14 മേയ് 2011

വിജയ വിലാപം... അയ്യോ ജയിച്ചേ, ഞങ്ങള്‍ ജയിച്ചേ...

എല്‍.ഡി.എഫ്. സര്‍ക്കാരും സ: വി. എസ്. അച്യുതാനന്ദനും മലയാളികളോട് കാണിച്ചത് വലിയ ചതിയായി പോയി.

വോട്ടും കുത്തി ഒരു മാസം ഗര്‍ഭത്തില്‍ ഇട്ടു പ്രസവിച്ചപ്പോള്‍ കുട്ടി എല്‍.ബി.ഡബ്ല്യു. ആയിപ്പോയി (LBW - Low Birth Weight).

മുമ്പൊക്കെ, ഫല പ്രഖ്യാപനം വരുമ്പോള്‍ എന്തൊരു ആഘോഷമായിരുന്നു. പായസം വച്ച് വിളമ്പിയ അവസരം വരെ ഉണ്ടായിരുന്നു. ഇതിപ്പോള്‍, കല്യാണ നിശ്ചയിച്ചു തീയതിക്ക് തലേന്ന് അടുത്ത ബന്ധു തീപ്പെട്ടു ദുഖാചരണത്തോടെ ആര്‍ഭാടം ഇല്ലാതെ കല്യാണം നടത്തുന്നത് പോലെ ആയി. ഓപറേഷന്‍ സക്സസ്, രോഗി മരിച്ചു.  ആഘോഷത്തിനു നേരത്തെ കരുതി വച്ചിരുന്ന കേരളത്തിന്റെ ദേശീയ പാനിയത്തില്‍ പോലും മൂരാച്ചികള്‍ മായം കാണിച്ചോ എന്നൊരു സംശയം. അത് കഴിചിട്ടുപോലും, "അയ്യോ പോയെ മറ്റവന്‍ പോയെ" എന്ന ടിപ്പിക്കല്‍ ആര്പ്പുവിളിക്ക് പകരം പുറത്തു വരുന്നത് "അയ്യോ ജയിച്ചേ, ഞങ്ങള്‍ ജയിച്ചേ" എന്നാ വിലാപമാണ്.

എക്സിറ്റ്‌ പോള്‍ ഫലം എങ്ങനെ ശരിയായെന്നു ഇപ്പോഴാണ് ലോകത്തിനു മനസ്സിലായത്‌. അത് നടത്തിയവര്‍ പറഞ്ഞത്, കേരളത്തിനെ കാര്യത്തില്‍ ആകെ കണ്ഫുഷന്‍ ആണെന്നാണ്‌. യു.ഡി.എഫ്. ജയിക്കും, പക്ഷെ, അച്യുതാനന്ദന്‍ ഭരിക്കും എന്ന്. ഇപ്പോള്‍ അത് അര്‍ത്ഥവത്തായി. യു.ഡി.എഫ്. ജയിച്ചു, അച്യുതാനന്ദന്‍ ഇനി ഭരിക്കും. ഒരു ഒന്നൊന്നര ഭരണം.

പണ്ടൊരു കഥ കേട്ടിട്ടുണ്ട്. കഥ, അല്പം അശ്ലീലമാണ് അതുകൊണ്ട്, പ്രായ പൂര്തിയാകാത്തവര്‍ വായിക്കരുത്. തറവാട്ടിലെ തന്നിഷ്ടക്കാരനായ കാരണവര്‍ മരണക്കിടക്കയിലാണ്. മരുമക്കത്തായം ഉള്ള സമയം. കാരണവര്‍ക്കറിയാം, തന്റെ മരുമക്കള്‍ക്കു തന്നെ കുറിച്ചുള്ള അഭിപ്രായം. നിഷേധികളായ അവര്‍ക്കിട്ടു ഒരു പണി കൊടുക്കണമെന്ന് കാരണവര്‍ കരുതി. മരണസമയം അടുത്തപ്പോള്‍, മരുമക്കളെ എല്ലാം അടുത്ത് വിളിച്ചു കാരണവര്‍ പറഞ്ഞു, ഞാന്‍ മരിക്കാറായി, പക്ഷെ ഒരു ആഗ്രഹം ബാക്കിയുണ്ട്, എന്റെ മലബന്ധം നിങ്ങള്‍ക്കറിയാവുന്നതല്ലേ, പരലോകത്തില്‍ എങ്കിലും എന്നെ അതില്‍ നിന്നും മോചിപ്പിക്കണം, അതുകൊണ്ട് മരിക്കുമ്പോള്‍ എന്റെ ആസനത്തില്‍ നിങ്ങള്‍ ഒരു ആപ്പ് അടിച്ചു കയറ്റണം.  മരുമക്കള്‍ക്കു ഇതിലതികം സന്തോഷം വേറെ ഉണ്ടോ? ചത്ത്‌ കഴിഞ്ഞാല്‍ എങ്കിലും മൂപ്പിലാന് ഒരു ആപ്പ് വയ്ക്കാന്‍ കഴിഞ്ഞാല്‍ അത്രയുമായില്ലേ? അനന്തിരവന്മാര്‍ അതുപോലെ തന്നെ ചെയ്തു. ഒടുവില്‍, മൃതദേഹം 'കുളിപ്പിക്കാന്‍' എടുത്തപ്പോള്‍ നാട്ടുകാര്‍ ആപ്പ് കണ്ടെത്തി. പിന്നത്തെ പൂരം പറയേണ്ടതില്ലല്ലോ.

