നുണ്ട്.  നല്ല സ്റ്റൈലില്‍ തന്നെ ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു. ഗമയില്‍ അഞ്ഞൂറ് രൂപ നോട്ടു എടുത്തു നീട്ടി.

"സോറി സാര്‍, വി ടേക്ക് ഒണ്‍ലി ഡോളര്‍ ആന്‍ഡ്‌  ദിര്‍ഹംസ് "

ജീവിതത്തില്‍ ആദ്യമായി അക്ഷരാര്‍ത്ഥത്തില്‍ ഇതി കര്‍ത്തവ്യതാ മൂഡ്‌ ഔട്ടന്‍ ആയിട്ട്, ബിയറോ മദ്യമോ കഴിക്കാതെ ദുഭായില്‍ എത്തുന്നതുവരെയും അത് കഴിഞ്ഞു ഏതാണ്ട് ഒരാഴ്ചക്കാലവും കഴിച്ചുകൂട്ടി.  ദുഭായി എയര്‍പോര്‍ട്ടിലെ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ നിന്നും ആയിരത്തി എണ്ണൂറു ഇന്ത്യന്‍ രൂപ കൊടുത്തു വാങ്ങിയ ബക്കാര്‍ഡി ബ്ലൂ ഒരാഴ്ചക്ക് ശേഷം കഴിച്ചു തുടങ്ങേണ്ടി വന്നു, ആ ഞെട്ടലില്‍ നിന്നും കരകയറാന്‍.

അന്ന് ഞാന്‍ ഒരു ശപഥം, ഉഗ്ര ശപഥം ചെയ്തു! ഇനി ജീവിതത്തില്‍ ഒരിക്കലും, എന്ത് രാജ്യ സ്നേഹത്തിന്റെ പേരില്‍ ആയാലും, ഇന്ത്യന്‍ രൂപയെ നിരാകരിച്ചു ഇന്ത്യയെ അപമാനിച്ച ഇന്ത്യയുടെ സ്വന്തം എയര്‍ലൈനില്‍ കയറില്ല എന്ന്.  ആ ശപഥം ഇപ്പോഴും നിലനില്‍ക്കുന്നു.


3 അഭിപ്രായങ്ങൾ:

Santosh പറഞ്ഞു...

ഫ്ലൈറ്റില്‍ ലികര്‍ കിട്ടാന്‍ കാശ് കൊടുക്കണമോ? ഈ പറയുന്ന ഒമാന്‍ ഐയരിലും എയര്‍ ഇന്‍ഡ്യയിലും നാല് കൊല്ലമായി യാത്ര ചെയ്തിട് ഇതൊരു പുതിയ അറിവാണല്ലോ??

GurudasSudhakaran പറഞ്ഞു...

ഒമാന്‍ എയറില്‍ ഞാന്‍ പോകുന്ന സമയത്ത് (അപ്പോള്‍ അത് ബജറ്റ് എയര്‍ തന്നെ ആയിരുന്നു) മദ്യത്തിന് പണം കൊടുക്കണമായിരുന്നു. എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ മദ്യത്തിന് മാത്രമല്ല പാട്ടു കേള്‍ക്കാനും, അവര്‍ ടി.വി.യില്‍ കാണിക്കുന്ന, നമുക്ക് ഒരു തരത്തിലും തെരഞ്ഞെടുക്കാന്‍ പറ്റാത്ത ഏതെന്കിലും ഒരു പരട്ട സിനിമയിലെ ശബ്ദം കേള്‍ക്കണമെങ്കില്‍ ഹെഡ്‌ഫോണ്‍ പോലും പണം കൊടുത്തു (വാടകയ്ക്ക്) വാങ്ങണം.

Unknown പറഞ്ഞു...

ഈ പറഞ്ഞ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ഞാനും ഉപേക്ഷിച്ചു. അത്യാവശ്യത്തിനു അവൈലബിളിട്ടി അതില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാ കാരണത്താല്‍ രണ്ടുതവണ എനിക്കും യാത്ര ചെയ്യേണ്ടി വന്നു. ആദ്യ വട്ടം അത്ര കുഴപ്പമില്ലായിരുന്നു. സീടിന്റ്റെ പ്രശ്നം ഒഴിച്ചാല്‍ ..സീറ്റ്‌ ചില പഴയ ടൂറിസ്റ്റ് ബസിന്‍റെ പോലെ അതിനു മാത്രം തോന്നുന്ന പോലെ നീങ്ങുന്നതായിരുന്നു. എന്നാലും അഡ്ജസ്റ്റ് ചെയ്തു. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ...

രണ്ടാം വട്ടം..തീവണ്ടിയിലെ രണ്ടാം ക്ലാസ്സില്‍ ടോയ്ലെടിനു അടുത്ത് സീറ്റ്‌ കിട്ടിയാല്‍ എങ്ങനെ ഉണ്ടാവും ??.....ജയന്തി ജനതയിലെ രണ്ടാം ദിവസം പോലെ...

അതും പോട്ടെ....ഞങ്ങളെ അറ്റന്‍ഡ് ചെയ്യാന്‍ ഒരു എയര്‍ഹോസ്റെസ്സ്നു പകരം ഒരു ഐര്‍മിസ്ട്രെസ്സ് ആയിരുന്നു.... യാത്രക്കാരോട് ഒരു ബഹുമാനവും ഇല്ലാതെ ബാഗ്‌ അവിടെ വക്കു..ഇവിടെ വക്കു എന്നൊക്കെ കല്‍പ്പിക്കുന്ന ഒരു മഹിള...
എയര്‍ ഇന്ത്യയില്‍ ശമ്പളം പ്രശ്നമായിരുന്ന സമയം...അതിന്‍റെ ആവും...