09 മേയ് 2011

വളരെ ലളിതമായി, പണചെലവില്ലാതെ കറപ്ഷന്‍ നമുക്ക് ഭൂലോകത്തില്‍ നിന്ന് തന്നെ തുടച്ചു നീക്കാവുന്നതാണ്

എല്ലാരും പറയുന്നു ഇന്ത്യയില്‍ കറപ്ഷന്‍ ആണെന്ന്. എന്താ ഈ കറപ്ഷന്‍? ഇന്ത്യയുടെ മോത്തത്തിലെ കാര്യം എനിക്കറിയില്ല. പക്ഷേ, കേരളത്തിലെ കാര്യങ്ങള്‍ കുറെയൊക്കെ അറിയാം. ഇവിടെ യാതൊരുവിധത്തിലുള്ള കറപ്ഷന്‍ഉം ഇല്ല. ഉള്ളതാണ്.

എല്ലാ എന്നെങ്ങനെ ഞാന്‍ ഉറപ്പിച്ചു പറയുന്നു എന്നല്ലേ? അതിനായി ആദ്യമായി എന്താണ് ഈ കറപ്ഷന്‍ കറപ്ഷന്‍ എന്നു പറയുന്നത്? എനിക്ക് മനസ്സിലായിടത്തോളം ആര്‍ക്കെങ്കിലും ലഭിക്കേണ്ട ഒരു ആനുകൂല്യം ചുരുങ്ങിയ സമയത്തില്‍ ഏറെ ബാധ്ധപ്പാടില്ലാതെ ലഭ്യമാക്കാന്‍ ചെയ്യുന്ന ഒരു എളുപ്പവഴിക്കായി നല്‍കുന്ന നന്ദി ആകുന്നു കറപ്ഷന്‍. നന്ദി പ്രകടിപ്പിക്കാന്‍ സായിപ്പിന്റെ thanks എന്ന പദം നിങ്ങള്‍ക്കേവര്‍ക്കും അറിയാവുന്നതുപോലെ അഭിമാനിയായ ഇന്ത്യക്കാരന്‍ ഉപയോഗിക്കില്ല എന്നു മാത്രവുമല്ല, അഭിമാനിയായ ഇന്ത്യക്കാരന്‍ സ്വീകരിക്കുകയുമില്ല. പകരം അത് (നന്ദി) വല്ല പണമായോ, പണ്ടമായോ, കുറഞ്ഞപക്ഷം പൈന്റോ പൈങ്ങ്കിളിയായോ ഒക്കെ വിനിമയം ചെയ്യും. വെറുതെയല്ലല്ലോ, എളുപ്പത്തില്‍ കാര്യം നടത്തികൊടുക്കുന്നതിനുള്ള ഉപകാര സ്മരണയല്ലേ! ഇതെങ്ങനെ കറപ്ഷന്‍ ആകും? പോകാന്‍ പറ.

ഇതൊക്കെ മേലനങ്ങാതെ വയറു നിറക്കാന്‍ കാത്തിരിക്കുന്ന മൂരാച്ചികള്‍ പറഞ്ഞുണ്ടാക്കുന്നതല്ലേ, അഴിമതി എന്നും കറപ്ഷന്‍ എന്നും ഒക്കെ. ഇക്കൂട്ടര്‍ വളരെ നാളായി പൊതുജനം ചമഞ്ഞു മാന്യരേ അവഹേളിക്കുവനായി നടക്കുകയാണ്. ഇതിനൊക്കെ ഇവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സര്‍ക്കാരിനേയും കുറ്റം പറയണം. എന്തെങ്കിലും നല്ല കാര്യം നയത്തില്‍ ചെയ്തെടുക്കാന്‍ സര്‍ക്കാരിനറിയാമോ? ഇല്ല. ഉദാഹരണത്തിന് ഒരു റോഡ്‌ നിര്‍മ്മിക്കാന്‍, അല്ലെങ്കില്‍ ഒരു വിമാനത്താവളം വികസിപ്പിക്കാന്‍ ഒക്കെ സ്ഥലം എടുക്കണമെന്ന് വയ്ക്കുക. സര്‍ക്കാര്‍ എന്ത് ചെയ്യും? സര്‍ക്കാരിന്റെ സ്ഥലമേറ്റെടുപ്പ് വകുപ്പിനെ ഏല്‍പ്പിക്കും. ഒന്നോ രണ്ടോ വര്ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പരിപാടി, ഈ വകുപ്പ് ഒന്നോ രണ്ടോ ദശാബ്ദം കൊണ്ട് പൂര്‍ത്തിയാക്കും. ഇതിലേക്കായി സര്‍ക്കാര്‍ അനാവശ്യമായി ചെലവഴിക്കുന്ന തുകയോ, ആ സ്ഥലം ഏറ്റെടുക്കാന്‍ വേണ്ട തുകയുടെ പല ഇരട്ടിയും. ഇതൊക്കെ നയപരമായി പുറം കരാര്‍ എല്പിചിരുന്നുവെങ്കിലോ, കാര്യങ്ങള്‍ വളരെ ഭംഗിയായി കരാറുകാര്‍ ചെയ്തു തന്നേനെ. അതും ചുരുങ്ങിയ ചെലവിലും സമയത്തിലും. ഇനിയും വിശധമാക്കാം.

തിരുവനന്തപുരത്ത് കരമന നെയ്യാറ്റിന്‍കര റോഡ്‌ വീതി കൂട്ടണം. അതിനു സ്ഥലം വേണം. സര്‍ക്കാര്‍ സ്ഥലമേറ്റെടുക്കല്‍ ഇതുവരെ നടന്നിട്ടില്ല. സര്‍ക്കാര്‍ നയപരമായി ഇത് പുറംകരാര്‍ ചെയ്തുവെന്നിരിക്കട്ടെ, എങ്ങനെ ഇത് നടക്കും എന്നു ഒന്ന് സങ്കല്പിച്ചു നോക്കാം.

പുറം കരാര്‍ ഏറ്റെടുക്കുന്നത് മുത്ത്‌ എന്ന സ്ഥാപനം ആണെന്ന് കരുതുക. വളരെ കാലമായി പലിശക്ക് പണം കടം കൊടുത്തു ആ പലിശകൊണ്ട്‌ ഉപജീവനം നടത്തുന്നവരാണ് മുത്ത്‌. അവര്‍ ആവശ്യമായ സ്ഥലത്തിന്റെ ഉടമകളെ സമീപിക്കുന്നു, വളരെ കുറഞ്ഞ നിരക്കില്‍ സ്ഥലത്തിന്റെ ഈടിന്മേല്‍ വളരെ വലിയ തുക കടം നല്‍കുന്നു. വീണ്ടും നല്‍കുന്നു. പണം നല്‍കി കഴിഞ്ഞാല്‍ പിന്നെ കുറെ നാളത്തേക്ക് തിരികെ ചോദിക്കില്ല. ഒരു സുപ്രഭാതത്തില്‍, അവര്‍ പണം മടക്കി കിട്ടാന്‍ ഇണ്ടാസ് കൊടുക്കുന്നു. കടം വാങ്ങിയവന്‍ തല കുത്തി നിന്നാലും പലിശയുടെ ഔര്‍ ഭാഗമല്ലാതെ മുതലിന്റെ ഒരു ശതമാനം പോലും മടക്കി നല്‍കാനാകില്ല. വസ്തു വില്‍ക്കാന്‍ പറ്റുമോ? അതുമില്ല. ഒടുവില്‍ അവര്‍ മുത്തുവിന്റെ മുമ്പില്‍ മുട്ട് കുത്തും. കിട്ടുന്ന വിലക്ക് മുത്തുവിന് തന്നെ സ്ഥലം വില്‍ക്കും. കടം പോയിട്ട് ബാക്കി വല്ലതും ഉണ്ടെങ്കില്‍ മുത്ത്‌ സന്തോഷത്തോടെ അവര്‍ക്ക് നല്‍കും. സംഭവം ക്ലീന്‍. ഇതെല്ലാം ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നടന്നിരിക്കും. മൂന്നാമതൊരാള്‍ അറിയാതെ. ഇപ്പോള്‍ നിങ്ങള്ക്ക് സ്വാഭാവികമായും ഒരു സംശയം ഉണ്ടാകും, മുതുവില്‍ നിന്നും കടം വങ്ങതവരോ എന്നു? എന്ത് കാര്യം? നിങ്ങളുടെ വീടും സ്ഥലവും ഒക്കെ തൊട്ടടുത്തുള്ള ഭൂമിയുമായി ഒരു സഹാവര്തിതത്തില്‍ ആയിരിക്കുമല്ലോ പോകുന്നത്. കടം വാങ്ങാതവരുടെത് ഒഴികെ ചുറ്റുമുള്ള സ്വന്തം വസ്തുവില്‍ മുത്ത്‌ പല കലാപരിപാടികളും നടത്തും, നിയമപരമായി തന്നെ. വസ്തുവിന്റെ ഉയരം കൂട്ടുകയോ, അല്ലെങ്കില്‍ കുറയ്ക്കുകയോ വഴികള്‍ അടക്കുകയോ ഒക്കെ ചെയ്യും. ഒടുവില്‍, വഴങ്ങാത്തവര്‍ സുല്ല് പറയും. അങ്ങനെ പ്രശ്നങ്ങള്‍ ഒക്കെ ഒഴിഞ്ഞ പ്രദേശത്ത് മുത്ത്‌ തന്നെ റോഡ്‌ നിര്‍മ്മിക്കുകയും കാലാന്തരത്തില്‍ അത് സര്‍ക്കാരിനു കൈമാറുകയും ചെയ്യും. ഇളക്കും മുള്ളിനും ഒന്നും ഒരു കേടും പറ്റാതെ. ഇതിനു നന്ദിയും പ്രത്യുപകാരമായി, മുത്തുവിന് വല്ല സര്‍ക്കാര്‍ ഭൂമിയും പതിച്ചു കൊടുക്കാവുന്നതുമാണ്. ഇങ്ങനെ നയപരമായി സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തിയിരുന്നെങ്കില്‍ കേരള ഇപ്പോഴേ യൂരോപിയന്‍ യൂണിയനില്‍ ചേര്‍ന്നേനെ.

ഇതൊന്നും ചെയ്യാതെ, സര്‍ക്കാര്‍ ഇങ്ങനെ മുന്നോട്ടു പോകുമ്പോള്‍, സ്വാഭാവികമായും സ്വന്തം സ്ഥലം നഷ്ടപ്പെടാതിരിക്കാന്‍ അല്ലെങ്കില്‍ അതൊന്നു നീട്ടി കിട്ടാന്‍, അല്ലറ ചില്ലറ നീക്കുപോക്കുകള്‍ ആരായാലും ചെയ്തു പോകും. അത്തരം നീക്ക് പോക്കുകള്‍ സര്‍ക്കാരിനു എന്ത് മാത്രം നഷ്ടം ഉണ്ടാക്കും? സര്‍ക്കാരിന്റെ നഷ്ടം, നമ്മുടെ നഷ്ടമാണല്ലോ. പകരം സര്‍ക്കാര്‍ ആദ്യം പറഞ്ഞ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍, ചക്കാത് ശാപ്പാട് രാമന്മാര്‍ അതിനെ കറപ്ഷന്‍ എന്നു വിളിക്കുകയും ചെയ്യും. കുലം മുടിഞ്ഞാലും സല്പേരിനു കളങ്കം വരരുത് എന്നു അഭിമാനികളായ നമ്മള്‍ ഇപ്പോഴും ശഠിക്കുന്നു.

ആയതിനാല്‍, കറപ്ഷന്‍ എന്നു പറയുന്ന വാക്കിനെ പുനര്‍ നിര്‍വചനം ചെയ്യുകയോ അല്ലെങ്കില്‍ ഉപകാരസ്മരണ എന്നത് പോലെയുള്ള വാക്കുകള്‍ അതിനു പകരമായി ഉപയോഗിക്കുകയോ വേണം. വളരെ ലളിതമായി, പണചെലവില്ലാതെ കറപ്ഷന്‍ ഇങ്ങനെ നമുക്ക് ഭൂലോകത്തില്‍ നിന്ന് തന്നെ തുടച്ചു നീക്കാവുന്നതാണ്.

2 അഭിപ്രായങ്ങൾ:

appu പറഞ്ഞു...

annahasarekuu dayavucheythu eee bolgayakkaruthu please.....
sahrdaya please....

Unknown പറഞ്ഞു...

@ അപ്പു
അല്ലാതെ പിന്നെ എന്ത് പറയാന്‍?