അതുപോലെയാണ് എല്‍.ഡി.എഫ്.ഉം വി.എസും ഉമ്മന്‍ചാണ്ടിക്കും മറ്റും ഇപ്പോള്‍ പണി കൊടുത്തിരിക്കുന്നത്‌. കാരണവര്‍ സ്ഥാനം കിട്ടി, പക്ഷെ എന്ത് കാര്യം? "മുള്‍ക്കിരീടം എന്തിനു നല്കീ സഖാവേ" എന്നതാകും അടുത്ത ഇലക്ഷന്‍ വരെ (അഞ്ചു വര്ഷം എന്ന് പറയാന്‍ എനിക്ക് ധൈര്യം ഇല്ല) ഇനി കേരളം ഭരിക്കുന്നവര്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നത്. അമൂലിന്ടമ്മ നെയ്യപ്പം ചുട്ടപ്പോള്‍, വി. എസ്. തൂക്കി കടലില്‍ എറിഞ്ഞു. ഇനിയിപ്പോള്‍, മാണി സാറും ജേക്കബ്‌ സാറും വീരന്‍ സാറും പിള്ള സാറും തീരുമാനിക്കും അത് മുങ്ങിയെടുത്ത് ചാണ്ടി സാറിന് കൊടുക്കണോ അതോ കോടിയേരി സാറിന് തട്ടിയെടുക്കാന്‍ കൊടുക്കണോ എന്ന്. ഏതായാലും പിണറായി സഖാവ് പറഞ്ഞു കഴിഞ്ഞു തങ്ങള്‍ കുതിരക്കച്ചവടത്തിന് ഇല്ല എന്ന്. അപ്പോള്‍ മാന്ത്രിക സംഖ്യ തകരാതിരിക്കാന്‍, നല്ല ഭരണം കാഴ്ച വയ്ക്കാന്‍ "യു.ഡി.എഫ്. മഹാശ്ചര്യം, നമുക്കും കിട്ടണം സ്ഥാനം" എന്ന് ആരെങ്കിലും കവിച്ചാല്‍ ചാണ്ടി രാജാവിനും സോണിയ ചക്രവര്ത്തിനിക്കും അമൂല്‍ രാജകുമാരനും നിരസിക്കാനാകുമോ എന്ന് കാത്തിരുന്നു കാണാം.

ഇതിനൊക്കെ പുറമേ, മറ്റൊരു കാര്യം കൂടിയുണ്ട്. നെയ്യപ്പം തിന്നുന്നപോലെ "നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം - ഒരു പലഹാരവും ആകും, തലയില്‍ തേയ്ക്കാന്‍ അത്യാവശത്തിനു എണ്ണയും കിട്ടും". പി. ബി. യില്‍ കാരാട്ടിന് കുറഞ്ഞ പക്ഷം ഒരു ആട്ടു കിട്ടുന്നതിനുള്ള പണി കൂടെ ഈ ഇലക്ഷനില്‍ ഒത്ത്തിട്ടുണ്ട്. കാരാട്ട് ഇനി ഇന്ത്യന്‍ കാപ്പി ഹൌസില്‍ അരിയാട്ടെണ്ടി വരുമോ എന്നും കാത്തിരുന്നു കാണാം.

മുമ്പ് ഒരു ഇലക്ഷന്‍ ഫലം വന്നപ്പോള്‍ വി.എസ്. ചിരിച്ചു. ഇപ്പോള്‍ ക്യാമറയുടെ മുന്നില്‍ ചിരിക്കാതിരിക്കാന്‍ വി. എസ്. പഠിച്ചു, അതായത് രഹ്യസ്യമയിട്ട് ചിരിക്കാതിരിക്കില്ലാ എന്ന്.

പിന്നെ, ഇത്രയൊക്കെ ഒപ്പിച്ചു വച്ച നമ്മള്‍ മലയാളികള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ഒരു ലോട്ടറി കിട്ടും - ജമ്പോ മന്ത്രിസഭ - അങ്ങനെ വന്നാല്‍, ഒരു അഭ്യര്തനയുണ്ട് - മുഖ്യമന്ത്രി ഉള്‍പ്പെടെ കൃത്യം നാല്പതു പേര്‍ മന്ത്രിസഭയ്ല്‍ വേണം - എന്നിട്ട് വേണം എനിക്ക് "വി.എസും. നാല്പതു മന്ത്രിമാരും" എന്ന ഒരു ബ്ലോഗ്‌ കൂടെ എഴുതാന്‍.

അഭിപ്രായങ്ങളൊന്നുമില്ല: